പ്രേരണ- അധ്യായം 10

ചില സൂചനകള്‍ അടങ്ങുന്ന ഒരു കത്തിനെ പിന്തുടര്‍ന്ന് ലണ്ടനില്‍ നിന്നും മുംബൈയില്‍ എത്തുന്ന ജീവന്‍ ജോര്‍ജ്. മുംബൈയിലെ തിരക്കേറിയ ട്രെയിന്‍ യാത്രയില്‍ കത്ത് നഷ്ടമാകുന്നെങ്കിലും ഓര്‍മ്മിച്ചെടുക്കുന്ന മേല്‍വിലാസത്തില്‍ കൃത്യമായി ലേഡീസ് ഹോസ്റ്റലില്‍ എത്തിച്ചേര്‍ന്ന ജീവന് നിമ്മിയെ കാണാനാവുന്നില്ല. തിരികെ ഹോട്ടലില്‍ എത്തുന്ന ജീവന് ഒരു പെന്‍ഡ്രൈവ് റിസെപ്ഷനിസ്റ്റില്‍ നിന്ന് ലഭിക്കുന്നെങ്കിലും അത് നല്‍കിയ ആളെ കാണാനാവാതെ പിറ്റേന്ന് ലണ്ടനിലേക്ക് മടങ്ങേണ്ടി വരുന്നു. തിരികെ ഫ്ലാറ്റിലെത്തി പെന്‍ഡ്രൈവിലെ ഫയല്‍ തുറക്കുന്ന ജീവന്‍ തന്നെക്കുറിച്ചെന്നോണം രചിക്കപ്പെട്ട ഒരു പുസ്തകത്തിന്റെ ആദ്യ താളുകള്‍ കാണുന്നു. മുംബൈയിലെ തന്റെ പേര്‍സണല്‍ അസിസ്റ്റന്റായി എത്തി പുസ്തക രചന എന്ന അധിക ദൗത്യം കൂടി ഏറ്റെടുത്തു, ഒടുവില്‍ അത് പൂര്‍ത്തിയാക്കുന്നതിനു മുന്‍പ് അപ്രത്യക്ഷയായ പ്രേരണ എന്ന പെണ്‍കുട്ടിയിലൂടെ എഴുതപ്പെട്ട പുസ്തകം! ജോലിക്കായി മുംബെയിലെത്തി, ഓഹരി ബ്രോക്കിംഗ്് ബിസിനസിന്റെ സാധ്യതകള്‍ തിരിച്ചറിഞ്ഞു, ആ മേഖലയില്‍ അനുഭവസമ്പത്തുള്ള സുധീറുമൊത്ത് ഫ്രാഞ്ചൈസി ബിസിനസിലൂടെ ആരംഭിച്ചു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി രൂപഭേദം വന്ന ജെ.എസ്. മിഡാസ് സ്റ്റോക്ക് ബ്രോക്കിംഗ് എന്ന തന്റെ ബിസിനസിനെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ വായിച്ചു ജീവന്‍ അത്ഭുതപ്പെടുന്നു. ഒന്നരക്കോടി മൂലധനമുള്ള, ആദ്യവര്‍ഷം തന്നെ ലാഭ പാതയിലെത്തിയ ജെ.എസ് മിഡാസ് സ്റ്റോക്ക് ബ്രോക്കിംഗ് കമ്പനി മൂലധനം ഉയര്‍ത്താനുള്ള ശ്രമത്തിലായിരുന്നു. അങ്ങനെയണ് ഏയ്ഞ്ചല്‍ ഇന്‍വെസ്റ്റേഴ്‌സിലേക്കും അധികാരിയിലേക്കുമെത്തുന്നത്...

(ജീവന്‍ ജോര്‍ജ് വായിക്കുന്ന 12ാം അധ്യായം മുതല്‍ തുടര്‍ന്ന് വായിക്കുക)
പ്രേരണ; അധ്യായം -12
ഇന്‍വെസ്റ്റേഴ്‌സ് മീറ്റ്
ഓഹരികളെ ക്ഷണനേരം കൊണ്ട് അപഗ്രഥിക്കാനുള്ള സുധീറിന്റെ കഴിവ് അപാരമാണ്. ഉറക്കത്തില്‍ വിളിച്ചുചോദിച്ചാല്‍ പോലും ഓഹരികളുടെ കയറ്റവും ഇറക്കവുമെല്ലാം മന:പാഠം. അതു തന്നെയാവണം ഇടപാടുകാര്‍ക്ക് സുധീറിനോടുള്ള അടുപ്പവും. മികച്ച ഇടപാടുകാരെ കമ്പനിക്ക് പരിചയപ്പെടുത്തുക എന്നത് സുധീറിന് ഒരു തരം ആവേശം തന്നെയാണ്.
സ്വരം കൊണ്ടുതന്നെ വന്‍കിട ഇടപാടുകാരെയെല്ലാം സുധീര്‍ തിരിച്ചറിയും. എന്തിനേറെ, അവരുടെ നിക്ഷേപശേഖരത്തില്‍ ഏതൊക്കെ ഓഹരികളുണ്ടെന്നും അവയുടെ ഓരോ ദിവസത്തെയും വില വ്യതിയാനംകൊണ്ട് ഇവരുടെ നിക്ഷേപത്തിന്റെ മൂല്യത്തിലെ ഏറ്റക്കുറച്ചിലുകള്‍ പോലും വ്യാപാരത്തിന്റെ അവസാനം സുധീര്‍ ഓര്‍ത്തുവയ്ക്കും.
ഇത്തരം ഇടപാടുകാരുടെ പിറ്റേദിവസത്തെ വ്യാപാരം ആരംഭിക്കുക സുധീറിന്റെ ചെറിയൊരു വിപണി അവലോകനത്തിനു ശേഷമാണ്. പലപ്പോഴും സുധീറില്‍നിന്നും ഈ വിവരങ്ങള്‍ കേട്ടതിനുശേഷമാവും ഇവര്‍ ഓഹരികള്‍ വാങ്ങുവാനോ വില്‍ക്കുവാനോ ഉള്ള ഓര്‍ഡര്‍ നല്‍കുക.
ശാഖാ മാനേജറില്‍നിന്നും കമ്പനിയുടെ ഡയറക്ടര്‍ പദവിയിലേയ്ക്ക് ഉയര്‍ന്നിട്ടും സുധീറിന്റെ സ്വഭാവത്തിനു മാറ്റമുണ്ടായില്ല. സുധീറിന്റെ ഈ സ്വഭാവവിശേഷം തന്നെയായിരുന്നു ഒരു പരിധി വരെ ഒറ്റ ശാഖയുമായി വലിയ പാരമ്പര്യമൊന്നും അവകാശപ്പെടാനില്ലാതെ ഈ രംഗത്തേക്കു കടന്നുവന്ന ജെ.എസ്. മിഡാസ് സ്റ്റോക്ക് ബ്രോക്കിംഗ് കമ്പനിക്ക് ആദ്യകാലത്ത് വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ തുണയായതും.
ഇടപാടുകാരുമായുള്ള കൂടിക്കാഴ്ചകള്‍ ഒരിക്കലും സുധീറിന് പിഴയ്ക്കാറില്ല. എന്നിട്ടും അധികാരിയുമായുള്ള കൂടിക്കാഴ്ചയില്‍ അയാള്‍ നിരാശനായിരുന്നു. വിളിച്ചുവരുത്തിയിട്ടു കളിയാക്കി വിട്ടതുപോലൊരു തോന്നല്‍ സുധീറിന്റെ മുഖത്തു നിന്ന് വായിച്ചെടുക്കാനായി.
ജീവന് തോന്നിയത് മറിച്ചാണ്. അധികാരിയുടെ ചോദ്യങ്ങളില്‍, അയാളുടെ കണ്ണുകളില്‍ മറ്റെന്തൊക്കെയോ ഒളിഞ്ഞിരിപ്പുണ്ടെന്നു തിരിച്ചറിയാന്‍ ജീവനു കഴിഞ്ഞു. അടുപ്പത്തോടെ മലയാളത്തില്‍ സംസാരിച്ചത് പോലും ശുഭലക്ഷണമായി തോന്നി.
'പഴയ ചില വിശ്വാസങ്ങളില്‍ മുറുകെപിടിച്ചിരിക്കുന്നയാളാണ് അധികാരി. കലണ്ടറില്‍ നോക്കിയതിനു ശേഷം അയാള്‍ അടുത്ത വ്യാഴാഴ്ച വരാന്‍ പറയണമെന്നുണ്ടെങ്കില്‍ എന്തോ കാര്യമായ തീരുമാനമെടുക്കാനുറച്ചതു പോലെയാണ് എനിക്ക് തോന്നിയത്'. കേട്ടിരുന്നതല്ലാതെ സുധീര്‍ മറുപടി പറഞ്ഞില്ല.
വ്യാഴാഴ്ച പ്രവര്‍ത്തി ദിനമായിട്ടു പോലും അധികാരിയെ കാണാന്‍ സുധീറിനെ ട്രേഡിംഗ്് സ്‌ക്രീനിനു മുന്‍പില്‍ നിന്ന് എഴുന്നേല്‍പ്പിച്ച് കൊണ്ട് പോകാന്‍ ഉത്സാഹിച്ചത് ജീവനാണ്.
ഏതാണ്ട് മുക്കാല്‍ മണിക്കൂര്‍ ഡ്രൈവുള്ള യാത്രയുടെ ആദ്യഘട്ടത്തില്‍ തന്നെ കൃത്യസമയത്ത് എത്താനാവില്ല എന്ന് ബോധ്യമായി. വഴിയില്‍ വാഹനങ്ങളുടെ നീണ്ട നിര. അനങ്ങാന്‍ പോലുമാവാതെ വാഹനത്തിനുള്ളില്‍ ഇരിക്കുമ്പോഴാണ് അന്നത്തെ യാത്ര പോലെ ഇതും വെറുതെയാകുമെന്ന സുധീറിന്റെ അരോചകമായ കമന്റ് വരുന്നത്.
ഒന്നും മിണ്ടാതെ ഗതാഗതക്കുരുക്കിനെ ശപിച്ചു ട്രാഫിക് സിഗ്നല്‍ കാത്തുകിടക്കുമ്പോള്‍ ദൈന്യത നിറഞ്ഞ മുഖവുമായി ഒരു അമ്മയും കുഞ്ഞും നാരങ്ങയും പച്ചമുളകും കോര്‍ത്ത മാല വില്‍ക്കാനായി കാറിനരികില്‍ എത്തി. മുംബൈയിലെ സ്ഥിരം കാഴ്ചയാണെങ്കിലും അന്നാദ്യമായി ജീവന്‍ അത് വാങ്ങി.
ട്രാഫിക് ഉള്‍പ്പെടെയുള്ള തടസ്സങ്ങളെ മാത്രമല്ല നെഗറ്റീവ് ചിന്തകളെപ്പോലും തകര്‍ത്തെറിഞ്ഞു മുന്നോട്ടു പോകാനുള്ള അന്നാട്ടുകാരുടെ വിശ്വാസത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന ജീവന്റെ ഈ പ്രവൃത്തി സുധീറില്‍ അത്ഭുതമുളവാക്കി എന്ന് മുഖഭാവത്തില്‍ നിന്ന് വ്യക്തമായിരുന്നു.
''കാറിനുള്ളിലെ ചൂട് പോലും അസഹനീയമാകുമ്പോഴാണ് ജീവിക്കാനായി പാവം ആ അമ്മയും കുഞ്ഞും ഈ പൊരിവെയിലത്ത് !''സുധീറില്‍ നിന്നും മറുപടി ഉണ്ടായില്ല.
ഏതാണ്ട് ഒരു മണിക്കൂര്‍ താമസിച്ചാണ് അധികാരിയുടെ ബംഗ്ലാവിലെത്തിയത്. ഇക്കുറി പാറാവുകാരനോട് പറഞ്ഞ് ഏല്‍പ്പിച്ചിരുന്നതിനാലാവണം അകത്തുകടക്കാന്‍ താമസമുണ്ടായില്ല. ഭയപ്പെട്ടതിന് വിപരീതമായി കുറച്ചുകൂടി പ്രസന്നവദനനായ അധികാരിയെയാണ് കാണാന്‍ കഴിഞ്ഞത്. അയാള്‍ ആ കൂടിക്കാഴ്ചയ്ക്ക് കാത്തിരിക്കുന്നത് പോലെ തോന്നി.
നടുത്തളത്തില്‍ ചൂരല്‍ കസേരയില്‍ ചാരിക്കിടക്കുന്ന അധികാരിയുടെ മുന്നില്‍ രണ്ട് താഴ്ന്ന ഇരിപ്പിടങ്ങള്‍ മാത്രം. മൂലയില്‍ വച്ചിരിക്കുന്ന വലിയ ഒരു ചീന ഭരണിയും ഒരറ്റത്ത് കോര്‍ണര്‍ സ്റ്റാന്‍ഡിലിരിക്കുന്ന തെല്ല് പൗരാണിക ശൈലിയിലുള്ളൊരു ലാന്‍ഡ് ഫോണും മാത്രമാണ് അലങ്കാര വസ്തുക്കള്‍. ഇവ തങ്ങള്‍ ഇവിടെ വന്ന ആദ്യ കൂടിക്കാഴ്ചയില്‍ ഉണ്ടായിരുന്നോ എന്നോര്‍ത്തെടുക്കാന്‍ ശ്രമിക്കുന്നതിനിടെ പരിചാരകന്‍ ആവി പറക്കുന്ന ചായയുമായി എത്തി. ഏലയ്ക്കായുടെ നറുമണം ആവിയില്‍നിന്നു തിരിച്ചറിഞ്ഞു. ചായ മോന്തിക്കൊണ്ടാണ് അധികാരി തുടങ്ങിയത്.
'കേവലം പണത്തിനുവേണ്ടി മാത്രമല്ല തീവ്രമായ താല്‍പര്യത്തോടെയാണ് നിങ്ങള്‍ ഈ ബിസിനസ് ആരംഭിച്ചതെന്ന് പറഞ്ഞു. മത്സരം കൊടുമ്പിരിക്കൊണ്ടു നില്‍ക്കുന്ന ഇക്കാലത്തു വന്‍കിട ബ്രോക്കിംഗ് സ്ഥാപനങ്ങളുമായി പിടിച്ചു നില്‍ക്കാന്‍ എന്ത് സ്ട്രാറ്റജി ആണ് നിങ്ങളുടെ കൈയ്യിലുള്ളത്?
സുധീര്‍ അമ്പരപ്പോടെ ജീവന്റെ മുഖത്തേക്കു നോക്കി. ഇത്തവണയെങ്കിലും ഒപ്പിട്ട അക്കൗണ്ട് ഓപ്പണിംഗ് ഫോം സമയം കളയാതെ നല്‍കുമെന്നായിരുന്നു സുധീര്‍ പ്രതീക്ഷിച്ചത്. ജീവന്റെ കണക്കുകൂട്ടല്‍ കൃത്യമായിരുന്നു. ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ മുന്‍കൂട്ടിക്കണ്ട് വേണ്ട മുന്നൊരുക്കങ്ങളും നടത്തിയിരുന്നു.
സുധീര്‍ ജോലി ചെയ്തുകൊണ്ടിരുന്ന കമ്പനിയുടെ ഫ്രാഞ്ചൈസി നടത്തിയാണ് ഞങ്ങള്‍ ഈ മേഖലയിലേക്ക് വരുന്നത്. ഈയൊരു സേവനത്തിന് വിപണിയില്‍ ആവശ്യക്കാരുണ്ടെന്നും ആരെയാണ് ഇടപാടുകാരായി ലക്ഷ്യം വയ്‌ക്കേണ്ടതെന്നും അങ്ങനെ തിരിച്ചറിയാനായി. ഇത്തരം ബിസിനസുകളില്‍ ഒറ്റയാള്‍ പ്രസ്ഥാനത്തേക്കാളും ഒരു കൂട്ടുകച്ചവട സ്ഥാപനത്തേക്കാളും സാധാരണക്കാരുടെ ഇടയില്‍ വിശ്വാസ്യത കൂടുതല്‍ എന്തുകൊണ്ടേണ്ടാ കമ്പനികള്‍ക്കുതന്നെയാണ് എന്ന തിരിച്ചറിവിലാണ് ജെ.എസ് മിഡാസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി ആരംഭിക്കുന്നത്.
''പക്ഷെ ഈ രംഗത്തെ ഭീമന്മാരുമായി മത്സരിക്കാന്‍ നിങ്ങള്‍ക്കെങ്ങനെ കഴിയും?'' ജീവന്‍ പറഞ്ഞു മുഴുവനാക്കും മുന്‍പ് അധികാരിയുടെ ചോദ്യം വന്നു. 'ചുരുങ്ങിയത് അന്‍പത് ശാഖകളുടെ സാന്നിധ്യവുമായി രണ്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ പബ്ലിക് ഇഷ്യൂവിനു പോകാനാവുമെന്ന് തന്നെയാണ് ഞങ്ങള്‍ കരുതുന്നത്. മൂലധന സമാഹരണത്തിനുശേഷം രാജ്യത്തു മുഴുനീള സാന്നിധ്യമായി ശാഖകള്‍ കമ്പനിക്കുണ്ടാവും.'
കമ്പനിയുടെ മൂലധനം ഇപ്പോള്‍ എത്രയാണെന്ന് പുഞ്ചിരിയോടെയാണ് അധികാരി ചോദിച്ചത് 'ഒന്നരക്കോടി.'
മറുപടി കേട്ടപ്പോള്‍ അധികാരിയുടെ മുഖത്തു മിന്നിമറയുന്ന വികാരങ്ങള്‍ എന്തെന്ന് വായിച്ചെടുക്കാന്‍ ജീവന്‍ നന്നേ പണിപ്പെട്ടു. 'ഒന്നരക്കോടി മൂലധനമുള്ള കമ്പനിക്ക് എട്ടു ലക്ഷം രൂപ ലാഭം ! ഈയൊരു വരുമാനത്തിനായി ഇത്ര റിസ്‌ക് ഒന്നും എടുക്കേണ്ട കാര്യമില്ലല്ലോ.'
ഈയൊരു ചോദ്യം അധികാരിയില്‍നിന്നും പ്രതീക്ഷിച്ചിരുന്നില്ല. കമ്പനിയുടെ കഴിഞ്ഞവര്‍ഷ പ്രകടനത്തെക്കുറിച്ചുള്ള ഒരു ചെറിയ പത്രിക ഇടപാടുകാര്‍ക്ക് നല്‍കിയിരുന്നു. എട്ടു ലക്ഷം രൂപയ്ക്കടുത്തുള്ള കമ്പനിയുടെ കഴിഞ്ഞവര്‍ഷ ലാഭം അധികാരി കൃത്യമായി അറിയണമെന്നുണ്ടെണ്ടങ്കില്‍ ഈ പത്രികയുടെ ഒരു കോപ്പി അയാളുടെ കൈയ്യിലെത്തിയിരിക്കണം.
'ഇക്കഴിഞ്ഞ മാര്‍ച്ചില്‍ മാത്രമാണ് ഒരുകോടി ഇരുപതു ലക്ഷം രൂപ അധിക മൂലധനമായി കൊണ്ടുവന്നത്. അതിനു മുന്‍പുള്ള കമ്പനിയുടെ മൂലധനം കണക്കാക്കിയാല്‍ ഇരുപത്തി അഞ്ചു ശതമാനത്തിനു മുകളില്‍ വരുമാനം! ഈ വര്‍ഷം കാപ്പിറ്റല്‍ ഉയര്‍ത്തിയെങ്കിലും ശാഖകളുടെ വിപുലീകരണത്തിലൂടെ വരുമാനവും ഉയര്‍ത്താന്‍ ഞങ്ങള്‍ക്കാകും.'
ആത്മവിശ്വാസത്തോടെയാണ് ജീവന്‍ പറഞ്ഞുനിര്‍ത്തിയത്.
'ഈ പണം കമ്പനി സ്ഥലത്തിനും കെട്ടിടത്തിനുമായി മുടക്കിക്കഴിഞ്ഞല്ലോ. പിന്നെന്ത് അധിക വരുമാനം?.'
അധികാരി എല്ലാം കൃത്യമായി പഠിച്ചിരിക്കുന്നുവെന്ന് വെളിവാക്കിയ മറുചോദ്യത്തില്‍ ജീവന്‍ തെല്ല് പകച്ചു.
ചില സമയങ്ങളില്‍ അങ്ങനെയാണ്. യാതൊരു ഒരുക്കങ്ങളുമില്ലാതെ വാക്കുകള്‍ ഒഴുകിയെത്തും, കൃത്യമായിത്തന്നെ! അന്നു സംഭവിച്ചതും അതാണ്.
''വന്‍കിട ബാങ്കുകളും ദല്ലാള്‍ കമ്പനികളും മത്സരവുമായി ഈ രംഗത്തുണ്ട്. അവര്‍ നല്‍കുന്ന എല്ലാ സേവനങ്ങളും വ്യക്തിഗതമായി നല്‍കുക എന്നതാവും ഞങ്ങളുടെ മോഡല്‍. മുംബൈ പോലൊരു നഗരത്തില്‍ ഇത്തരമൊരു ആസ്തിയുടെ മൂല്യം ഇടിയില്ലെന്നറിഞ്ഞു കൊണ്ട് തന്നെയാണ് ഞങ്ങള്‍ ആ പണം കെട്ടിടത്തിനായി മുടക്കിയത്. പ്രവര്‍ത്തന മൂലധനത്തിനായി കമ്പനി വരുംനാളുകളില്‍ നിക്ഷേപകരെയോ ബാങ്കുകളെയോ സമീപിക്കുമ്പോള്‍ ഇത്തരമൊരു ആസ്തിയുടെ വില അവരും കുറച്ചു കാണില്ല.''
ചില വാക്കുകളുടെ ശക്തി!
ജോലിക്കായുള്ള അഭിമുഖങ്ങളില്‍, പ്രണയത്തില്‍, വിവാഹാലോചനകളില്‍, ബിസിനസ് ഇടപാടുകളില്‍ - വാക്കുകളുടെ പങ്ക് വലുതാണ്. പലപ്പോഴും ഇടപാടുകള്‍ ഉറപ്പിക്കപ്പെടുന്നതും ഉറപ്പിക്കപ്പെടാതെ പോകുന്നതും ചില വാക്കുകളാലോ അവയുടെ അഭാവത്താലോ ആണ്. എന്തിനേറെ ബന്ധങ്ങള്‍ ഉറപ്പിക്കുന്നതും നിലനിര്‍ത്തുന്നതും ഇല്ലാതാക്കുന്നതും വാക്കുകള്‍ തന്നെ.
അധികാരിയുടെ ചോദ്യത്തിനുള്ള മറുപടി ജീവന് അങ്ങനെ നല്‍കാനായിരുന്നില്ലെങ്കില്‍ ജെ.എസ് മിഡാസ് സ്റ്റോക്ക് ബ്രോക്കിംഗ് കമ്പനിയുടെ ഗതി തന്നെ ഒരുപക്ഷേ മറ്റൊരു ദിശയിലായേനെ!
ജീവന്റെ കണ്ണുകളിലേക്കു തന്നെ നോക്കിയാണ് അധികാരി ഇത്തവണ ചോദിച്ചത്. 'മൂലധനത്തിനായി ഏയ്ഞ്ചല്‍ ഇന്‍വെസ്റ്റേഴ്‌സിനെ സമീപിക്കുന്നതിനെക്കുറിച്ച് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടേണ്ടാ?' അധികാരി ശ്രമിക്കുന്നത് കമ്പനിയുടെ ഓഹരികള്‍ വാങ്ങി ഒരു ഏയ്ഞ്ചല്‍ ഇന്‍വെസ്റ്ററായി കടന്നുവരാനാണോ? ആ സംശയത്തിന്റെ ആയുസ് അധികാരിയുടെ അടുത്ത വാക്കുകള്‍കൊണ്ട് തീര്‍ന്നു.
'ഇത്തവണത്തെ കയറ്റുമതി ബിസിനസ് മോശമല്ലായിരുന്നു. കറന്‍സിയുടെ അനുകൂലമായ വ്യതിയാനം കൊണ്ട് മാത്രം സാധാരണയില്‍ കവിഞ്ഞ ലാഭം നേടാനായി. രണ്ടുകോടി രൂപ ഏതെങ്കിലും ഓഹരികളില്‍ നിക്ഷേപിക്കാമെന്നു കരുതിയിരുന്നപ്പോഴാണ് ഏയ്ഞ്ചല്‍ ഇന്‍വെസ്റ്റിംഗിനെക്കുറിച്ചും നിങ്ങളുടെ ബ്രോക്കിംഗ് കമ്പനിയെക്കുറിച്ചും വിശാലില്‍നിന്നും അറിഞ്ഞത്.'
ജെ.എസ് മിഡാസ് സ്റ്റോക്ക് ബ്രോക്കിംഗ് കമ്പനിയുടെ പ്രധാന ഇടപാടുകാരില്‍ ഒരാളാണ് വിശാല്‍. കേവലം ഒരു ഇടപാടുകാരനോടുള്ളതിനേക്കാള്‍ അടുപ്പം സുധീറിന് വിശാലുമായിട്ടുണ്ട്. ഓഹരി നല്‍കുന്നതിനായി സ്വകാര്യവ്യക്തികളെ സമീപിക്കാന്‍ ഈ വര്‍ഷം കമ്പനി ശ്രമിച്ചേക്കുമെന്ന കാര്യം വിശാലുമായി സംസാരിച്ചിരുന്നു. 'നിങ്ങള്‍ക്കു താല്‍പര്യമുണ്ടെങ്കില്‍ രണ്ടുകോടി രൂപ നിക്ഷേപിക്കാന്‍ ഞാന്‍ തയാറാണ്. ഈ ഇടപാടിനു തയാറാണോ എന്നു പറയേണ്ടത് നിങ്ങളാണ്.'
സുധീറും ജീവനും പരസ്പരം നോക്കി.
'തീരുമാനം അടുത്ത വെള്ളിയാഴ്ചയ്ക്കകം പറഞ്ഞാല്‍ മതി. താല്‍പര്യമില്ലെങ്കില്‍ നിക്ഷേപത്തിനായി ഞാന്‍ മറ്റേതെങ്കിലും കമ്പനി നോക്കും. ഓപ്പണിംഗ് ഫോം തരികയാണെങ്കില്‍ ഒപ്പിട്ടു തരാം,' അധികാരി ചിരിച്ചുകൊണ്ടു പറഞ്ഞു. പുതിയ ഡീമാറ്റ് അക്കൗണ്ടിനായും ട്രേഡിംഗ് അക്കൗണ്ടിനായുമുള്ള ഫോറം സുധീര്‍ അധികാരിക്കു നല്‍കി.


പ്രേരണ; അധ്യായം-09

Manoj Thomas
Manoj Thomas  

Related Articles

Next Story

Videos

Share it