Guest Column

നിങ്ങള്‍ ഇപ്പോള്‍ ചെലവ് ചുരുക്കുന്നത് ഇങ്ങനെയാണോ?

Dr Anil R Menon

നൂറ്റാണ്ടില്‍ ഒരിക്കല്‍ മാത്രം കടന്നുവന്നേക്കാവുന്ന അപ്രതീക്ഷിതമായ ഒരു പ്രതിസന്ധിഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഈ ഘട്ടത്തില്‍ ബിസിനസ് സാരഥികള്‍ പ്രതിസന്ധികളില്‍ പിടിച്ചു നില്‍ക്കാനും അതിനുശേഷം കുതിച്ചുമുന്നേറാനും സഹായിക്കുന്ന വിധത്തിലുള്ള തന്ത്രപരമായ ചുവടുവെപ്പുകള്‍ നടത്തണം.

കോവിഡ് മഹാമാരി ബിസിനസ് നടത്തിപ്പ് രീതികളെ തന്നെ കീഴ്‌മേല്‍ മറിച്ചിട്ടുണ്ട്. കോവിഡ് വ്യാപനത്തിന് മുമ്പ് സംരംഭകര്‍ക്ക് തങ്ങളുടെ വരവ് ചെലവ് കണക്കുകള്‍ മുന്‍കൂട്ടി കണക്കാക്കാന്‍ പറ്റുമായിരുന്നു. കാലങ്ങളായുള്ള അവരുടെ അനുഭവങ്ങള്‍ക്ക് കൊണ്ട് മിക്കവാറും കൃത്യമായുള്ള അനുമാനങ്ങള്‍ ഇക്കാര്യത്തില്‍ നടത്താന്‍ സാധിക്കും. എന്നാല്‍ ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്ന അസ്ഥിരതകള്‍ ഇത്തരം നിഗമനങ്ങള്‍ തന്നെ സാധ്യമല്ലാത്ത വിധത്തിലാക്കിയിരിക്കുന്നു.

ഡിമാന്റിലുള്ള അസ്ഥിരത, സപ്ലൈ ചെയ്‌നുകളില്‍ വന്നിരിക്കുന്ന പ്രശ്‌നങ്ങള്‍, പ്രവര്‍ത്തന മൂലധനവും തൊഴിലാളികളും വേണ്ട സമയത്ത് ലഭ്യമല്ലാത്ത സാഹചര്യം തുടങ്ങിയവയെല്ലാം മൂലം ഭാവി പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിന് വിഘാതമാകുന്നുണ്ട്. അപ്പപ്പോഴത്തെ സാഹചര്യങ്ങള്‍ വിലയിരുത്തി അതിവേഗം ഏറ്റവും അനുയോജ്യമായ തീരുമാനമെടുക്കുക എന്ന ശൈലിമാത്രമാണ് ഇപ്പോള്‍ സ്വീകരിക്കാന്‍ പറ്റുക.

കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് നിരവധി വ്യത്യസ്തവും ദുഷ്‌കരവുമായ പ്രശ്‌നങ്ങള്‍ തലപൊക്കുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളുമായി ചേര്‍ന്ന് പോകാന്‍ സംരംഭകര്‍ നിരന്തരം അവരുടെ കോസ്റ്റ്, വരുമാനം, ബിസിനസ് മോഡല്‍ എന്നിവ പരിശോധിച്ചുകൊണ്ടേയിരിക്കണം.

കമ്പനിയുടെ ഗോളില്‍ മാത്രം ശ്രദ്ധയൂന്നി പുതിയ സാഹചര്യങ്ങളോട് അതിവേഗം പ്രതികരിച്ച് മുന്നേറുന്നത് ഈ പ്രതിസന്ധിഘട്ടത്തെ അതിജീവിക്കാന്‍ സഹായിക്കും. നമുക്ക് ഇന്ന് കോസ്റ്റ് കണ്‍ട്രോള്‍, കോസ്റ്റ് മാനേജ്‌മെന്റ് എന്നിവയെ കുറിച്ച് ചര്‍ച്ച ചെയ്യാം. അതായത് തന്ത്രപരമായും ഘടനാപരമായും കോസ്റ്റ് മാനേജ് ചെയ്യുന്നത് എങ്ങനെ എന്ന് നോക്കാം.

ഇത് പരമ്പരാഗത ചെലവ് ചുരുക്കല്‍ രീതിയല്ല!

പ്രതിസന്ധി ഘട്ടങ്ങളില്‍ പൊതുവേ സംരംഭകര്‍ ചെയ്യുന്ന പരമ്പരാഗത ചെലവ് ചുരുക്കല്‍ രീതിയില്‍ നിന്ന് വ്യത്യസ്തമാണിത്. തങ്ങളുടെ മത്സരാധിഷ്ഠിതമായ മേല്‍ക്കോയ്മ, ഭാവി വളര്‍ച്ചാ സാധ്യത എന്നിവയെല്ലാം പരിഗണിച്ചു വേണം കോസ്റ്റ് മാനേജ് ചെയ്യാം. ബിസിനസുമായി ചേര്‍ന്ന് നില്‍ക്കുന്ന എല്ലാ പങ്കാളികള്‍ക്കും ദീര്‍ഘകാലത്തേക്ക് മെച്ചം നല്‍കുന്ന നീക്കങ്ങളാകണം നടത്തേണ്ടത്.

എങ്ങനെ പ്ലാന്‍ ചെയ്യണം?

ഇപ്പോള്‍ വായനക്കാരുടെ ഉള്ളില്‍ ഒരു സംശയം ഉയര്‍ന്നുവരാം. എങ്ങനെയാണ് പ്ലാന്‍ ചെയ്യേണ്ടത്? പുതിയ മാറ്റങ്ങളോട് അതിവേഗം പ്രതികരിക്കാന്‍ പറ്റുന്ന ചടുലമായ പ്ലാനായിരിക്കണം നിങ്ങളുടേത്. സംരംഭത്തിന്റെ ഗോള്‍ ഇതിനകം പ്ലാന്‍ ചെയ്തിട്ടുണ്ടെങ്കില്‍ അതിനനുസൃതമായി ഇപ്പോഴത്തെ പ്ലാനും ഉണ്ടാക്കാന്‍ എളുപ്പമാണ്. പ്രതിസന്ധി ഘട്ടത്തില്‍ നാം ഒട്ടും മുന്നൊരുക്കമില്ലാതെ ഇരിക്കുന്നത് ബിസിനസുകള്‍ കുത്തനെ താഴേയ്ക്ക് പോകാനേ സഹായിക്കൂ. നന്നായി ഒരുക്കങ്ങള്‍ നടത്തുന്ന പ്രസ്ഥാനങ്ങളാണ് പ്രതിസന്ധി ഘട്ടങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നത്. ഒരു പ്രത്യേക കാലഘട്ടത്തില്‍ വരാനിടയുള്ള സാഹചര്യങ്ങളെ മുന്നില്‍ കണ്ട് പദ്ധതികള്‍ നാം ആസൂത്രണം ചെയ്യണം. ഇനി നാം ആസൂത്രണം ചെയ്തതുപോലെ പദ്ധതികള്‍ നടന്നില്ല, പ്രതീക്ഷിച്ച ഫലം കിട്ടിയില്ലെങ്കില്‍, അതിനെ മറികടക്കാനുള്ള കാര്യങ്ങളും ആസൂത്രണം ചെയ്തിരിക്കണം.

ചെലവുകള്‍ വീണ്ടും പരിശോധിക്കൂ

കോവിഡ് എല്ലാ സംരംഭകര്‍ക്കും അവരുടെ ചെലവുകള്‍ പുനഃപരിശോധിക്കാനുള്ള അവസരമാണ് നല്‍കിയിരിക്കുന്നത്. ബിസിനസ് സാരഥികള്‍ അവരുടെ വിഭവങ്ങള്‍ തന്ത്രപരമായി പ്രാധാന്യമുള്ള മേഖലകളിലേക്ക് ഒഴുകാനുള്ള സാഹചര്യം ഒരുക്കണം. ബിസിനസിന്റെ നിലനില്‍പ്പിന് അത്ര നിര്‍ണായകമല്ലാത്ത കാര്യങ്ങളില്‍ പണം ചെലവിടുന്നത് മൂലമുള്ള ആഘാതം കുറയ്ക്കാനും ഇത് സഹായിക്കും. കോസ്റ്റ് പുനഃപരിശോധിക്കുന്നത് അനാവശ്യ ചെലവുകള്‍ പൂര്‍ണമായും ഒഴിവാക്കാനും ഉപകരിക്കും.

കമ്പനിയുടെ ഗോള്‍ നേടിയെടുക്കാന്‍ സഹായിക്കുന്ന കോസ്റ്റുകള്‍ ഒരു കാലത്തും കുറയ്ക്കരുത്. എന്നാല്‍ കുറച്ചാലും കമ്പനിക്ക് ഒരു തരത്തിലും പ്രശ്‌നമുണ്ടാകാത്ത എല്ലാ ചെലവും കുറയ്ക്കുക തന്നെ വേണം. സ്ഥാപനത്തിലെ ജീവനക്കാര്‍, വായ്പ നല്‍കിയവര്‍, ബിസിനസ് പങ്കാളികള്‍, ഉപഭോക്താക്കള്‍ എന്നിങ്ങളെ ബന്ധപ്പെട്ട് നില്‍ക്കുന്ന എല്ലാവരെയും കണക്കിലെടുത്ത് വേണം കോസ്റ്റ് മാനേജ്‌മെന്റ് നടത്താന്‍. കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ അങ്ങേയറ്റം പ്രതികൂലമായി ബാധിക്കുന്ന കാര്യങ്ങള്‍ ചെയ്യാനും പാടില്ല.

സീറോ ബേസ്ഡ് ബജറ്റിംഗ് നടപ്പാക്കാം

ഓരോ പുതിയ കാലഘട്ടത്തിലും ഒരു കാര്യം നടപ്പാക്കാന്‍ എന്ത് ചെലവ് വരുമെന്ന് കണക്കാക്കാനും ചെലവ് കൃത്യമായി മാനേജ് ചെയ്യാനും സീറോ ബേസ്ഡ് ബജറ്റിംഗ് സഹായിക്കും. പൂജ്യത്തില്‍ നിന്ന് തുടങ്ങുന്ന ബജറ്റിംഗ് രീതിയാണിത്. അതായത് കഴിഞ്ഞ തവണ ഇത്ര രൂപ ചെലവായി. ഇപ്പോള്‍ അതിന്റെ ഇത്ര ശതമാനം കൂടുതല്‍ വേണ്ടി വരും എന്നല്ല ഇവിടെ മാനദണ്ഡമാക്കുന്നത്. മറിച്ച് ഒരു കാര്യത്തിന് എന്ത് ചെലവ് വരുമെന്ന് പൂജ്യത്തില്‍ നിന്നേ എഴുതി തയ്യാറാക്കുന്ന രീതിയാണിത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതലോ കുറവോ എന്ന രീതി ഈ ബജറ്റിംഗില്‍ അവലംബിക്കില്ല. നിങ്ങള്‍ നടപ്പാക്കാന്‍ പോകുന്ന കാര്യത്തിന് ഇപ്പോഴത്തെ സാഹചര്യത്തില്‍ എന്ത് ചെലവ് വരും എന്നതു മാത്രമാണ് പരിഗണന വിഷയം.

ചെലവ് ചുരുക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍

വിവിധ വിഭാഗങ്ങളിലെ ചില ചെലവുകള്‍ എങ്ങനെ മാനേജ് ചെയ്യാന്‍ പറ്റുമെന്ന് നോക്കാം.

എംപ്ലോയി കോസ്റ്റ്: ശമ്പളവും മനുഷ്യവിഭവശേഷിയുമാണ് ഏറ്റവും വലിയ ചെലവ്. ഇതൊരു ചെലവ് എന്നതിനുപരി മാനുഷികമായ തലം കൂടിയുണ്ട്. ഒരു കമ്പനിക്ക് ജീവനക്കാര്‍ക്ക് മുഴുവന്‍ വേതനവും നല്‍കാന്‍ പ്രയാസമാണെങ്കില്‍ ശമ്പളം വെട്ടിക്കുറയ്ക്കുന്നതിന് പകരം കുറച്ച് ശമ്പളം ഇപ്പോള്‍ നല്‍കി ബാക്കി പിന്നീട് നല്‍കാമെന്ന രീതി അവലംബിക്കണം.

അതുപോലെ എംപ്ലോയി സ്‌റ്റോക്ക് ഓപ്ഷന്‍ പ്ലാനും സ്വീകരിക്കാം. അതിലൂടെ ജീവനക്കാര്‍ക്ക് കമ്പനിയുടെ വളര്‍ച്ചയില്‍ പങ്കാളികളാകും അതിന്റെ ഗുണം ലഭിക്കാനും സാധിക്കും.

റെന്റ് കോസ്റ്റ്: കെട്ടിട ഉടമയോട് സംസാരിച്ച് വാടക രണ്ടുഭാഗങ്ങളാക്കാം. ഒരു ഭാഗം ഫിക്‌സഡും മറ്റൊരു ഭാഗം വേരിയബഌം. ഉല്‍പ്പന്നത്തിന്റെയോ സേവനത്തിന്റെയോ ഡിമാന്റില്‍ സംഭവിക്കുന്ന ഏറ്റക്കുറച്ചിലുകള്‍ വരുമാനത്തെ കാര്യമായി ബാധിക്കും. ചിലപ്പോള്‍ ബിസിനസ് നല്ല രീതിയില്‍ നടന്നെന്നിരിക്കാം. മറ്റു ചിലപ്പോള്‍ നടക്കില്ല. അങ്ങനെ വരുമ്പോള്‍ എല്ലാ മാസവും കൃത്യമായി ഒരു തുക വാടക ഇനത്തില്‍ നല്‍കുമെന്ന് പറയാതെ നൂതനമായ ആശയങ്ങള്‍ ഈ രംഗത്ത് കൊണ്ടുവരണം. ബിസിനസ് നല്ല രീതിയില്‍ നടന്നാല്‍ അതിന്റെ പങ്ക് കെട്ടിട ഉടമയ്ക്ക് ലഭിക്കും.

പലിശ ചെലവ്: നിങ്ങളുടെ വായ്പയുടെ പലിശ നിരക്ക് റിസര്‍വ് ബാങ്കിന്റെ റിപ്പോ നിരക്കുമായി ബന്ധിപ്പിക്കുക. റിസര്‍വ് ബാങ്ക് പലിശ നിരക്ക് കുറയ്ക്കുമ്പോള്‍ നിങ്ങളുടെ വായ്പയുടെ പലിശയും കുറയാന്‍ ഇത് കാരണമാകും. ബാങ്കുകളുമായി നിരന്തരം ആശയവിനിമയങ്ങള്‍ നടത്തുക. മാത്രമല്ല നിങ്ങളുടെ സ്ഥാപനത്തിന്റെ ക്രെഡിറ്റ് സ്‌കോര്‍ അനുദിനം നിരീക്ഷിച്ചുകൊണ്ടിരിക്കണം.

ചുരുക്കി പറഞ്ഞാല്‍ സംരംഭകര്‍ എല്ലായ്‌പ്പോഴും അവരുടെ കോസ്റ്റ് മോഡല്‍ കൃത്യമായി നിരീക്ഷിച്ചുകൊണ്ടിരിക്കണം. പണം അനാവശ്യമായി പോകാതിരിക്കാനും കാര്യക്ഷമത കൂടാനും ഇത് ആവശ്യമാണ്. മാത്രമല്ല ഇത്തരം ചെലവ് ചുരുക്കലുകള്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കാത്ത വിധത്തിലുമാകണം.

അടുത്താഴ്ച നമുക്ക് ചര്‍ച്ച തുടരാം. അതുവരെ ഇക്കാര്യങ്ങള്‍ നിങ്ങള്‍ സംരംഭത്തില്‍ ഉള്‍ക്കൊള്ളിക്കുമല്ലോ. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും സംശയങ്ങളും എനിക്ക് മെയ്ല്‍ ചെയ്യു. ഇ മെയ്ല്‍: anilrmenon1@gmail.com

(ഈ ലേഖനമെഴുതാന്‍ വിവരങ്ങള്‍ നല്‍കിയ ചാര്‍ട്ടേര്‍ഡ് എക്കൗണ്ടന്റ് അഭയ് നായര്‍ക്ക് പ്രത്യേകം നന്ദി പറയുന്നു)

Previous Articles in Malayalam:

Previous Articles in English:

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT