പ്രേരണ; അധ്യായം-13

ചില സൂചനകള്‍ അടങ്ങുന്ന ഒരു കത്തിനെ പിന്തുടര്‍ന്ന് ലണ്ടനില്‍ നിന്നും മുംബൈയില്‍ എത്തുന്ന ജീവന്‍ ജോര്‍ജ്. മുംബൈയിലെ തിരക്കേറിയ ട്രെയിന്‍ യാത്രയില്‍ കത്ത് നഷ്ടമാകുന്നെങ്കിലും ഓര്‍മ്മിച്ചെടുക്കുന്ന മേല്‍വിലാസത്തില്‍ കൃത്യമായി ലേഡീസ് ഹോസ്റ്റലില്‍ എത്തിച്ചേര്‍ന്ന ജീവന് നിമ്മിയെ കാണാനാവുന്നില്ല. തിരികെ ഹോട്ടലില്‍ എത്തുന്ന ജീവന് ഒരു പെന്‍ഡ്രൈവ് റിസെപ്ഷനിസ്റ്റില്‍ നിന്ന് ലഭിക്കുന്നെങ്കിലും അത് നല്‍കിയ ആളെ കാണാനാവാതെ പിറ്റേന്ന് ലണ്ടനിലേക്ക് മടങ്ങേണ്ടി വരുന്നു. തിരികെ ഫ്‌ളാറ്റിലെത്തി പെന്‍ഡ്രൈവിലെ ഫയല്‍ തുറക്കുന്ന ജീവന്‍ തന്നെക്കുറിച്ചെന്നോണം രചിക്കപ്പെട്ട ഒരു പുസ്തകത്തിന്റെ ആദ്യ താളുകള്‍ കാണുന്നു. മുംബൈയിലെ തന്റെ പേര്‍സണല്‍ അസിസ്റ്റന്റായി എത്തി പുസ്തക രചന എന്ന അധിക ദൗത്യം കൂടി ഏറ്റെടുത്തു, ഒടുവില്‍ അത് പൂര്‍ത്തിയാക്കുന്നതിനു മുന്‍പ് അപ്രത്യക്ഷയായ പ്രേരണ എന്ന പെണ്‍കുട്ടിയിലൂടെ എഴുതപ്പെട്ട പുസ്തകം! ജോലിക്കായി മുംബെയിലെത്തി, ഓഹരി ബ്രോക്കിംഗ് ബിസിനസിന്റെ സാധ്യതകള്‍ തിരിച്ചറിഞ്ഞു, ആ മേഖലയില്‍ അനുഭവസമ്പത്തുള്ള സുധീറുമൊത്ത് ഫ്രാഞ്ചൈസി ബിസിനസിലൂടെ ആരംഭിച്ചു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി രൂപഭേദം വന്ന ജെ.എസ്. മിഡാസ് സ്റ്റോക്ക് ബ്രോക്കിംഗ് എന്ന തന്റെ ബിസിനസിനെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ വായിച്ചു ജീവന്‍ അത്ഭുതപ്പെടുന്നു. ഒന്നരക്കോടി മൂലധനമുള്ള, ആദ്യവര്‍ഷം തന്നെ ലാഭ പാതയിലെത്തിയ ജെ.എസ് മിഡാസ് സ്റ്റോക്ക് ബ്രോക്കിംഗ് കമ്പനി മൂലധനം ഉയര്‍ത്താനുള്ള ശ്രമത്തിലായിരുന്നു. അങ്ങനെയാണ് ഏയ്ഞ്ചല്‍ ഇന്‍വെസ്റ്റേഴ്സിലേക്കും അധികാരിയിലേക്കുമെത്തുന്നത്. അധികാരിയുടെ ബംഗ്ലാവില്‍ ജീവനും സുധീറുമൊത്ത് നടന്ന ചര്‍ച്ചയ്‌ക്കൊടുവില്‍ ജെ.എസ് മിഡാസ് സ്റ്റോക്ക് ബ്രോക്കിംഗ് കമ്പനിയില്‍ രണ്ടുകോടി നിക്ഷേപിക്കാമെന്ന് അധികാരി വാക്കു നല്‍കുകയും ചെയ്തു. നിക്ഷേപം മൂന്നരക്കോടിയായി ഉയര്‍ത്തണമെന്ന സുധീറിന്റെ അഭ്യര്‍ത്ഥന അധികാരി നിരാകരിച്ചെങ്കിലും ഒന്നരക്കോടിക്കായി വേറെ നിക്ഷേപകനെ കണ്ടെത്താന്‍ സമ്മതിച്ചു. ഒടുവില്‍ കോട്ടയത്ത് രജിസ്റ്റര്‍ ചെയ്ത 'സ്‌റ്റോണ്‍കോര്‍ട്ട് ട്രസ്റ്റ്'ഒന്നരക്കോടി നിക്ഷേപിക്കാന്‍ മുന്നോട്ടുവന്നു. പിന്നീട് ജെ.എസ് മിഡാസ് ബ്രോക്കിംഗ് കമ്പനിക്ക് വളര്‍ച്ചയുടെ നാളുകളായിരുന്നു. അതിനിടെയാണ് അനാമിക എന്ന ബിസിനസ് ജേണലിസ്റ്റ് ജെ.എസ് മിഡാസ് ബ്രോക്കിംഗ് കമ്പനിയെ കുറിച്ച് ലേഖനമെഴുതിയത്. പിന്നാലെ ഫ്രാഞ്ചൈസിയെ ക്ഷണിച്ചുള്ള പരസ്യവും പത്രങ്ങളില്‍ കണ്ടു...

(തുടര്‍ന്ന് വായിക്കുക)
അദ്ധ്യായം -16
വ്യക്തിഗത സേവനം
സേവന മേഖലയിലെ ഒരു കമ്പനിയുടെ പരമപ്രധാനമായ ആസ്തി ജീവനക്കാര്‍ തന്നെയാണ്. ഒരുപാട് വിദ്യാഭ്യാസ യോഗ്യതകളുമായി ഒരു കമ്പനിയില്‍നിന്നും മറ്റൊന്നിലേക്ക് ചാടിക്കൊണ്ടിരിക്കുന്ന ജീവനക്കാരെ ജെ.എസ് മിഡാസില്‍ നിയമിക്കാറില്ല. ക്ഷമയോടെ കാര്യങ്ങള്‍ കേള്‍ക്കാന്‍, മനസിലാക്കാന്‍ കഴിവുള്ളവരാകണം സേവനദാതാക്കളായ കമ്പനിയിലെ ജീവനക്കാര്‍ എന്നതായിരുന്നു ജീവന്റെ സിദ്ധാന്തം.
ശാഖകളിലെ ജീവനക്കാര്‍ മികച്ച സേവനം നല്‍കുന്നുണ്ടെന്ന് കൃത്യമായി നിരീക്ഷിക്കപ്പെട്ടുകൊണ്ടിരുന്ന സമയത്താണ് ഫ്രാഞ്ചൈസികളിലൂടെ വിപണനകേന്ദ്രങ്ങളുടെ എണ്ണം അന്‍പത് ആക്കാനുള്ള തീരുമാനം കമ്പനി കൈക്കൊള്ളുന്നത്. ഇത്തരത്തില്‍ ആരംഭിക്കുന്ന ഫ്രാഞ്ചൈസികളിലെ ജീവനക്കാരെ പൂര്‍ണമായും നിയന്ത്രിക്കാനോ അവരുടെ സേവനമേന്മ നിലനിര്‍ത്താനോ കമ്പനിക്കാവുമോ?
ഫ്രാഞ്ചൈസി മാതൃകയിലേക്ക് പോകാനുള്ള തീരുമാനം എടുക്കാനാണ് ആ ബോര്‍ഡ് മീറ്റിംഗ് വിളിച്ചത്. ജെ.എസ് മിഡാസ് എന്ന കമ്പനിയെ മാത്രമല്ല, ഡയറക്ടര്‍ എന്ന നിലയില്‍ ജീവന്‍ ജോര്‍ജിനെയും ഏതെങ്കിലും ഒരു പ്രത്യേക കള്ളിയില്‍ ഒതുക്കാനാവില്ല എന്ന് മറ്റു ബോര്‍ഡ് അംഗങ്ങള്‍ക്ക് ബോധ്യമായ മീറ്റിംഗ് !
സ്റ്റോണ്‍കോര്‍ട്ട് ട്രസ്റ്റിനെ പ്രതിനിധീകരിച്ച് മുംബെയില്‍ തന്നെയുള്ള മലയാളി റോജി അതിനകം ഡയറക്ടര്‍ ബോര്‍ഡില്‍ എത്തിയിരുന്നു. ജീവന്‍ ജോര്‍ജും സ്റ്റോണ്‍കോര്‍ട്ടിനെ പ്രതിനിധീകരിക്കുന്ന റോജിയും ഒഴികെയുള്ളവര്‍ ഫ്രാഞ്ചൈസി മാതൃകയിലേക്കു പോകേണ്ട എന്ന പക്ഷക്കാരായിരുന്നു. എന്തുകൊണ്ട് കേരളം മാത്രം ഫ്രാഞ്ചൈസി ബിസിനസിനായി തിരഞ്ഞെടുത്തു എന്നതായിരുന്നു ശ്യാം ജയകുമാറിനറിയേണ്ടിയിരുന്നത്. കേരളത്തില്‍ നിന്നുള്ള പ്രമുഖ ദല്ലാള്‍ കമ്പനികളുടെ വ്യാപാരത്തോത് നിരത്തി ജീവന്‍ ആ ചോദ്യത്തിന്റ മുനയൊടിച്ചു. കേരളത്തില്‍ ഓരോ മാസവും പുതുതായി ആരംഭിക്കുന്ന ട്രേഡിംഗ് അക്കൗണ്ടുകള്‍ സംസ്ഥാനത്തു ഈ ബിസിനസിനുള്ള സാധ്യതയാണ് കാണിക്കുന്നതെന്ന് സമര്‍ത്ഥിച്ചു.
എന്നിട്ടും തൃപ്തിയാകാത്തവരുടെ വിയോജനക്കുറിപ്പോടെ ഈ വിഷയത്തിന് ബോര്‍ഡ് അനുമതി നല്‍കി. സ്റ്റോണ്‍കോര്‍ട്ട് ട്രസ്റ്റിനെ പ്രതിനിധീകരിക്കുന്ന റോജിയെയും ജീവനെയും എതിര്‍ക്കാന്‍ ശക്തരായ ഡയറക്ടേഴ്‌സ് കമ്പനിക്കില്ല എന്നതായിരുന്നു സത്യം. സേവനത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് താല്‍പ്പര്യമില്ലെങ്കിലും സുധീര്‍ നിഷ്പക്ഷ നിലപാടെടുത്തു.
ഈയൊരു തീരുമാനം പുറത്തുവന്നതോടെ ജീവനക്കാര്‍ക്കിടയില്‍ തെല്ല് അങ്കലാപ്പുണ്ടായെങ്കിലും എന്തെങ്കിലും കാണാതെ മാനേജിംഗ് ഡയറക്ടര്‍ ഇത്തരത്തില്‍ ഒരു തീരുമാനം എടുക്കില്ല എന്നതായിരുന്നു അവരുടെ വിശ്വാസം. ആവേശത്തോടെയായിരുന്നു തുടക്കമെങ്കിലും ആദ്യ രണ്ടു മാസങ്ങളില്‍ തന്നെ ഫ്രാഞ്ചൈസികളുടെ നടത്തിപ്പില്‍ ചില കല്ലുകടികളുണ്ടായി. മാര്‍ജിന്‍ മണി നല്‍കാനാകാതെ ഫ്രാഞ്ചൈസി ഇടപാടുകാരുടെ ചില ഓഹരികള്‍, കമ്പനിക്ക് നിര്‍ബന്ധമായി വില്‍ക്കേണ്ടി വന്നു. ചില സാങ്കേതിക കാരണങ്ങളാല്‍ വ്യാപാരം ആരംഭിച്ചപ്പോള്‍ ഫ്രാഞ്ചൈസികള്‍ക്ക് കംപ്യൂട്ടര്‍ ടെര്‍മിനല്‍ നല്‍കാനാകാതെ പോയത് വലിയ പരാതിയായി.
കോലാഹലങ്ങളുയര്‍ന്നപ്പോള്‍ ഇതൊരു തലവേദനയാകുമെന്ന് തങ്ങള്‍ അപ്പോഴേ പറഞ്ഞിരുന്നില്ലേ എന്നായിരുന്നു ഫ്രാഞ്ചൈസിയെ എതിര്‍ത്ത ഡയറക്ടര്‍മാരുടെ പഴി. മാനേജിംഗ് ഡയറക്ടറുടെ മൗനം ഏവരെയും അമ്പരപ്പിച്ചു. മൂന്നുമാസത്തിനുള്ളില്‍ ഫ്രാഞ്ചൈസി നടത്തിപ്പുകാരില്‍ പകുതിപ്പേരും കമ്പനിയെ സമീപിച്ചു. ഇത്തരത്തില്‍ ഇതു മുന്നോട്ടുകൊണ്ടുപോകാനാകില്ലെന്നും ഫ്രാഞ്ചൈസിയില്‍നിന്നും പിഴ നല്‍കാതെ പിന്‍മാറാന്‍ അനുവദിക്കണമെന്നുമായിരുന്നു ആവശ്യം.
പെട്ടെന്നൊരു തീരുമാനം എടുക്കാനാവാത്തതിനാല്‍ ഡയറക്ടര്‍ ബോര്‍ഡിന്റെ അനുമതി വേണ്ടിവരും എന്നകാര്യം അപേക്ഷകരെ അറിയിച്ചശേഷമാണ് അടിയന്തരമായി വീണ്ടും ബോര്‍ഡ് മീറ്റിംഗ് വിളിക്കുന്നത്.
കടിച്ചു കീറാനുള്ള തയാറെടുപ്പുമായാണ് ഫ്രാഞ്ചൈസി നല്‍കുന്നതിനെ എതിര്‍ത്ത ഡയറക്ടേഴ്‌സ് എത്തിയത്. ജീവന്‍ ജോര്‍ജ് എന്നത്തെയുംപോലെ ശാന്തന്‍. കമ്പനിയെ സംബന്ധിച്ച് പരമപ്രധാനമായൊരു ബോര്‍ഡ് മീറ്റിംഗാണ് ഇതെന്നു പറഞ്ഞ് ആമുഖം.
'പ്രതീക്ഷിച്ചതുപോലെ ഭംഗിയായി ഫ്രാഞ്ചൈസികള്‍ മുന്നോട്ടുപോകുന്നില്ല. പതിനേഴ് ഫ്രാഞ്ചൈസികള്‍ അവരെക്കൊണ്ടിതു തുടരാനാവില്ല, പിഴ നല്‍കാതെ പൂട്ടാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി മുന്നോട്ടുവന്നിരിക്കുകയാണ്. ഇതൊരു അവസരമായാണ് കണക്കാക്കുന്നത്. ഇക്കൂട്ടരുമായി ഒരു ധാരണയിലെത്താന്‍ നമുക്ക് ശ്രമിക്കാം. അങ്ങനെയെങ്കില്‍ ഈ ഫ്രാഞ്ചൈസികള്‍ കമ്പനിയുടെ ശാഖകളായി മാറ്റാം. ഫ്രാഞ്ചൈസികള്‍ അനുവദിച്ചപ്പോള്‍ കമ്പനിക്ക് ശാഖകള്‍ തുടങ്ങാന്‍ ആഗ്രഹമുള്ളിടത്തു മാത്രമാണ് അനുവദിച്ചതെന്നത് ഏവരും ഓര്‍ക്കുമല്ലോ?'
ഒരു നിമിഷം നിര്‍ത്തിയിട്ട് ജീവന്‍ ഡയറക്ടേഴ്‌സിനെ നോക്കി.
ഇത്തരത്തിലൊരു സംഗതി പ്രതീക്ഷിച്ചായിരുന്നില്ല അവരാരും മീറ്റിംഗിനെത്തിയത്. പ്രശ്‌നങ്ങളെക്കുറിച്ച് വാചാലരാകാമെന്നല്ലാതെ പ്രശ്‌നപരിഹാരത്തെക്കുറിച്ച് എന്തെങ്കിലും പറയാന്‍ അവര്‍ തയാറെടുത്തിരുന്നില്ല. ജീവന്‍ ജോര്‍ജാകട്ടെ ഫ്രാഞ്ചൈസി അനുവദിച്ചപ്പോഴേ ഇത് മുന്നില്‍ കïിരുന്നുവെന്ന് വ്യക്തമാക്കി.
ജീവനില്‍ നിന്നും ഇത് കേട്ടതോടെ ഏവരും നിശബ്ദരായി.
'ആദ്യപടിയായി അന്‍പത് ഫ്രാഞ്ചൈസികളിലേക്കും കമ്പനിയില്‍നിന്നു കത്തയയ്ക്കണം. ആ കത്തില്‍, ഫ്രാഞ്ചൈസിയില്‍നിന്നും പിന്മാറാനുള്ള അപേക്ഷകള്‍ ചില ഫ്രാഞ്ചൈസികള്‍ നടത്തിയിരിക്കുന്നുവെന്നും അതിന്റെ പരിഗണന നടന്നുവരികയാണെന്നും അറിയിക്കാം. ഫ്രാഞ്ചൈസികള്‍ക്കായി കമ്പനിക്കും പണച്ചെലവ് വന്നിട്ടുള്ളതിനാല്‍ പിഴ ഈടാക്കാതെ ഇത്തരത്തില്‍ പിന്മാറാന്‍ അനുവദിക്കാനാവില്ലെന്നും എന്നാല്‍ ഇരുകൂട്ടരും ധാരണയിലെത്തിയാല്‍ ഈ ഫ്രാഞ്ചൈസികള്‍ ശാഖകളായി മാറ്റാന്‍ കമ്പനി സന്നദ്ധമാണെന്നും രേഖാമൂലം അറിയിക്കാം.'
(തുടരും)


പ്രേരണ; അധ്യായം-12

Manoj Thomas
Manoj Thomas  

Related Articles

Next Story

Videos

Share it