പ്രേരണ- അധ്യായം 08

ചില സൂചനകള്‍ അടങ്ങുന്ന ഒരു കത്തിനെ പിന്തുടര്‍ന്ന് ലണ്ടനില്‍ നിന്നും മുംബയില്‍ എത്തുന്ന ജീവന്‍ ജോര്‍ജ്. മുംബയിലെ തിരക്കേറിയ ട്രെയിന്‍ യാത്രയില്‍ കത്ത് നഷ്ടമാകുന്നെങ്കിലും ഓര്‍മ്മിച്ചെടുക്കുന്ന മേല്‍വിലാസത്തില്‍ കൃത്യമായി ലേഡീസ് ഹോസ്റ്റലില്‍ എത്തിച്ചേര്‍ന്ന ജീവന് നിമ്മിയെ കാണാനാവുന്നില്ല. തിരികെ ഹോട്ടലില്‍ എത്തുന്ന ജീവന് ഒരു പെന്‍ഡ്രൈവ് റിസെപ്ഷനിസ്റ്റില്‍ നിന്ന് ലഭിക്കുന്നെങ്കിലും അത് നല്‍കിയ ആളെ കാണാനാവാതെ പിറ്റേന്ന് ലണ്ടനിലേക്ക് മടങ്ങേണ്ടി വരുന്നു. തിരികെ ഫ്ലാറ്റിലെത്തി പെന്‍ഡ്രൈവിലെ ഫയല്‍ തുറക്കുന്ന ജീവന്‍ തന്നെക്കുറിച്ചെ ന്നോണം രചിക്കപ്പെട്ട ഒരു പുസ്തക ത്തിന്റെ ആദ്യ താളുകള്‍ കാണുന്നു. മുംബെയിലെ തന്റെ കമ്പനിയില്‍ പേര്‍സണല്‍ അസിസ്റ്റന്റായി എത്തി പുസ്തക രചന എന്ന അധിക ദൗത്യം കൂടി ഏറ്റെടുത്തു, ഒടുവില്‍ അത് പൂര്‍ത്തിയാക്കുന്നതിനു മുന്‍പ് അപ്രത്യക്ഷയായ പ്രേരണ എന്ന പെണ്‍കുട്ടിയിലൂടെ എഴുതപ്പെട്ട പുസ്തകം! ജോലിക്കായി മുംബെയിലെത്തി ഓഹരി ബ്രോക്കിങ് ബിസിനസിന്റെ സാധ്യതകള്‍ തിരിച്ചറിഞ്ഞു ആ മേഖലയില്‍ അനുഭവസമ്പത്തുള്ള സുധീര്‍ എന്ന ചെറുപ്പക്കാരനെ ബിസിനസ് പങ്കാളിയായി കണ്ടെത്തുന്നത് വരെയുള്ള വിവരങ്ങള്‍ ആദ്യ അധ്യായങ്ങളില്‍ വായിച്ചു ജീവന്‍ അത്ഭുതപ്പെടുന്നു. അദ്ദേഹം വായിക്കുന്ന ഏഴാം അധ്യായം മുതലാണ് ഈ പംക്തിയില്‍ തുടരുന്നത്.

(തുടര്‍ന്ന് വായിക്കുക)
അദ്ധ്യായം 7
ഫ്രാഞ്ചൈസി ബിസിനസ്
ജോലിയില്‍നിന്നു മാസാമാസം ലഭിച്ചുകൊണ്ടിരിക്കുന്ന മികച്ച ശമ്പളം, ബാങ്കില്‍നിന്നും ഭവനവായ്പ എടുത്ത വകയില്‍ തിരിച്ചടയ്‌ക്കേണ്ട ഉയര്‍ന്ന മാസ തവണകള്‍ - പെട്ടെന്നൊരു എടുത്തുചാട്ടത്തില്‍നിന്നും പിന്‍തിരിപ്പിച്ച ഘടകങ്ങളായിരുന്നു ഇവ. ഇത് കണക്കിലെടുത്താണ് അത്തരത്തിലൊരു നിര്‍ദേശം മുന്നോട്ടുവച്ചത്. സുധീര്‍ മാനേജരായി ജോലിചെയ്യുന്ന ഓഹരി ദല്ലാള്‍ സ്ഥാപനത്തിന്റെ ഒരു ഫ്രാഞ്ചൈസി ആദ്യം സ്വന്തമാക്കുക.
ഉത്തരേന്ത്യന്‍ കമ്പനിയായ ഈ ദല്ലാള്‍ സ്ഥാപനത്തിന് അങ്ങനെയൊരു പോളിസിയുണ്ട്. ഒരു നിശ്ചിത തുക നല്‍കിയാല്‍ കമ്പനി ഫ്രാഞ്ചൈസി അനുവദിക്കും. കമ്പനിയുടെ ഈ നയത്തിനു പിന്നില്‍ വ്യക്തമായ ലക്ഷ്യമുണ്ട്. പുതിയ ഒരു ശാഖ തുടങ്ങാന്‍ കമ്പനിക്കു വേണ്ടി വരുന്ന ചെലവുകള്‍ ഭീമമാണ്.
ഓഫീസ് നടത്തിപ്പിനായുള്ള കെട്ടിടം കണ്ടെത്തുക, അതിനുവേണ്ടിവരുന്ന പകിടി, വാടക, ജോലിക്കാരെ കണ്ടെത്തുക, ശമ്പളം നല്‍കുക, അങ്ങനെ കടമ്പകളും ചെലവുകളും ഒട്ടേറെ. ഇതൊക്കെ കഴിഞ്ഞാലും കമ്പനിയുടെ ശാഖ ലാഭപാതയിലെത്താന്‍ ചിലപ്പോള്‍ വര്‍ഷങ്ങള്‍ വേണ്ടിവന്നെന്നിരിക്കും.
എന്നാല്‍ ഈയൊരു മാതൃകയില്‍ ഈ തലവേദനയെല്ലാം ഫ്രാഞ്ചൈസി എടുക്കുന്നയാള്‍ക്കാണ്. ഫ്രാഞ്ചൈസി നടത്തിക്കൊണ്ടുപോകാനുള്ള സ്ഥലവും ജോലിക്കാരെയും നടത്തിപ്പുകാരന്‍ കണ്ടെത്തണം. കമ്പനിയുടെ പേര്, സോഫ്‌റ്റ്വെയര്‍, എല്ലാം ഫ്രാഞ്ചൈസിക്ക് ഉപയോഗിക്കാം.
ഒപ്പം ഓഫീസ് രൂപകല്‍പ്പന ചെയ്യാനും ജോലിക്കാര്‍ക്ക് പരിശീലനം നല്കാനും കമ്പനിയുടെ സഹായം ലഭ്യമാക്കാം. കമ്പനിയുടെ പരസ്യങ്ങളുടെ പരോക്ഷമായ ഗുണം ഫ്രാഞ്ചൈസിക്കു ലഭിക്കും എന്നത് മറ്റൊരു മെച്ചം. ചില ദൂഷ്യവശങ്ങളും ഇല്ലാതില്ല. ബിസിനസില്‍ പരിപൂര്‍ണ സ്വാതന്ത്ര്യം ഫ്രാഞ്ചൈസിക്കു ലഭ്യമല്ല.
കമ്പനിയുടെ നിയമങ്ങള്‍ക്കും ഇതര രീതികള്‍ക്കും വിധേയമായി, ഫ്രാഞ്ചൈസി കരാറില്‍ പറയുംവിധം മാത്രമേ ബിസിനസ് നടത്തിക്കൊണ്ടുപോകാനാവൂ. ഈടാക്കാവുന്ന ദല്ലാള്‍ പ്രതിഫലം, നല്‍കാവുന്ന സേവനങ്ങള്‍ ഇവയെല്ലാം കരാറില്‍ നേരത്തേ വ്യക്തമാക്കിയിരിക്കും. ആദ്യം നല്‍കേണ്ടിവരുന്ന തുകയ്ക്കു പുറമേ, ദല്ലാള്‍ പ്രതിഫലത്തിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ നിശ്ചിത ശതമാനം പ്രതിഫലമായി കമ്പനിക്ക് നല്‍കേണ്ടി വരുമെന്നതാണ് മറ്റൊന്ന്.
വേണമെന്നു വച്ചാല്‍ പോലും കമ്പനിയുടെ അനുവാദമില്ലാതെ ബിസിനസ് മറ്റൊരിടത്തേക്കു മാറ്റാനോ വിപുലീകരിക്കാനോ ആവില്ല എന്നതാണ് മറ്റൊരു ദൂഷ്യം. ഇതെല്ലാം അറിഞ്ഞുകൊണ്ടു ഫ്രാഞ്ചൈസി മാതൃകയില്‍ ബിസിനസ് ആരംഭിക്കാന്‍ തീരുമാനിച്ചതിനു പിന്നില്‍ ചില ലക്ഷ്യങ്ങളുണ്ടായിരുന്നു.
സുധീര്‍ ജോലി ചെയ്ത കമ്പനിയില്‍നിന്നും പൊടുന്നനെ പുറത്തു ചാടി അതേ തരത്തിലുള്ള ഒരു ബിസിനസ് ആരംഭിച്ചാല്‍ ഉണ്ടായേക്കാവുന്ന കുടിപ്പക ഒരു പരിധിവരെ ഒഴിവാക്കാം. അതേ കമ്പനിയുടെ ഫ്രാഞ്ചൈസി ആരംഭിക്കുമ്പോള്‍ കമ്പനിക്കും എതിര്‍പ്പുണ്ടാവില്ല.
ശമ്പളക്കാരനില്‍നിന്നും ബിസിനസുകാരനിലേയ്ക്കുള്ള വേഷപ്പകര്‍ച്ച എത്രകണ്ട് ബുദ്ധിമുട്ടേറിയതാണെന്ന് വലിയ റിസ്‌കില്ലാതെ തിരിച്ചറിയാം. ഒപ്പം കൃത്യമായ പങ്കാളിത്ത കരാറില്‍ ഒപ്പുവച്ചാണ് ഈ സ്ഥാപനം തുടങ്ങുന്നതെങ്കില്‍കൂടി ആദ്യ മൂന്നു മാസങ്ങളില്‍ ജീവന്‍ ജോര്‍ജ് ഈ സ്ഥാപനത്തില്‍ പങ്കാളിയാണെന്ന് പുറംലോകം അറിയാതിരിക്കുകയും വേണം.
മാര്‍വാഡിയോടു സാവധാനം കാര്യങ്ങള്‍ അവതരിപ്പിച്ച്, മറ്റൊരാളെ പരിശീലിപ്പിച്ചു പ്രാപ്തനാക്കാന്‍ വേണ്ടി വന്നേക്കാവുന്ന സമയം.
അങ്ങനെ ജെ.എസ്. മിഡാസ് സ്റ്റോക്ക് ബ്രോക്കിംഗ് എന്ന കമ്പനിയുടെ ആദ്യ രൂപമായ ഫ്രാഞ്ചൈസി, ഉത്തരേന്ത്യന്‍ കമ്പനിയുടെ പേരില്‍ മുംബൈ നരിമാന്‍ പോയ്ന്റില്‍ ആരംഭിച്ചു. ഈ മേഖലയിലെ സുധീറിന്റെ ബന്ധങ്ങള്‍, ഉത്തരേന്ത്യന്‍ കമ്പനിയുടെ ബ്രാന്‍ഡ് മൂല്യം എന്നിവയായിരുന്നു കൈമുതല്‍.
അദ്ധ്യായം 8
പ്രൈവറ്റ് ലിമിറ്റഡ്
പതിനൊന്നു മാസം പിന്നിട്ട ഫ്രാഞ്ചൈസി ബിസിനസില്‍നിന്നും ഒന്നു ബോധ്യമായിക്കഴിഞ്ഞിരുന്നു. പരിപൂര്‍ണമായി ശ്രദ്ധിക്കാനായാല്‍ മോശമല്ലാത്ത വരുമാനം ഈ ബിസിനസില്‍നിന്നും ഉണ്ടാക്കാനാകും. സുധീറിന്റെ ഈ മേഖലയിലുള്ള പരിചയങ്ങളും അടുപ്പവും മുതല്‍ക്കൂട്ടാവും എന്നുറപ്പുണ്ടായിരുന്നു.
മാര്‍വാഡിയോട് അതിനകം കാര്യങ്ങള്‍ മറ്റൊരു തരത്തില്‍ അവതരിപ്പിച്ചു. നാട്ടിലേക്ക് പോയേ തീരൂ. കൊച്ചിയില്‍ ഒരു ബിസിനസ് ആരംഭിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. അടുത്ത വര്‍ഷം മാത്രമേ കൊച്ചിയിലെ ബിസിനസ് പൂര്‍ണരൂപത്തില്‍ ആരംഭിക്കുകയുള്ളൂവെങ്കിലും ബിസിനസില്‍ പ്രായോഗികപരിജ്ഞാനത്തിനായി ഇപ്പോഴേ രാജിവയ്ക്കാന്‍ അനുവദിക്കണം.
നിര്‍ബന്ധത്തിനു വഴങ്ങേണ്ടിവന്നു മാര്‍വാഡിക്ക്. ശമ്പളം കൂട്ടിത്തരാന്‍ തയാറാണെന്ന് മാര്‍വാഡി ദൂതന്‍ മുഖേന മുന്‍പേ അറിയിച്ചിരുന്നു.
ജെ.എസ്. മിഡാസ് സ്റ്റോക്ക് ബ്രോക്കിംഗ്, ഇന്ത്യന്‍ കമ്പനി നിയമം അനുസരിച്ച് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി രൂപീകരിച്ചപ്പോള്‍ സ്ഥാപകര്‍ ആയി രണ്ടുപേര്‍. സുധീറും ജീവന്‍ ജോര്‍ജും. അതു വരെയുള്ള ഇരുവരുടെയും സമ്പാദ്യം മുഴുവനുമായിരുന്നു അവിടെ നിക്ഷേപിക്കപ്പെട്ടത്. ഇത് നഷ്ടപ്പെട്ടാല്‍ ഇതുവരെയുള്ള പ്രയത്‌നം, സമ്പാദ്യം എല്ലാം വെള്ളത്തില്‍. അതുകൊണ്ടുതന്നെ പരാജയപ്പെടുമോ എന്ന ഭീതിക്ക് സ്ഥാനമുണ്ടായിരുന്നില്ല. ഇരുവര്‍ക്കും ജയിച്ചേ തീരൂ.
ജെ.എസ്. മിഡാസ് സ്റ്റോക്ക് ബ്രോക്കിംഗ് ലിമിറ്റഡിന് ഒരേ ഒരു ശാഖ - കോര്‍പ്പറേറ്റ് ഓഫീസിന്റെ അതേ മേല്‍വിലാസത്തില്‍. ഫ്രാഞ്ചൈസി തുടങ്ങിയ അതേ കെട്ടിടത്തില്‍ അധികമാരും അറിയാതെയാണ് കമ്പനി തുടങ്ങിയത്.
ഫ്രാഞ്ചൈസി നടത്തിപ്പിലൂടെ ഒന്ന് ബോധ്യമായി. വ്യക്തിഗത സേവനത്തിലൂടെ നിലവിലുള്ള ഇടപാടുകാരെ കൂടെ നിര്‍ത്താനാവും. ഉത്തരേന്ത്യന്‍ കമ്പനിയുമായുള്ള ഫ്രാഞ്ചൈസി കരാര്‍ അവസാനിപ്പിക്കുന്നതാണ് ഒരു കടമ്പ.
ഫ്രാഞ്ചൈസി നല്‍കിയ ഉത്തരേന്ത്യന്‍ കമ്പനി കരാര്‍ മുന്‍കൂറായി റദ്ദാക്കാന്‍ വൈമനസ്യം കാട്ടാതിരിക്കാന്‍ കാരണമുണ്ടായിരുന്നു. ഒരു വര്‍ഷത്തെ ഫ്രാഞ്ചൈസി കരാര്‍ നിലവില്‍ ഉണ്ടെങ്കിലും കാലാവധിക്ക് കേവലം ഒരുമാസം മുന്‍പ് ഇതു നിര്‍ത്തലാക്കുന്നതുവഴി യാതൊന്നും നഷ്ടപ്പെടാന്‍ പോകുന്നില്ല. ഇടപാടുകാര്‍ തങ്ങളിലേക്കുതന്നെ മടങ്ങിയെത്തും. ജോലിയില്‍ പ്രഗത്ഭനായ സുധീറിന് പുനര്‍ നിയമനം നല്‍കാനും കമ്പനിക്ക് താല്പര്യം.
സംഭവിച്ചത് മറ്റൊന്ന്. സുധീര്‍ വേണ്ട ഗൃഹപാഠം നടത്തിക്കഴിഞ്ഞിരുന്നു. മികച്ച ഇടപാടുകാരെ സ്വകാര്യമായിക്കണ്ട് കമ്പനി തുടങ്ങാന്‍ പോവുകയാണെന്നും തന്നോടൊപ്പം നില്‍ക്കണമെന്നും അഭ്യര്‍ഥിച്ചു. അവര്‍ ഉറപ്പ് നല്‍കിയിരുന്നു കൂടെയുണ്ടാവുമെന്ന്- സുധീറിന്റെ ആത്മാര്‍ഥതയിലും സത്യസന്ധതയിലും അവര്‍ക്ക് അത്രയേറെ വിശ്വാസമുണ്ടായിരുന്നു. ഒപ്പം വല്ലപ്പോഴുമാണെങ്കിലും സുധീര്‍ നല്‍കുന്ന കൃത്യമായ ടിപ്പുകളിലും!
നിന്നുപിഴയ്ക്കാനുള്ള ഇടപാടുകാരെ ഉറപ്പാക്കിക്കഴിഞ്ഞതോടെ പിന്നെ വേണ്ടിവന്ന സംഗതി കമ്പനിക്ക് ആവശ്യമായ ഐ.ടി. സപ്പോര്‍ട്ടാണ്. തിരുവല്ലാക്കാരന്‍ അശ്വിന്‍ എന്ന ചെറുപ്പക്കാരനെ അതിനായി തെരഞ്ഞെടുക്കുന്നത് ആകസ്മികമായിട്ടാണ്. ഉത്തരേന്ത്യന്‍ ദല്ലാള്‍ കമ്പനിക്ക് ഐ.ടി. സപ്പോര്‍ട്ട് നല്‍കുന്ന കമ്പനിയിലെ എന്‍ജിനീയറായി അശ്വിന്‍ എത്തുമ്പോള്‍ വയസ് ഇരുപത്. മീശപോലും മുളയ്ക്കാത്ത വെളുത്തുമെലിഞ്ഞ ചെറുപ്പക്കാരന്‍.
കമ്പനി അശ്വിനു നല്‍കിയിരുന്ന ഇരിപ്പിടം ഒന്നാംനിലയിലെ കോര്‍പറേറ്റ് ഓഫീസിലായിരുന്നെങ്കിലും മലയാളിയായ സുധീറുമായുള്ള അടുപ്പം താഴത്തെ നിലയിലെ ശാഖയില്‍ ഒരു കസേര തരപ്പെടുത്തിയെടുക്കുന്നതില്‍ അശ്വിനെ കൊണ്ടെത്തിച്ചു. പിന്നീടുള്ള ഏതാണ്ട് ഒരു വര്‍ഷം അശ്വിന്‍ ജോലിചെയ്തതു സുധീറിന്റെ അതേ ശാഖയിലായിരുന്നു.
ഈ ചെറുപ്പക്കാരന്‍ ഒരു സാധാരണ ഐ.ടി. എന്‍ജിനീയറല്ല എന്ന് സുധീറിനെ ബോധ്യപ്പെടുത്തിക്കൊടുത്ത എത്രയോ അവസരങ്ങള്‍. ഈ കമ്പനിയില്‍ അധികനാള്‍ തുടരില്ലെന്നും സ്വന്തമായൊരു ഐ.ടി. കമ്പനി എന്നതാണ് തന്റെ സ്വപ്നമെന്നും ഇരുപത് വയസുകാരനായ അശ്വിന്‍ പറയുമ്പോള്‍ സുധീറിന് അത്ഭുതം തോന്നിയതേയില്ല.
പ്രശ്‌നങ്ങളെ മനസിലാക്കുന്ന രീതി, തീരുമാനം എടുക്കാനുള്ള കഴിവ്, എല്ലാറ്റിനുമുപരി ലക്ഷ്യം നേടിയെടുക്കുന്നതുവരെ മടിയില്ലാതെ പ്രയത്‌നിക്കാനുള്ള കഴിവ് - അശ്വിന്റെ ലക്ഷ്യപ്രാപ്തി വിദൂരത്തല്ല എന്ന് സുധീറിന് പൂര്‍ണബോധ്യമുണ്ടായിരുന്നു.
സുധീര്‍ കമ്പനിയില്‍നിന്ന് വിട്ടുപോരുന്ന സമയത്ത് അശ്വിന്‍ അവധിയിലായിരുന്നു. ഇനിയും എഴുതിയെടുക്കാന്‍ ബാക്കിയായ വിഷയങ്ങള്‍ എഴുതി ജയിച്ച് ബി.ടെക് എന്ന ബിരുദധാരിയാകാനായി നാട്ടിലേക്കൊരു ഹ്രസ്വ സന്ദര്‍ശനം.
കമ്പനി വിട്ടിട്ടും സുധീര്‍ അശ്വിനുമായുള്ള സൗഹൃദം തുടര്‍ന്നു. പുതിയ കമ്പനി ആരംഭിക്കുന്ന തീരുമാനം അശ്വിനെ അറിയിക്കുമ്പോള്‍ അറിയേണ്ടത് ഒന്നു മാത്രമായിരുന്നു - ഈ കമ്പനിയുടെ വിവര സാങ്കേതികവിദ്യയില്‍ പിന്തുണ നല്കാന്‍ ആകുമോ?
നാട്ടില്‍ പരീക്ഷ എഴുതാന്‍ പോയ അശ്വിന് വേണ്ടത്ര തയാറെടുപ്പിന്റെ അഭാവത്തില്‍ പരീക്ഷ എഴുതാനായില്ലെങ്കിലും കൊച്ചിയില്‍ ഒരു സ്വകാര്യ കമ്പനിയില്‍ എന്‍ജിനീയറായി ജോലി ചെയ്യുന്ന സഹപാഠിയായിരുന്ന സുഹൃത്തിനെ കണ്ടുമുട്ടാനായി. സമാന്തര ചിന്താഗതിക്കാരനായ അവനുമായി ചേര്‍ന്ന് 'മൈ ടീം' എന്ന പേരില്‍ ഒരു കമ്പനി രജിസ്റ്റര്‍ ചെയ്തു.
മൈ ടീമിന്റെ ആദ്യ പ്രോജക്ടായിരുന്നു ജെ.എസ് .മിഡാസ് സ്റ്റോക്ക് ബ്രോക്കിംഗ് കമ്പനിയുടെ ഐ.ടി. സപ്പോര്‍ട്ട്. അശ്വിന്റെ കഴിവില്‍ ഒരു സംശയവും സുധീറിനോ സുധീറിന്റെ വിശ്വാസത്തില്‍ തെല്ല് സംശയം ജീവന്‍ ജോര്‍ജിനോ ഉണ്ടായിരുന്നില്ല. ജെ.എസ്.മിഡാസ് സ്റ്റോക്ക് ബ്രോക്കിംഗ് എന്ന കമ്പനി ആരംഭിച്ചപ്പോള്‍ കൊട്ടും കുരവയുമൊന്നുമുണ്ടായില്ല.
തലേദിവസം വരെയിരുന്ന ഉത്തരേന്ത്യന്‍ കമ്പനിയുടെ ബോര്‍ഡ് ജെ.എസ് .മിഡാസ് സ്റ്റോക്ക് ബ്രോക്കിംഗ് കമ്പനി എന്ന പേരിലേക്ക് മാറിയതൊഴിച്ചാല്‍ പ്രത്യക്ഷത്തില്‍ വലിയ മാറ്റങ്ങളില്ല. വളരെ സുഗമമായ പരിവര്‍ത്തനം. കമ്പനിക്ക് ഈ മേഖലയില്‍ പരിചയമുള്ള രണ്ട് ഡയറക്ടേഴ്‌സ് വേണം എന്ന തിരിച്ചറിവിലാണ് സുധീറിന് പുറമേ ശ്യാം ജയകുമാര്‍ എന്നയാളെ ജെ.എസ്. മിഡാസ് സ്റ്റോക്ക് ബ്രോക്കിംഗ് കമ്പനിയുടെ ഡയറക്ടറായി തെരഞ്ഞെടുക്കുന്നത്. ഈ മേഖലയില്‍ ഒന്‍പത് വര്‍ഷത്തെ പരിചയം, സുധീറിന്റെ സുഹൃത്ത് ഇവയായിരുന്നു ശ്യാം ജയകുമാറിന്റെ യോഗ്യതകള്‍.
അസഹനീയമായ തണുപ്പ്! റൂം ഹീറ്റര്‍ കൂട്ടിവച്ചേ തീരൂ എന്നതിനാല്‍ എഴുന്നേല്‍ക്കാതിരിക്കാനായില്ല. ബോര്‍ഡിലും മറ്റ് മീറ്റിംഗുകളിലും ഓഫീസ് രേഖകളിലും കണ്ടിട്ടുള്ള കാര്യങ്ങള്‍ പ്രേരണ സുന്ദരമായി കോര്‍ത്തിണക്കിയിരിക്കുന്നു. ഒരു അദ്ധ്യായം കൂടി അവസാനിക്കുകയാണ്. ജെ. എസ്. മിഡാസ് സ്റ്റോക്ക് ബ്രോക്കിംഗ് കമ്പനിയുടെ മേധാവി ആയ ജീവന്‍ ജോര്‍ജിനെക്കുറിച്ചുള്ള പുസ്തകം.
തീര്‍ച്ചയായും കടന്നുവന്ന വഴികള്‍ പരാമര്‍ശിക്കാതെ വയ്യ. പക്ഷേ, ഓരോ അദ്ധ്യായത്തിലേയും ചില മുന വച്ച വരികള്‍! ഇവള്‍ എന്താണ് ലക്ഷ്യമിടുന്നത്. ദുരൂഹമായ തിരോധാനത്തിനൊടുവില്‍ ഈ കുറിപ്പുകളും ദുരൂഹതകള്‍ തന്നെ അവശേഷിപ്പിക്കുമോ? അറിയാനുളള ആവേശം കൂടിവരികയാണ് എന്നത് മാത്രം തിരിച്ചറിഞ്ഞു.
Read More:

പ്രേരണ; അധ്യായം-01

പ്രേരണ; അധ്യായം-02

പ്രേരണ; അധ്യായം-03

പ്രേരണ; അധ്യായം-04

പ്രേരണ; അധ്യായം-05

പ്രേരണ; അധ്യായം-06

പ്രേരണ; അധ്യായം-07


Related Articles

Next Story

Videos

Share it