Begin typing your search above and press return to search.
പ്രേരണ; അധ്യായം-11
ചില സൂചനകള്‍ അടങ്ങുന്ന ഒരു കത്തിനെ പിന്തുടര്‍ന്ന് ലണ്ടനില്‍ നിന്നും മുംബൈയില്‍ എത്തുന്ന ജീവന്‍ ജോര്‍ജ്. മുംബൈയിലെ തിരക്കേറിയ ട്രെയിന്‍ യാത്രയില്‍ കത്ത് നഷ്ടമാകുന്നെങ്കിലും ഓര്‍മ്മിച്ചെടുക്കുന്ന മേല്‍വിലാസത്തില്‍ കൃത്യമായി ലേഡീസ് ഹോസ്റ്റലില്‍ എത്തിച്ചേര്‍ന്ന ജീവന് നിമ്മിയെ കാണാനാവുന്നില്ല. തിരികെ ഹോട്ടലില്‍ എത്തുന്ന ജീവന് ഒരു പെന്‍ഡ്രൈവ് റിസെപ്ഷനിസ്റ്റില്‍ നിന്ന് ലഭിക്കുന്നെങ്കിലും അത് നല്‍കിയ ആളെ കാണാനാവാതെ പിറ്റേന്ന് ലണ്ടനിലേക്ക് മടങ്ങേണ്ടി വരുന്നു. തിരികെ ഫ്ളാറ്റിലെത്തി പെന്‍ഡ്രൈവിലെ ഫയല്‍ തുറക്കുന്ന ജീവന്‍ തന്നെക്കുറിച്ചെന്നോണം രചിക്കപ്പെട്ട ഒരു പുസ്തകത്തിന്റെ ആദ്യ താളുകള്‍ കാണുന്നു.
മുംബൈയിലെ തന്റെ പേര്‍സണല്‍ അസിസ്റ്റന്റായി എത്തി പുസ്തക രചന എന്ന അധിക ദൗത്യം കൂടി ഏറ്റെടുത്തു, ഒടുവില്‍ അത് പൂര്‍ത്തിയാക്കുന്നതിനു മുന്‍പ് അപ്രത്യക്ഷയായ പ്രേരണ എന്ന പെണ്‍കുട്ടിയിലൂടെ എഴുതപ്പെട്ട പുസ്തകം! ജോലിക്കായി മുംബെയിലെത്തി, ഓഹരി ബ്രോക്കിംഗ്് ബിസിനസിന്റെ സാധ്യതകള്‍ തിരിച്ചറിഞ്ഞു, ആ മേഖലയില്‍ അനുഭവസമ്പത്തുള്ള സുധീറുമൊത്ത് ഫ്രാഞ്ചൈസി ബിസിനസിലൂടെ ആരംഭിച്ചു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി രൂപഭേദം വന്ന ജെ.എസ്. മിഡാസ് സ്റ്റോക്ക്് ബ്രോക്കിംഗ് എന്ന തന്റെ ബിസിനസിനെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ വായിച്ചു ജീവന്‍ അത്ഭുതപ്പെടുന്നു.
ഒന്നരക്കോടി മൂലധനമുള്ള, ആദ്യവര്‍ഷം തന്നെ ലാഭ പാതയിലെത്തിയ ജെ.എസ് മിഡാസ് സ്റ്റോക്ക് ബ്രോക്കിംഗ് കമ്പനി മൂലധനം ഉയര്‍ത്താനുള്ള ശ്രമത്തിലായിരുന്നു. അങ്ങനെയണ് ഏയ്ഞ്ചല്‍ ഇന്‍വെസ്റ്റേഴ്‌സിലേക്കും അധികാരിയിലേക്കുമെത്തുന്നത്. അധികാരിയുടെ ബംഗ്ലാവില്‍ ജീവനും സുധീറുമൊത്ത് നടന്ന ചര്‍ച്ചയ്ക്കൊടുവില്‍ ജെ.എസ് മിഡാസ് സ്റ്റോക്ക് ബ്രോക്കിംഗ് കമ്പനിയില്‍ രണ്ടുകോടി നിക്ഷേപിക്കാമെന്ന് അധികാരി വാക്കു നല്‍കുകയും ചെയ്തു...ജീവന്‍ ജോര്‍ജ് വായിക്കുന്ന അധ്യായങ്ങളില്‍ 13ാമത് മുതല്‍ വായിച്ച് തുടങ്ങാം....
(തുടര്‍ന്ന് വായിക്കുക)
അദ്ധ്യായം -13
ഡീല്‍
അധികാരിയുടെ വീട്ടില്‍ നിന്നിറങ്ങിയത് മുതല്‍ സുധീറിന്റെ മുഖം മ്ലാനമായിരുന്നു. തിരികെ ഓഫീസിലെത്തി സ്വന്തം റൂമിലേക്ക് പോയ സുധീര്‍ അല്‍പസമയം കഴിഞ്ഞ് ജീവന്റെ കാബിനിലെത്തി. 'നമ്മള്‍ ഉദ്ദേശിച്ച കാര്യം തന്നെയല്ലേ അധികാരി ഇങ്ങോട്ട് പറഞ്ഞത്. എന്നിട്ടും കൃത്യമായൊരു മറുപടി കൊടുക്കാന്‍ നമുക്ക് കഴിഞ്ഞില്ലല്ലോ? നിക്ഷേപിക്കാമെന്ന് അയാള്‍ പറഞ്ഞിട്ടും ജീവന്‍ എന്താ ഒന്നും പറയാതിരുന്നത്?'
അല്‍പ്പനേരത്തേക്ക് ജീവന്‍ മിണ്ടിയില്ല. 'സുധീര്‍ ഒരുകാര്യം ശ്രദ്ധിച്ചോ?'
മുന്നിലിരുന്ന ലാപ്ടോപ്പില്‍ നിന്ന് കണ്ണുകളെടുക്കാതെയാണ് ജീവന്‍ പറഞ്ഞു തുടങ്ങിയത്.
'നമ്മള്‍ ആരെന്നും നമ്മുടെ കമ്പനി ഏതെന്നുമൊക്കെ ആദ്യ കൂടിക്കാഴ്ചയ്ക്ക് മുന്‍പേ അയാള്‍ മനസിലാക്കി വച്ചിരുന്നു. അയാള്‍ മുടക്കാമെന്നു പറഞ്ഞ രണ്ടുകോടി രൂപയിലൂടെ കമ്പനിയുടെ അന്‍പത് ശതമാനത്തിലധികം ഓഹരികള്‍ അയാളുടെ കൈകളിലാകും. അതോടെ കേവലം ഇന്‍വെസ്റ്റര്‍ എന്ന സ്ഥാനം മാത്രമല്ല, മറിച്ച് ഈ കമ്പനിയുടെ നയപരമായ ഏതു തീരുമാനങ്ങളും എടുക്കാന്‍ അയാളുടെ കൂടെ സമ്മതം നമുക്ക് വേണ്ടിവരും. അത്തരമൊരു തീരുമാനമെടുക്കും മുന്‍പ് തീര്‍ച്ചയായും ആലോചിക്കേണ്ടതുണ്ട്.'
കമ്പനിയുടെ ദൈനംദിന ബിസിനസില്‍ മാത്രം ശ്രദ്ധിക്കുന്ന സുധീര്‍ അത്രയും ചിന്തിച്ചിരുന്നില്ല. 'ബിസിനസ് വിപുലീകരിക്കാന്‍ മൂലധനം കണ്ടെത്തിയേ തീരൂ. നിക്ഷേപത്തിനായി സ്വകാര്യ വ്യക്തികളെ കണ്ടെത്തുക എന്നതൊക്കെ പറയുംപോലെ എളുപ്പമാവണമെന്നില്ല. കണ്ടെത്തിയാല്‍ തന്നെ അവര്‍ നിരത്തിയേക്കാവുന്ന നിബന്ധനകളും ഇങ്ങനെയൊക്കെയാവില്ലെന്ന് ആരുകണ്ടു?'
സുധീറിന്റെ സംശയം ന്യായമായിരുന്നു.
ഒരു വെഞ്ച്വര്‍ ഫണ്ടോ, പ്രൈവറ്റ് പ്ലേസ്‌മെന്റിലൂടെ ഇതര ഗ്രൂപ്പുകളോ ഭാവിയില്‍ കമ്പനിയിലേക്കു വന്നുകൂടായ്കയില്ല. പക്ഷേ, അതിന് ഒരുപാട് ബുദ്ധിമുട്ടേണ്ടി വന്നേക്കാം. കാത്തിരിപ്പിനൊടുവില്‍ ഏതെങ്കിലുമൊരു കൂട്ടര്‍ കമ്പനിയില്‍ നിക്ഷേപകരായെത്തിയാല്‍ തന്നെ അവരും ഇത്തരത്തിലുള്ള നിബന്ധനകള്‍ വച്ചുകൂടായ്കയില്ല. ഇതിപ്പോ നമ്മള്‍ വലിയ ശ്രമങ്ങളൊക്കെ തുടങ്ങും മുന്‍പേ ഇത്തരമൊരു അവസരം ദൈവമായി കൊണ്ടു തന്നതുപോലെ!
ജീവന്‍ സുധീറിന്റെ മുഖത്തേക്ക് തന്നെ നോക്കി അല്‍പനേരം മൗനമായിരുന്നു.'ഏതായാലും അധികാരി ഒരാഴ്ച സമയം തന്നിട്ടുണ്ടല്ലോ. ആലോചിച്ചു പറയാം.' പിറ്റേ വ്യാഴാഴ്ച വരെ ഒരു തീരുമാനത്തിലെത്താന്‍ ജീവനു കഴിഞ്ഞില്ല. സുധീര്‍ ആകട്ടെ ഇതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പോലും വന്നതുമില്ല.
വെള്ളിയാഴ്ച കാലത്ത് ജീവന്‍ ആ തീരുമാനമെടുത്തു. അധികാരിയുടെ നിര്‍ദ്ദേശം കമ്പനി അംഗീകരിക്കുന്നു. അധികാരിയെ ഇക്കാര്യം അറിയിക്കും മുന്‍പ് സുധീറുമായി വിശദമായ ചര്‍ച്ച നടത്തി. ''ഒരുവേള കമ്പനിയുടെ കാര്യങ്ങള്‍ തീരുമാനിക്കാനുള്ള പൂര്‍ണാധികാരം ഈയൊരു തീരുമാനത്തോടെ നമുക്ക് നഷ്ടപ്പെട്ടേക്കാം. എങ്കിലും മൂലധനം ഇല്ലാതെ കമ്പനിക്ക് വളരാനാവില്ല. വളര്‍ച്ച കൈവരിക്കാത്തൊരു കമ്പനിയുടെ സാരഥികളായി വെറുതെ തുടരുന്നതില്‍ അര്‍ഥമില്ല. കേവലം ലാഭം മാത്രം നോക്കിയല്ല ഈ ബിസിനസ് തുടങ്ങിയതെന്ന് നമ്മള്‍ പറയുന്നത് വെറും വീമ്പിളക്കലാകരുത്. ഈ രംഗത്തെ വമ്പന്‍മാരുമായി പിടിച്ചുനില്‍ക്കണമെങ്കില്‍ മൂലധനമില്ലാതെ പൊരുതാനാവില്ല.
സുധീറിനും പൂര്‍ണ സമ്മതമായിരുന്നു.
മഴ മാറി, മാനം തെളിഞ്ഞ ഒരു ദിവസം വലിയൊരു പ്രകാശമായി കാബിനിലേക്കും പിന്നീട് ഹൃദയത്തിലേക്കും കയറി വന്ന പ്രേരണ. ഒരു സായാഹ്ന സംഭാഷണത്തിലാണ് അവളോട് സ്വയം ഈ തീരുമാനമെടുക്കേണ്ടി വന്നപ്പോള്‍ അനുഭവിച്ച സംഘര്‍ഷത്തെക്കുറിച്ച് സൂചിപ്പിച്ചത്. അധികാരിയുടെ ബംഗ്ലാവ് കാണണമെന്ന് അവള്‍ ഒന്നിലേറെ തവണ പറഞ്ഞിരുന്നെങ്കിലും മഴയുള്ള ആ ദിവസം തെരഞ്ഞെടുത്തത്, മഴയത്ത് ഡ്രൈവിംഗ് നല്‍കുന്ന ഹരം ആസ്വദിക്കാന്‍ കൂടിയായിരുന്നു.
ചുറ്റുമതിലിന്റെ ഓരം ചേര്‍ത്ത് കാര്‍ നിര്‍ത്തി ചില്ലു താഴ്ത്തിയപ്പോള്‍ കാറിനകത്തേക്ക് ശക്തമായി വീണ മഴത്തുള്ളികള്‍ ഏതാണ്ട് പൂര്‍ണമായും നനച്ചു കളഞ്ഞു. ചില്ലു ഉടന്‍ ഉയര്‍ത്തിയെങ്കിലും വിക്കറ്റ് ഗേറ്റിനിടയിലൂടെ വെള്ളച്ചായം പൂശിയ അധികാരിയുടെ ബംഗ്ലാവ് കാണാമായിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ മഴത്തുള്ളികള്‍ ചില്ലുപാളിക്ക് അപ്പുറത്തെ കാഴ്ച അവ്യക്തമാക്കി. സുധീറുമൊത്തു അവിടെ പോയ ആദ്യ ദിനത്തെക്കുറിച്ചു അവളോട് പറയുന്നത് അന്നാണ്.
അത്ഭുതകരമാം വിധം അവളതു ഒരു അധ്യായമാക്കി മാറ്റി. മഴയത്തു മടങ്ങുമ്പോള്‍ കാപ്പി കഴിക്കാമെന്നു പറഞ്ഞത് അവളാണ്. കാപ്പി കുടിച്ചു കൊണ്ടിരുന്നപ്പോഴാണ് വാക്കുകളുടെ ശക്തിയെക്കുറിച്ചു അവള്‍ പറഞ്ഞത്. ആത്മഹത്യയുടെയോ ഉന്മാദത്തിന്റെയോ ഒക്കെ അപകടകരമായ മുനമ്പില്‍ നിന്ന് ഒരാളെ തിരികെ കൊണ്ടുവരാന്‍ പോലും ശക്തമാണ് വാക്കുകള്‍ എന്നവള്‍ പറഞ്ഞത് ഇപ്പോഴും കാതുകളില്‍!
ഇതുവരെ പറഞ്ഞുവച്ച കാര്യങ്ങളില്‍ നിന്നും അവളുടെ വരവ് ആകസ്മികമല്ല എന്ന് വ്യക്തം. ആര് ഏത് കാണാച്ചരടിനാലാവും അവളെ താനുമായി ബന്ധിപ്പിച്ചിരിക്കുക എന്നത് ഇപ്പോഴും അജ്ഞാതം! വാക്കുകളിലൂടെ അവള്‍ നല്‍കുന്ന ഈ കൗതുകങ്ങളുടെയും വിസ്മയങ്ങളുടെയും നീക്കിയിരിപ്പു എന്തായിരിക്കും! നെഞ്ചിടിപ്പോടെ അടുത്ത പേജിലേക്ക് ക്ലിക്ക് ചെയ്തു.
അധ്യായം -14
മൂലധനം
രണ്ടു കോടിയുടെ നിക്ഷേപത്തിനുള്ള നിര്‍ദ്ദേശം അംഗീകരിക്കാനായുളള കൂടിക്കാഴ്ച ജെ.എസ് മിഡാസിന്റെ ഓഫീസില്‍ വെച്ചാവാമെന്നു പറഞ്ഞത് അധികാരി തന്നെയാണ്. ആ കൂടിക്കാഴ്ചക്ക് മുന്‍പ് മും ബൈയിലെ മാന്‍പവര്‍ കണ്‍സള്‍ട്ടന്‍സി കമ്പനിയില്‍ നിന്നും പുതുതായി സജ്ജീകരിച്ച റിസപ്ഷനിലേക്കും ഓഫീസ് അസിസ്റ്റന്റ് തസ്തികകളിലേക്കും ജീവനക്കാര്‍ എത്തിയിരുന്നു. കരാര്‍ ജീവനക്കാരായ ഇവരുടെ ശമ്പളം കണ്‍സള്‍ട്ടന്‍സി കമ്പനിക്ക് നേരിട്ട് നല്‍കണം.
അധികാരി ഓഫീസിലേക്ക് വരുന്നതും റിസപ്ഷനില്‍ സംസാരിക്കുന്നതും, റിസപ്ഷനിസ്റ്റ് സെക്യൂരിറ്റിയുടെ കൈവശം ലെറ്റര്‍പാഡില്‍ വിവരങ്ങള്‍ നല്‍കുന്നതും കാബിനിലിരുന്നു സി സി ടി വി ക്യാമറയിലൂടെ ജീവന്‍ കാണുന്നുണ്ടായിരുന്നു. കുറിപ്പ് കിട്ടിയപ്പോള്‍ അധികാരിയെ സ്വീകരിക്കാനായി ജീവന്‍ എഴുന്നേറ്റു റിസപ്ഷനിലേക്ക് ചെന്നു. ഹസ്തദാനത്തിനൊപ്പം ആലിംഗനവും നല്‍കിയ അധികാരി സന്തോഷവാനാണെന്നു മുഖത്തു നിന്ന് വായിച്ചെടുക്കാം.
തിരികെ നടക്കുമ്പോള്‍ മൊബൈലില്‍ സുധീറിനെ കാബിനിലേക്കു ജീവന്‍ ക്ഷണിച്ചു. ഇരിക്കുമ്പോഴേക്കും സുധീറുമെത്തി.
''ഈ അക്വേറിയം മനോഹരമായിരിക്കുന്നു'' അധികാരി ചിരിച്ചു കൊണ്ടാണ് പറഞ്ഞത്.
വലിയ മേശയിലെ ഗോളാകൃതിയിലുള്ള സ്ഫടികനിര്‍മ്മിതമായ അക്വേറിയം സമ്മാനിച്ചത് ഇന്റീരിയര്‍ ഡിസൈനിംഗ് ജോലി പൂര്‍ത്തിയാക്കിയ കമ്പനിയാണ്. രണ്ടു ദിവസം മുന്‍പ് മാത്രം പൂര്‍ത്തിയായ ഇന്റീരിയര്‍ വര്‍ക്കിലൂടെ മനോഹരമാക്കിയ ഓഫീസിന്റെ മുക്കിലും മൂലയിലും അധികാരിയുടെ കണ്ണുകള്‍ കറങ്ങി നടന്നു.
ഓഫീസ് അസിസ്റ്റന്റ് അപ്പോഴേക്കും കാപ്പിയുമായി കാബിനിലെത്തി.''ഈ കെട്ടിടത്തോട് ചേര്‍ന്നുള്ള ഇടവഴിയില്‍ ഒരു വടാപാവ് വില്‍പ്പനക്കാരനുണ്ട്, മെഡിക്കല്‍ കമ്പനിയില്‍ ജോലിക്കാരനായി മുംെബെ ജീവിതം ആരംഭിച്ചപ്പോള്‍ ഏതാണ്ട് എല്ലാ ദിവസവും അവിടെ കയറുമായിരുന്നു. വര്‍ഷം എത്ര കഴിഞ്ഞു! ഇപ്പോഴും ഈ ഭാഗത്ത് എന്തെങ്കിലുമാവശ്യത്തിനു വന്നാല്‍ അവിടുന്നത് വാങ്ങുവാന്‍ ഞാന്‍ ഡ്രൈവറെ പറഞ്ഞുവിടും.
ഉസ് ഗലി മേ വടാ പാവ് മിലേഗ ക്യ?''
ജീവന്‍ അസിസ്റ്റന്റിനെ നോക്കി. അയാള്‍ കാര്യം ഗ്രഹിച്ചുവെന്ന് മുഖഭാവത്തിലൂടെ വ്യക്തമാക്കി പുറത്തേക്കു പോയി.
ജീവന്‍ പൊടുന്നനെയാണ് ആ നിര്‍ദേശം മുന്നോട്ടു വച്ചത്. ''കമ്പനിക്ക് അടുത്ത വര്‍ഷം വളരെയേറെ പ്രധാനപ്പെട്ടതാണ്. ഇപ്പോഴുള്ള ഒന്നരക്കോടി രൂപയുടെ മൂലധനം അഞ്ചുകോടി എങ്കിലും ആക്കി ഉയര്‍ത്തിയാല്‍ മാത്രമേ ഉദ്ദേശിച്ചപോലെ ശാഖാ വിപുലീകരണവും ബ്രാന്‍ഡ് ബില്‍ഡിംഗും സാധ്യമാവൂ. മൂലധന അടിത്തറയില്ലാത്ത കമ്പനിക്ക് ബാങ്ക് വായ്പയും മറ്റും ബുദ്ധിമുട്ടാവുകയും ചെയ്യും. അധികാരിയുടെ ഓഫര്‍ രണ്ടുകോടിയില്‍നിന്നും മൂന്നരക്കോടി രൂപയായി ഉയര്‍ത്തണം.
ജീവന്റെ വാക്കുകള്‍ കേട്ട് സുധീര്‍ അമ്പരന്നു. ഒരിക്കല്‍ പോലും ഇക്കാര്യം ഇരുവരും സംസാരിച്ചിരുന്നില്ല. ഇത്തരത്തിലൊരു നിര്‍ദ്ദേശം അധികാരി പ്രതീക്ഷിച്ചതേ ഇല്ല എന്ന് അയാളുടെ മുഖഭാവത്തില്‍നിന്നുതന്നെ വ്യക്തമായിരുന്നു. ''നിക്ഷേപിക്കാന്‍ രണ്ടുകോടി രൂപ എനിക്കുണ്ട്. നിങ്ങളുടെ ബിസിനസിനെക്കുറിച്ച് കേട്ടപ്പോള്‍ ബിസിനസിലെ നിങ്ങളുടെ ആത്മാര്‍ഥതയെക്കുറിച്ച് അറിഞ്ഞപ്പോള്‍ പങ്കാളിയാകാമെന്നു വച്ചു. പക്ഷേ, ഇതില്‍ക്കൂടുതല്‍ തുക മുടക്കാനില്ല. കൃത്യം രണ്ടാഴ്ചകൂടി സമയം തരാം. അതിനുള്ളില്‍ ഞാന്‍ പറഞ്ഞ വ്യവസ്ഥ നിങ്ങള്‍ക്കു സമ്മതമാണെങ്കില്‍ എന്നെ അറിയിക്കാം.''
അധികാരിയുടെ മറുപടി അല്‍പം പരുഷമായിരുന്നു.
''എങ്കില്‍ ഈയൊരു തുക നിക്ഷേപിക്കാന്‍ ഈ രണ്ടാഴ്ചയ്ക്കകം ഞങ്ങള്‍ക്കു മറ്റാരെയെങ്കിലും കണ്ടെത്താന്‍ ശ്രമിക്കാമോ?''
ജീവന്റെ ചോദ്യം അധികാരിക്ക് പൂര്‍ണമായി മനസിലായില്ല. ചോദ്യഭാവത്തില്‍ അയാള്‍ ജീവനെ നോക്കി.
''താങ്കളുടെ നിക്ഷേപം കൂടി വന്നാല്‍ മൂന്നരക്കോടിയായി ഉയരുന്ന കമ്പനിയുടെ മൂലധനം, അഞ്ചുകോടി ആക്കി ഉയര്‍ത്താന്‍ രണ്ടാഴ്ചക്കുള്ളില്‍ മറ്റാരെയെങ്കിലും കണ്ടെത്താമോ എന്നാണ് ചോദ്യം.''
അധികാരി ജീവനെയും സുധീറിനെയും അടിമുടി നോക്കി. നിങ്ങളുടെ ബിസിനസിനെക്കുറിച്ചു മാത്രമല്ല, നിങ്ങളെക്കുറിച്ചും ഞാന്‍ കൃത്യമായി പഠിച്ചുകഴിഞ്ഞിരിക്കുന്നു എന്നൊരു ധ്വനി ആ നോട്ടത്തിലുണ്ടായിരുന്നു.
''സമ്മതമാണ്.''
മറുപടിയില്‍ തെല്ല് പരിഹാസം കലര്‍ന്നിരുന്നോ?
രണ്ടാഴ്ചകൊണ്ട് നിങ്ങളുടെ ബിസിനസില്‍ ഈ തുക മുടക്കാന്‍ കെല്‍പ്പുള്ള ഒരാളെ നിങ്ങള്‍ കണ്ടെത്തുന്നത് എനിക്കൊന്നു കാണണം എന്നൊരു ധ്വനി. ഓഫീസ് അസിസ്റ്റന്റിന്റ തല വാതിലിലെ ചെറിയ ചില്ലുപാളിക്കപ്പുറം കണ്ടപ്പോള്‍ കൈ കൊണ്ട് അകത്തേക്ക് വരാന്‍ ആംഗ്യം കാട്ടി.
വടാപാവ് വയ്ക്കാന്‍ ചെറിയ പ്ലേറ്റ് അധികാരിയുടെ മുന്നിലേക്ക് വച്ചെങ്കിലും അയാള്‍ അത് വാങ്ങാന്‍ കൈകള്‍ നീട്ടി. പത്രത്താളില്‍ പൊതിഞ്ഞുകൊണ്ട് വന്ന വെളുത്തുള്ളി ചട്ണിപ്പൊടി വടാപാവില്‍ വിതറി കൊണ്ട് അധികാരി ഇരിപ്പിടത്തില്‍ നിന്നുമെഴുന്നേറ്റു. വാടാ പാവിന്റ നല്ലൊരു ഭാഗം വായിലാക്കി അയാള്‍ ചില്ലു ജാലകത്തിനു സമീപത്തേക്കു നടന്നു.
ജാലകത്തിലൂടെ നോക്കിയാല്‍ മനോഹരമായ കെട്ടിട സമുച്ചയങ്ങളും, പബ്ബുകളും, റെസ്റ്ററന്റുകളുമടങ്ങുന്ന തിരക്കാര്‍ന്ന നരിമാന്‍ പോയിന്റിന്റെ ഏകദേശ ചിത്രം ലഭിക്കും. ഒഴുകി നീങ്ങുന്ന വാഹനങ്ങളും തിരക്കും വഴിയോര കച്ചവടത്തിന് വിഘാതമാകുന്നില്ല. അത് വീക്ഷിച്ചു കൊണ്ട് നില്‍ക്കുന്ന അധികാരിയെ ജീവന്‍ കൗതുകത്തോടെ നോക്കി.
''ഇവനാണ് മുംബെക്കാരുടെ ബര്‍ഗര്‍! ഹൈജീനിക് എന്നൊക്ക നമ്മള്‍ പറയുന്ന വലിയ റെസ്റ്ററന്റുകളില്‍ പോയി കഴിച്ചാല്‍ ഒരിക്കലും ഈ രുചി കിട്ടില്ല. ഇത് പോലെ മെച്ചപ്പെട്ട രുചിയില്‍ വാടാപാവ് കിട്ടുന്ന പത്ത് വഴിയോര കച്ചവടക്കാരെ എങ്കിലും എനിക്കറിയാം കത്തുന്ന വിശപ്പിലും അവിടുത്തെ തിരക്കില്‍ കാത്തുനിന്ന് സാധനം വാങ്ങുന്ന എത്രയോ സ്ഥിരം ഇടപാടുകാര്‍!
ഈ തട്ടുകടക്കാര്‍ വലുതും ചെറുതുമായ ഒട്ടനവധി റെസ്റ്ററന്റുകളുമായാണ് മത്സരിക്കുന്നതെന്നു അവര്‍ അറിയുന്നു പോലുമില്ല. അവരുടെ ശ്രദ്ധ വാടാപാവിന്റെ മേന്മയില്‍ മാത്രം.''
വടാപാവിന്റ അവസാന ശകലം വായിലാക്കിക്കൊണ്ടാണ് അധികാരി പറഞ്ഞത്. വാച്ചില്‍ നോക്കിയ അധികാരി മൊബൈല്‍ ഫോണില്‍ ആരെയോ വിളിച്ചു കൊണ്ട് തിരിഞ്ഞു നടന്നു. ഒപ്പം നടന്ന ജീവന്‍ അധികാരിക്കൊപ്പം ലിഫ്റ്റില്‍ കയറി. ഡ്രൈവര്‍ കാറുമായി താഴെ എത്തിക്കഴിഞ്ഞിരുന്നു.
പിറ്റേന്ന് വിശാലിനോട് ജീവന്‍ അധികാരിയെക്കുറിച്ചു ചോദിച്ചു. അധികാരി ബിസിനസ് കാര്യത്തില്‍ കുശാഗ്രബുദ്ധിയാണ്. പക്ഷേ വാക്കു പറഞ്ഞാല്‍ പിന്നോട്ടു പോകില്ല. അതോടെ ഒരുകാര്യം ബോധ്യമായി. ഒരു വര്‍ഷം മുന്‍പ് മാത്രം മുംബൈയില്‍ ബിസിനസ് ആരംഭിച്ച്, സാധാരണ ചുറ്റു പാടില്‍ നിന്ന് വന്ന രണ്ടു മലയാളികള്‍ക്ക്, രണ്ടാഴ്ചയ്ക്കുള്ളില്‍ തങ്ങളുടെ ബിസിനസില്‍ ഈ തുക മുടക്കാന്‍ ഒരാളെ കണ്ടെത്തുക പ്രയാസമാണെന്ന തിരിച്ചറിവില്‍ തന്നെയാണ് അധികാരി വാക്കുറപ്പിച്ചിരിക്കുന്നത്.
എങ്ങനെയെങ്കിലും കമ്പനിയില്‍ പണംമുടക്കാന്‍ കെല്‍പ്പുള്ള ഒരാളെ, അല്ലെങ്കില്‍ ഒരു ഗ്രൂപ്പിനെ കണ്ടെത്തിയേ തീരൂ. പിന്നീടുള്ള നാളുകള്‍ പരക്കംപാച്ചിലിന്റേതായിരുന്നു. ആ രണ്ടാഴ്ചയ്ക്കുള്ളില്‍ മൂന്നുതവണ ജീവന്‍ കേരളത്തിലേക്ക് വന്നുപോയി.
ഒടുവില്‍ അത് സംഭവിച്ചു. അധികാരിയുമായുള്ള ഇടപാട് ഉറപ്പിക്കുന്നതിനു മുന്‍പ്, ഒന്നരക്കോടി രൂപ മൂലധനമിറക്കാന്‍ ഒരു ട്രസ്റ്റുമായി ജെ.എസ് മിഡാസ് സ്റ്റോക്ക് ബ്രോക്കിംഗ് കമ്പനി ഇടപാട് ഉറപ്പിച്ചു. കോട്ടയത്ത് രജിസ്റ്റര്‍ ചെയ്ത 'സ്റ്റോണ്‍കോര്‍ട്ട് ട്രസ്റ്റ്.'
അനിഷ്ടം തെല്ലും കാട്ടാതെ, രണ്ടുകോടിയുടെ ചെക്ക് കൈമാറും മുന്‍പ്, ജെ.എസ് മിഡാസിന്റെ മൂലധനം മൂന്നുകോടിയായി ഉയര്‍ന്നിരിക്കുന്നുവെന്നത് അധികാരി തന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെക്കൊണ്ട് തീര്‍ച്ചവരുത്തി.
സുധീറിനും വിശ്വസിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. ജെ.എസ് മിഡാസ് സ്റ്റോക്ക് ബ്രോക്കിംഗ് കമ്പനിയില്‍ ഒന്നരക്കോടി നിക്ഷേപിക്കാന്‍ ഇത്ര പെട്ടെന്ന് ഒരു ഗ്രൂപ്പിനെ കണ്ടെത്താനാവുമെന്ന് സ്വപ്നത്തില്‍പ്പോലും സുധീര്‍ കരുതിയിരുന്നില്ല. ചില വിത്തുകളെക്കുറിച്ചു കേട്ടിട്ടുണ്ട്. കഠിനമാണതിന്റെ പുറന്തോട്. മണ്ണിനതിനെ പൊട്ടിക്കാനാവില്ല.
ആ പുറന്തോട് പൊട്ടിക്കാന്‍ മാത്രം അവിടെ കാട്ടുതീയുണ്ടാകുന്നു. തീയില്‍ പുറന്തോട് പൊട്ടുന്നു, വിത്ത് മുളയ്ക്കുന്നു. ശ്രമിച്ചാല്‍ നടക്കാത്തത് ഒന്നുമില്ലെന്ന് ജീവന് പരിപൂര്‍ണ വിശ്വാസമായിരുന്നു.
ഭ്രാന്ത് പിടിപ്പിക്കുന്ന അവസാന വരികള്‍. ഇവള്‍ എന്താണ് ലക്ഷ്യം വയ്ക്കുന്നത്! അടുത്ത പേജിലേക്ക് കടക്കുമ്പോള്‍ എന്തിനെന്നറിയാതെ ഒരു അസ്വസ്ഥത ഉയരുന്നത് അറിയാനായി.
തുടരും....
Read More:
Next Story
Videos