പ്രേരണ; അധ്യായം-14

ചില സൂചനകള്‍ അടങ്ങുന്ന ഒരു കത്തിനെ പിന്തുടര്‍ന്ന് ലണ്ടനില്‍ നിന്നും മുംബൈയില്‍ എത്തുന്ന ജീവന്‍ ജോര്‍ജ്. മുംബൈയിലെ തിരക്കേറിയ ട്രെയിന്‍ യാത്രയില്‍ കത്ത് നഷ്ടമാകുന്നെങ്കിലും ഓര്‍മ്മിച്ചെടുക്കുന്ന മേല്‍വിലാസത്തില്‍ കൃത്യമായി ലേഡീസ് ഹോസ്റ്റലില്‍ എത്തിച്ചേര്‍ന്ന ജീവന് നിമ്മിയെ കാണാനാവുന്നില്ല. തിരികെ ഹോട്ടലില്‍ എത്തുന്ന ജീവന് ഒരു പെന്‍ഡ്രൈവ് റിസെപ്ഷനിസ്റ്റില്‍ നിന്ന് ലഭിക്കുന്നെങ്കിലും അത് നല്‍കിയ ആളെ കാണാനാവാതെ പിറ്റേന്ന് ലണ്ടനിലേക്ക് മടങ്ങേണ്ടി വരുന്നു. തിരികെ ഫ്ളാറ്റിലെത്തി പെന്‍ഡ്രൈവിലെ ഫയല്‍ തുറക്കുന്ന ജീവന്‍ തന്നെക്കുറിച്ചെന്നോണം രചിക്കപ്പെട്ട ഒരു പുസ്തകത്തിന്റെ ആദ്യ താളുകള്‍ കാണുന്നു. മുംബൈയിലെ തന്റെ പേര്‍സണല്‍ അസിസ്റ്റന്റായി എത്തി പുസ്തക രചന എന്ന അധിക ദൗത്യം കൂടി ഏറ്റെടുത്തു, ഒടുവില്‍ അത് പൂര്‍ത്തിയാക്കുന്നതിനു മുന്‍പ് അപ്രത്യക്ഷയായ പ്രേരണ എന്ന പെണ്‍കുട്ടിയിലൂടെ എഴുതപ്പെട്ട പുസ്തകം! ജോലിക്കായി മുംബെയിലെത്തി, ഓഹരി ബ്രോക്കിംഗ്് ബിസിനസിന്റെ സാധ്യതകള്‍ തിരിച്ചറിഞ്ഞു, ആ മേഖലയില്‍ അനുഭവസമ്പത്തുള്ള സുധീറുമൊത്ത് ഫ്രാഞ്ചൈസി ബിസിനസിലൂടെ ആരംഭിച്ചു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി രൂപഭേദം വന്ന ജെ.എസ്. മിഡാസ് സ്റ്റോക്ക്് ബ്രോക്കിംഗ് എന്ന തന്റെ ബിസിനസിനെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ വായിച്ചു ജീവന്‍ അത്ഭുതപ്പെടുന്നു. ഒന്നരക്കോടി മൂലധനമുള്ള, ആദ്യവര്‍ഷം തന്നെ ലാഭ പാതയിലെത്തിയ ജെ.എസ് മിഡാസ് സ്റ്റോക്ക് ബ്രോക്കിംഗ് കമ്പനി മൂലധനം ഉയര്‍ത്താനുള്ള ശ്രമത്തിലായിരുന്നു. അങ്ങനെയാണ് ഏയ്ഞ്ചല്‍ ഇന്‍വെസ്റ്റേഴ്‌സിലേക്കും അധികാരിയിലേക്കുമെത്തുന്നത്. അധികാരിയുടെ ബംഗ്ലാവില്‍ ജീവനും സുധീറുമൊത്ത് നടന്ന ചര്‍ച്ചയ്ക്കൊടുവില്‍ ജെ.എസ് മിഡാസ് സ്റ്റോക്ക് ബ്രോ ക്കിംഗ് കമ്പനിയില്‍ രണ്ടുകോടി നിക്ഷേപിക്കാമെന്ന് അധികാരി വാക്കു നല്‍കുകയും ചെയ്തു. നിക്ഷേപം മൂന്നരക്കോടിയായി ഉയര്‍ത്തണമെന്ന സുധീറിന്റെ അഭ്യര്‍ത്ഥന അധികാരി നിരാകരിച്ചെങ്കിലും ഒന്നരക്കോടിക്കായി വേറെ നിക്ഷേപകനെ കണ്ടെത്താന്‍ സമ്മതിച്ചു. ഒടുവില്‍ കോട്ടയത്ത് രജിസ്റ്റര്‍ ചെയ്ത 'സ്റ്റോണ്‍കോര്‍ട്ട് ട്രസ്റ്റ്' ഒന്നരക്കോടി നിക്ഷേപിക്കാന്‍ മുന്നോട്ടുവന്നു. പിന്നീട് ജെ.എസ് മിഡാസ് ബ്രോക്കിംഗ് കമ്പനിക്ക് വളര്‍ച്ചയുടെ നാളുകളായിരുന്നു. അതിനിടെയാണ് അനാമിക എന്ന ബിസിനസ് ജേണലിസ്റ്റ് ജെ.എസ് മിഡാസ് ബ്രോക്കിംഗ് കമ്പനിയെ കുറിച്ച് ലേഖനമെഴുതിയത്. പിന്നാലെ ഫ്രാഞ്ചൈസിയെ ക്ഷണിച്ചുള്ള പരസ്യവും പത്രങ്ങളില്‍ കണ്ടു. പിന്നാലെ ഫ്രാഞ്ചൈസികള്‍ നല്‍കിയെങ്കിലും പലര്‍ക്കും അത് മുന്നോട്ടുകൊണ്ടുപോകാനായില്ല.

(തുടര്‍ന്ന് വായിക്കുക)

അധ്യായം -17
കണക്കുകൂട്ടലുകള്‍
''സമീപകാലത്തുണ്ടായ അനിഷ്ടസംഭവങ്ങള്‍ ചര്‍ച്ച ചെയ്യാനും മറ്റു ചില കാര്യങ്ങളില്‍ ഫ്രാഞ്ചൈസികളുമായി ധാരണയിലെത്താനും കമ്പനി ആഗ്രഹിക്കുന്നു. ആയതിലേക്ക് ഈ വരുന്ന വെള്ളിയാഴ്ച പത്ത് മണിക്ക് ഒരു മീറ്റിംഗ് കമ്പനിയുടെ കോര്‍പറേറ്റ് ഓഫീസില്‍വച്ച് നടത്തപ്പെടും. നേരിട്ട് പങ്കെടുക്കാനാകാത്തവര്‍ക്ക് നോമിനിയെ അധികാരപ്പെടുത്താനുള്ള സമ്മതപത്രം ഇതോടൊപ്പം ചേര്‍ത്തിരിക്കുന്നു.''
കമ്പനിയില്‍ നിന്ന് ഫ്രാഞ്ചൈസികളിലേക്കു പോയ കത്തിന്റ ചുരുക്കം ഇതായിരുന്നു. ഈ മീറ്റിംഗിനായി നടത്തിയ മുന്നൊരുക്കങ്ങള്‍ ആരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. തുടങ്ങി അവസാനിക്കും വരെയുള്ള ഓരോ മിനിട്ടും കൃത്യമായി ചിട്ടപ്പെടുത്തിയിരുന്നു.
കമ്പനിയില്‍ ആദ്യ മീറ്റിംഗിനായി എത്തുന്ന ഫ്രാഞ്ചൈസി ഉടമകളെ റോസ് പൂവ് നല്‍കി സ്വീകരിക്കുന്നതില്‍ തുടങ്ങി മീറ്റിംഗിനിടയില്‍ കാപ്പിക്കൊപ്പം നല്‍കേണ്ട ലഘുഭക്ഷണം, ഉച്ചയൂണിനു നല്‍കേണ്ട വിഭവങ്ങള്‍, മീറ്റിംഗിനൊടുവില്‍ പങ്കെടുത്തവര്‍ക്ക് നല്‍കേണ്ട കമ്പനിയുടെ പേര് ആലേഖനം ചെയ്ത ഉപഹാരം - ഇവയെല്ലാം എന്തായിരിക്കണമെന്നും എങ്ങനെയായിരിക്കണമെന്നും തീരുമാനിച്ചത് മാനേജിംഗ് ഡയറക്ടര്‍ തന്നെയാണ്.
ഇരുപത്തിയേഴ് പേരാണ് മീറ്റിംഗിനായി എത്തിയത്. ബാക്കിയുള്ളവര്‍ നോമിനികളായി മറ്റ് ഫ്രാഞ്ചൈസി ഉടമകളെ ചുമതലപ്പെടുത്തി. മാനേജിംഗ് ഡയറക്ടര്‍ക്കൊപ്പം, കമ്മിറ്റിയിലെ രണ്ടു ഡയറക്ടര്‍മാരും ഫ്രാഞ്ചൈസി ഉടമകളെ അഭിസംബോധന ചെയ്യാനെത്തിയിരുന്നു.
മീറ്റിംഗ് ഔദ്യോഗികമായി തുടങ്ങും മുന്‍പ് അത് അലങ്കോലമാക്കാനുള്ള ആദ്യ ലക്ഷണം കണ്ടു. കമ്പനി ഞങ്ങളോട് കാണിച്ച വഞ്ചനയ്ക്ക് നഷ്ടപരിഹാരം തന്നേ തീരൂ എന്നു പറഞ്ഞു തുടങ്ങിയത് ചേര്‍ത്തലയില്‍ നിന്നെത്തിയ മലയാളിയായ ഫ്രാഞ്ചൈസി ഉടമയായിരുന്നു.
മാനേജിംഗ് ഡയറക്ടര്‍ക്ക് അല്‍പ്പം ശബ്ദമുയര്‍ത്തേണ്ടി വന്നു. 'എല്ലാവര്‍ക്കും സംസാരിക്കാനുള്ള സമയം നല്‍കും. മീറ്റിംഗ് കൃത്യസമയത്ത് അവസാനിപ്പിക്കേണ്ടതിനാല്‍ അനുവദിച്ചിരിക്കുന്ന സമയത്തു മാത്രമേ സംസാരിക്കാനാവൂ.'
ശബ്ദത്തിന്റെ ദൃഢതയും ആധികാരികതയും കണ്ടിട്ടാവണം പിന്നീടാരും സംസാരിച്ചു കണ്ടില്ല.
കമ്പനിയെക്കുറിച്ച് ചുരുങ്ങിയ ചില വാക്കുകളില്‍ മാത്രമാണ് സംസാരിച്ചത്. തൊട്ടുപിന്നാലെ പവര്‍ പോയിന്റ് അവതരണം. കമ്പനി തുടങ്ങി നാളിതുവരെ പിന്നിട്ട വഴികള്‍, നാഴികക്കല്ലുകള്‍!. മനോഹരമായ പവര്‍ പോയിന്റ് പ്രസന്റേഷനിടയ്ക്ക് വിവിധ ചാനലുകളിലായി വന്ന കമ്പനിയുടെ പരസ്യങ്ങള്‍. ഏറ്റവും ഒടുവിലായി സ്‌ക്രീനില്‍ തെളിഞ്ഞുവന്നത് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ഒരു പത്രവാര്‍ത്തയുടെ സ്‌കാന്‍ ചെയ്ത പേജ്.
'ജെ.എസ് മിഡാസ് സ്റ്റോക്ക് ബ്രോക്കിംഗും കടല്‍ കടന്നേക്കും'- അനാമിക. മലയാളത്തിലെ പത്രവാര്‍ത്തയുടെ തലക്കെട്ട് ഇങ്ങനെയായിരുന്നു, സമാനമായിരുന്നു ഇംഗ്ലീഷ് പത്രത്തിന്റെ ശീര്‍ഷകവും. സമീപകാലത്ത് വിദേശ ധനസ്ഥാപനങ്ങളും, ബാങ്കുകളും, കൈവച്ച ഇന്ത്യന്‍ കമ്പനികളെക്കുറിച്ചും, അത്തരം ഓഹരികള്‍ക്കുണ്ടായ മുന്നേറ്റത്തെക്കുറിച്ചും. കൃത്യമായി പ്രതിപാദിക്കുന്ന ലേഖനം.
ഇനി വിദേശികളുടെ കണ്ണ് പതിയാന്‍ പോകുന്ന ഒരു മേഖല ഇന്ത്യന്‍ സ്റ്റോക്ക് ബ്രോക്കിംഗ് ബിസിനസ് ആണെന്നും, മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഷെയര്‍ ബ്രോക്കിംഗ് കമ്പനികളെ അവര്‍ നോട്ടമിട്ടു കഴിഞ്ഞുവെന്നും, അതിലൊന്ന് ജെ.എസ് മിഡാസ് സ്റ്റോക്ക് ബ്രോക്കിംഗ് ആണെന്നുള്ള സൂചനകളുണ്ടെന്നും പറഞ്ഞ് അവസാനിക്കുന്ന ലേഖനം.
അടങ്ങാത്ത അമര്‍ഷം ഉള്ളിലൊതുക്കിയാണ് ഏതാണ്ടെല്ലാവരും തന്നെ മീറ്റിംഗിനെത്തിയത്. നല്‍കപ്പെട്ട വി.ഐ.പി പരിഗണന, മികച്ച ഭക്ഷണം, വിദേശ ബാങ്കുകള്‍ പോലും കണ്ണുവയ്ക്കുന്നൊരു കമ്പനിയുടെ ഭാഗമാണ് തങ്ങളുമെന്ന തോന്നല്‍, പലരുടെയും ദേഷ്യം അല്‍പ്പമൊന്ന് ശമിച്ചത് ഇതുകൊണ്ടൊക്കെയായിരുന്നു.
കമ്മിറ്റിയിലെ മറ്റു രണ്ട് ഡയറക്ടേഴ്സിനെയും പരിചയപ്പെടുത്തി ജീവന്‍ തുടര്‍ന്നു:
'ചില സാങ്കേതിക തകരാറുകള്‍ കമ്പനിയുടെ ഭാഗത്തുനിന്നും ഉണ്ടായി എന്നതു ശരിതന്നെ. പക്ഷേ, ഭാവിയില്‍ അത് പരിഹരിച്ച് മുന്നേറാന്‍ സാധിക്കും എന്ന ആത്മവിശ്വാസം കമ്പനിക്കുണ്ട്. കമ്പനി ഈ ഫ്രാഞ്ചൈസികള്‍ ശാഖകളാക്കാന്‍ മുതിരുന്നതും അത് കൊണ്ടാണ്. നിങ്ങളുടെ മുന്നില്‍ ചില നിര്‍ദേശങ്ങള്‍ മുന്നോട്ടു വയ്ക്കുകയാണ്'.
ഒരു നിമിഷം നിര്‍ത്തി ഏവരെയും നോക്കി ജീവന്‍ തുടര്‍ന്നു. 'ശാഖയായി മാറ്റാന്‍ നിങ്ങള്‍ തല്‍പ്പരരാണെങ്കില്‍ പത്തു രൂപ പ്രീമിയത്തില്‍ ഒരാള്‍ക്ക് ഇരുപത് രൂപയുടെ അയ്യായിരം ഓഹരികളാണ് നിങ്ങളുടെ ജാമ്യ തുകയായ ഒരു ലക്ഷം രൂപയ്ക്കു ബദലായി ഇപ്പോള്‍ ലഭിക്കുക. നിങ്ങളുടെ ഫര്‍ണിച്ചറും കംപ്യൂട്ടറുകളും മറ്റും തേയ്മാനം കിഴിച്ചു കമ്പനി ഏറ്റെടുക്കും. ആര്‍ക്കെങ്കിലും ഈയൊരു ഇടപാടുമായി മുന്നോട്ടു പോകാന്‍ താല്‍പ്പര്യമില്ലെങ്കില്‍ പിന്മാറാം. നിങ്ങളുടെ ജാമ്യത്തുകയായ ഒരുലക്ഷം രൂപ പിഴയായി ഈടാക്കാന്‍ കമ്പനിക്ക് അധികാരമുണ്ടെങ്കിലും ഒരു മികച്ച നടപടി എന്ന നിലയ്ക്ക് എഴുപത്തി അയ്യായിരം രൂപ മാത്രമേ കമ്പനി നിങ്ങളില്‍നിന്ന് ഈടാക്കൂ'.
പറഞ്ഞു നിര്‍ത്തും മുമ്പ് മറുചോദ്യം ചേര്‍ത്തലക്കാരനില്‍ നിന്നും വന്നു.
'എന്നുവച്ചാല്‍ ഞങ്ങള്‍ക്ക് ഒന്നും ലഭിക്കില്ലെന്ന് സാരം. ലിസ്റ്റ് ചെയ്യാത്ത ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഓഹരികള്‍ പത്ത് രൂപ പ്രീമിയത്തില്‍ ലഭിച്ചാല്‍ അത് വില്‍ക്കാന്‍ ഞങ്ങളെന്തു ചെയ്യും'.
'പറഞ്ഞു തീര്‍ന്നില്ല'.
അല്‍പ്പം കടുപ്പിച്ചുതന്നെ ജീവന്‍ തുടര്‍ന്നു.
'ഇപ്പോള്‍ നിലവിലുള്ള ഫ്രാഞ്ചൈസി ഉടമകള്‍ മുഴുവന്‍ കമ്പനിയുടെ നേരിട്ടുള്ള ജീവനക്കാരായി മാറും. നിലവില്‍ മാനേജര്‍ തസ്തികയില്‍ കമ്പനി നല്‍കുന്ന വേതനവും പ്രകടനത്തിനനുസരിച്ചുള്ള ബോണസും അവര്‍ക്കു ലഭിക്കും. എന്നാല്‍, ഈയൊരു തസ്തികയിലല്ലാതെ മറ്റൊരു ജീവനക്കാരനെ കമ്പനി നേരിട്ടു നിയമിക്കില്ല. ആദ്യ വര്‍ഷത്തിന് ശേഷം കെട്ടിടത്തിന്റെ വാടക കരാര്‍ കമ്പനിയുടെ പേരിലേക്ക് മാറും, പിന്നീടുള്ള വാടക നല്‍കുന്നതും കമ്പനി ആയിരിക്കും.
അടുത്തത് കമ്പനി നിങ്ങളില്‍ നിന്ന് വാങ്ങുന്ന ഫര്‍ണിച്ചറിനുള്ള തുക. ഉടമ്പടിയില്‍ ഒപ്പുവയ്ക്കുന്നതോടെ ഡിസംബറിലെ തീയതിയില്‍ പോസ്റ്റ്ഡേറ്റഡ് ചെക്ക് ആയി കൈപ്പറ്റാവുന്നതാണ്. കമ്പനിയുടെ കണക്കില്‍ നിങ്ങള്‍ക്ക് നല്‍കാനുള്ള തുക ചെക്ക് നല്‍കുന്നതോടെ ക്രെഡിറ്റേഴ്സ് എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കും.
മൂന്നാമതായി ലിസ്റ്റ് ചെയ്യാത്ത ഓഹരികള്‍. ഈ ഓഹരികളുടെ അന്‍പത് ശതമാനം നിങ്ങളില്‍നിന്ന് ഈ ഏപ്രില്‍ മാസം തന്നെ അതേ വിലയിലും ബാക്കി ഇരുപത്തി രണ്ടു രൂപ നിരക്കില്‍ വര്‍ഷാവസാനവും തിരിച്ചുവാങ്ങാനുള്ള ഉടമ്പടിയില്‍ ഒപ്പുവയ്ക്കാനും, ഉറപ്പിലേക്ക് പോസ്റ്റ് ഡേറ്റഡ് ചെക്ക് നല്‍കാനും ഡയറക്ടര്‍മാര്‍ തയാറാണ്'.
പറഞ്ഞുതീരും മുന്‍പ് അടുത്ത ചോദ്യം വന്നു.'ഞങ്ങളില്‍നിന്നുള്ള ഫര്‍ണിച്ചര്‍ കമ്പനി ഏറ്റെടുക്കുമെന്നു പറഞ്ഞു. അതിനുള്ള തുക ലഭ്യമാവുക അടുത്ത വര്‍ഷം ഡിസംബറില്‍ മാത്രമെന്നും പറഞ്ഞു. ആ തുക കൂടി ഏപ്രില്‍ മാസം നല്‍കാന്‍ സാധിക്കുമോ എന്നാണറിയേണ്ടത്'.
ജീവന്‍ മറ്റു ഡയറക്ടേഴ്സിനെ നോക്കി. കണ്ടും കേട്ടും ഇരിക്കുന്നതല്ലാതെ ഒരക്ഷരം പോലും അവര്‍ ഉരിയാടുന്നില്ല.
ജീവന്‍ തന്നെ തുടര്‍ന്നു. 'കമ്പനിയുടെ കാഷ് ഫ്ളോ പരിശോധിച്ചതിനു ശേഷമാണ് ഈ ഓഫര്‍ നിങ്ങള്‍ക്കു നല്‍കിയത്. ആ തുക ഡിസംബറിനു മുന്‍പ് തരാന്‍ സാധിക്കില്ല. ഇന്നുവരെ ക്രെഡിറ്റേഴ്സിന് നല്‍കാനുള്ള തുകയില്‍ വീഴ്ച വരുത്തിയ പാരമ്പര്യം കമ്പനിക്കില്ല'.ചേര്‍ത്തലക്കാരന്‍ എഴുന്നേറ്റു.
'അങ്ങനെയെങ്കില്‍ ഈ മീറ്റിംഗ് റൂം അര മണിക്കൂര്‍ സമയം ഞങ്ങള്‍ക്കു മാത്രമായി വിട്ടുതരണം. ചില കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കാനുണ്ട്'. ജീവന്‍ ഡയറക്ടേഴ്സിനെ നോക്കി. അവര്‍ക്ക് അതിനു സമ്മതമെന്ന് മുഖം വിളിച്ചു പറയുന്നുണ്ടായിരുന്നു.
ഒന്നര മണിക്കൂറിനുശേഷമാണ് ഫ്രാഞ്ചൈസി ഉടമകളുടെ യോഗം കഴിഞ്ഞത്. കമ്പനിയുടെ മാനദണ്ഡങ്ങള്‍ അംഗീകരിച്ച കാര്യം ജീവന്‍ ജോര്‍ജിനെ അറിയിക്കാന്‍ അവരുടെ പ്രതിനിധിയായി എത്തിയത് ചേര്‍ത്തലക്കാരന്‍ ആയിരുന്നു.
ഇത്തരമൊരു തീരുമാനത്തില്‍ പൊടുന്നനെ എത്തിച്ചേരാന്‍ കാരണം എന്താണെന്ന് ജീവന്‍ സൗമ്യമായാണ് അയാളോട് ചോദിച്ചത്.
'ശാഖകളായി ഉയര്‍ത്താന്‍ സമ്മതമില്ലെങ്കില്‍ സെക്യൂരിറ്റി ഡെപ്പോസിറ്റിന്റെ നാലില്‍ ഒന്ന് മാത്രമേ തിരികെ കിട്ടൂ എന്നതും, ശാഖകളായി ഉയര്‍ത്തുമ്പോള്‍ നല്‍കുന്ന ഓഹരികള്‍ തിരിച്ചുവാങ്ങാന്‍ ഡയറക്ടേഴ്സ് തയ്യാറാണെന്നും ഉറപ്പിനായി പോസ്റ്റ് ഡേറ്റഡ് ചെക്ക് നല്‍കുമെന്നും പറഞ്ഞത് കൊണ്ട് രണ്ടാമതൊന്ന് ആലോചിക്കാനുണ്ടെന്ന് തോന്നിയില്ല.
ഫര്‍ണിച്ചറിനായി മുടക്കിയ തുകയും, മാനേജര്‍ക്ക് വേതനവും പ്രകടനത്തിന് അനുപാതികമായുള്ള ബോണസും നല്‍കുമെന്നതും ആകര്‍ഷകമായി തോന്നി. ചേര്‍ത്തലക്കാരന് കൈ കൊടുത്ത്, വീണ്ടും മീറ്റിംഗ് റൂമിലേക്ക്. ജീവനൊപ്പം മറ്റു രണ്ട് ഡയറക്ടര്‍മാരും.
ഫ്രാഞ്ചൈസികളുടെ നിര്‍ദേശപ്രകാരമുള്ള നടപടിക്രമങ്ങളുമായി കമ്പനി മുന്നോട്ടുപോകുമെന്നും, അറിയിപ്പ് അടുത്തയാഴ്ച തന്നെ ലഭിക്കുമെന്നും പറഞ്ഞ് മീറ്റിംഗ് അവസാനിച്ചു.
കമ്മിറ്റിയിലുള്ള മറ്റു രണ്ട് ഡയറക്ടര്‍മാരും എം.ഡിയുമായി സംസാരിക്കണമെന്ന നിര്‍ദേശം അപ്പോഴാണ് മുന്നോട്ടു വയ്ക്കുന്നത്.
'ഏതു ഡയറക്ടര്‍മാര്‍ ഈ ഓഹരികള്‍ തിരിച്ചു വാങ്ങുമെന്നാണ് നിങ്ങള്‍ അവരോട് പറഞ്ഞത്'. വേണുഗോപാല്‍ ക്ഷുഭിതനായിട്ടാണത് ചോദിച്ചത്. 'നിലവിലുള്ള ഓഹരികളുടെ അതേ അനുപാതത്തില്‍ ഡയറക്ടര്‍മാര്‍ക്ക് ഓഹരികള്‍ തിരികെ വാങ്ങാം. ആര്‍ക്കെങ്കിലും അതിന് താല്‍പ്പര്യമില്ലെങ്കില്‍ അവരുടെ വിഹിതം മറ്റുള്ളവര്‍ക്ക് വാങ്ങാം'.
സൗമ്യനായി മാത്രം സംസാരിക്കാറുള്ള ജീവന്‍ അല്‍പ്പം ക്ഷുഭിതനായി. 'ഞങ്ങള്‍ക്ക് അതിനു താല്‍പ്പര്യമില്ല. അധികാരിയോട് സംസാരിച്ചതിനുശേഷം തന്നെയാണ് ഞാനിതു പറയുന്നത്'. അതിനോടകം അവിടെ സംഭവിച്ച കാര്യങ്ങള്‍ മൊബൈലില്‍കൂടി അധികാരിയെ അയാള്‍ ധരിപ്പിച്ചു കഴിഞ്ഞിരുന്നു എന്ന് വ്യക്തമാക്കിയ വാക്കുകള്‍.
ജീവന്‍ സുധീറിനെ നോക്കി. അങ്ങനെയെങ്കില്‍ ആ വിഹിതം മറ്റു ഡയറക്ടര്‍മാര്‍ക്ക് വാങ്ങാനാവുമോ എന്നു ശ്രമിക്കാം.
'ശ്രമിച്ചാല്‍ പോരാ വാങ്ങേണ്ടി വരും'. വേണുഗോപാല്‍ എഴുന്നേറ്റു. ഒപ്പം ശ്യാം ജയകുമാറും. അവരുടെ എതിര്‍പ്പ് അവഗണിച്ച് ഫ്രാഞ്ചൈസി തുടങ്ങിയതിലുള്ള അമര്‍ഷം പെരുമാറ്റത്തില്‍ വ്യക്തമായിരുന്നു.
രണ്ടുപേരും പുറത്തുപോയപ്പോഴാണ് സുധീര്‍ അത് ചോദിച്ചത്. 'നമുക്കെങ്ങനെയാണ് ഇത്രയും തുക നല്‍കി ആ ഓഹരികള്‍ വാങ്ങാനാവുക? എന്തെങ്കിലും കണ്ടിട്ടാണ് പറഞ്ഞതെന്നറിയാം, എന്നാലും!'
'സുധീര്‍, ഇവിടെ പ്രധാനപ്പെട്ട കാര്യം ഈയൊരു പ്രശ്നം എങ്ങനെ പരിഹരിക്കാം എന്നതായിരുന്നു. വേണമെങ്കില്‍ നമുക്ക് ഒരുലക്ഷം രൂപ ഫ്രാഞ്ചൈസികളില്‍നിന്ന് പിഴ ഈടാക്കി നിയമനടപടികളുമായി മുന്നോട്ടു പോകാം. ഈയൊരു കാര്യത്തില്‍ ഒരുപക്ഷേ, നിയമപരമായി ജയിക്കാനും സാധിച്ചേക്കും. പക്ഷേ, മാധ്യമങ്ങളിലൂടെ കമ്പനിയുടെ സല്‍പ്പേരിനുണ്ടാകുന്ന കളങ്കം അത്ര പെട്ടെന്നൊന്നും മാഞ്ഞുപോകില്ല. നമ്മുടെ ഈ വാഗ്ദാനം ഇവര്‍ക്കു നിരസിക്കാനാവില്ലെന്ന് എനിക്ക് കൃത്യമായി അറിയാമായിരുന്നു'.
ജീവന്റെ ചുണ്ടിലൊരു ചിരി മിന്നിമറഞ്ഞു.
'സംഭവം അവര്‍ക്ക് മെച്ചംതന്നെ. പക്ഷേ, ഇതുകൊണ്ട് കമ്പനിക്കെന്തുമെച്ചം! ഈ ഓഹരികള്‍ വാങ്ങാന്‍ ഡയറക്ടേഴ്സിന്റെ പേഴ്സണല്‍ ചെക്ക് നല്‍കുമെന്നാണല്ലോ പറഞ്ഞിരിക്കുന്നത്. അതിനുള്ള പണം നമ്മള്‍ എവിടുന്നു കണ്ടെത്തും.' 'അവര്‍ക്ക് മെച്ചമെന്ന് തോന്നുന്നത് ശരിതന്നെ. കമ്പനിക്ക് അന്‍പത് ശാഖകള്‍ ആരംഭിക്കാന്‍ വേണ്ടിവരുമായിരുന്ന ക്ലേശങ്ങള്‍ അറിയാമല്ലോ. കെട്ടിടം കണ്ടെത്തുന്നത്, ഓഫീസ് സജ്ജീകരിക്കുന്നത്, ജീവനക്കാരെ നിയമിക്കുന്നത്, അങ്ങനെ എന്തെല്ലാം പ്രശ്നങ്ങള്‍! പക്ഷേ, ഇവിടെ ഇതെല്ലാം നമുക്ക് യാതൊരു തലവേദനയുമില്ലാതെ കഴിഞ്ഞു.
വളരെ പെട്ടെന്ന് അന്‍പത് ശാഖകളുടെ വര്‍ധന. പിന്നെ ഇവര്‍ക്കു നല്‍കേണ്ടുന്ന പണം കണ്ടെത്തുന്ന കാര്യം. കഴിഞ്ഞ വര്‍ഷത്തെ ലാഭം, ലാഭവിഹിതമായി പ്രഖ്യാപിക്കാതെ കമ്പനിയുടെ വിപുലീകരണത്തിനായി മാറ്റിവച്ചിരിക്കുകയാണല്ലോ. ഇതു തന്നെയാണ് കമ്പനിയുടെ വിപുലീകരണം.''
ചെറുപുഞ്ചിരിയോടെ ജീവന്‍ സുധീറിനെ നോക്കികൊണ്ടു തുടര്‍ന്നു. 'കമ്പനിയില്‍നിന്നും ഫ്രാഞ്ചൈസി ഉടമകള്‍ക്കായുള്ള അറിയിപ്പ് പോകും മുന്‍പ് ഇരുപത് ശതമാനം ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചിരിക്കും. അധികാരിക്ക് ഓഹരികള്‍ തിരികെ വാങ്ങാന്‍ താല്‍പ്പര്യമില്ലെങ്കില്‍ ഡിവിഡന്റ് പ്രഖ്യാപിക്കുകവഴി ഈ തുക കണ്ടെത്താന്‍ ബാക്കിയുള്ള ഡയറക്ടര്‍മാര്‍ക്ക് ബുദ്ധിമുട്ടുണ്ടാവില്ല'.
'ട്രസ്റ്റിന് ഈ ഓഹരികള്‍ വാങ്ങാന്‍ താല്‍പ്പര്യമുണ്ടാവുമോ?'
സുധീര്‍ സന്ദേഹം മറച്ചുവച്ചില്ല.
'അവരെ ബോധ്യപ്പെടുത്തുന്ന ജോലി എനിക്കു വിട്ടേയ്ക്കൂ'. മുന്നിലിരുന്ന റൈറ്റിംഗ് പാഡില്‍ ജീവന്‍ എന്തൊക്കെയോ കുത്തിക്കുറിച്ചു. ഒടുവില്‍ സുധീറിനോടായി പറഞ്ഞു. 'അവര്‍ സമ്മതിക്കുകതന്നെ ചെയ്യും! പക്ഷേ ഇവിടെ ഓഹരിയുടമകളുടെ എണ്ണം ഇതോടെ അന്‍പത് കഴിയും. കമ്പനി പബ്ലിക് ലിമിറ്റഡ് ആക്കിയേ പറ്റൂ'.
തിരക്കേറിയ ദിവസങ്ങള്‍!. ഇടക്കാല ലാഭവിഹിതം, കമ്പനിയില്‍നിന്നും ഫ്രാഞ്ചൈസികളിലേക്കുള്ള അറിയിപ്പ് ഇവയൊക്കെ തകൃതിയായി നടന്നു. ഒപ്പം ജെ.എസ് മിഡാസ് സ്റ്റോക്ക് ബ്രോക്കിംഗ് കമ്പനി ഒരു പബ്ലിക് ലിമിറ്റഡ് കമ്പനിയായി മാറുന്നതിനുള്ള നടപടിക്രമങ്ങളും.
തിരക്കുകള്‍ക്കൊടുവില്‍, മുംബൈ ആസ്ഥാനമായുള്ള മ്യൂച്വല്‍ ഫണ്ട് കമ്പനികളുടെ ചീഫ് എക്സിക്യൂട്ടീവുകളെ കാണാനായി പോകുമ്പോള്‍ ബിസിനസ് ആവശ്യത്തിലേക്കായി കുറച്ചധികം പണം ബാങ്കില്‍നിന്ന് പിന്‍വലിക്കേണ്ടിവന്നു.
ജെ.എസ് മിഡാസ് സ്റ്റോക്ക് ബ്രോക്കിംഗ് കമ്പനിയുടെ അക്കൊല്ലത്തെ വാര്‍ഷികകണക്കുകളില്‍ ദല്ലാള്‍ കമ്മീഷനിലുള്ള ഭീമമായ വര്‍ധനവ് കൊണ്ടുവന്നത് പുതിയതായി തുടങ്ങിയ അന്‍പത് ശാഖകളായിരുന്നില്ല. മറിച്ച്, പുതിയതായി ഇടപാട് ആരംഭിച്ച രണ്ടു മ്യൂച്വല്‍ ഫണ്ട് സ്ഥാപനങ്ങളായിരുന്നു. ചുരുങ്ങിയ മാസങ്ങളില്‍ അവ നടത്തിയ ഭീമമായ ഓഹരി വാങ്ങല്‍ വില്‍പ്പനകള്‍ തന്നെയായിരുന്നു ദല്ലാള്‍ കമ്മീഷന്‍ വര്‍ധനയുടെ പ്രധാന കാരണം.
മികച്ച ശാഖാ ശൃംഖലയുമായി, മോശമല്ലാത്ത ബിസിനസ് പ്രാതിനിധ്യവുമായി, തുടക്കം മുതല്‍ ലാഭകരമായി പ്രവര്‍ത്തിക്കുന്ന ഷെയര്‍ബ്രോക്കിംഗ് രംഗത്തെ പബ്ലിക് ലിമിറ്റഡ് കമ്പനി. അനാമിക പ്രവചിച്ചത് പോലെ ഈ രംഗത്തേയ്ക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്ന വിദേശസ്ഥാപനങ്ങള്‍ക്ക് ജെ.എസ് മിഡാസ് സ്റ്റോക്ക് ബ്രോക്കിംഗ് കമ്പനിയെ ഇനി കണ്ടില്ലെന്ന് നടിക്കാനാവില്ല.
അല്‍പ്പം നീണ്ട ആ അധ്യായം അവസാനിച്ചപ്പോഴാണത് തോന്നിയത്. നിഴല്‍പോല്‍ പിന്തുടര്‍ന്നൊരു പ്രൈവറ്റ് ഡിറ്റക്റ്റീവ് ആയിരുന്നോ അവള്‍. ബാങ്കില്‍ നിന്ന് തുക പിന്‍വലിച്ചത് പോലും എന്തിനായിരിക്കാമെന്നു അവള്‍ മനസിലാക്കിയിരിക്കുന്നു ! പക്ഷെ ആര്‍ക്കു വേണ്ടി അവളവിടെ വന്നു. കുമ്പിട്ടു ഒരേ ഇരുപ്പു ഇരുന്നതിനാലാവണം പിടലി വേദനിക്കുന്നു. അല്‍പ്പം ചാര്‍ജ് കയറിയിട്ടുണ്ട്. പ്ലഗ് പോയിന്റില്‍ നിന്നും വയര്‍ ഊരി ലാപ്‌ടോപ് മടിയില്‍ വച്ചു ചാഞ്ഞിരുന്നു.
തുടരും...

Related Articles
Next Story
Videos
Share it