പ്രേരണ- അധ്യായം 09

ചില സൂചനകള്‍ അടങ്ങുന്ന ഒരു കത്തിനെ പിന്തുടര്‍ന്ന് ലണ്ടനില്‍ നിന്നും മുംബെയില്‍ എത്തുന്ന ജീവന്‍ ജോര്‍ജ്. മുംബൈയിലെ തിരക്കേറിയ ട്രെയിന്‍ യാത്രയില്‍ കത്ത് നഷ്ടമാകുന്നെങ്കിലും ഓര്‍മ്മിച്ചെടുക്കുന്ന മേല്‍വിലാസത്തില്‍ കൃത്യമായി ലേഡീസ് ഹോസ്റ്റലില്‍ എത്തിച്ചേര്‍ന്ന ജീവന് നിമ്മിയെ കാണാനാവുന്നില്ല. തിരികെ ഹോട്ടലില്‍ എത്തുന്ന ജീവന് ഒരു പെന്‍ഡ്രൈവ് റിസെപ്ഷനിസ്റ്റില്‍ നിന്ന് ലഭിക്കുന്നെങ്കിലും അത് നല്‍കിയ ആളെ കാണാനാവാതെ പിറ്റേന്ന് ലണ്ടനിലേക്ക് മടങ്ങേണ്ടി വരുന്നു. തിരികെ ഫ്ളാറ്റിലെത്തി പെന്‍ഡ്രൈവിലെ ഫയല്‍ തുറക്കുന്ന ജീവന്‍ തന്നെക്കുറിച്ചെന്നോണം രചിക്കപ്പെട്ട ഒരു പുസ്തകത്തിന്റെ ആദ്യതാളുകള്‍ കാണുന്നു. മുംബെയിലെ തന്റെ പേര്‍സണല്‍ അസിസ്റ്റന്റായി എത്തി പുസ്തക രചന എന്ന അധിക ദൗത്യം കൂടി ഏറ്റെടുത്ത്, ഒടുവില്‍ അത് പൂര്‍ത്തിയാക്കുന്നതിനു മുന്‍പ് അപ്രത്യക്ഷയായ പ്രേരണ എന്ന പെണ്‍കുട്ടിയിലൂടെ എഴുതപ്പെട്ട പുസ്തകം!

ജോലിക്കായി മുംബെയിലെത്തി, ഓഹരി ബ്രോക്കിങ് ബിസിനസിന്റെ സാധ്യതകള്‍ തിരിച്ചറിഞ്ഞ്, ആ മേഖലയില്‍ അനുഭവസമ്പത്തുള്ള സുധീറുമൊത്ത് ഫ്രാന്‍ഞ്ചൈസി ബിസിനസിലൂടെ ആരംഭിച്ച് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി രൂപഭേദം വന്ന ജെ.എസ്. മിഡാസ് സ്റ്റോക് ബ്രോക്കിങ് എന്ന തന്റെ ബിസിനസിനെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ വായിച്ച് ജീവന്‍ അത്ഭുതപ്പെടുന്നു. ജീവന്‍ വായിക്കുന്ന അധ്യായങ്ങളില്‍ ഒമ്പതാമത്തേത് ഇവിടെ തുടങ്ങുന്നു.....
(തുടര്‍ന്ന് വായിക്കുക)
അദ്ധ്യായം -9
പ്രോഫിറ്റ് - വോളിയം
നീണ്ടവര്‍ഷങ്ങളുടെ കാത്തിരിപ്പ്. ഒടുവില്‍ യാതൊരു ബന്ധവുമില്ലാത്തൊരു മേഖലയിലേക്കു കാല്‍വയ്പ്; തോല്‍ക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ പോലുമാവില്ലായിരുന്നു. അപ്പന്റെ തകര്‍ന്ന ബിസിനസിലെ സാമ്പത്തിക ബാധ്യത, നഷ്ടപ്പെട്ട വീട്, ഇതെല്ലാം തീര്‍ക്കാനും തിരിച്ചുപിടിക്കാനുമായത് നാളിതുവരെ ലഭിച്ച ശമ്പളം ഒന്നുകൊണ്ടു മാത്രമാണ്. അതാണ് പൊടുന്നനെ ഉപേക്ഷിച്ച് ബിസിനസിലേക്ക് എടുത്തു ചാടിയിരിക്കുന്നത്.
ഇത്രത്തോളം നാള്‍ ജോലി ചെയ്തത്, അനുഭവങ്ങള്‍നേടിയത് ഒക്കെയും ശമ്പളത്തിന് വേണ്ടി മാത്രമായിരുന്നില്ല, ഇത്തരത്തില്‍ ഒരു ബിസിനസ് ആരംഭിക്കുക എന്നത് എത്രയോ നാളത്തെ മോഹമായിരുന്നു.
ഇവിടെ പരാജയപ്പെടാനാവില്ല. അതിനോടകം ഇന്ത്യന്‍ ഓഹരി വിപണിയെക്കുറിച്ച്, വിപണിയെ നയിക്കുന്ന കമ്പനികളെക്കുറിച്ച്, വിപണിയെ നിയന്ത്രിക്കുന്ന സ്ഥാപനങ്ങളെക്കുറിച്ചും അവയുടെ നിയമാവലികളെക്കുറിച്ചുമൊക്കെ അറിയാന്‍ പരമാവധി ശ്രമിച്ചു. പരിപൂര്‍ണ ശ്രദ്ധയും സമര്‍പ്പണവുമാണ് ബിസിനസ് വിജയത്തിനു പിന്നിലെന്ന് മാര്‍വാഡിയില്‍ നിന്ന് പഠിച്ചിരുന്നു.
ശക്തരായ നിയന്ത്രണസ്ഥാപനങ്ങള്‍, അവരുടെ സത്വര നടപടികള്‍ - ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇനി കുംഭകോണങ്ങള്‍ക്കു സാധ്യതയില്ലെന്നും ചെറു കിട നിക്ഷേപകര്‍ വിപണിയിലേക്കു മടങ്ങിവരാന്‍ ഇനി കാത്തിരിക്കേണ്ടതില്ലെന്നും വിദഗ്ധര്‍ പറഞ്ഞുവച്ച നാളുകള്‍.
അങ്ങനെ സന്ദര്‍ഭവശാല്‍ എല്ലാംകൊണ്ടും അനുയോജ്യമായ കാലഘട്ടത്തിലാണ് ജെ .എസ് .മിഡാസ് സ്റ്റോക്ക് ബ്രോക്കിംഗ് എന്ന കമ്പനിയുടെ കടന്നു വരവ്. ചെറുകിട നിക്ഷേപകര്‍ വന്‍ തോതില്‍ മടങ്ങിവന്ന വര്‍ഷം കൂടി ആയിരുന്നു അത്. ഇതും കമ്പനിക്കു മെച്ചമായി. ഏതാനും മാസങ്ങള്‍കൊണ്ട് ഒന്നു ബോധ്യമായി. ശ്രദ്ധിച്ചാല്‍ മികച്ച രീതിയില്‍ വളര്‍ത്തിക്കൊണ്ടുവരാനാവുന്ന ബിസിനസ് തന്നെയാണിത്!
വിപണിയിലെ ഈയൊരു സാധ്യത അതിനോടകം പലരും മണത്തുകഴിഞ്ഞിരുന്നു. പാര്‍ട്ട്ണര്‍ഷിപ്പുകളും കമ്പനികളുമൊക്കെയായി ഏതാണ്ട് ഇരുപതോളം ദല്ലാള്‍ സ്ഥാപനങ്ങളാണ് ഇക്കാലയളവില്‍ രംഗത്തുവന്നത്. അതുകൊണ്ടുതന്നെ ദല്ലാള്‍ പ്രതിഫലത്തില്‍ ഉണ്ടായത് കഴുത്തറുപ്പന്‍ മത്സരം!
പ്രതിഫലം കുറച്ച് ഇടപാടുകാരെ ആകര്‍ഷിക്കാന്‍ പെടാപ്പാടു പെടുന്ന ദല്ലാള്‍ സ്ഥാപനങ്ങള്‍. ഒരു വര്‍ഷം കൊണ്ടുതന്നെ ഒന്നു ബോധ്യപ്പെട്ടു - ഈ ബിസിനസില്‍ മാര്‍ജിന്‍ കൂട്ടുക സാധ്യമല്ല. ലാഭം കൂട്ടാനാവുക ബിസിനസിലെ വ്യാപ്തം കൂട്ടിക്കൊണ്ടു മാത്രം. വ്യാപാരവ്യാപ്തം കൂട്ടണമെങ്കില്‍ ഈ ഒരു ശാഖയു മായി ഇരുന്നിട്ടു കാര്യമില്ല. ശാഖകള്‍ കൂട്ടുക എന്നത് പക്ഷേ നിസാര കാര്യമല്ല.
വിഘാതമായി നില്‍ക്കുന്നത് മൂലധനത്തിന്റെ അഭാവം തന്നെ.എന്തെങ്കിലും ഉടന്‍ ചെയ്തേ തീരൂ. കഴിഞ്ഞുകൂടാന്‍ വേണ്ടി മാത്രം ഒരു ബിസിനസ് എന്നതായിരുന്നില്ല ജീവന്‍ ജോര്‍ജിന്റെ ബിസിനസ് സ്വപ്നം. സുധീര്‍ പക്ഷേ മറ്റൊരു ചിന്താഗതിക്കാരനായിരുന്നു. ഒരു ബ്രാഞ്ച് മാനേജരായി ജോലി ചെയ്തുവന്നിരുന്ന സുധീറിന് പലപ്പോഴും തന്റെ ശാഖ മികച്ച രീതിയില്‍ നടത്തിക്കൊണ്ടു പോവുക എന്നതിനപ്പുറം വലിയ ചിന്തകളില്ല.
ഇടപാടുകാര്‍ക്ക് ഏറ്റവും മികച്ച സേവനം നല്കുകവഴി ബിസിനസ് സ്വാഭാവികമായി വളര്‍ച്ച കൈവരിക്കും എന്നതാണ് സുധീറിന്റെ നയം. ശാഖാ മാനേജരില്‍ നിന്നും കമ്പനി ഡയറക്ടര്‍ ആയി മാറിയിട്ടും സുധീറിന്റെ ചിന്താഗതിയില്‍ വലിയ മാറ്റമുണ്ടായില്ല.
ഇത് സ്വയം തിരിച്ചറിഞ്ഞുവെന്നോണം, കമ്പനിയുടെ ഇതര കാര്യങ്ങള്‍ തീരുമാനിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം ജീവന്‍ ജോര്‍ജിന് സുധീര്‍ വിട്ടുകൊടുത്തു. എന്തായിരുന്നു ആ വിശ്വാസത്തിന് അടിസ്ഥാനമെന്ന് അറിയില്ലെങ്കില്‍ കൂടി.
അദ്ധ്യായം -10
പ്രോപ്പര്‍ട്ടി വാല്യുവേഷന്‍
കമ്പനിയുടെ മൂലധനം വര്‍ധിപ്പിച്ചേ തീരൂ. പക്ഷേ, എങ്ങനെ? കേവലം ഒരു വര്‍ഷം മാത്രം പാരമ്പര്യം അവകാശപ്പെടാനാവുന്ന, വളരെ കുറഞ്ഞ മൂലധനമുള്ള, മുംബെയിലെ ഒരു വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയില്‍ മൂലധനമിറക്കാന്‍ ആരാണു പെട്ടെന്ന് തയാറാവുക. ഇതിനുമേല്‍ തന്നെക്കൊണ്ട് ഒന്നും സാധ്യമല്ലെന്നു സുധീര്‍ വ്യക്തമാക്കിയിരുന്നു. ഈ മേഖലയില്‍ പരിചയമുള്ള രണ്ടു ഡയറക്ടേഴ്സ് കമ്പനിക്ക് അനിവാര്യമായതുകൊണ്ടുമാത്രം ഡയറക്ടറായി തെരഞ്ഞെടുക്കപ്പെട്ട ശ്യാം ജയകുമാറിനോട് ഇതിനെക്കുറിച്ച് സംസാരിച്ചിട്ട് കാര്യമില്ല.
മുംബൈ എന്ന മഹാനഗരത്തില്‍ ഇട്ടുമൂടാനുള്ള പണവുമായി ഒട്ടേറെപ്പേര്‍! എങ്ങനെയാണ് അവരെ കണ്ടെത്താനാവുക. കണ്ടെത്തിയാല്‍ത്തന്നെ എങ്ങനെ അവരെ ബോധ്യപ്പെടുത്താനാവും! ഏതൊരു ലക്ഷ്യവും തീവ്രമായി ആഗ്രഹിച്ചാല്‍ അതിലേക്കുള്ള വഴികള്‍ താനെ തുറക്കപ്പെടും എന്നു പറഞ്ഞതാരാണ്? ഇനി മറ്റുവല്ല വഴികളില്‍ക്കൂടിയാണ് നിങ്ങള്‍ സഞ്ചരിക്കുന്നതെങ്കില്‍ക്കൂടി ഒടുവില്‍ നിങ്ങളുടെ ആഗ്രഹം അവിടെത്തന്നെ നിങ്ങളെ കൊണ്ടെത്തിക്കും എന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു പിന്നീടുണ്ടായ ചില സംഭവവികാസങ്ങള്‍.
ജെ. എസ്. മിഡാസ് സ്റ്റോക് ബ്രോക്കിംഗ് കമ്പനിക്കായി ബാങ്കില്‍നിന്നും ഗ്യാരണ്ടി ലഭിക്കാന്‍ അതിനോടകം പെട്ട പെടാപ്പാടുകള്‍!. ഇടപാടുകാര്‍ക്ക് ഇടപാടുകള്‍ നടത്താന്‍ സാധിക്കണമെങ്കില്‍ സ്റ്റോക്ക് എക്‌സ്ചേഞ്ചില്‍ മാര്‍ജിന്‍ നല്കിയേ തീരൂ. ഇത്തരം മാര്‍ജിന്‍ ബാങ്ക് ഗ്യാരണ്ടിയുടെ രൂപത്തിലാണ് നല്‍കുക.
ലക്ഷയര്‍ ഇംപെക്സില്‍നിന്നു പിരിഞ്ഞു പോരുമ്പോള്‍ മാര്‍വാഡി നല്‍കിയ തുക അതുപോലെ ഭവന വായ്പയിലേയ്ക്ക് അടയ്ക്കുകയാണ് ചെയ്തത്. പത്ത്ലക്ഷം രൂപയില്‍ താഴെ മാത്രം ബാക്കിയായ ഭവനവായ്പ, ജെ.എസ്. മിഡാസ് സ്റ്റോക്ക് ബ്രോക്കിംഗ് കമ്പനി ഇടപാടു നടത്തുന്ന ബാങ്കിനെക്കൊണ്ടു ഏറ്റെടുപ്പിക്കാന്‍ തീരുമാനിച്ചതിന് പിന്നില്‍ മറ്റൊരു ഉദ്ദേശ്യം കൂടിയുണ്ടായിരുന്നു. നിലവില്‍ ഏതാണ്ട് തൊണ്ണൂറ് ലക്ഷം വില മതിക്കുന്ന ഈ ഫളാറ്റ് ജെ.എസ്. മിഡാസ് സ്റ്റോക്ക് ബ്രോക്കിംഗ് കമ്പനിക്കുവേണ്ടി വന്നേക്കാവുന്ന മറ്റു വായ്പകള്‍ക്കോ ഗാരന്റിക്കോ ഉള്ള അധിക ഈടായി ബാങ്കിന് നല്‍കാം.
അതിനോടകം മാനേജരുമായി മോശമല്ലാത്ത ബന്ധം ഉണ്ടാക്കിയെടുത്തിരുന്നു. ഭവനവായ്പ ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഈ ഫ്ളാറ്റ് ബാങ്കിന് മൂല്യനിര്‍ണയം നടത്തിയേ തീരൂ. തികച്ചും യാഥാസ്ഥിതികമായ വിലനിര്‍ണയമാണ് ബാങ്കുകാര്‍ നടത്തുക. നിലവിലെ വിപണിമൂല്യത്തിന്റെ ഏതാണ്ട് അറുപത് ശതമാനം വിലയൊക്കെയാവും സാധാരണഗതിയില്‍ ബാങ്കുകാര്‍ നല്‍കുക.
മാനേജരുടെ മുന്നില്‍ ഒരു അപേക്ഷ വച്ചു.
മൂല്യനിര്‍ണയത്തിനു വരുന്ന ഉദ്യോഗസ്ഥനോട് വല്ലാതെ യാഥാസ്ഥിതികനാകരുതെന്നു പറയണം. താമസിയാതെ ഈ വസ്തു സ്വന്തം പേരില്‍ നിന്ന് കമ്പനിയുടെ പേരിലേക്ക് മാറ്റാനുള്ളതാണ്. ബാങ്കിന്റെ മൂല്യനിര്‍ണയമാവും മാനദണ്ഡം.
മാനേജരുമായി നല്ല ബന്ധമുള്ള ഉദ്യോഗസ്ഥനാവണം മൂല്യനിര്‍ണയം നടത്തിയത്. തൊണ്ണൂറ്റി അഞ്ചു ലക്ഷം രൂപ മാര്‍ക്കറ്റ് വില പ്രതീക്ഷിച്ച വസ്തുവിന് ബാങ്ക് നല്‍കിയ മൂല്യനിര്‍ണയം ഒരുകോടി ഇരുപത് ലക്ഷം രൂപ! ഈ വസ്തുവിന്റെമേല്‍ ബാങ്കിന് ഭവനവായ്പ എടുത്ത വകയില്‍ നല്‍കാനുള്ളത് പത്ത് ലക്ഷം രൂപയില്‍ താഴെമാത്രം.
മറ്റൊരു ലോണോ, ഗ്യാരന്റിയോ ബാങ്കിന് നല്കണമെന്നുണ്ടെങ്കില്‍ ബാങ്കിന്റെ കൈവശം ഒരു കോടി പത്തു ലക്ഷത്തിലധികം ആസ്തി ഉണ്ടെന്നു സാരം.
മാര്‍ജിന്‍ മണിയായി സ്റ്റോക്ക് എക്സ്ചേഞ്ചിനു നല്‍കേണ്ടുന്ന ബാങ്ക് ഗ്യാരണ്ടിക്കായി ഈട് നല്‍കിയത് ഈ പ്രോപ്പര്‍ട്ടിയാണ്. ഡയറക്ടേഴ്സിന്റെ വ്യക്തിഗത ജാമ്യത്തിനൊപ്പം ഈ ഈടുകൂടി സ്വീകരിച്ചുകൊണ്ടാണ് ബാങ്ക്, ജെ.എസ്. മിഡാസ് സ്റ്റോക് ബ്രോക്കിങ് കമ്പനിക്ക് ഗ്യാരണ്ടി നല്കിയത്.
കമ്പനിയുടെ മുപ്പതുലക്ഷം രൂപയുടെ മൂലധനം ഒന്നരക്കോടിയായി മാറിയത് അങ്ങനെയായിരുന്നു. ജീവന്‍ ജോര്‍ജിന്റെ പേരിലുണ്ടായിരുന്ന ഈ ഫ്ളാറ്റ് കമ്പനിയുടെ പേരിലേക്കു മാറി. ഭവനവായ്പയില്‍ ബാക്കിയുണ്ടായിരുന്ന തുക ജീവന്‍ ജോര്‍ജിന്റെ പേരില്‍ ബാങ്കില്‍ വ്യക്തിഗത വായ്പയായി മാറി. കമ്പനിയുടെ രജിസ്റ്റേര്‍ഡ് അഡ്രസ്സ് സ്വന്തം പേരിലാക്കിയ ഈ കെട്ടിടത്തിന്റെ പേരിലേക്കു മാറ്റുന്ന നടപടി ക്രമങ്ങളും പൂര്‍ത്തിയായി.
അങ്ങനെ ഒരു രൂപപോലും പുതുതായി കൊണ്ടുവരാതെ, വലിയ നൂലാമാലകളില്ലാതെ കമ്പനിയുടെ മൂലധനം ഒന്നര കോടിയായി ഉയര്‍ന്നു. കമ്പനിയുടെ ഒരുകോടി ഇരുപത് ലക്ഷം രൂപയുടെ ഓഹരികള്‍ ഈയൊരു കൈമാറ്റത്തിനു ബദലായി ജീവന്‍ ജോര്‍ജിന് നല്കാന്‍ സുധീറിനും രണ്ടാമത് ആലോചിക്കാനുണ്ടായില്ല. ബാങ്കുകാരുടെ യാഥാസ്ഥിതികമായ മൂല്യനിര്‍ണയം മാത്രമാണല്ലോ ഇവിടെ കണക്കിലെടുത്തിരിക്കുന്നത്.
അദ്ധ്യായം -11
ഏയ്ഞ്ചല്‍ ഇന്‍വെസ്റ്റര്‍
ഒന്നരക്കോടി മൂലധനമുള്ള, ആദ്യവര്‍ഷം തന്നെ ലാഭ പാതയിലെത്തിയ, മുംെബെയില്‍ സ്വന്തം കെട്ടിടത്തില്‍ രജിസ്റ്റേര്‍ഡ് ഓഫീസുള്ള സ്റ്റോക്ക് ബ്രോക്കിംഗ് കമ്പനി! പക്ഷേ, കമ്പനിക്കുള്ളത് കോര്‍പ്പറേറ്റ് ഓഫീസും ഒരേ ഒരു ശാഖയും. ശൃംഖല വിപുലീകരിക്കാതെ പുതിയ ഇടപാടുകാരെ കണ്ടെത്തുന്നതിന് പരിധിയുണ്ട്. വ്യാപാരം ഇല്ലാത്ത ശനിയാഴ്ചകളിലാണ് സുധീര്‍ പുതിയ ഇടപാടുകാരെ കണ്ടെത്താനായി സമയം കണ്ടെത്തുക.
ഇടപാടുകാരെ മാത്രമല്ല, കമ്പനിയില്‍ മൂലധനമിറക്കാന്‍ കെല്‍പ്പുള്ള കുറച്ചുപേരെകൂടി കണ്ടെത്തിയേ തീരൂ. ഇടപാടുകാരെ കണ്ടെത്താന്‍ ഉത്സാഹിക്കുമെന്നല്ലാതെ കമ്പനിയില്‍ മൂലധനം നിക്ഷേപിക്കാന്‍ കെല്‍പ്പുള്ളൊരാളെ തേടിപ്പിടിക്കാന്‍ സുധീര്‍ എന്തുകൊേേണ്ടാ ശ്രമിച്ച് കണ്ടില്ല.
അവിചാരിതമായിട്ടാണ് വിജയ് അധികാരിയെക്കുറിച്ച് മറ്റൊരു ഇടപാടുകാരനില്‍ക്കൂടി സുധീര്‍ അറിയുന്നത്. കോടികള്‍ വിലമതിക്കുന്ന ഓഹരികളുടെ പേപ്പര്‍ സര്‍ട്ടിഫിക്കറ്റ് കൈവശം വച്ചിരിക്കുന്ന അധികാരിക്ക് ഈ പേപ്പര്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഡീ - മാറ്റ് രൂപത്തിലേക്ക് മാറ്റണം, ഒപ്പം ഓഹരികള്‍ വ്യാപാരം ചെയ്യാനായി ഒരു ട്രേഡിംഗ് അക്കൗണ്ടും ആരംഭിക്കണം.
സില്‍വാസായില്‍ ഏക്കറുകണക്കിനു മാന്തോപ്പുകള്‍ സ്വന്തമായുള്ള, മാങ്ങയുടെ കയറ്റുമതിയുള്ള വലിയൊരു ബിസിനസുകാരന്‍ എന്നല്ലാതെ അധികാരിയെക്കുറിച്ച് കൂടുതല്‍ അറിവുകളൊന്നും സുധീറിനും ഉണ്ടായിരുന്നില്ല. എന്നിട്ടും അധികാരിയെ കാണാന്‍ സുധീറിനൊപ്പം ജീവന്‍ പോയി. ബംഗ്ലാവിലായിരുന്നു അധികാരിയുടെ താമസം.
വലിയ ചുറ്റുമതിലിന് ചേരുന്ന വലിയ ഗേറ്റും അരികില്‍ വിക്കറ്റ് ഗേറ്റും. പാറാവുകാരന്‍ നിലയുറപ്പിച്ചിരുന്നത് വിക്കറ്റ് ഗേറ്റിനരികില്‍. വരുമെന്ന് അധികാരിയെ നേരത്തേ അറിയിച്ചിരുന്നതിനാല്‍ കയറ്റി വിടുമെന്നാണ് കരുതിയത്. പക്ഷേ, പാറാവുകാരന് ആരെയൊക്കെയോ വിളിച്ച് സമ്മതം ചോദിക്കേണ്ടി വന്നു.
ഒടുവില്‍, വിശാലമായ നടുത്തളത്തില്‍ ചെല്ലുമ്പോഴേക്കും അധികാരി കസേരയില്‍ ഉണ്ടായിരുന്നു. നരകയറിത്തുടങ്ങിയ മുടി. വെളുത്ത കുര്‍ത്തയ്ക്കും പൈജാമയ്ക്കുമുള്ളില്‍ ഒതുങ്ങാന്‍ മടിക്കുന്ന ശരീരം. പാന്‍ കറമാറാത്ത പല്ലുകള്‍. ഇരിക്കാന്‍ ആംഗ്യം കാണിച്ച് വായിലെ പാന്‍ തുപ്പിക്കളഞ്ഞ് അധികാരി തുടങ്ങി.
'പുതിയ ബിസിനസ് ഒക്കെ എങ്ങനെ പോകുന്നു?'
ശുദ്ധമായ മലയാളത്തിലുള്ള അധികാരിയുടെ ആദ്യ ചോദ്യം കേട്ട് സുധീറും ജീവനും അമ്പരന്നു. അനിശ്ചിതത്വം അവസാനിപ്പിച്ച് അധികാരി തന്നെ അക്കാര്യം പറഞ്ഞു. നേവിയില്‍ ഉദ്യോഗസ്ഥനായിരുന്ന പിതാവിനൊപ്പം കൊച്ചിയില്‍ പത്ത് വര്‍ഷം പഠിച്ച കഥ. മലയാളം മാതൃഭാഷപോലെ പഠിച്ചു. ഇന്നും കേരളത്തോട് ആ അടുപ്പം സൂക്ഷിക്കുന്നു.
തന്റെ ഓഹരികളുടെ കാര്യമല്ല, ബ്രോക്കിംഗ് ബിസിനസ് എങ്ങനെ പോകുന്നുവെന്നറിയാനുള്ള ത്വര വാക്കുകളിലുണ്ടെന്നത് നല്ലൊരു അവസരമാണെന്നു തോന്നി. മലയാളത്തില്‍ സംസാരിച്ചത് തങ്ങളെ കേള്‍ക്കാനുള്ള ക്ഷമ അയാളിലുണ്ടെന്നു തോന്നിപ്പിച്ചു. ആത്മവിശ്വാസത്തോടെയാണെങ്കിലും പതിഞ്ഞ സ്വരത്തിലാണ് ജീവന്‍ പറഞ്ഞുതുടങ്ങിയത്.
'കഴിഞ്ഞ വര്‍ഷം തെറ്റില്ലാത്ത വിറ്റുവരവും മോശമല്ലാത്ത ലാഭവും കമ്പനിക്കുണ്ടാക്കാനായി.'
അധികാരി പുഞ്ചിരിച്ചു.
'അത്ഭുതകരമായിരിക്കുന്നു. വലിയ ആവേശത്തോടെ ഇക്കാലത്ത് തുടങ്ങുന്ന ഭൂരിഭാഗം ബിസിനസുകളും പരാജയപ്പെടുകയാണ് പതിവ്. തങ്ങള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന ശമ്പളത്തെക്കാളും മെച്ചപ്പെട്ട വരുമാനം ആദ്യമാസം മുതല്‍ ലഭിക്കണം എന്ന ഒറ്റ ലക്ഷ്യവുമായാണ് പലരും ബിസിനസില്‍ എത്തപ്പെടുന്നത്. ഒരു ബിസിനസ് വളര്‍ത്തിക്കൊണ്ടു വരിക എന്നു പറയുന്നത് ഒരു മാവ് വളര്‍ത്തിക്കൊണ്ടു വരുംപോലെയാണ് എന്ന് ഞാന്‍ പറയും. സമയം, അധ്വാനം, പണം ഇവയില്ലാതെ തൈ വളര്‍ന്നുപൊങ്ങില്ല. ഇതുപോലെതന്നെ ബിസിനസും.
എന്നാല്‍ സംഭവിക്കുന്നതോ, വിചാരിച്ചത്ര വേഗത്തില്‍ ഈ ബിസിനസില്‍നിന്നും പണം ഉണ്ടാക്കാനാകുന്നില്ല എന്ന തിരിച്ചറിവില്‍ പലരും പാതി വഴിയില്‍ ശ്രമം ഉപേക്ഷിക്കുന്നു. അങ്ങനെ കണക്കുകളില്‍ പരാജയങ്ങളുടെ
എണ്ണം കൂടുന്നു.'
അധികാരി ഒരു നിമിഷം നിര്‍ത്തി, വീണ്ടും തുടര്‍ന്നു.
'ഒരുപാട് പണം പെട്ടെന്ന് ഉണ്ടാക്കിക്കളയാം എന്നു കരുതി ആരും ബിസിനസ് ആരംഭിക്കരുത്. ഈ ബിസിനസില്‍നിന്നു നിങ്ങള്‍ക്കു സന്തോഷം കണ്ടെത്താനാവുമെങ്കില്‍, ഒരു ചെറുപറ്റം ആള്‍ക്കാരുടെ ജീവിതത്തിനെങ്കിലും ഈ ബിസിനസ് കൊണ്ടു മാറ്റം വരുത്താനാവുമെന്ന് ചിന്തിക്കുന്നെങ്കില്‍ മാത്രം ബിസിനസുമായി മുന്നോട്ടുപോവുക. പണം നിങ്ങളെ പിന്‍തുടര്‍ന്നെത്തിക്കൊള്ളും - ഒരുപക്ഷേ, നിങ്ങള്‍ വിചാരിക്കുന്നതിനുമപ്പുറം. കാത്തിരിക്കാനുള്ള ക്ഷമ വേണമെന്നുമാത്രം.'
'എന്തുകൊണ്ടാണ് ഈയൊരു ബിസിനസ് തെരഞ്ഞെടുക്കാന്‍ കാരണം?' ഒരു കൊച്ചുകുട്ടിയുടെ കൗതുകത്തോടെയാണ് അധികാരിയുടെ ചോദ്യം. ഇത് ഒരു അവസരമാണെന്ന് ജീവന് തോന്നി.
'പണം നേടാന്‍ മികച്ചൊരു മേഖലയാണ് ഓഹരി വിപണി. എന്നാല്‍, കഴിഞ്ഞ കാലങ്ങളില്‍ ഉണ്ടായ ചില കുംഭകോണങ്ങളും മറ്റും ഒരു ഭയപ്പാടോടെ ഈ മേഖലയെ നോക്കിക്കാണാന്‍ സാധാരണക്കാരനെ ഇടയാക്കി.'
അധികാരി പിറകിലേക്ക് നോക്കി. അത് കണ്ടിട്ടെന്ന വണ്ണം ഒരു പരിചാരകന്‍ അധികാരിയുടെ പിന്നിലെത്തി,
അയാളുടെ ചെവിയില്‍ എന്തോ മന്ത്രിക്കുന്നത് കേട്ട് ജീവന്‍ സംസാരം നിര്‍ത്തി. തുടരുവാന്‍ അയാള്‍ ആംഗ്യം കാണിച്ചപ്പോഴാണ് ജീവന്‍ വീണ്ടും പറഞ്ഞു തുടങ്ങിയത്.
'മികച്ച തൊഴിലവസരങ്ങള്‍ നമ്മുടെ നാട്ടില്‍ത്തന്നെ ലഭ്യമാവുകയാണെങ്കില്‍ സമര്‍ഥരായ നമ്മുടെ ചെറുപ്പക്കാര്‍ ഇതര രാജ്യങ്ങളിലേക്കു ചേക്കേറുകയില്ല. പക്ഷേ, ഇതിനെല്ലാം ആവശ്യമായൊരു പ്രധാന സംഗതിയുണ്ട്- മൂലധനം.
മൂലധനമില്ലാതെ ഒരു കമ്പനിക്കും ഒന്നും സാധ്യമല്ല. വിദേശരാജ്യങ്ങളില്‍നിന്നോ, ലോകാങ്കില്‍നിന്നോ ഒന്നുമല്ലാതെ, നമ്മുടെ നാട്ടിലെ സാധാരണക്കാരുടെ പണംകൊണ്ട് കമ്പനികള്‍ക്ക് വേണ്ടുന്ന മൂലധനം സമാഹരിക്കാന്‍ കഴിയും. മികച്ച സ്ഥാപകര്‍, മികച്ച പദ്ധതികള്‍, സാധാരണക്കാരന് നിക്ഷേപിച്ച പണത്തിന് സാമാന്യം നല്ല വരുമാനം കൂടി ലഭിക്കുന്ന ഒരു അവസ്ഥാ വിശേഷം സംജാതമാക്കാന്‍ സാധിച്ചാല്‍ പങ്കാളികളെല്ലാം വിജയികളാവുന്ന മറ്റൊരു ഇടപാടില്ല.'
കേവലം ഒരു ദല്ലാളായി മാത്രം പ്രവര്‍ത്തിക്കാനല്ല ഞങ്ങള്‍ ഉദ്ദേശിക്കുന്നത്. ഇടപാടുകാര്‍ക്ക് വേണ്ട ഉപദേശനിര്‍ദേശങ്ങളും, വേണ്ടിടത്ത് മുന്നറിയിപ്പും നല്കുന്നൊരു ബിസിനസ് മാതൃകയ്ക്കാണ് ഞങ്ങളുടെ കമ്പനി ശ്രമിക്കുന്നത്.
കമ്പനിയുടെ മൂലധനം അല്പം കൂടി വര്‍ധിപ്പിച്ച്, പത്ത് ശാഖകള്‍ അടങ്ങുന്നൊരു ശൃംഖലയും കമ്പനികളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നൊരു മികച്ച ഗവേഷണ വിഭാഗവും ഉണ്ടാക്കിയെടുക്കുക. കേവലം വ്യാപാര വ്യാപ്തത്തിനാവില്ല മറിച്ച്, സാധാരണ ഇടപാടുകാരെ ബോധവല്‍ക്കരണത്തിലൂടെ ഊഹക്കച്ചവടക്കാരില്‍നിന്നും നിക്ഷേപകരാക്കി മാറ്റിയെടുക്കാനാകും കമ്പനി ശ്രമിക്കുക.'
നിറഞ്ഞ ആത്മവിശ്വാസത്തോടെ പറഞ്ഞു നിര്‍ത്തുമ്പോഴേക്കും പരിചാരകന്‍ താലത്തില്‍ മൂന്നു ഗ്ലാസ്സ് വെള്ളവുമായി എത്തിയിരുന്നു.
ഗ്ലാസ് എടുത്തു കൊണ്ട് ജീവന്‍ തുടര്‍ന്നു. 'നിക്ഷേപകരായിത്തുടങ്ങി ഊഹക്കച്ചവടക്കാരായി മാറി ഒടുവില്‍ പണം മുഴുവന്‍ നഷ്ടപ്പെട്ട് ഈ മേഖലയില്‍നിന്ന് എന്നന്നേക്കുമായി ഒളിച്ചോടിപ്പോയ ഒരു മുന്‍ തലമുറയുണ്ട് ഇന്നാട്ടില്‍. അത്തരത്തില്‍ വീണ്ടും ആവര്‍ത്തിക്കാതിരിക്കാന്‍, കഴിയുമെങ്കില്‍ ഇവിടെനിന്ന് അകന്നു പോയവരെക്കൂടി തിരികെയെത്തിക്കാനാവണം.
ഊഹക്കച്ചവടക്കാര്‍ ആണ് ദല്ലാള്‍ കമ്മീഷന്റെ സിംഹഭാഗവും നല്‍കുന്നത് എന്നറിയാഞ്ഞിട്ടല്ല, പ്രതിഫലം വര്‍ധിപ്പിക്കുവാനായി ധനകാര്യ സ്ഥാപനങ്ങളെയും, മ്യൂച്വല്‍ ഫണ്ട് സ്ഥാപനങ്ങളെയും ലക്ഷ്യം വയ്ക്കുക എന്നതാവും കമ്പനിയുടെ നയം.'
അധികാരിയുടെ ചുണ്ടില്‍ ഒരു പുഞ്ചിരി വിടര്‍ന്നു.
പക്ഷേ, ഒരക്ഷരം മിണ്ടിയില്ല.
ബാഗില്‍നിന്ന് ഓപ്പണിംഗ് ഫോറം പുറത്തെടുത്ത് നിശബ്ദതയ്ക്കു വിരാമമിട്ടുകൊണ്ട് സുധീറാണ് പറഞ്ഞത്.
'ഷെയര്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഡീമാറ്റ് ചെയ്യാനുണ്ടെന്നറിഞ്ഞു, ഒപ്പം ട്രേഡിംഗ് അക്കൗണ്ടും ആരംഭിക്കണമെന്നും.'
'പുതിയൊരു കാര്യം ചെയ്യാന്‍ പറ്റിയ ദിവസമല്ല ഇന്ന്.' നടുത്തളത്തിന്റെ മൂലയ്ക്കു നിന്ന പരിചാരകന്‍ കാര്യം മനസിലാക്കിയിട്ടെന്നോണം ഭിത്തിയില്‍ കിടന്ന കലണ്ടറുമായി അധികാരിയുടെ അടുത്തെത്തി.
'വ്യാഴാഴ്ച, അടുത്ത വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണി കഴിഞ്ഞ് എന്നെ വന്നു കാണൂ.'ഇത്രയും പറഞ്ഞ് അധികാരി കസേരയില്‍നിന്നും എഴുന്നേറ്റു.
''ബീപ്, ബീപ് -'' മൊബൈലില്‍ മെസ്സേജ് വന്ന ശബ്ദമാണ് കണ്ണുകളെ ലാപ്ടോപ്പില്‍ നിന്നും മാറ്റിയത്. 'ജന്റില്‍ റിമൈന്‍ഡര്‍ ഫോര്‍ ആര്‍ട്ടിക്കിള്‍' - ഡെന്നിയുടെ മെസ്സേജ്! വിക്ടോറിയന്‍ മലയാളിയില്‍ വെള്ളിയാഴ്ച ചെയ്യുന്ന കോളത്തിന്റ കുറിപ്പുകള്‍ക്കായുള്ള സൗമ്യമായ ഓര്‍മ്മപ്പെടുത്തല്‍.
സമയം അപ്പോഴാണ് ശ്രദ്ധിച്ചത്. അര്‍ദ്ധരാത്രിക്ക് മിനിറ്റുകള്‍ അവശേഷിക്കുമ്പോഴും ഡെന്നി ഉണര്‍ന്നിരുന്നു ജോലി ചെയ്യുന്നു. തൊഴിലിനോട് പുലര്‍ത്തുന്ന ഈ പാഷനല്ലാതെ മറ്റെന്താണ് ഇയാളെ ബിസിനസ്സില്‍ വ്യത്യസ്തനാക്കുന്നത്!
യു.കെ യില്‍ കൂണ് പോലെ മുളയ്ക്കുകയും പിന്നീട് അപ്രത്യക്ഷമാവുകയും ചെയ്ത എത്രയോ ഓണ്‍ലൈന്‍ പത്രങ്ങള്‍. മൊബൈലുകളില്‍ കൂടിയും മറ്റും സോഷ്യല്‍ മീഡിയയുടെ അതിപ്രസരമുള്ള ഇക്കാലത്ത്, അഞ്ചു മിനുട്ട് നേരത്തേക്ക് പോലും വായനക്കാരന്റെയോ ശ്രോതാവിന്റെയോ കണ്ണുകളെയും കാതുകളെയും കടമെടുക്കാന്‍ പ്രയാസമാണെന്ന് ഏവരും അറിയുമ്പോഴും വിക്ടോറിയന്‍ മലയാളിയുടെ സ്സ്‌ക്രൈബേര്‍സ് വര്‍ധിക്കുന്നതിന്റ രഹസ്യം ഇതല്ലാതെ മറ്റെന്ത്! ''വില്‍ സെന്‍ഡ് റ്റുമാറോ''- ടെക്സ്റ്റ് മെസ്സേജ് ഡെന്നിക്കു നല്‍കി.

Read More:

പ്രേരണ; അധ്യായം-01

പ്രേരണ; അധ്യായം-02

പ്രേരണ; അധ്യായം-03

പ്രേരണ; അധ്യായം-04

പ്രേരണ; അധ്യായം-05

പ്രേരണ; അധ്യായം-06

പ്രേരണ; അധ്യായം-07

പ്രേരണ; അധ്യായം-08

Manoj Thomas
Manoj Thomas  

Related Articles

Next Story

Videos

Share it