പ്രേരണ; അധ്യായം-06

ഒരു കത്തിനെ പിന്തുടര്‍ന്ന് ലണ്ടനില്‍ നിന്നും മുംബൈയില്‍ എത്തുന്ന ജീവന്‍ ജോര്‍ജ്. ട്രെയിന്‍ യാത്രയില്‍ കത്ത് നഷ്ടമായെങ്കിലും ഓര്‍മയില്‍ നിന്നെടുത്ത മേല്‍വിലാസത്തില്‍ കൃത്യമായി ലേഡീസ് ഹോസ്റ്റലില്‍ എത്തിച്ചേര്‍ന്ന ജീവന് നിമ്മിയെ കാണാനാവുന്നില്ല. പക്ഷേ ഒരു പെന്‍ഡ്രൈവ് ലഭിക്കുന്നു. ലണ്ടനിലേക്ക് മടങ്ങിയെത്തി പെന്‍ഡ്രൈവിലെ ഫയല്‍ തുറക്കുന്ന ജീവന്‍ തന്നെക്കുറിച്ചെന്നോണം രചിക്കപ്പെട്ട ഒരു പുസ്തകത്തിന്റെ ആദ്യ താളുകള്‍ കാണുന്നു. കമ്പനിയില്‍ പേര്‍സണല്‍ അസിസ്റ്റന്റായി എത്തി പുസ്തക രചന എന്ന അധിക ദൗത്യം കൂടി ഏറ്റെടുത്ത്, അത് പൂര്‍ത്തിയാക്കുന്നതിനു മുന്‍പ് അപ്രത്യക്ഷയായ പ്രേരണ എന്ന പെണ്‍കുട്ടി ആദ്യ അധ്യായത്തില്‍ തന്നെക്കുറിച്ചു എഴുതിയിരിക്കുന്ന കൃത്യമായ വിവരങ്ങള്‍ വായിച്ചു ജീവന്‍ അത്ഭുതപ്പെടുന്നു...

(തുടര്‍ന്ന് വായിക്കുക)
മനോജ് തോമസ്
അധ്യായം -2
തലമുറകളുടെ സുകൃതം
തമിഴനും മലയാളിക്കും മുംബൈ മാര്‍ക്കറ്റില്‍ നല്ല ഡിമാന്‍ഡ് തന്നെ, പ്രത്യേകിച്ചും ക്ലറിക്കല്‍, സെക്രട്ടേറിയല്‍, മാനേജേരിയല്‍ തസ്തികകളില്‍. ശരാശരിക്കു മുകളില്‍ നില്‍ക്കുന്ന ബുദ്ധിയും കറതീര്‍ന്ന വിശ്വസ്തതയും തങ്ങള്‍ക്കുïെന്നു ബോധ്യപ്പെടുത്താനായ തമിഴന്റെയും മലയാളിയുടെയും മുന്‍ തലമുറകളുടെ സുകൃതം!
രണ്ടു കമ്പനികളില്‍നിന്ന് ജോലി ചെയ്ത പരിചയവുമായാണ് ഒടുവില്‍ 'ലക്ഷയര്‍ ഇംപെക്സ്' എന്ന ഡയമണ്ട് എക്സ്പോര്‍ട്ടിംഗ് കമ്പനിയില്‍ എത്തിച്ചേര്‍ന്നത്. അക്കൗണ്ടന്റ് തസ്തികയില്‍ തുടങ്ങിയ ഔദ്യോഗിക ജീവിതത്തിന് അപ്പോഴേയ്ക്കും വിലപേശാനുള്ള കഴിവ് കൈവന്നുകഴിഞ്ഞിരുന്നു. അസിസ്റ്റന്റ് മാനേജര്‍ - ഫിനാന്‍സ് എന്ന തസ്തികയില്‍ ലക്ഷയര്‍ ഇംപെക്സില്‍ തുടങ്ങാനായതിന് കാരണവും മറ്റൊന്നായിരുന്നില്ല.
മാര്‍വാഡിയുടെ ബിസിനസ് കമ്പനി-മുംബൈ എന്ന മഹാനഗരം! മറ്റെങ്ങും ലഭിക്കാനിടയില്ലാത്ത ബിസിനസ് അവസരങ്ങള്‍. എന്തിലും ഏതിലും ബിസിനസ് മാത്രം മണക്കുന്ന മാര്‍വാഡികള്‍. കോടികളുടെ ആസ്തിയുള്ളപ്പോഴും അവര്‍ നയിക്കുന്ന ലളിതജീവിതം. ഉദ്യോഗസ്ഥ മേധാവിത്വവുമായി ഇടപെടുന്ന വിധം. പ്രത്യക്ഷത്തില്‍ പ്രതികൂലമെന്നു തോന്നുന്ന വിവിധ നിയമങ്ങളുടെ പോലും ഉള്ളില്‍ കയറി അത് തങ്ങള്‍ക്കനുകൂലമാക്കിയെടുക്കുന്ന കരവിരുത്. ഒരു കാര്യം നേടാനുറച്ചിറങ്ങിയാല്‍ ഏതു പ്രതിബന്ധങ്ങളെയും തകര്‍ത്തെറിയാനുള്ള മനക്കരുത്ത്.
ശമ്പളത്തെക്കാള്‍ വലിയ ബിസിനസ് പരിജ്ഞാനം ഇക്കാലയളവില്‍ നേടാനായെങ്കിലും, ലഭിച്ച മോശമല്ലാത്ത ശമ്പളം കൊï് അതിനോടകം അപ്പന്റെ കടം വീട്ടാനും നാട്ടില്‍ മോശമല്ലാത്തൊരു വീടും പറമ്പും വാങ്ങാനും കഴിഞ്ഞിരുന്നു.
വര്‍ഷങ്ങള്‍ പോയതറിഞ്ഞില്ല. മാര്‍വാഡി ശമ്പളം തരുന്നുണ്ടെങ്കിലും ആനുപാതികമായി ജോലിയും ഉïായിരുന്നു. ബാങ്ക് ലോണുകള്‍, അനുബന്ധ ഡോക്യുമെന്റേഷന്‍സ്, ഇന്‍കംടാക്സ് പ്രശ്നങ്ങള്‍, സ്റ്റോക്ക് മാനേജ്മെന്റ് തുടങ്ങി ഭാരിച്ച ഉത്തരവാദിത്വങ്ങള്‍! ചില വര്‍ഷങ്ങളില്‍ നാട്ടില്‍ പോകാന്‍ പോലും കഴിഞ്ഞിരുന്നില്ല. പക്ഷേ അപ്പോഴൊക്കെ മനസ് ഭാരപ്പെട്ടിരുന്നത് ജോലിഭാരത്തെക്കുറിച്ചോര്‍ത്തായിരുന്നില്ല. ഇതിനു വേണ്ടി മാത്രമാണോ താന്‍ മുംബൈയ്ക്കു വണ്ടി കയറിയത്. ഉപജീവനത്തിന് ഒരു ജോലി മാത്രമായിരുന്നു ലക്ഷ്യമെങ്കില്‍ നാട്ടില്‍ പി.എസ്.സി ടെസ്റ്റോ ബാങ്ക് ടെസ്റ്റോ എഴുതി ജോലിക്കു ശ്രമിക്കാമായിരുന്നു.
വല്ലപ്പോഴും നാട്ടില്‍ എത്തിയിരുന്ന നാളുകളില്‍ ചങ്ങനാശേരി ചന്തയിലൂടെ വെറുതെ നടന്നു പോകും.
പണ്ടൊക്കെ ബുധനാഴ്ചകളിലും ശനിയാഴ്ചകളിലും ചന്ത അക്ഷരാര്‍ത്ഥത്തില്‍ നിറഞ്ഞുകവിയുമായിരുന്നു. ചരക്കുകള്‍ കയറ്റിവരുന്ന കാളവണ്ടികളുടെ നീണ്ടനിര. തലയില്‍ ചുമടെടുത്തു നീങ്ങുന്ന കരുത്തന്മാരുടെ തിരക്ക്. കൈവണ്ടികളില്‍ ചാക്കുകെട്ടുകള്‍ നിറച്ച് വലിച്ചുകൊണ്ടുപോകുന്നവര്‍. തലയെടുപ്പും നീണ്ടുവിടര്‍ന്നു കിടക്കുന്ന കൊമ്പുകളുമുള്ള കാങ്കയം വെള്ളക്കാളകളെ പൂട്ടിയവയാണ് കാളവണ്ടികള്‍. വണ്ടിക്കാരന്‍ കിടന്നുറങ്ങിയാല്‍ പോലും കാളകള്‍ ചന്തയില്‍ കൃത്യമായി എത്തുമായിരുന്നുവത്രെ!
ബോട്ടുജെട്ടിയും മീന്‍ചന്തയും പ്രതാപ കാലത്തെ മൊത്തക്കടകളുമെല്ലാം വെറുതെ കണ്ടു നടക്കും.
ഈ കൂട്ടത്തില്‍ ഔസേഫ് ആന്‍ഡ് സണ്‍സ് എന്ന സ്ഥാപനം പണ്ട് പ്രവര്‍ത്തിച്ചിരുന്ന കടമുറികളും കാണും. ഒരു കാലത്തു അരിയുടെ മൊത്തവ്യാപാരം നടത്തിയിരുന്ന മധ്യ തിരുവിതാംകൂറിലെ പ്രമുഖ കച്ചവടസ്ഥാപനത്തിന്റ ശേഷിപ്പുകള്‍ തേടി കണ്ണുകള്‍ അലയും!
ചരക്ക് ഇറക്കി വില്‍ക്കുന്നതിലൂടെയല്ല നേരിട്ട് വാങ്ങുകയും വില്‍ക്കുകയും ചെയ്യാതെയുള്ള ബ്രോക്കിംഗ് ഇടപാടുകളിലൂടെയാണ് പ്രധാന വരുമാനം സ്ഥാപനത്തിന് ഉണ്ടായിരുന്നതെന്ന് അപ്പന്‍ എത്രയോ തവണ പറഞ്ഞിരിക്കുന്നു. ഇടപാടുകാര്‍ നേരിട്ട് ഇടപാടുകള്‍ നടത്തിത്തുടങ്ങിയതോടെ ഇടനിലക്കാരന് സ്ഥാനമില്ലാതെയായി. അരി ഇടപാടുകള്‍ക്ക് ഒരു ബ്രോക്കിംഗ് സ്ഥാപനത്തിന്റെ ആവശ്യം ഇല്ലാതായി വരുന്നു എന്ന സത്യം ഔസേഫ് ആന്‍ഡ് സണ്‍സിന് മനസിലാക്കാനായില്ല.
ഇപ്പോഴും ഇടനിലക്കാരന് മികച്ച അവസരങ്ങള്‍ നല്‍കുന്ന എത്രയോ ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റില്‍ കണ്ടേക്കും. അവ കïെത്തി ഒരു ബിസിനസ് തുടങ്ങാനായാല്‍! പക്ഷേ എങ്ങനെ.
മുംബൈയില്‍ ഒരു ചെറിയ മുറി വാടകയ്ക്ക് എടുക്കണമെങ്കില്‍ത്തന്നെ എത്രയോ തുക വേണ്ടി വരും. ഇപ്പോള്‍ ലഭിക്കുന്ന ശമ്പളം കൂടി പൊടുന്നനെ ലഭിക്കാതായാല്‍. എന്തെങ്കിലും ഒരു സംരംഭത്തെക്കുറിച്ച് ആലോചിച്ചു തുടങ്ങുമ്പോഴേ ഇത്തരം ഭയാശങ്കകള്‍ മനസിലേയ്ക്ക് ഓടിയെത്തും.
പെട്ടെന്നു ജോലി കളയുന്നതില്‍നിന്നും മനസിനെ വിലക്കിയിരുന്ന മറ്റൊരു കാര്യംകൂടി ആയിടെ ഉണ്ടായി. അതിനോടകം വളര്‍ച്ച മുരടിച്ച്, ഇനി ഒരിഞ്ചു പോലും മുന്നോട്ടു പോകാനാകാതെ കിതയ്ക്കുകയായിരുന്നു മുംബെ സിറ്റി. സിഡ്കോ രൂപകല്‍പ്പന ചെയ്ത നഗരമായ ഖാര്‍ഗറില്‍ വന്‍ വളര്‍ച്ചാസാധ്യതയുണ്ടെന്നും അവിടെയൊരു ഫ്‌ളാറ്റ് വാങ്ങാനുമുള്ള നിര്‍ദേശം മുന്നോട്ടു വച്ചത് മാര്‍വാഡി തന്നെയായിരുന്നു. പകുതിപ്പണം പലിശ രഹിത വായ്പയായി കമ്പനി നല്‍കുമെന്നും, ബാക്കി തുക ഇപ്പോഴത്തെ ശമ്പളം വച്ച് ബാങ്ക് ലോണായി തരപ്പെടുത്താന്‍ ബുദ്ധിമുട്ടുണ്ടാവില്ലെന്നും അയാള്‍ പറഞ്ഞപ്പോള്‍ മോശമില്ലെന്നു തോന്നി. ബാങ്ക് ലോണും, മാര്‍വാഡി തന്ന പലിശ രഹിത വായ്പയും കാര്യങ്ങള്‍ എളുപ്പമാക്കി. ഭവന വായ്പയെടുത്ത വകയില്‍ ശമ്പളത്തിന്റെ നല്ലൊരു പങ്ക് പ്രതിമാസ തിരിച്ചടവുകൂടി വന്നതോടെ ജോലി പെട്ടെന്നുപേക്ഷിക്കുക എന്നത് പ്രയാസമേറിയ കാര്യമായി.
കമ്പനിയില്‍നിന്നും പെട്ടെന്നു പോകരുത് എന്ന ഉദ്ദേശ്യം കൂടി ഈ ഇടപാടില്‍ മാര്‍വാഡിക്ക് ഉണ്ടായിരുന്നോ. അങ്ങനെ വേണം കരുതാന്‍. യാതൊരു രേഖയുമില്ലാതെ ഇത്രയും വലിയ തുക പലിശ രഹിത വായ്പ നല്കിയ മാര്‍വാഡി! ഒന്നു കാണാതെ മറ്റൊന്നു ചെയ്യുന്ന പ്രകൃതക്കാരനല്ല അയാള്‍ .
നാട്ടിലേയ്ക്കുള്ള യാത്രകളില്‍ പഴയ പരിചയക്കാരെ ചിലപ്പോഴൊക്കെ കണ്ടുമുട്ടിയിരുന്നു. മുംബെയിലുള്ള ജോലിയും വിശേഷങ്ങളും അറിയാന്‍ അവര്‍ തിടുക്കം കൂട്ടി. താല്പര്യമില്ലെങ്കില്‍ കൂടി കുറച്ചെന്തെങ്കിലും വിശേഷങ്ങള്‍ അവരുമായി പങ്കുവയ്ക്കേണ്ടി വന്നു. മുംബൈയില്‍ ഒരു ഫ്‌ളാറ്റ് കൂടി വാങ്ങി എന്നറിഞ്ഞപ്പോള്‍ പലരും അതെടുക്കാന്‍ വലിയ തുക വേണ്ടിവന്നില്ലേ എന്നാരാഞ്ഞു. ഇതെല്ലാം വായ്പയല്ലേ എന്നു പറഞ്ഞപ്പോള്‍ ഇത്രയും വായ്പ തരാന്‍ എത്രമാത്രം ശമ്പളം വേണ്ടിവരും എന്നായി മറ്റു ചിലര്‍.
കാര്യങ്ങള്‍ അങ്ങനെ വളരെ സുഗമമെന്ന് ഏവരും കരുതിയിരിക്കുമ്പോഴാണ് ജീവിതത്തിന്റെ തന്നെ ഗതി മാറ്റിവിട്ട ആ കൂടിക്കാഴ്ച ഉണ്ടാകുന്നത്.
രണ്ടാം അധ്യായം തീര്‍ന്നപ്പോള്‍ ഒന്നു ബോധ്യമായി. കേവലം ഒരു ജോലിക്കായി മാത്രം ജെ. എസ്. മിഡാസ് സ്റ്റോക്ക് ബ്രോക്കിംഗില്‍ എത്തിയതല്ല പ്രേരണ. ആകാംക്ഷയോടെ അടുത്ത പേജിലേക്ക് ക്ലിക്ക് ചെയ്തു.
അധ്യായം -3
വര്‍ക്കിങ് കാപ്പിറ്റല്‍
ഒരു ഫെബ്രുവരി മാസത്തിലാണ് ലക്ഷയര്‍ ഇംപെക്സ് പ്രവര്‍ത്തന മൂലധനത്തിനായി ഒരുകോടി രൂപാ അധികമായി ഹ്രസ്വ കാലയളവിലേക്ക് ആവശ്യമുïെന്നും പറഞ്ഞ് ബാങ്കിനെ സമീപിക്കുന്നത്.
കമ്പനിയുടെ അനുദിന പ്രവര്‍ത്തനങ്ങള്‍ക്കായി ബാങ്ക് അനുവദിക്കുന്ന തുകയാണ് പ്രവര്‍ത്തന മൂലധനം.
അത്ര മെച്ചമല്ലാത്തൊരു വര്‍ഷത്തിലൂടെയാണ് ആ വര്‍ഷം ലക്ഷയര്‍ ഇംപെക്സ് കടന്നുപോയിരുന്നത്. കമ്പനിയുമായി ഇടപാടുണ്ടായിരുന്ന രണ്ട് പ്രമുഖ വാങ്ങലുകാരെ മറ്റൊരു മുംബെ കമ്പനി റാഞ്ചി. അതിനു മുന്‍പിലത്തെ വര്‍ഷത്തെ അപേക്ഷിച്ച് ഇരുപത് ശതമാനം ഇടിവ് രേഖപ്പെടുത്തിയ വിറ്റുവരവ് കണക്കുകളുമായാണ് അധിക വായ്പയ്ക്കായി ബാങ്കിനെ സമീപിച്ചത്.
മാനേജരുടെ നിലപാട് മറിച്ചായിരുന്നു. ഈ സാമ്പത്തികവര്‍ഷം കമ്പനി ബാങ്കില്‍ നല്കിയ കയറ്റുമതി ബില്ലുകള്‍ തുലോം കുറവ്. അതുകൊണ്ടുതന്നെ വിറ്റുവരവ് കുറഞ്ഞുവരികയാണെന്ന അനുമാനത്തിലായിരുന്നു ബാങ്ക്.
അക്കൊല്ലം കമ്പനിയുടെ വിറ്റുവരവ് ഇടിയാന്‍ മറ്റൊരു കാരണം കൂടി ഉണ്ടായിരുന്നു. മാര്‍വാഡിയുടെ ഭാര്യയ്ക്ക് കഴിഞ്ഞവര്‍ഷം എന്തോ അസുഖമുïെന്ന വാര്‍ത്ത അയാളുടെ ഡ്രൈവറില്‍നിന്നും അറിയാന്‍ കഴിഞ്ഞിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി അമേരിക്കയില്‍ ഏതാണ്ട് രണ്ടുമാസക്കാലത്തോളം അവര്‍ക്ക് ചെലവഴിക്കേണ്ടി വന്നു. മാര്‍വാഡിയുടെ ബിസിനസിലെ ശ്രദ്ധ അല്പമൊന്നു പാളി.
ഇടപാടുകാരെ കണ്ടെത്തുന്നതും അവരുമായി ഇടപാട് ഉറപ്പിക്കുന്നതും എപ്പോഴും മാര്‍വാഡിയുടെ മാത്രം ജോലിയാണ്. ഒരുപക്ഷേ, അത് തന്നെയാവും അയാളുടെ വിജയരഹസ്യവും.
ഇക്കഴിഞ്ഞ ഡിസംബറോടുകൂടി മാത്രമാണ് അയാള്‍ക്ക് പൂര്‍ണമായും ബിസിനസില്‍ ശ്രദ്ധിച്ചു തുടങ്ങാനായത്. ജനുവരിയില്‍ രണ്ടു വമ്പന്‍ കയറ്റുമതിക്കാരുമായി കരാര്‍ ഉറപ്പിക്കുകയും ചെയ്തു. ഇത് മാനേജരോട് അവതരിപ്പിക്കണോ വേണ്ടയോ എന്നതായിരുന്നു അലട്ടിയ ഒരു പ്രശ്നം. ഒടുവില്‍, ഏതാണ്ട് പൂര്‍ണമായും കൈയൊഴിഞ്ഞ മട്ടിലിരിക്കുന്ന മാനേജരോട് ഇക്കാര്യം പറയാന്‍തന്നെ തീരുമാനിച്ചു.
ഇക്കൊല്ലം അക്കൗണ്ടില്‍ കൂടി നടത്തിയ ഇടപാടുകള്‍ വളരെ കുറവായതിനാല്‍ ഓര്‍ഡറുകള്‍ ലഭിച്ചിട്ടുണ്ട് എന്ന കാര്യം മാത്രം പറഞ്ഞ് അധിക തുക അനുവദിക്കാനാവില്ല എന്നതായിരുന്നു കാര്യങ്ങള്‍ മുഴുവന്‍ കേട്ടശേഷവും മാനേജരുടെ നിലപാട്. കമ്പനിക്ക് എന്തെങ്കിലും കാഷ് സെക്യൂരിറ്റീസ് ഉണ്ടെങ്കില്‍ അതിന്മേല്‍ ലോണ്‍ അനുവദിക്കാം എന്നത് മാത്രമാണ് അയാള്‍ മുന്നോട്ടു വച്ച നിര്‍ദേശം .
'കാഷ് സെക്യൂരിറ്റീസ് എന്നു വച്ചാല്‍?'
'ബാങ്കില്‍ ഫിക്സഡ് ഡെപ്പോസിറ്റ് ഏതാവത്...'
പറയുന്ന ഓരോ വാചകത്തിലും തമിഴും ഇംഗ്ലീഷും സമാസമം ചേര്‍ക്കണമെന്ന് നിര്‍ബന്ധ ബുദ്ധിയുള്ള തെങ്കാശിക്കാരനായ മാനേജര്‍ പറഞ്ഞു നിര്‍ത്തി.
കമ്പനിയുടെ പേരില്‍ ഇതേ ശാഖയില്‍ സ്ഥിര നിക്ഷേപമുള്ള വകയിലാണ് കഴിഞ്ഞ വര്‍ഷം കമ്പനിക്ക് മെഷിനറി വായ്പ അനുവദിച്ചു കിട്ടിയത്. അതല്ലാതെ മറ്റൊരു ഡെപ്പോസിറ്റ് കമ്പനിയുടെ പേരില്‍ ഇല്ല.
മാനേജര്‍ അല്പനേരം ആലോചിച്ചു.
'ഇന്ത കമ്പനിയുടെ പേരിലോ, ഡയറക്ടേഴ്സിന്റെ പേരിലോ ഏതാവത് ഷെയേഴ്സ് ഇറുക്കാ. അപ്പടി ഇരുന്താ ഏതാവത് പണ്ണലാം.
എത്രയോ വര്‍ഷങ്ങളായി കമ്പനിയുടെ ബാലന്‍സ് ഷീറ്റ് തയ്യാറാക്കുന്നു . കമ്പനിയുടെ പേരില്‍ ഓഹരികള്‍ ഇല്ലെന്നു തീര്‍ച്ച. പക്ഷെ , മാര്‍വാഡിയുടെ പേരില്‍ ഓഹരികള്‍ ഉണ്ട്. പലപ്പോഴും ഓഹരികളെക്കുറിച്ചും അവയുടെ വില ഏറുന്നതിനെക്കുറിച്ചുമൊക്കെ സംസാരിക്കുന്നത് കേട്ടിട്ടുണ്ട്.
പൂര്‍ണമായും അവസാനിപ്പിച്ചതല്ല എന്നു തോന്നിപ്പിച്ച മൂന്നാമത്തെ അധ്യായം! പേജ് അവസാനിക്കുന്നിടത്തു, കുത്തുകളിലൂടെ നീണ്ട ഒരു വരയ്ക്കൊടുവില്‍ ''ഗീതയിലെ ഉദ്ധരണി ഇവിടെ ചേര്‍ക്കുക'' എന്ന് എഴുതിയിരിക്കുന്നു . പ്രേരണയ്ക്കു പുസ്തകം ഉദേശിച്ചത് പോലെ പൂര്‍ത്തിയാക്കാനായിരുന്നില്ല എന്ന സൂചന. പൂര്‍ത്തിയാക്കാത്ത ഈ കുറിപ്പുകള്‍ ഇത്രയും നാളുകള്‍ക്കു ശേഷം അവള്‍ കൈ മാറില്ലെന്നുറപ്പ്. അങ്ങനെയെങ്കില്‍ ആരാവും ഈ പെന്‍ ഡ്രൈവ് കൈമാറിയിരിക്കുക!
(തുടരും)

Read More :

പ്രേരണ; അധ്യായം-01

പ്രേരണ; അധ്യായം-02

പ്രേരണ; അധ്യായം-03

പ്രേരണ; അധ്യായം-04

പ്രേരണ; അധ്യായം-05

Manoj Thomas
Manoj Thomas  

Related Articles

Next Story

Videos

Share it