Begin typing your search above and press return to search.
പ്രേരണ; അധ്യായം-04
ചെക്ക് ഇന്‍ കൗണ്ടറില്‍ ഇരുന്ന യുവതി ബാഗേജ് ഉണ്ടോ എന്ന അര്‍ഥത്തില്‍ നോക്കി. വെദര്‍ ഐ കാന്‍ ടേക്ക് ഇറ്റ് ആസ് ഹാന്‍ഡ് ബാഗ്?'
ബാഗിന്റ തൂക്കം നോക്കി, അളവും. ഹാന്‍ഡ് ബാഗ് ആയി കൊണ്ടുപോകാനുള്ള അനുമതി കിട്ടി. ഹീത്രൂവില്‍ ബാഗേജ് ക്ലിയറന്‍സിനായി സമയം കളയേണ്ട.
കവാടത്തില്‍ വന്ദനം പറഞ്ഞ് സുന്ദരിയായ എയര്‍ ഹോസ്റ്റസ്. വെബ് ചെക്ക് ഇന്‍ വഴി സ്വന്തമാക്കിയ ജനാലയ്ക്കടുത്ത ഇരുപ്പിടത്തിലേക്ക് പോകുമ്പോള്‍ സ്വര്‍ണ്ണ തലമുടിക്കാരി വഴി മാറി തന്നു. ഒന്നോ രണ്ടോ മലയാളം സിനിമ - ബാക്കി മയക്കം - ഇടയ്ക്ക് ഭക്ഷണം. ഇത്രയുംകൊണ്ട് പത്ത് മണിക്കൂറുകള്‍ തള്ളിവിടാം. റീജണല്‍ സിനിമ കാറ്റഗറിയില്‍നിന്ന് മലയാളം സെലക്ട് ചെയ്തു. പത്തോ പതിനഞ്ചോ മിനിറ്റുകള്‍ക്കകം ഉറക്കത്തിലേക്ക് വഴുതി വീണിരിക്കും.
പിന്നീട് എഴുന്നേല്‍ക്കുന്നത് ഭക്ഷണവുമായി എയര്‍ഹോസ്റ്റസ് വിളിക്കുമ്പോള്‍. മൂന്നോ നാലോ തവണ ഇത് ആവര്‍ത്തിക്കപ്പെട്ടു. കണ്ടു എന്നു തോന്നിയിടംവരെ റീവൈന്‍ഡ് ചെയ്ത് വീണ്ടും സിനിമ കാണാന്‍ ശ്രമിച്ചെങ്കിലും, ഓരോ തവണയും ബാക്കിയായ ഉറക്കം കീഴ്‌പ്പെടുത്തിക്കളഞ്ഞു. സിനിമയുടെ മെച്ചം മാത്രമല്ല, കാഴ്ചക്കാരന്റെ മാനസികാവസ്ഥയും സിനിമാ ആസ്വാദനത്തില്‍ പ്രധാന ഘടകം തന്നെ!
സമീപത്തുള്ളവര്‍ സീറ്റ്ബെല്‍റ്റ് ഇടാനുള്ള തത്രപ്പാടില്‍ അനങ്ങിത്തുടങ്ങിയപ്പോഴാണ് കണ്ണുതുറക്കുന്നത്. മുന്നിലുള്ള ടച്ച് സ്‌ക്രീനില്‍ നോക്കിയപ്പോള്‍ ഹീത്രുവില്‍ വിമാനമിറങ്ങാന്‍ ഇനി അരമണിക്കൂര്‍ മാത്രം എന്നറിഞ്ഞു . ഉറങ്ങിത്തന്നെ ഏതാണ്ട് പത്ത് മണിക്കൂറുകള്‍ തീര്‍ത്തിരിക്കുന്നു!
ഇമിഗ്രേഷന്‍ ക്ലിയറന്‍സ് പെട്ടെന്ന് കഴിഞ്ഞു. ടാക്സി പിടിക്കേണ്ടതില്ല, നഗരത്തിന്റ തിരക്കുകളറിയാതെ, ഭൂമിക്കടിയിലൂടെ ട്യൂബില്‍ ഒന്നര മണിക്കൂര്‍ യാത്രകൊണ്ട് വെംബ്ലിയിലെ വീട്ടിലെത്താം. അപ്പാര്‍ട്ട്മെന്റില്‍ ആരും ഉണ്ടാകില്ലെന്നുറപ്പായിരുന്നു. ആന്‍സി ഡ്യൂട്ടി കഴിഞ്ഞ് കാലത്ത് ആറു മണിക്കേ എത്തൂ.
സ്യൂട്ട്കേസിന്റെ അറയില്‍ വച്ചിരുന്ന വച്ചിരുന്ന ചാവിയെടുത്ത് കതക് തുറന്നു. ഊണുമേശയില്‍ ഭക്ഷണം പാത്രംകൊണ്ട് മൂടി വച്ചിരിക്കുന്നു. അവ്നില്‍ ചൂടാക്കി കഴിക്കുക എന്ന ജോലി മാത്രമേ ബാക്കിയുള്ളൂ. ഭക്ഷണം എന്തെന്ന് തുറന്നു നോക്കാന്‍പോലും തോന്നിയില്ല. ലാപ്ടോപ്പിരിക്കുന്ന മുറിയിലേക്ക് നടന്നു . ഓണ്‍ ആക്കാന്‍ ശ്രമിച്ചപ്പോഴാണ് ചാര്‍ജ് ഇല്ല എന്നറിയുന്നത്. വസ്ത്രം പോലും മാറാതെ ലാപ്ടോപ്പ് കട്ടിലിനു സമീപത്തുള്ള പ്ലഗ് - പോയിന്റില്‍ ഘടിപ്പിച്ചു . നിമിഷങ്ങള്‍ക്കകം ലാപ്ടോപ്പ് റെഡി. പോക്കറ്റില്‍ കിടന്ന പെന്‍ഡ്രൈവ് വളരെ ശ്രദ്ധാപൂര്‍വം കണക്ട് ചെയ്ത് ഡ്രൈവ് സെലക്ട് ചെയ്തു. ഒരേ ഒരു ഫോള്‍ഡറില്‍ ഒരേ ഒരു ഫയല്‍. ഫയലില്‍ ക്ലിക്ക് ചെയ്തു.
പിഡിഎഫ് ഫയലാണ്. കവര്‍പേജ് കണ്ട് ഞെട്ടി. വര്‍ഷങ്ങള്‍ക്ക് മുമ്പെടുത്ത ഫോട്ടോ, ഫോട്ടോഷോപ്പിലൂടെ മിനുക്കിയെടുത്തിരിക്കുന്നു. ആദ്യ പേജ് സമര്‍പ്പണം : ബിസിനസിന്റെ ആദ്യ പാഠങ്ങള്‍ പകര്‍ന്ന് തന്ന അച്ഛന്.
തെല്ല് അങ്കലാപ്പോടെ അടുത്ത പേജിലേക്ക് കടന്നു. ഉള്ളടക്കം. ഒരു പുസ്തകത്തിന്റെ ആദ്യപേജ് പോലെ! വിവിധ അധ്യായങ്ങളുടെ തലക്കെട്ടുകള്‍ നമ്പരിട്ടു കൊടുത്തിരിക്കുന്നു.
മുംബെ യാത്രയ്ക്ക് തുനിഞ്ഞതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തന്നെയാവണം ഈ ഫയലില്‍ ഉള്ളത്. പക്ഷേ, പെന്‍ഡ്രൈവ് നല്‍കിയ രീതി, കാര്യങ്ങള്‍ ദുരൂഹമാക്കുന്നു.
മുംബെ വൈ.എം.സി.എ യില്‍, ഈ പെന്‍ഡ്രൈവ് നല്‍കാനെത്തിയ ആള്‍ക്ക് നേരിട്ടു കാണാന്‍ ഉദ്ദേശമുണ്ടായിരുന്നിരിക്കില്ല. അങ്ങനെയെങ്കില്‍ ഉടനെയെത്തും എന്ന റിസപ്ഷനിസ്റ്റിന്റെ മറുപടിയില്‍ അല്പനേരം കൂടി കാത്തു നില്‍ക്കാന്‍ അയാള്‍ തുനിഞ്ഞേനെ.
ഉദ്വേഗത്തോടെ അടുത്ത പേജിലേയ്ക്ക് ക്ലിക്ക് ചെയ്തു. അപ്പോഴാണ് പേജ് നമ്പര്‍ ശ്രദ്ധിച്ചത്. ഒറ്റ ക്ലിക്കില്‍ പേജ് നമ്പര്‍ നാലില്‍ ആണ് എത്തി നില്‍ക്കുന്നത്. ധൃതിയില്‍ ഒരു പേജ് മറികടന്നുപോയിരിക്കുന്നു. വീണ്ടും ആദ്യ പേജിലെത്തി.
ഒന്നാം പേജ് സമര്‍പ്പണം.
രണ്ടാം പേജ് - ആമുഖം. അതേ ഈ പേജാണ് സ്‌കിപ്പ് ചെയ്തു പോയത്. ബിസിനസ് രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ആദ്യ തലമുറയില്‍പ്പെട്ട മലയാളി സംരംഭകരെക്കുറിച്ചുള്ള പുസ്തക പരമ്പരയില്‍ ഒന്ന്. ഈ പുസ്തകത്തിലൂടെ പരിചയപ്പെടുത്തുന്നത്, സ്റ്റോക്ക് ബ്രോക്കിംഗ് രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച കേരളത്തിലെ ആദ്യ ബിസിനസ് തലമുറയില്‍പ്പെട്ടൊരാള്‍ - ജീവന്‍ ജോര്‍ജ്. ഉത്തരേന്ത്യന്‍ ലോബികളുടെ കഴുത്തറുപ്പന്‍ മത്സരത്തിനിടയില്‍ പിടിച്ചുനിന്ന് ,കേരളത്തിന് അഭിമാനമായി മാറിയ ഈ യുവസംരംഭകന്റെ അനുഭവക്കുറിപ്പുകള്‍ ബിസിനസ് രംഗത്തേക്ക് കടക്കുവാനാഗ്രഹിക്കുന്ന പുതുതലമുറയിലെ സംരംഭകര്‍ക്ക് ആത്മവിശ്വാസം പകരുമെന്ന് തീര്‍ച്ച.
ഒന്നാം പേജ് അവിടെ അവസാനിക്കുന്നു. കാര്യങ്ങള്‍ക്ക് ഏതാണ്ട് വ്യക്തതയായി. തേടിക്കൊണ്ടിരുന്ന ചോദ്യങ്ങളുടെ ഉത്തരം തന്നെ ഈ ഫയല്‍. ഉയര്‍ന്ന ഹൃദയമിടിപ്പോടെ അടുത്ത പേജിലേക്ക് ക്ലിക്ക് ചെയ്തു.
5 .ഗ്ലോബല്‍ മലയാളം
മൂന്നാം പേജ് - ഉള്ളടക്കം. അധ്യായങ്ങളുടെ തലക്കെട്ട്. കാര്യങ്ങള്‍ കുറച്ചുകൂടി വ്യക്തമാവുകയാണ്.
വളരെ അവിചാരിതമായിട്ടാണ് ചങ്ങനാശേരി സെന്റ് ബെര്‍ക്ക്മാന്‍സ് കോളജില്‍ ഒന്നിച്ചു പഠിച്ച വിനോദിനെ മുംബൈയില്‍ കണ്ടുമുട്ടിയത്. കേരളത്തിലെ ഒരു പ്രമുഖ പ്രസാധകരുടെ എഡിറ്റര്‍ - ഇന്‍ - ചാര്‍ജ് ആയ വിനോദ്, അവര്‍ കൂടി പങ്കെടുക്കുന്ന പുസ്തകമേളയുമായി ബന്ധപ്പെട്ടാണ് മുംബെയില്‍ എത്തിയത്. വര്‍ഷങ്ങള്‍ എത്രയോ കടന്നുപോയിരിക്കുന്നു. ഒട്ടേറെ മാറ്റങ്ങള്‍. രൂപത്തിലും ഭാവത്തിലും. അല്പം സംസാരിച്ചപ്പോള്‍ ഒന്നുകൂടി വ്യക്തമായി. ചിന്താഗതിയിലും വിനോദ് ഒട്ടേറെ മാറിയിരിക്കുന്നു. തൊഴിലാളി പ്രസ്ഥാനത്തിന്റെ വക്താവായിരുന്ന, തീപ്പൊരി പ്രസംഗത്തിനു പേരുകേട്ട ആളായിരുന്നു വിനോദ്. ജെ .എസ്.മിഡാസ് സ്റ്റോക്ക് ബ്രോക്കിംഗ് കമ്പനിയെക്കുറിച്ച് വിനോദ് നേരത്തേ കേട്ടിരുന്നു. പക്ഷേ, കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ കൂടെ പഠിച്ച ജീവന്‍ ആണെന്നറിയില്ലായിരുന്നു. ഒരു കാലത്ത് 'ലാഭം' എന്ന വാക്കുതന്നെ അശ്ലീലമെന്നു പറഞ്ഞു നടന്നിരുന്ന വിനോദിന്റെ ബിസിനസ് ബുദ്ധി അപ്പോഴാണ് നേരിട്ടറിഞ്ഞത്. കേരളത്തിലെ ആദ്യ തലമുറയില്‍പ്പെട്ട മലയാളി സംരംഭകരെക്കുറിച്ചുള്ള ഗ്ലോബല്‍ മലയാളം പബ്ലിഷേഴ്സിന്റെ ബി - സീരീസ് പരമ്പര അവിടെ വച്ചാണ് ഉദയം കൊള്ളുന്നത്.
വേറൊരു പ്രോജക്ടിനായി രണ്ടാഴ്ചത്തേക്ക് മുംബൈയില്‍ വരുന്ന അവരുടെ സബ് എഡിറ്റര്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ ഓഫീസില്‍ വന്നുകൊള്ളും. ഒരു 'ഗോ - ഗെറ്റര്‍' എന്നവണ്ണം, വരുന്നയാള്‍ വിവരങ്ങള്‍ ക്രോഡീകരിച്ച് പുസ്തകരൂപത്തിലാക്കും എന്നതായിരുന്നു വിനോദിന്റെ പദ്ധതി.
സമ്മതം പറഞ്ഞു. വിനോദിന്റെ നിര്‍ദ്ദേശം മറ്റൊരു തരത്തിലാണ് കണ്ടത്. മാധ്യമശ്രദ്ധ നേടാന്‍ ബിസിനസുകാര്‍ പാഞ്ഞുനടക്കുന്ന കാലമാണിത്. അതിനായി പണം മുടക്കാനും അവര്‍ തയ്യാര്‍. അങ്ങനെയുള്ള അവസരത്തിലാണ് ഈ വാഗ്ദാനം വിനോദ് വച്ചുനീട്ടുന്നത്. നിരസിക്കാന്‍ കഴിഞ്ഞില്ല. വ്യക്തിപരമായി ലഭ്യമായേക്കാവുന്ന ശ്രദ്ധയേക്കാള്‍ , കമ്പനിക്ക് ഇതുമൂലം സൗജന്യമായി കിട്ടാവുന്ന മാധ്യമശ്രദ്ധയേക്കുറിച്ചാണ് ചിന്തിച്ചത്.
ഒരാഴ്ചയ്ക്കുള്ളില്‍ ഗ്ലോബല്‍മലയാളത്തിന്റെ സബ് -എഡിറ്റര്‍ കാണാനെത്തി.
സ്റ്റോക്ക് ബ്രോക്കിംഗ് ബിസിനസിന്റെ നൂലാമാലകളോ, കമ്പനിയുടെ പ്രവര്‍ത്തന രീതികളോ മനസിലാക്കുക അയാള്‍ക്ക് ദുഷ്‌കരമായിരുന്നു.
വിനോദ് പുരോഗതി അറിയാന്‍ വിളിച്ചപ്പോഴാണ് ആ നിര്‍ദേശം മുന്നോട്ടു വച്ചത് . വന്നയാള്‍ക്ക് ഈ പ്രോജക്ട് ഭംഗിയായി പൂര്‍ത്തീകരിക്കുക ബുദ്ധിമുട്ടായിരിക്കും. രണ്ടുമാസം സമയം തരികയാണെങ്കില്‍ പുസ്തകത്തിന് വേണ്ട കുറിപ്പുകള്‍ പൂര്‍ത്തിയാക്കി അയച്ചുതരാം. നിങ്ങളുടെ ഭാഗത്തുനിന്നുള്ള അവശ്യ എഡിറ്റിംഗ് മാത്രമേ പിന്നെ വേണ്ടിവരൂ. കോളേജ് മാഗസിനിലും, കൈയെഴുത്തു മാസികകളിലും പഠിക്കുന്ന കാലത്ത് കൈ വച്ചിരുന്ന പഴയ സുഹൃത്തില്‍ പൂര്‍ണ വിശ്വാസമുണ്ടായിരുന്നിരിക്കണം, വിനോദ് സമ്മതം പറഞ്ഞു .
വിചാരിച്ചതുപോലെ കാര്യങ്ങള്‍ എളുപ്പമായിരുന്നില്ല. ചെയ്ത കാര്യങ്ങളെക്കുറിച്ച് സ്വയം എഴുതുക - കടുപ്പമേറിയ കാര്യമാണെന്ന് അന്നാണ് അറിയുന്നത് . യോഗങ്ങളില്‍ പ്രസംഗിക്കുന്നവര്‍ അങ്ങോട്ടും ഇങ്ങോട്ടും പുകഴ്ത്തുന്നതിന്റെ പൊരുള്‍ അപ്പോഴാണ് പിടികിട്ടുന്നത്. ബിസിനസും ഭാഷയും ഒരേപോലെ വഴങ്ങുന്ന ഒരാള്‍ കമ്പനിയില്‍ ഉണ്ടാകേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെട്ടു .
ഫിനാന്‍സ് മാനേജര്‍ രാമരത്നം ഒരു പേഴ്സണല്‍ അസിസ്റ്റന്റിന്റെ ആവശ്യം മാനേജിങ് ഡയറക്ടര്‍ക്കുണ്ട് എന്ന് പറഞ്ഞപ്പോഴൊക്കെ ചിരിച്ചു തള്ളുകയായിരുന്നു. പക്ഷേ, അന്നാദ്യമായി അത്തരമൊരു കാര്യത്തെക്കുറിച്ച് ഗൗരവമായി ചിന്തിച്ചുതുടങ്ങി.
രാമരത്നത്തെ തന്നെ വിളിച്ചു . കമ്പനി വെബ് സൈറ്റില്‍ ഇതര ഒഴിവുകള്‍ക്കൊപ്പം ഒരു പേര്‍സണല്‍ അസ്സിസ്റ്റന്റിന്റെ ഒഴിവു കൂടി . കമ്പ്യൂട്ടര്‍ പരിജ്ഞാനത്തിനൊപ്പം സെക്രട്ടറിയായി ജോലി ചെയ്തുള്ള പരിചയവും മലയാള ഭാഷയിലെ പ്രാവീണ്യവും വച്ചതിനാലാവണം ഒരാഴ്ചത്തേക്ക് പ്രതികരണം ഉണ്ടായില്ല. രാമരത്നം വീണ്ടും വന്നു.
സര്‍ പേഴ്സണല്‍ അസിസ്റ്റന്റ് പോസ്റ്റിലേക്ക് റെസ്പോണ്‍സ് ഒന്നുമേ ഇല്ല. ഡീലര്‍, റിസേര്‍ച്ച് അസിസ്റ്റന്റ് വേക്കന്‍സികളിലേക്ക് അന്‍പതില്‍പരം ആപ്ലിക്കേഷന്‍സ് ആച്ച്. ഇന്ത കാലത്ത് മദര്‍ ടംഗ് ആര്‍ക്കുമേ പെരിയ വിഷയമല്ല സര്‍.'
അതിനാലെ അന്ത ലൈന്‍ ഡിലീറ്റ് പണ്ണ സൊല്ലട്ടുമാ.'
സംഗതി സത്യം തന്നെ. മലയാളംകൂടി അറിയുന്നൊരു അസിസ്റ്റന്റിനെ മുംബെയില്‍ കിട്ടുക അല്‍പ്പം പ്രയാസംതന്നെ. എങ്കിലും ഈ പേഴ്സണല്‍ അസിസ്റ്റന്റിന് മലയാളം കൂടിയേ തീരൂ. ഒരാഴ്ചകൂടി കാത്തിരിക്കാം.
ഓ.കെ. സാര്‍. രാമരത്നം പോയി.
മൂന്നാം ദിവസം കാലത്ത് രാമരത്നം ഇന്റര്‍കോമില്‍ വിളിച്ചു.
സാര്‍ ഒരു ആപ്ലിക്കേഷന്‍ കെടച്ചിരിക്ക്. ഉങ്കളുടെ മുഖ്യമാന കണ്ടീഷന്‍ സാറ്റിസ്ഫൈ ആകറുത്. ഇന്ത പശങ്കെ കോട്ടയത്തിലെ ഒരു പത്രമാഫീസില്‍ താന്‍ വേല പാത്തിട്ടിരിക്ക്. ജേര്‍ണലിസ്റ്റ് സാര്‍!
രാമരത്നത്തിന്റെ സന്തോഷം വാക്കുകളില്‍ വായിച്ചെടുക്കാം.
ഒരിക്കല്‍പോലും മുംബൈയില്‍ ഹെഡ്ഓഫീസുള്ള സ്റ്റോക്ക് ബ്രോക്കിംഗ് കമ്പനിക്ക് എന്തിനാണ് മലയാളഭാഷയില്‍ പ്രാവീണ്യമുള്ള പി.എ. എന്ന് അയാള്‍ ചോദിച്ചില്ല. രാമരത്നം അങ്ങനെയായിരുന്നു. സാഹചര്യങ്ങളില്‍നിന്ന് കാര്യങ്ങള്‍ കൃത്യമായി ഊഹിച്ചെടുക്കും. ശമ്പളം നല്‍കുന്നയാളെ ചോദ്യം ചെയ്യാന്‍ നില്‍ക്കില്ല. ആത്മാര്‍ഥതയോടെ, ഏല്‍പ്പിച്ച ജോലി കൃത്യമായി ചെയ്യും.
ഗ്ലോബല്‍ മലയാളം പബ്ലിഷേഴ്സിന്റെ സബ് എഡിറ്റര്‍ രണ്ടാഴ്ച ഓഫീസില്‍ ചുറ്റിത്തിരിയുന്നത് രാമരത്നവും കണ്ടിരുന്നു.
Read More:
Next Story
Videos