വായ്പാ മോറട്ടോറിയം മൂന്നു മാസം കൂടി നീട്ടി; റിപ്പോ നിരക്ക് ഇനി 4 % മാത്രം

പലിശ നിരക്ക് വീണ്ടും കുറയ്ക്കുന്ന തീരുമാനവുമായി ആര്‍ബിഐ

RBI keeps status quo on key rates
-Ad-

രാജ്യത്ത് പലിശ നിരക്കുകള്‍ വീണ്ടും താഴുന്നതിനു വഴിയൊരുക്കി റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് നാലു ശതമാനമാക്കി കുറച്ചു. റിവേഴ്‌സ് റിപ്പോ നിരക്ക് 3.75 ശതമാനമായിരുന്നത് 3.35 ശതമാനമാക്കിയും താഴ്ത്തി. വായ്പാ തിരിച്ചടവുകള്‍ക്കുള്ള മോറട്ടോറിയം മൂന്നു മാസത്തേക്കു കൂടി നീട്ടുകയും ചെയ്തു.

പണലഭ്യത ഉറപ്പു വരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് റിപ്പോ നിരക്കില്‍ 0.40 ശതമാനം കുറവുവരുത്തിയതെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത് ദാസ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.അടുത്ത മാസം നടക്കേണ്ട പണവായ്പാ നയ യോഗം പ്രത്യേക സാഹചര്യം കണക്കിലെടുത്ത് നേരത്തെ ചേര്‍ന്നാണ് ഇതിനായി തീരുമാനങ്ങള്‍ കൈക്കൊണ്ടത്.വിവിധ മേഖലകള്‍ക്കായി ബാങ്കുകള്‍ നല്‍കുന്ന വായ്പയുടെ പലിശയില്‍ ഇതോടെ കാര്യമായ കുറവുണ്ടാകും.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച 2020-21 സാമ്പത്തിക വര്‍ഷം നെഗറ്റീവിലെത്തുമെന്നാണ് കണക്കുകൂട്ടല്‍.ആഗോള സമ്പദ്ഘടന മാന്ദ്യത്തിലൂടെയാണ് കടുന്നുപോകുന്നത്.രാജ്യത്തെ പണപ്പെരുപ്പ നിരക്കില്‍ കാര്യമായ വ്യതിയാനമുണ്ടായിട്ടില്ലെന്ന് പണവായ്പാ നയ യോഗം വിലയിരുത്തിയതായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ അറിയിച്ചു.വിവരശേഖരണത്തിലെ പ്രശ്‌നങ്ങള്‍ കാരണം പണപ്പെരുപ്പ പ്രവചനം സങ്കീര്‍ണ്ണമായിരിക്കുകയാണിപ്പോള്‍. നിരക്ക് 4 ശതമാനത്തിനു താഴെയെത്തുമെന്നാണു പ്രതീക്ഷ.അതേസമയം, കയറ്റുമതി 30 വര്‍ഷത്തെ താഴ്ന്ന നിലവാരത്തിലാണ്.പ്രതിബന്ധങ്ങളെ നേരിടാന്‍ ഇന്ത്യയ്ക്ക് ശേഷിയുണ്ടെന്നും ആ ശേഷിയില്‍ വിശ്വാസം അര്‍പ്പിക്കണമെന്നും ശക്തി കാന്ത ദാസ് പറഞ്ഞു.

-Ad-

രാജ്യമൊട്ടാകെയുള്ള അടച്ചിടല്‍ വിവിധ ഘട്ടങ്ങളിലായി മെയ് 31 വരെ നീട്ടിയ സാഹചര്യത്തിലാണ് മോറട്ടോറിയം മൂന്നു മാസത്തേക്കു കൂടി നീട്ടി ഓഗസ്റ്റ് 31 വരെയാക്കാന്‍ തീരുമാനിച്ചത്.ഇക്കാലത്തെ പലിശയും ടേം ലോണ്‍ ആക്കി മാറ്റാം.ഇത് തവണകളായി അടച്ചാല്‍ മതിയാകും. തിരിച്ചടവ് കാലാവധി വീണ്ടും നീട്ടിക്കിട്ടുന്നത് അടച്ചിടല്‍മൂലം പ്രതിസന്ധിയിലായ വ്യാപാര-വ്യവസായ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ആശ്വാസമാകുമെന്ന് ശക്തികാന്ത് ദാസ് പറഞ്ഞു.

നേരത്തെ മാര്‍ച്ച് ഒന്നു മുതല്‍ മെയ് 31വരെ മൂന്നുമാസത്തേയ്ക്കാണ് മോറട്ടോറിയം പ്രഖ്യാപിച്ചത്.രണ്ടാം തവണയാണ് കൊവിഡ് പ്രതിസന്ധിക്കിടെ റിപ്പോ നിരക്ക് കുറയ്ക്കുന്നത്.ഒന്നിനെതിരെ അഞ്ച് വോട്ടിനാണ് റിപ്പോ നിരക്ക് 0.40 ശതമാനം കുറയ്ക്കാനുള്ള നിര്‍ദ്ദേശം പണവായ്പാ നയ യോഗം പാസാക്കിയത്. ഉപഭോക്തൃ ഡിമാന്‍ഡിലെ ഇടിവ് രൂക്ഷമാണെന്ന് ശക്തി കാന്ത ദാസ് പറഞ്ഞു. സര്‍ക്കാരിന്റെ വരുമാനം സര്‍വ മേഖലകളിലും താഴ്ന്നു.നിക്ഷേപ താല്‍പ്പര്യവും ഏറ്റവും കുറഞ്ഞുനില്‍ക്കുകയാണ്.എങ്കിലും നിലവിലെ നടപടികള്‍ മൂലം രണ്ടാം പാദത്തില്‍ സമ്പദ്ഘടന ഉര്‍ജ്ജം വീണ്ടെടുക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

റിസര്‍വ് ബാങ്ക് കയറ്റുമതി ക്രെഡിറ്റ് കാലയളവ് 1 വര്‍ഷത്തില്‍ നിന്ന് 15 മാസമായി ഉയര്‍ത്തുമെന്ന് ഗവര്‍ണര്‍ അറിയിച്ചു.സിഡ്ബിക്കായി 90 ദിവസത്തേക്ക് 15,000 കോടി രൂപയുടെ റീഫിനാന്‍സ് സൗകര്യം റിസര്‍വ് ബാങ്ക് ഏര്‍പ്പെടുത്തും.കൂടാതെ 15,000 കോടി രൂപയുടെ എക്സിം ബാങ്ക് വായ്പ നല്‍കും. മാര്‍ച്ചില്‍ വ്യാവസായിക ഉല്‍പാദനം 17 ശതമാനവും മൊത്തം ഉല്‍പ്പാദന പ്രവര്‍ത്തനങ്ങള്‍ 21 ശതമാനവും കുറഞ്ഞു.
പ്രധാന വ്യവസായങ്ങളുടെ ഔട്ട്പുട്ട് 6.5 ശതമാനമാണു ചുരുങ്ങിയത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here