കേരളത്തില്‍ ഇന്ന് കോവിഡ്-19 പോസിറ്റീവായത് 42 പേര്‍ക്ക്. ഇന്നലെ 24 പോസിറ്റീവ് കേസുകളായിരുന്നു സംസ്ഥാനത്താകെ. കോവിഡ് വ്യാപനം ആരംഭിച്ച് ഇതാദ്യമാണ് ഒറ്റയടിക്ക് ഇത്രയും രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതില്‍ 21 പേര്‍ മഹാരാഷ്ട്രയില്‍ നിന്ന് വന്നവര്‍. വിദേശത്ത് നിന്ന് വന്ന 17 പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുവന്ന ഓരോരുത്തര്‍ക്കും കോവിഡ് പോസിറ്റീവായി. കണ്ണൂര്‍ 12, കാസര്‍കോട് 7, കോഴിക്കോട് 5, പാലക്കാട് 5, തൃശൂര്‍ 4, മലപ്പുറം 4, കോട്ടയം 2, കൊല്ലം 1, പത്തനംതിട്ട 1, വയനാട് 1എന്നിങ്ങനെയാണ് സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് ബാധിതരുടെ കണക്ക്.
രോഗികള്‍ 118,447 (ഇന്നലെ 112,359 )
മരണം 3,583 (ഇന്നലെ 3,435)
ലോകത്ത്
രോഗികള്‍ : 5,102,424 (ഇന്നലെ 4,996,472 )
മരണം 332,924 (ഇന്നലെ 328,115)
Crude Oil :
WTI Crude: 32.67 -1.25
Brent Crude: 34.75 -1.31
Natural Gas: 1.713 +0.003
ഇത് ഓഹരി വിപണിയില്‍ ചലനങ്ങളുണ്ടാക്കിയ ദിവസമാണിന്ന്. മോറട്ടോറിയം ദീര്‍ഘിപ്പിച്ച പ്രഖ്യാപനം ബാങ്കിംഗ്, ധനകാര്യ സ്ഥാപനങ്ങളുടെ ഓഹരികളില്‍ പ്രതിഫലനമുണ്ടാക്കി. നിഫ്റ്റി ബാങ്ക് സൂചിക ഇന്ന് 2.5 ശതമാനം ഇടിഞ്ഞു. നിഫ്റ്റി സ്വകാര്യ ബാങ്ക് സൂചിക ഇന്ന് മൂന്നുശതമാനമാണ് ഇടിഞ്ഞത്. സെന്‍സെക്സ് 260 പോയ്ന്റ് ഇടിഞ്ഞ് ഇന്ന് 30672ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 67 പോയ്ന്റ് ഇടിഞ്ഞ് 9039 എത്തി. ഈ വാരത്തില്‍ സെന്‍സെക്സ് 1.36 ശതമാനം ഇടിഞ്ഞപ്പോള്‍ നിഫ്റ്റിയില്‍ ഒരു ശതമാനത്തിന്റെ ഇടിവാണുണ്ടായത്.
കേരള കമ്പനികളില്‍ ഭൂരിഭാഗവും ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അഞ്ചു കമ്പനികള്‍ മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. 19 ഓഹരികള്‍ നഷ്ടം രേഖപ്പെടുത്തിയപ്പോള്‍ മൂന്നെണ്ണം മാറ്റമില്ലാതെ തുടര്‍ന്നു. നേട്ടമുണ്ടാക്കിയ കമ്പനികളില്‍ ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയറാണ് മുന്നില്‍. കമ്പനിയുടെ ഓഹരി വില 6.80 രൂപ വര്‍ധിച്ച് 90.60 രൂപയിലെത്തി. 8.11 ശതമാനം വര്‍ധന. ഇന്‍ഡിട്രേഡിന്റെ ഓഹരി വില 75 പൈസ വര്‍ധിച്ച് 19.25 രൂപയും സിഎസ്ബി ബാങ്കിന്റേത് 1.05 രൂപ വര്‍ധിച്ച് 116.85 രൂപയുമായി. വെര്‍ട്ടെക്സ് സെക്യൂരിറ്റീസും നേരിയ നേട്ടമുണ്ടാക്കി. നാലു പൈസ വര്‍ധിച്ച് 86 പൈസയിലെത്തി. 4.88 ശതമാനം വര്‍ധനയാണിത്. നിറ്റ ജലാറ്റിന്റെ ഓഹരി വിലയില്‍ 20 പൈസയുടെ വര്‍ധനമാണ് ഉണ്ടായത്. 113.95 രൂപയാണ് ഇന്നത്തെ ഓഹരി വില. 0.18 ശതമാനത്തിന്റെ വര്‍ധന.
(തിങ്കളാഴ്ച ഈദുല്‍ഫിത്തര്‍ ആയതിനാല്‍ വിപണി അവധിയാണ്.)
രാജ്യത്ത് പലിശ നിരക്കുകള്‍ വീണ്ടും താഴുന്നതിനു വഴിയൊരുക്കി റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് നാലു ശതമാനമാക്കി കുറച്ചു. റിവേഴ്സ് റിപ്പോ നിരക്ക് 3.75 ശതമാനമായിരുന്നത് 3.35 ശതമാനമാക്കിയും താഴ്ത്തി. വായ്പാ തിരിച്ചടവുകള്‍ക്കുള്ള മോറട്ടോറിയം മൂന്നു മാസത്തേക്കു കൂടി നീട്ടുകയും ചെയ്തു. പണലഭ്യത ഉറപ്പു വരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് റിപ്പോ നിരക്കില്‍ 0.40 ശതമാനം കുറവുവരുത്തിയതെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത് ദാസ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഒരു മാസത്തിനിടെ ലോകത്തെ പ്രമുഖരായ അഞ്ച് ടെക്നോളജി നിക്ഷേപകരില്‍ നിന്ന് ഫണ്ട് കരസ്ഥമാക്കി റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ജിയോ പ്ലാറ്റ്ഫോം. കെകെആര്‍ ആണ് അവസാനമായി നിക്ഷേപം നടത്തിയിരിക്കുന്നത്. 11,367 കോടി രൂപയ്ക്ക് ജിയോയുടെ 2.32 ശതമാനം ഓഹരികളാണ് കെകെആര്‍ സ്വന്തമാക്കിയത്. ലോകം അടച്ചിരിക്കുന്ന ഈ കോവിഡ് കാലത്ത് ഒരു മാസത്തിനിടെ ലോകത്തെ എണ്ണം പറഞ്ഞ അഞ്ചാമത്തെ ടെക്നോളജി ഇന്‍വെസ്റ്ററെയാണ് ജിയോ ആകര്‍ഷിച്ചിരിക്കുന്നത്.
മലയാളിയായ അരുണ്‍ കുമാര്‍ നേതൃത്വം നല്‍കുന്ന ബാംഗ്ലൂര്‍ ആസ്ഥാനമായ സ്ട്രൈഡ്സ് ഫാര്‍മ സയന്‍സ് വികസിപ്പിച്ചെടുത്ത ആന്റി വൈറല്‍ ഡ്രഗ് മനുഷ്യരില്‍ പരീക്ഷിക്കാന്‍ ഡ്രഗ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കി. ഇന്ത്യയില്‍ മരുന്ന് പരീക്ഷണം ഉടന്‍ ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഇന്‍ഫല്‍വന്‍സ ചികിത്സയ്ക്കായി ജപ്പാന്‍ വികസിപ്പിച്ചെടുത്ത മരുന്നിന്റെ ജനറിക് വെര്‍ഷനാണ് സ്ട്രൈഡ്സ് ഫാര്‍മയുടെ പുതിയ മരുന്ന്.
കൊവിഡ് പ്രതിസന്ധി രൂക്ഷമായതോടെ ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്. ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് നെഗറ്റീവില്‍ എത്തുമെന്നും ഗവര്‍ണര്‍ പറഞ്ഞു. വെള്ളിയാഴ്ച നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഗവര്‍ണര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ജിഡിപി വളര്‍ച്ചാ നിരക്കില്‍ കുറവ് വരും. 2020-2021 വര്‍ഷം വളര്‍ച്ചാ നിരക്ക് പൂജ്യത്തില്‍ താഴെ എത്തും. നാണയപ്പെരുപ്പം നാല് ശതമാനത്തില്‍ താഴേക്ക് പോകുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
ഓക്‌സ്ഫഡ് യൂണിവേഴ്സിറ്റിയില്‍ കോവിഡിനെതിരെ പരീക്ഷണാടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയ വാക്സിന്‍ കുത്തിവെയ്പ്പ് ആയിരം പേരില്‍ പൂര്‍ത്തിയായ ശേഷം രണ്ടാം ഘട്ടത്തിലേക്ക് കടന്നു. വിവിധ പ്രായത്തിലുള്ളവരില്‍ വാക്സിന്‍ പ്രതിരോധ ശേഷിയിലുണ്ടാക്കുന്ന മാറ്റം തിരിച്ചറിയാന്‍ 10260 ഓളം മുതിര്‍ന്നവരേയും കുട്ടികളേയും ഉള്‍ക്കൊള്ളിച്ചുള്ളതാണ് ഈ ഘട്ടം.ഇതുവരെയുള്ള സൂചനകള്‍ പ്രതീക്ഷയുണര്‍ത്തുന്നതായി വിദഗ്ധര്‍ പറഞ്ഞു.
അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് നിലവിലുള്ള പാസ്‌പോര്‍ട്ടിനു പുറമേ 'ഇമ്മ്യൂണിറ്റി പാസ്‌പോര്‍ട്ട്' കൂടി എര്‍പ്പെടുത്താനുള്ള ആശയവുമായി ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്‍ (അയാട്ട). യാത്രക്കാരന്റെ അല്ലെങ്കില്‍ യാത്രക്കാരിയുടെ രോഗ പ്രതിരോധ ശേഷി രേഖപ്പെടുത്തിയ ഇമ്മ്യൂണിറ്റി പാസ്‌പോര്‍ട്ടിന് കോവിഡ് അനന്തര കാലത്ത് വ്യോമയാന വ്യവസായത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കാനാകുമെന്ന് അയാട്ട വിശ്വസിക്കുന്നു.
ചൈനീസ് ഗവണ്‍മെന്റ് ഈ വര്‍ഷത്തെ പ്രതിരോധ ബജറ്റ് 179 ബില്യണ്‍ ഡോളറായി വര്‍ധിപ്പിച്ചു. മുന്‍ വര്‍ഷം 177.6 ബില്യണ്‍ ഡോളറായിരുന്നു. ഇന്ത്യയുടെ പ്രതിരോധ ബജറ്റിന്റെ ഏകദേശം മൂന്ന് മടങ്ങോളം വരുമിത്. അതേസമയം, സമീപ വര്‍ഷങ്ങളില്‍ ചൈനയുടെ പ്രതിരോധ ബജറ്റിലെ ഏറ്റവും ചെറിയ വര്‍ധനവാണിത്.
കേന്ദ്ര സര്‍ക്കാര്‍ 'വാഹന സ്‌ക്രാപ്' നയം നടപ്പാക്കാന്‍ തയ്യാറാകുന്നതായി കേന്ദ്ര റോഡ് ഗതാഗത, ഹൈവേ വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. പുതിയ സ്‌ക്രാപ് നയത്തിലൂടെ കാലാവധി കഴിഞ്ഞ കാറുകള്‍, ബസുകള്‍, ട്രക്കുകള്‍ എന്നിവ പൊളിച്ച് നീക്കും.റീസൈക്കിള്‍ കേന്ദ്രങ്ങള്‍ തുറമുഖങ്ങളുടെ അരികില്‍ സ്ഥാപിക്കും.
ഓണ്‍ലൈന്‍ വിപണിയില്‍ ഡിമാന്‍ഡ് വര്‍ദ്ധിക്കുന്നതിനനുസൃതമായി 50,000 തൊഴില്‍ സാധ്യതകള്‍ ഒരുക്കുമെന്ന് പ്രമുഖ ഇ-കൊമേഴ്‌സ് സ്ഥാപനമായ ആമസോണ്‍ ഇന്ത്യ. വെയര്‍ഹൗസിംഗ്, ഡെലിവറി ശൃംഖലകളില്‍ താല്‍ക്കാലിക റോളുകളിലായിരിക്കും ഇത്രയും പേരെ നിയോഗിക്കുകയെന്ന കമ്പനി അറിയിച്ചു. ടെക് ഡെലിവറി കമ്പനികളായ സ്വിഗ്ഗി, സൊമാറ്റോ, ഷെയര്‍ചാറ്റ്, ഓല തുടങ്ങിയവയില്‍ പിരിച്ചുവിടലുകള്‍ നടക്കുമ്പോഴാണ് ആമസോണ്‍ ഇന്ത്യ മുന്നേറ്റം നടത്തുന്നത്.
ഉംപുന്‍ ചുഴലിക്കാറ്റ് നാശനഷ്ടം വിതച്ച ബംഗാളിന് 1000 കോടി രൂപ അടിയന്തര ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അഭ്യര്‍ഥന പ്രകാരമാണ് പ്രധാനമന്ത്രി ബംഗാളിലെത്തിയത്. ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ച മേഖലകള്‍ അദ്ദേഹം ഹെലികോപ്ടറില്‍ വിലയിരുത്തി.സംസ്ഥാനത്ത് കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചെന്നും 80 പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നും മമത ബാനര്‍ജി അറിയിച്ചു.
കോവിഡ് രോഗ വ്യാപനവും രോഗ പ്രതിരോധ തോതും കണ്ടെത്താനായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് സംഘടിപ്പിക്കുന്ന സെറോ സര്‍വേ കേരളത്തില്‍ തുടങ്ങി.സംസ്ഥാനത്ത് പാലക്കാട്, തൃശ്ശൂര്‍, എറണാകുളം ജില്ലകളാണ് സര്‍വ്വേക്കായി തിരഞ്ഞെടുത്തിട്ടുള്ളത്. രാജ്യമൊട്ടാകെ 69 ജില്ലകളില്‍ ആണ് സര്‍വ്വേ നടത്തുന്നത്. ഓരോ ജില്ലയിലും വ്യത്യസ്തങ്ങളായ പത്ത് പ്രദേശങ്ങളില്‍ നിന്നാവും സാംപിളുകള്‍ ശേഖരിക്കുക.
കോവിഡ് 19 ബാധിച്ച് ചികിത്സയില്‍ കഴിയുന്ന രോഗികളില്‍ നിന്ന് അമിത ഫീസ് സ്വകാര്യ ആശുപത്രികള്‍ വാങ്ങുന്നുവെന്ന പരാതിയില്‍ ഇടപെട്ട് ഉദ്ധവ് സര്‍ക്കാര്‍. സ്വകാര്യ ആശുപത്രികളിലെ 20 ശതമാനം ബെഡുകളിലെ രോഗികളില്‍ നിന്ന് മാത്രം ഇനി നിയന്ത്രിതമായ രീതിയില്‍ ഫീസ് ഈടാക്കാം. മറ്റ് ബെഡ് മുഴുവനും കോവിഡ് വ്യാപനം തീരുന്നതുവരെ സര്‍ക്കാരിന്റെ കസ്റ്റഡിയിലായിരിക്കും.
ഓണ്‍ലൈന്‍ ക്ലാസുകളും 'വര്‍ക്ക് ഫ്രം ഹോം' സംവിധാനവും കൂടിയതോടെ ഹൈസ്പീഡ് ഇന്റര്‍നെറ്റ് സര്‍വീസ് തേടി ബി.എസ്.എന്‍.എലിലേക്ക് വന്‍ ഒഴുക്കാണെങ്കിലും മോഡത്തിന്റെ കുറവു കാരണം കണക്ഷനുകള്‍ അനിശ്ചിചത്വത്തില്‍. അടച്ചിടല്‍ തുടങ്ങിയശേഷം അപേക്ഷ നല്‍കി കേരളത്തില്‍ കാത്തിരിക്കുന്നത് 14,000 പേരാണ്. ചൈന അടക്കമുള്ള വിദേശരാജ്യങ്ങളില്‍നിന്ന് പാര്‍ട്‌സ് എത്തിച്ച് ഇന്ത്യയില്‍ അസംബിള്‍ ചെയ്തിരുന്ന യൂണിറ്റുകള്‍ പ്രവര്‍ത്തിക്കാതായതാണ് മോഡത്തിന്റെ ക്ഷാമത്തിനു കാരണം.
അഞ്ച് കോടി രൂപ വരെയുള്ള ബില്ലുകളും ചെക്കുകളും മാറാന്‍ സംസ്ഥാന ധനവകുപ്പ് ട്രഷറികള്‍ക്ക് നിര്‍ദേശം നല്‍കി. കോവിഡ് മൂലമുണ്ടായ സാമ്പത്തിക വൈഷമ്യത്തിന്റെ പശ്ചാത്തലത്തില്‍ അഞ്ച് ലക്ഷം രൂപ വരെയുള്ള ബില്ലുകള്‍ മാറാനേ ഇതുവരെ അനുമതി നല്‍കിയിരുന്നുള്ളൂ.
നബാര്‍ഡിന്റെ പ്രത്യേക സഹായധനമായി സംസഥാനത്ത് 1500 കോടി രൂപ പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളിലൂടെ വായ്പയായി നല്‍കുന്നതിനുള്ള നടപടി സ്വീകരിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. കൃഷിക്ക് 800-900 കോടി, മൃഗസംരക്ഷണ ക്ഷീരവികസന മേഖലകള്‍ക്ക് 250-300 കോടി, മത്സ്യ മേഖലയ്ക്ക് 125-150 കോടി, വ്യവസായം (എം.എസ്.എം.ഇ ) 200225 കോടി വീതമാണ് വകയിരുത്തിയിട്ടുള്ളത്.
പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ എയര്‍ബസ് എ 320 യാത്രാവിമാനം കറാച്ചി ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം തകര്‍ന്നു വീണു. വിമാനത്തില്‍ 99 യാത്രക്കാരും എട്ട് ജീവനക്കാരുമാണുണ്ടായിരുന്നത്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine