Begin typing your search above and press return to search.
പ്രേരണ; അധ്യായം-05
ഒരു കത്തിനെ പിന്തുടര്‍ന്ന് ലണ്ടനില്‍ നിന്നും മുംബൈയില്‍ എത്തുന്ന ജീവന്‍ ജോര്‍ജ്. ട്രെയിന്‍ യാത്രയില്‍ കത്ത് നഷ്ടമായെങ്കിലും ഓര്‍മയില്‍ നിന്നെടുത്ത മേല്‍വിലാസത്തില്‍ കൃത്യമായി ലേഡീസ് ഹോസ്റ്റലില്‍ എത്തിച്ചേര്‍ന്ന ജീവന് നിമ്മിയെ കാണാനാവുന്നില്ല. തിരികെ വൈഎംസിഎയില്‍ എത്തുന്ന ജീവന് ഒരു പെന്‍ഡ്രൈവ് ലഭിക്കുന്നു. മുന്‍കൂട്ടി ബുക്ക് ചെയ്ത വിമാനത്തില്‍ പിറ്റേന്ന് ലണ്ടനിലേക്ക് മടങ്ങേണ്ടി വരുന്നു. ഫ്‌ളാറ്റിലെത്തി പെന്‍ഡ്രൈവിലെ ഫയല്‍ തുറക്കുന്ന ജീവന്‍ തന്നെക്കുറിച്ചെന്നോണം രചിക്കപ്പെട്ട ഒരു പുസ്തകത്തിന്റെ ആദ്യ താളുകള്‍ കണ്ട് അത്ഭുതപ്പെടുന്നു...
(തുടര്‍ന്ന് വായിക്കുക)
തോരാതെ പെയ്യുന്ന മഴയില്‍ മുംബെ നഗരം നിശ്ചലമാകും. നഗരത്തെക്കൂട്ടിയിണക്കുന്നത് മിനിട്ടുകളുടെ വ്യത്യാസത്തില്‍ വെസ്റ്റേണ്‍, സെന്‍ട്രല്‍, ഹാര്‍ബര്‍ ലൈനുകളില്‍ ഇടതടവില്ലാതെ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകളാണ്. തലേദിവസം ട്രാക്കില്‍ വെള്ളം കയറി രണ്ട് തവണ ട്രെയിന്‍ റദ്ദാക്കിയിരുന്നു. സൂര്യന്‍ അനിവാര്യമായ ദിവസമായിരുന്നു അന്ന്. കാര്‍മേഘം മാറിയിരുന്നു. കാബിനില്‍ ഇരുന്നാല്‍ പുറത്തെ സൂര്യപ്രകാശം തിരിച്ചറിയാം.
ലഭിച്ച ഇ-മെയിലുകളില്‍ കണ്ണുകളും മനസും തറഞ്ഞിരുന്നപ്പോഴാണ് മുറിയിലേയ്ക്ക് ശക്തമായൊരു പ്രകാശം കടന്നുവന്നതായി അനുഭവപ്പെട്ടത്. തല ഉയര്‍ത്തിയപ്പോള്‍ ഇളം മഞ്ഞസാരിയില്‍ ഒരു യുവതി. സാരിയുടെ ഏതാണ്ട് അതേ നിറത്തിലുള്ള മുഖവും കാബിനിലെ പ്രകാശത്തിന് കാരണമായിരുന്നുവെന്ന് തിരിച്ചറിഞ്ഞു. വിടര്‍ന്ന വലിയ കണ്ണുകളില്‍ തിളക്കം. ആരെന്ന ചോദ്യത്തിന് മുമ്പ് അവള്‍ ആരെയോ തിരിഞ്ഞുനോക്കി. പിറകില്‍ പേഴ്സണല്‍ മാനേജര്‍.
പ്രേരണയെ പരിചയപ്പെടുത്താന്‍ എത്തിയതായിരുന്നു അയാള്‍.
'മുംബെയില്‍ ഇതിനു മുന്‍പ്?'
'ഇതെന്റെ ആദ്യ മുംബെ വരവാണ് സര്‍'
ജേണലിസം പഠിച്ച് പത്രസ്ഥാപനത്തില്‍ ജോലിചെയ്യുന്നൊരാള്‍ എന്തിന് ഒരു സ്റ്റോക്ക് ബ്രോക്കിംഗ് സ്ഥാപനത്തില്‍ പേഴ്സണല്‍ അസിസ്റ്റന്റ് ആയി ജോലിക്കു ശ്രമിക്കുന്നു എന്ന ചോദ്യത്തിന് ബിസിനസ് ജേണലിസത്തില്‍ വൈദഗ്ധ്യം ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് മറുപടി.
മൂന്നു വര്‍ഷത്തില്‍ കൂടുതല്‍ ഈ ജോലിയില്‍ തുടരില്ലെന്നും പേഴ്സണല്‍ അസിസ്റ്റന്റ് തസ്തികയിലേക്കാണ് അപേക്ഷിച്ചത് എങ്കിലും നമ്മുടെ രാജ്യത്തിന്റെ വളര്‍ച്ചയ്ക്കുതന്നെ കാരണമാകുന്ന, വിവിധ കമ്പനികള്‍ക്ക് മൂലധനം നല്‍കുന്ന പ്രക്രിയയില്‍ പങ്കാളിയാകുന്ന ഒരു കമ്പനിയുടെ പ്രവര്‍ത്തനം എങ്ങനെയെന്നറിയാനും അതുവഴി ഇന്ത്യന്‍ ഓഹരി വിപണിയെത്തന്നെ നേരിട്ടറിയാനും കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തുടര്‍ന്നുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്കി. ഇന്ത്യയുടെ വാണിജ്യ സിരാകേന്ദ്രമായ മുംബെയെക്കുറിച്ച് കൂടുതല്‍ അറിയാനും അതുവഴി ഈ മേഖലയിലെ ബന്ധങ്ങള്‍ വിപുലപ്പെടുത്താനും ഈ ജോലി സഹായകമാകുമെന്ന് കരുതുന്നുവെന്നും അവള്‍ പറയുമ്പോള്‍ വാക്കുകളില്‍ കണ്ട ഔല്‍സുക്യമാണ് ശ്രദ്ധിച്ചത്.
പ്രേരണ കമ്പനിയില്‍ അറിയപ്പെട്ടു തുടങ്ങിയത് വളരെപ്പെട്ടെന്നായിരുന്നു. ഹെഡ് ഓഫീസില്‍ മാത്രമല്ല, ശാഖകളില്‍ നിന്ന് മാനേജേഴ്സ് പോലും എന്തെങ്കിലും കാര്യം ഹെഡ്ഓഫീസില്‍ നിന്നും സാധിച്ചുകിട്ടാന്‍ പ്രേരണയെ വിളിച്ചുതുടങ്ങി. കമ്പനിക്കു നല്ലതെന്നു തോന്നുന്ന രീതിയില്‍ മാനേജ്മെന്റിനു മുന്നില്‍ അവരുടെ ന്യായമായ കാര്യങ്ങള്‍ അവതരിപ്പിക്കാനും, അക്കാര്യങ്ങള്‍ക്ക് അനുമതി നേടിയെടുക്കാനുമുള്ള കഴിവായിരുന്നു പ്രേരണയുടെ തുറുപ്പ് ചീട്ട് . മികച്ച വിശകലന - ആശയ വിനിമയ പാടവം -ഇവ രണ്ടും സമ്മേളിക്കുന്നൊരു ജീവനക്കാരന്‍ ഏതൊരു കമ്പനിയുടെയും സ്വത്താണ്. ഓഹരിവിപണിയെക്കുറിച്ചോ സ്റ്റോക്ക് ബ്രോക്കിംഗ് ബിസിനസിനെക്കുറിച്ചോ യാതൊരു ഗ്രാഹ്യവുമില്ലാത്തൊരാള്‍. വിദ്യാഭ്യാസ ചുറ്റുപാടുകളും തികച്ചും വ്യത്യസ്തം. എന്നിട്ടും എത്ര പെട്ടെന്നാണ് അവള്‍ വിപണിയുടെയും ബിസിനസിന്റെയും ഉള്ളറകളിലേയ്ക്ക് കയറിച്ചെന്നത്.
അറിയില്ല എന്നത് പുറത്തുകാണിക്കാനുള്ള വൈമുഖ്യമാണ് അറിവിലേയ്ക്കുള്ള വാതില്‍ തുറക്കാന്‍ പലര്‍ക്കും വിലങ്ങുതടിയാവുന്നത്. അറിയാത്ത കാര്യങ്ങള്‍ ആരോടും ചോദിച്ചറിയാന്‍ പ്രേരണയ്ക്ക് മടിയുണ്ടായിരുന്നില്ല.
ദിവസങ്ങള്‍ കടന്നുപോകുന്നതിനൊപ്പം മാറിമാറി വന്ന ചോദ്യങ്ങളില്‍നിന്നും ഒന്ന് തിരിച്ചറിഞ്ഞു. ഓഹരിവിപണിയെക്കുറിച്ചും ഷെയര്‍ ബ്രോക്കിംഗ് ബിസിനസിനെക്കുറിച്ചും മാത്രമല്ല ,എങ്ങനെയാണ് താന്‍ ഈ ബിസിനസില്‍ എത്തിപ്പെട്ടതെന്നും അവള്‍ക്ക് അറിയണം. ഇത്തരം ചോദ്യങ്ങള്‍ ഒരിക്കല്‍പോലും അലോസരമുളവാക്കിയില്ല എന്നതായിരുന്നു ശ്രദ്ധേയം.
പുസ്തകത്തെക്കുറിച്ച് പ്രേരണയോട് പറയുന്നത് ഏതാണ്ട് ഒരു മാസം കൂടി കഴിഞ്ഞാണ്. ആവേശത്തോടെയാണ് അവള്‍ ആ കര്‍ത്തവ്യം ഏറ്റെടുത്തത്. എഴുതാനുള്ള കഴിവ് പ്രയോജനപ്പെടുത്താനും ഈ ബിസിനസിനെക്കുറിച്ച് കൂടുതല്‍ അറിയാനും ഇതിലും നല്ലൊരു അവസരം ലഭിക്കാനില്ലെന്നായിരുന്നു പ്രതികരണം.
ഒരു നിര്‍ദേശം അവള്‍ മുന്നോട്ടുവച്ചു. പുസ്തക രചനയ്ക്കെന്നവണ്ണം ഒരു ചോദ്യവും ചോദിക്കില്ല, സ്വാഭാവികമായി അത് അവള്‍ ചോര്‍ത്തിയെടുത്തുകൊള്ളുമത്രേ. രണ്ടുമാസംകൊണ്ട് ഒരുപക്ഷേ ഇത് പൂര്‍ത്തിയാക്കാനായി എന്നു വരില്ല. എന്നിരിക്കിലും മികച്ച വായനാനുഭവത്തിന് ഈ സമീപനം സഹായകരമാകും. മറിച്ചൊരു അഭിപ്രായം പറയാനാകാത്തവിധം ബോധ്യപ്പെടുത്തുന്ന രീതിയില്‍ അവളതു പറഞ്ഞുകളഞ്ഞു.
ജോലിത്തിരക്കൊക്കെ ഒടുങ്ങിയെന്ന് ബോധ്യമാകുമ്പോഴാണ് അവള്‍ കാബിനിലെത്തുക. പഠനകാലത്തെക്കുറിച്ചും ജോലിക്കാരനായിരുന്ന കാലത്തെക്കുറിച്ചുമൊക്കെ ചോദിച്ചറിയുമ്പോള്‍ സ്വതവേ വിടര്‍ന്ന അവളുടെ കണ്ണുകള്‍ വീണ്ടും വലുതാവുന്നത് കാണാനായി.
കോഫീ മെഷീനില്‍നിന്നും തയാറാക്കിയ രണ്ട് കപ്പ് കാപ്പിയുമായാണ് അന്ന് വൈകുന്നേരം പ്രേരണ കാബിനിലെത്തിയത്. കാപ്പൂച്ചിനോ കോഫി തലച്ചോറിന്റെയും ശരീരത്തിന്റെയും ക്ഷീണം മാറ്റുമെന്ന് തലേദിവസം അവളോട് പറഞ്ഞത് ഓര്‍ത്തു. പതിവിലും ഉത്സാഹവതിയായിരുന്നു അവള്‍.
കേവലം ബിസിനസിനെക്കുറിച്ച് മാത്രം പറഞ്ഞാല്‍ പരമബോറാകും പുസ്തകം. ജീവിതത്തിലെ ചില ഏടുകള്‍ കൂടി ചേര്‍ത്താല്‍ നല്ലൊരു വായനാനുഭവത്തിനുള്ള സാധ്യത കാണുന്നുവെന്ന് പറഞ്ഞപ്പോള്‍ അവളുടെ കണ്ണുകളിലേയ്ക്ക് ചോദ്യ രൂപേണ നോക്കി.
''വിവാഹത്തെ കുറിച്ച് ചിന്തിക്കാത്തത് ബിസിനസിലെ ശ്രദ്ധ കുറയുമെന്ന് കരുതിയാണോ''
ചോദ്യം എടുത്തെറിഞ്ഞ പോലെയാണ് വന്നത് .
പഠനകാലത്ത് ഉണ്ടായിരുന്ന പ്രണയത്തെക്കുറിച്ചും എങ്ങനെയെന്നറിയാതെ പിന്നീടുണ്ടായ വഴി പിരിയലിനെക്കുറിച്ചും അന്നാണ് അവളോട് പറയുന്നത്. നഴ്സിംഗ് പഠനശേഷം ജോലിയൊക്കെക്കിട്ടി വിവാഹവും കഴിഞ്ഞു ഏതെങ്കിലും വിദേശരാജ്യത്ത് സെറ്റില്‍ചെയ്തിരിക്കാനിടയുള്ള ആന്‍സിയെക്കുറിച്ച് നിസ്സംഗതയോടെയാണ് പറഞ്ഞതെങ്കിലും പ്രേരണയുടെ കണ്ണുകള്‍ ആകാംക്ഷകൊണ്ട് വിടര്‍ന്നുവരുന്നത് തിരിച്ചറിയാനായി.
''പിന്നീടൊരു വിവാഹത്തെക്കുറിച്ച് എന്തുകൊണ്ട് ചിന്തിച്ചില്ല?''
ഉദ്വെഗത്തോടെയും അതിലേറെ ഗൗരവത്തോടെയുമായിരുന്നു അവളുടെ ചോദ്യം .
അങ്ങനെയൊരാളെ കïെത്താന്‍ ഇത്രയും നാള്‍ കാത്തിരിക്കേണ്ടി വന്നു എന്ന് അല്‍പ സമയമെടുത്ത് ഉത്തരം പറഞ്ഞപ്പോള്‍ ശ്രദ്ധിച്ചത് വീണ്ടും അവളുടെ വലിയ കണ്ണുകളിലായിരുന്നു .
പൊട്ടിച്ചിരി ആയിരുന്നു പ്രതികരണം !
പിന്നീടുള്ള വൈകുന്നേരങ്ങളില്‍ കാപ്പൂച്ചിനോ കോഫി പതിവായി. കഫീന്‍ മാത്രമല്ല തലച്ചോറിനേയും ശരീരത്തേയും ഉണര്‍ത്തുന്നതെന്ന് തിരിച്ചറിഞ്ഞ വൈകുന്നേരങ്ങള്‍.
രണ്ട് മാസങ്ങള്‍കൊണ്ട് പുസ്തകം തീര്‍ക്കാന്‍ കഴിയുമെന്നായിരുന്നു പ്രതീക്ഷ. മാസങ്ങള്‍ കടന്നുപോയി. പുസ്തകം എവിടെയുമെത്തിയില്ല. രണ്ടുതവണ വിനോദ് വിളിച്ചപ്പോഴും കുറച്ച് സമയം കൂടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു.
പ്രേരണയോടു ചോദിക്കുമ്പോള്‍ മികച്ച രീതിയില്‍ മുന്നോട്ടു പോകുന്നു എന്നായിരിക്കും ഉത്തരം.
ഒരിക്കല്‍ ഒരു കാര്യം കൂടി അവള്‍ പറഞ്ഞു.
''മിക്കവാറും ഈ അസൈന്‍മെന്റ് തീരുന്നതോടെ ഞാന്‍ നാട്ടിലേക്കു മടങ്ങും.''
അവളുടെ ആ മറുപടിയാണ് പിന്നീട് പുസ്തകത്തിന്റ പുരോഗതിയെക്കുറിച്ച് ആരായുന്നതില്‍ നിന്നും പിന്തിരിപ്പിച്ചത്.
ഓഫീസ് ജോലിയില്‍ ഈ അധിക ഉത്തരവാദിത്വം അവളില്‍ ഒരു മാറ്റവും ഉണ്ടാക്കിയില്ല. കമ്പനിയുടെ ബോര്‍ഡ് മീറ്റിംഗുകളില്‍ അതുവരെ ചില പ്രത്യേക അജണ്ടകള്‍ ചര്‍ച്ച ചെയ്യാന്‍ മാത്രം വിളിച്ചിരുന്ന ഒരേ ഒരു ജീവനക്കാരന്‍ എന്ന രാമരത്നത്തിന്റെ പദവിയും പ്രേരണ തെറിപ്പിച്ചു. ബോര്‍ഡ് മീറ്റിംഗുകളില്‍ ആദ്യാവസാനം പങ്കെടുത്ത് ചര്‍ച്ചകള്‍ നോട്ട് ചെയ്യാനും, മിനിട്സ് ചെയ്യാനുമെല്ലാം അവള്‍ക്ക് ഉത്സാഹമായിരുന്നു.
തിരക്കുകളും തിളക്കവും നിറഞ്ഞുനിന്ന നാളുകളിലൊന്നില്‍ പ്രേരണ നാട്ടിലേയ്ക്ക് മടങ്ങി, ആരോടും പറയാതെ. കോണ്‍ടാക്ട് ചെയ്യാനുള്ള ഒരു പഴുതും അവശേഷിപ്പിക്കാതെ! ഇപ്പോഴിതാ ദുരൂഹ സാഹചര്യത്തിലെന്നവണ്ണം ഒരു പെന്‍ഡ്രൈവിലൂടെ ആ പുസ്തകത്തിന്റെ ഡ്രാഫ്റ്റ് കൈമാറിയിരിക്കുന്നു.
ഇനി ഈ പുസ്തകത്തിന് എന്തു പ്രസക്തി? ജെ.എസ് മിഡാസ് സ്റ്റോക്ക് ബ്രോക്കിംഗ് സര്‍വീസസ് എന്ന കമ്പനി അതേ പേരില്‍ ഇന്നില്ല. ജീവന്‍ ജോര്‍ജ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടറും അല്ല. എങ്കിലും ഇനിയും ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങളുടെ ഉത്തരമല്ലെങ്കില്‍ കുറഞ്ഞപക്ഷം ചില സൂചനകളെങ്കിലും ഈ പുസ്തകത്തില്‍ കാണാതിരിക്കില്ല!
അധ്യായം - 1
അഞ്ചുവിളക്കിന്റെ നാട്
അഞ്ചുവിളക്കിന്റെ നാട് എന്നറിയപ്പെടുന്ന ചങ്ങനാശേരി. ചരക്ക് ഗതാഗതത്തിന് ജലമാര്‍ഗത്തെ ആശ്രയിച്ചിരുന്ന പഴയ കാലത്ത് തിരുവിതാംകൂറിന്റെ ദിവാനായിരുന്ന വേലുത്തമ്പി ദളവയാണു ചങ്ങനാശേരിയില്‍ ഒരു ചന്തയുടെ സാധ്യത ആദ്യമായി തിരിച്ചറിയുന്നത്. 1805-ല്‍ ഒരു ആനയെ വിറ്റുകിട്ടിയ പണം കൊണ്ടാണത്രെ ദളവ, പിന്നീട് പ്രശസ്തമായ ചങ്ങനാശേരി മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തത്. ആനവരവും ആനചെലവും ഉണ്ടാകട്ടെ എന്ന ദളവയുടെ ആശംസ അതേ പോലെഫലിച്ചു. മാര്‍ക്കറ്റിന്റെ നൂറാം വര്‍ഷ ആഘോഷ ചടങ്ങുകളോടനുബന്ധിച്ചു, മതമൈത്രിയുടെ പ്രതീകമായി ചങ്ങനാശേരി ചന്തയ്ക്ക് സമീപം സ്ഥാപിക്കപ്പെട്ട ''അഞ്ചു വിളക്കിന്റെ'' പേരില്‍ പിന്നീട് നഗരം അറിയപ്പെട്ടു!
കൊച്ചിയില്‍നിന്നും കോട്ടയത്തുനിന്നും ചരക്കെത്തുകയും ചങ്ങനാശേരിയില്‍നിന്നും കിഴക്കോട്ടും പടിഞ്ഞാറോട്ടും ചില്ലറക്കച്ചവടക്കാരിലൂടെ മലഞ്ചരക്ക് ഒഴുകിയെത്തുകയും ചെയ്തിരുന്ന നാളുകള്‍. ഏതൊരു കമ്പോളവും അതിന്റെ സമീപ പ്രദേശങ്ങളും വളരുക പെട്ടെന്നാണ്. ചങ്ങനാശേരിയുടെ വളര്‍ച്ചയും അത്തരത്തില്‍ത്തന്നെയായിരുന്നു. ചങ്ങനാശേരി ചന്ത വളര്‍ന്നു വലുതായപ്പോള്‍ അവിടുത്തെ കച്ചവടക്കാരും വലുതായി.
ഔസേഫ് ആന്‍ഡ് സണ്‍സ് - അരി മൊത്ത വ്യാപാരം നടത്തിയിരുന്ന ഈ സ്ഥാപനത്തില്‍ നിന്നാണ് ഒരു കാലത്ത് കിഴക്കുനിന്നും പടിഞ്ഞാറുനിന്നും വരുന്ന ചില്ലറ വ്യാപാരികള്‍ പ്രധാനമായും തങ്ങളുടെ ഇടപാടുകള്‍ നടത്തിയിരുന്നത്. ഗതാഗതത്തിന് ജലമാര്‍ഗത്തിനേക്കാളും വേഗത കൂടിയ മറ്റു മാര്‍ഗങ്ങള്‍ വന്നപ്പോള്‍ ഇതരദേശക്കാര്‍ ചരക്ക് നേരിട്ട് തങ്ങളുടെ നാടുകളില്‍ എത്തിച്ചു തുടങ്ങി. അതോടെ, ചങ്ങനാശേരിയുടെ പഴയ പ്രതാപം കുറഞ്ഞുവന്നു.
ഔസേഫ് ആന്‍ഡ് സണ്‍സിന്റെ നടത്തിപ്പുകാരന്റെ മകന് പഠനത്തില്‍ ശ്രദ്ധിക്കേണ്ടി വരികയും പിന്നീട് ജോലിക്കായി മുംബൈയിലേക്ക് വണ്ടി കയറേണ്ടിവരികയും ചെയ്തു. അപ്പോഴേയ്ക്കും ഔസേഫ് ആന്‍ഡ് സണ്‍സ് ഏതാï് പൂര്‍ണമായും ക്ഷയിച്ചു കഴിഞ്ഞിരുന്നു. കേരളത്തിലെ പ്രമുഖ കലാലയമായ സെന്റ് ബര്‍ക്കുമാന്‍സ് കോളജില്‍നിന്നും വാണിജ്യശാസ്ത്രത്തില്‍ ബിരുദമെടുത്ത് മുംബെയിലേക്ക് ജോലിസാധ്യതയുമന്വേഷിച്ച് വണ്ടി കയറുമ്പോഴേ ഒന്നുറപ്പിച്ചിരുന്നു. സാഹചര്യങ്ങള്‍ അനുകൂലമെങ്കില്‍ ഒടുവില്‍ താന്‍ ബിസിനസില്‍ത്തന്നെ എത്തും. സ്വന്തം വീടും പറമ്പും വിറ്റ് അപ്പോഴേയ്ക്കും കുടുംബം വാടകവീട്ടില്‍ അഭയം തേടിയിരുന്നു.
'മൂലധനം' എന്നത് ബിസിനസിന് ആവശ്യമായ പ്രധാനപ്പെട്ട ഘടകങ്ങളില്‍ ഒന്നാണെന്ന് എപ്പോഴേ മനസിലായിരുന്നു. ആയുഷ്‌ക്കാലത്ത് ബിസിനസ് എന്ന സ്വപ്‌നം സാധ്യമാകുമോ? അപ്പന്റെ കടബാധ്യത തീര്‍ക്കണം. ചെറുതെങ്കിലും സ്വന്തമായൊരു വീട് നാട്ടില്‍ വാങ്ങണം. ഇവ മാത്രമായിരുന്നു മുംബൈയ്ക്ക് വണ്ടി കയറുമ്പോള്‍ ജീവന്‍ ജോര്‍ജിന്റ മനസിലുണ്ടായിരുന്ന സ്വപ്നങ്ങള്‍.
ഒന്നോ രണ്ട് വര്‍ഷങ്ങളല്ല ഒരു പതിറ്റാണ്ടിനും മുകളിലാണ് ജോലിയുമായി കഴിഞ്ഞുകൂടിയത്. അക്കൗണ്ടന്റ് തസ്തികയില്‍നിന്നും പടിപടിയായി ഉയര്‍ന്ന് അപ്പോഴേക്കും ഫിനാന്‍ഷ്യല്‍ കണ്‍ട്രോളര്‍ എന്ന തസ്തികയില്‍ എത്തിക്കഴിഞ്ഞിരുന്നു. മോശമല്ലാത്ത ശമ്പളം. അപ്പന്റെ കടബാധ്യത തീര്‍ക്കുക, നാട്ടിലെ വീട് എന്നീ ആഗ്രഹങ്ങള്‍ അപ്പോഴേക്കും സാക്ഷാല്‍ക്കരിക്കപ്പെട്ടിരുന്നു. ഒരു ജോലിക്കാരന്റെ സ്വാസ്ഥ്യത്തില്‍ പെട്ട് ഇനി ഒരു ബിസിനസ് എന്നത് ചിന്തിക്കാന്‍പോലും ആവില്ല എന്നു കരുതിയിരുന്ന നാളുകള്‍.
എന്നിട്ടും അത് സംഭവിച്ചു. ജോലിക്കാരന്റെ സുരക്ഷിതമണ്ഡലത്തിന്റെ പുറംതോട് പൊട്ടിച്ചു ബിസിനസ് എന്ന തീവ്രമായ അഭിലാഷം പുറത്തു ചാടി. അല്ലെങ്കിലും അതങ്ങനെതന്നെ. എത്രകാലം കാത്ത് കിടന്ന് കൊടിയ വേനലിനെയും അതിജീവിച്ചാണ് വിത്തുകള്‍ മഴക്കാലത്ത് മുളപൊട്ടുന്നത്. അനുകൂല സാഹചര്യങ്ങള്‍ വരുന്നിടം വരെ വിത്തുകള്‍ കാത്തുകിടക്കുന്നു.
മുളപൊട്ടാന്‍ ജീവന്‍ ജോര്‍ജിനും ഏറെ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നു.
ഒന്നാമത്തെ ഹ്രസ്വമായ അധ്യായം അവിടെ അവസാനിച്ചു. ചങ്ങനാശേരിയിലാണ് വീടെന്നും പഠിച്ചത് സെന്റ് ബര്‍ക്കുമാന്‍സ് കോളജിലാണെന്നും പ്രേരണയോട് പറഞ്ഞിട്ടുണ്ട്. കുടുംബ ബിസിനസായ ഔസേഫ് ആന്‍ഡ് സണ്‍സിന്റെ കാര്യമോ, ഒരു കാലത്ത് വന്‍പ്രതാപത്തില്‍ കഴിഞ്ഞിരുന്ന ബിസിനസും കുടുംബവും പിന്നീട് തറ്റുപോയതിനെക്കുറിച്ചോ ഒരിക്കല്‍പോലും അവളോടു പറഞ്ഞിട്ടില്ല. എന്നിട്ടും കൃത്യമായി അവള്‍ ഇതെല്ലാം എഴുതിയിരിക്കുന്നു. യഥാര്‍ത്ഥത്തില്‍ ഇവള്‍ ആരാണ്?
ബീപ് ബീപ്. മൊബൈലില്‍ ആന്‍സിയുടെ വാട്‌സ്ആപ് മെസേജ്.
'എത്തിയോ? ചോറും മോരുകാച്ചിയതും പയറും മീന്‍ കറിയും പാത്രത്തില്‍ വച്ചിരിക്കുന്നു. അവ്നില്‍ ചൂടാക്കിയെടുക്കണം.'
അത്താഴത്തിന് പ്രിയപ്പെട്ടത്. എന്നിട്ടും ഇരുന്നിടത്തുനിന്നും എഴുന്നേല്‍ക്കാന്‍ തോന്നിയില്ല.
'യേസ് റീച്ച്ഡ് ഇന്‍ ടൈം. വില്‍ ഹാവ് ഡിന്നര്‍ റൈറ്റ് നൗ. ടേക്ക് കെയര്‍.' ആന്‍സിക്ക് മറുപടി കൊടുത്തു.
(തുടരും)
Read More:
Next Story
Videos