പ്രേരണ; അധ്യായം-16

ചില സൂചനകള്‍ അടങ്ങുന്ന ഒരു കത്തിനെ പിന്തുടര്‍ന്ന് ലണ്ടനില്‍ നിന്നും മുംബൈയില്‍ എത്തുന്ന ജീവന്‍ ജോര്‍ജ്. മുംബൈയിലെ തിരക്കേറിയ ട്രെയിന്‍ യാത്രയില്‍ കത്ത് നഷ്ടമാകുന്നെങ്കിലും ഓര്‍മിച്ചെടുക്കുന്ന മേല്‍വിലാസത്തില്‍ കൃത്യമായി ലേഡീസ് ഹോസ്റ്റലില്‍ എത്തിച്ചേര്‍ന്ന ജീവന് നിമ്മിയെ കാണാനാവുന്നില്ല. തിരികെ ഹോട്ടലില്‍ എത്തുന്ന ജീവന് ഒരു പെന്‍ഡ്രൈവ് റിസെപ്ഷനിസ്റ്റില്‍ നിന്ന് ലഭിക്കുന്നെങ്കിലും അത് നല്‍കിയ ആളെ കാണാനാവാതെ പിറ്റേന്ന് ലണ്ടനിലേക്ക് മടങ്ങേണ്ടി വരുന്നു.

തിരികെ ഫ്‌ളാറ്റിലെത്തി പെന്‍ഡ്രൈവിലെ ഫയല്‍ തുറക്കുന്ന ജീവന്‍ തന്നെക്കുറിച്ചെന്നോണം രചിക്കപ്പെട്ട ഒരു പുസ്തകത്തിന്റെ ആദ്യ താളുകള്‍ കാണുന്നു. മുംബൈയിലെ തന്റെ പേഴ്‌സണല്‍ അസിസ്റ്റന്റായി എത്തി പുസ്തക രചന എന്ന അധിക ദൗത്യം കൂടി ഏറ്റെടുത്തു, ഒടുവില്‍ അത് പൂര്‍ത്തിയാക്കുന്നതിനു മുന്‍പ് അപ്രത്യക്ഷയായ പ്രേരണ എന്ന പെണ്‍കുട്ടിയിലൂടെ എഴുതപ്പെട്ട പുസ്തകം! ജോലിക്കായി മുംബൈയിലെത്തി, ഓഹരി ബ്രോക്കിംഗ് ബിസിനസിന്റെ സാധ്യതകള്‍ തിരിച്ചറിഞ്ഞു, ആ മേഖലയില്‍ അനുഭവസമ്പത്തുള്ള സുധീറുമൊത്ത് ഫ്രാഞ്ചൈസി ബിസിനസിലൂടെ ആരംഭിച്ചു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി രൂപഭേദം വന്ന ജെ.എസ് മിഡാസ് സ്റ്റോക്ക് ബ്രോക്കിംഗ് എന്ന തന്റെ ബിസിനസിനെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ വായിച്ചു ജീവന്‍ അത്ഭുതപ്പെടുന്നു.

ഒന്നരക്കോടി മൂലധനമുള്ള, ആദ്യവര്‍ഷം തന്നെ ലാഭ പാതയിലെത്തിയ ജെ.എസ് മിഡാസ് സ്റ്റോക്ക് ബ്രോക്കിംഗ് കമ്പനി മൂലധനം ഉയര്‍ത്താനുള്ള ശ്രമത്തിലായിരുന്നു. അങ്ങനെയാണ് ഏയ്ഞ്ചല്‍ ഇന്‍വെസ്റ്റേഴ്സിലേക്കും അധികാരിയിലേക്കുമെത്തുന്നത്. അധികാരിയുടെ ബംഗ്ലാവില്‍ ജീവനും സുധീറുമൊത്തുള്ള ചര്‍ച്ചയ്‌ക്കൊടുവില്‍ ജെ.എസ് മിഡാസ് സ്റ്റോക്ക് ബ്രോക്കിംഗ് കമ്പനിയില്‍ രണ്ടുകോടി നിക്ഷേപിക്കാമെന്ന് അധികാരി വാക്ക് നല്‍കുകയും ചെയ്തു. നിക്ഷേപം മൂന്നരക്കോടിയായി ഉയര്‍ത്തണമെന്ന സുധീറിന്റെ അഭ്യര്‍ത്ഥന നിരാകരിച്ചെങ്കിലും ഒന്നരക്കോടിക്കായി വേറെ നിക്ഷേപകനെ കണ്ടെത്താന്‍ അധികാരി സമ്മതിച്ചു. ഒടുവില്‍ കോട്ടയത്ത് രജിസ്റ്റര്‍ ചെയ്ത 'സ്‌റ്റോണ്‍ കോര്‍ട്ട് ട്രസ്റ്റ്' ഒന്നരക്കോടി നിക്ഷേപിക്കാന്‍ മുന്നോട്ടുവന്നു. പിന്നാലെ അനാമിക എന്ന ബിസിനസ് ജേണലിസ്റ്റിന്റെ പേരില്‍ ജെ.എസ് മിഡാസ് സ്റ്റോക്ക് ബ്രോക്കിംഗ് കമ്പനിയെ കുറിച്ച് ലേഖനവും പ്രത്യക്ഷപ്പെട്ടു. കമ്പനി പലര്‍ക്കും ഫ്രാഞ്ചൈസി നല്‍കിയെങ്കിലും മുന്നോട്ടുകൊണ്ടുപോകാനായില്ല. തുടര്‍ന്ന് നടന്ന മീറ്റിംഗില്‍ ഫ്രാഞ്ചൈസികള്‍ ശാഖകളായി ഉയര്‍ത്താനുള്ള തീരുമാനമായി. ദുബായ് സന്ദര്‍ശനത്തിനിടെയാണ് ജെബീബ് ബാങ്ക് അധികൃതരുമായി ജീവന്‍ കൂടിക്കാഴ്ച നടത്തിയത്. ജെ.എസ് മിഡാസ് സ്റ്റോക്ക് ബ്രോക്കിംഗ് കമ്പനിയുടെ 74 ശതമാനം ഓഹരി ഏറ്റെടുക്കാന്‍ ബാങ്ക് താല്‍പ്പര്യം കാണിക്കുകയും ചെയ്തു.

(തുടര്‍ന്ന് വായിക്കുക)
അദ്ധ്യായം -19
വിജയത്തിന്റെ പടവുകള്‍
'ഇന്ത്യയില്‍ നിന്ന് മറ്റൊരു സ്റ്റോക്ക് ബ്രോക്കിംഗ് കമ്പനികൂടി വിദേശത്തേക്ക്' ജെബീബ് ബാങ്ക്, ജെ.എസ് മിഡാസ് സ്റ്റോക്ക് ബ്രോക്കിംഗ് കമ്പനിയുടെ ഓഹരികള്‍ വാങ്ങാന്‍ കരാര്‍ ഒപ്പിട്ട ദിവസത്തെ പ്രമുഖ പത്രങ്ങളിലെ വാര്‍ത്ത ഇത്തരത്തിലായിരുന്നു.
അന്നത്തെ ബോര്‍ഡ് മീറ്റിംഗിനൊടുവില്‍ പത്രക്കാര്‍ക്കും ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കുമായി ഒരു ഡിന്നര്‍ ടാജിലൊരുക്കിയിരുന്നു. ജീവന്‍ ജോര്‍ജിനൊപ്പം ബാങ്കിന്റെ മാനേജിംഗ് ഡയറക്ടര്‍ ശങ്കരരാമനും പത്രക്കാരുടെ ചോദ്യങ്ങള്‍ക്കു ഉത്തരം നല്‍കി.
ഇന്ത്യയിലെ മികച്ച കമ്പനികള്‍ സ്വന്തമാക്കുവാന്‍ വിദേശ കമ്പനികള്‍ മത്സരിക്കുകയാണെന്നും താമസിയാതെ നമ്മുടെ മണ്ണില്‍ പിറന്ന പല കമ്പനികളും വിദേശ കുത്തകകള്‍ സ്വന്തമാക്കിയേക്കുമെന്നുമുള്ള വാര്‍ത്തകള്‍ പിറ്റേന്നാളത്തെ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നു.
നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നൊരു സ്റ്റോക്ക് ബ്രോക്കിംഗ് കമ്പനി സ്വന്തമാക്കിയതിലൂടെ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ ആഗ്രഹിച്ച വിദേശ ബാങ്കിന് ഒറ്റയടിക്ക് കിട്ടിയത് നിലവില്‍ നാട്ടുകാര്‍ക്ക് പരിചിതമായൊരു ബ്രാന്‍ഡും, ഇടപാടുകാരും, ഈ മേഖലയില്‍ പരിചയസമ്പന്നരായ ജീവനക്കാരും, ഒപ്പം കമ്പനിയുടെ ശാഖാ ശൃഖലയും. കിടയറ്റ മത്സരം നിലനില്‍ക്കുന്ന ദല്ലാള്‍ രംഗത്ത് മൂലധനമില്ലാതെ ഇനി ഒരടി പോലും മുന്നോട്ട് പോകാന്‍ കഴിയാതിരുന്ന ജെ.എസ് സ്റ്റോക്ക് ബ്രോക്കിംഗ് കമ്പനിക്ക് ലഭ്യമായത് ശക്തമായ മൂലധന അടിത്തറയുള്ള ഒരു ബാങ്കിന്റെ പിന്‍ബലം.
ഇരുകൂട്ടര്‍ക്കും വിജയം എന്നാണ് ഈ ഏറ്റെടുക്കലിനെ പ്രമുഖ ഇംഗ്ലീഷ് ദിനപത്രം വിശേഷിപ്പിച്ചത്.
ജെ.എസ് സ്റ്റോക്ക് ബ്രോക്കിംഗ് കമ്പനിയുടെ എഴുപത്തി നാല് ശതമാനം ഓഹരികള്‍ നാല്‍പതു രൂപാ പ്രീമിയത്തില്‍ ബാങ്ക് സ്വന്തമാക്കി. കമ്പനിയുടെ പേര് ജെബീബ് സ്റ്റോക്ക് ബ്രോക്കിംഗ് സൊല്യൂഷന്‍സ് എന്നായി മാറിയതിനൊപ്പം കമ്പനിയുടെ ലോഗോ, കളര്‍ പാറ്റേണ്‍ ഇവയ്ക്കെല്ലാം മാറ്റം!
തങ്ങള്‍ക്കുണ്ടായ നേട്ടങ്ങളില്‍ ആനന്ദിക്കുന്നതിന് പകരം അപരന്റെ സൗഭാഗ്യങ്ങളില്‍ ദുഃഖിക്കുക എന്നത് മനുഷ്യസഹജം. ഈയൊരു ഇടപാടില്‍ അധികാരിക്കുണ്ടായതും അത്തരമൊരു വികാരമാണ്. വച്ചുനീട്ടിയിട്ടും വാങ്ങാതെ പോയ ജെ.എസ് സ്റ്റോക്ക് ബ്രോക്കിംഗ് കമ്പനിയുടെ ഓഹരികള്‍. കാലാവധിക്കായി കാത്തുനില്‍ക്കാതെ ഫ്രാഞ്ചൈസി ഉടമകളില്‍നിന്നും മറ്റു ഡയറക്ടര്‍മാരുടെ വിഹിതംകൂടി വാങ്ങി നേട്ടം മുഴുവന്‍ സ്വന്തമാക്കിയത് സ്റ്റോണ്‍കോര്‍ട്ട് ട്രസ്റ്റ്.
സ്റ്റോണ്‍കോര്‍ട്ട് ട്രസ്റ്റ് മുഴുവന്‍ ഓഹരികളും കൈമാറാന്‍ സന്നദ്ധമാണെന്ന് അറിയിച്ചതിനാല്‍ ജീവന്‍ ബാക്കി ഓഹരികള്‍ മാത്രമാണ് ബാങ്കിന് വിറ്റത്.
മുഴുവന്‍ ഓഹരികളും ട്രസ്റ്റ് കൈമാറിയതിനാല്‍ ജീവന്റെ കൈവശം ഇനിയും ഏതാണ്ട് അറുപതു ശതമാനം ഓഹരികള്‍ ബാക്കി.
പതിനഞ്ചു ലക്ഷം രൂപയും ചങ്കൂറ്റവും ഇച്ഛാശക്തിയും മാത്രം കൈമുതലാക്കി ബിസിനസ് ആരംഭിച്ച ജീവന്‍. ശക്തമായ മത്സരം നിലനിന്നിരുന്ന വിപണിയില്‍ പരിചയ സമ്പത്തിന്റെയോ, ശക്തമായ മൂലധന അടിത്തറയുടെയോ പിന്‍ബലമില്ലാതെ ഇറങ്ങിയ ജീവന് കുറഞ്ഞ വര്‍ഷങ്ങള്‍ കൊണ്ടുണ്ടായ നേട്ടം കണ്ണഞ്ചിപ്പിക്കുന്നതായിരുന്നു.
ഇംഗ്ലീഷ് ദിനപത്രം പ്രവചിച്ചതുപോലെ ഈയൊരു ഓഹരി വാങ്ങലില്‍ ഇരുകമ്പനികളും കൂടിച്ചേരുമ്പോഴുള്ള ആര്‍ജ്ജിതശക്തിയില്‍ കമ്പനി വീണ്ടും ഉയരങ്ങള്‍ താണ്ടിയാല്‍, കാലക്രമേണ ഇതൊരു ബാങ്കായി തന്നെ പരിണമിച്ചാല്‍ ജീവന്റെ കൈവശം ബാക്കിയായ ഓഹരികള്‍ ഇപ്പോള്‍ ലഭിച്ചതിനേക്കാള്‍ എത്രയോ ഉയര്‍ന്ന തുകയ്ക്ക് വിപണിയില്‍ വില്‍ക്കാനാവും!
ജോലിയില്‍ പുലര്‍ത്തുന്ന ആത്മാര്‍ത്ഥത, എത്ര കഠിനാധ്വാനം ചെയ്യാനും മടിയില്ലാത്ത പ്രകൃതം, കൃത്യമായ തീരുമാനങ്ങള്‍ കൃത്യസമയത്തെടുക്കാനുള്ള വേഗം, ഇടപെടുന്ന ആളുകളുടെ മനസ് പൊടുന്നനെ വായിച്ചെടുക്കാനുള്ള കഴിവ്, എത്രയൊക്കെ പ്രതിസന്ധികള്‍ ഉണ്ടായാലും ലക്ഷ്യത്തില്‍നിന്ന് പിന്മാറാതിരിക്കാനുള്ള മന:സ്ഥൈര്യം, ടെക്നോളജിയുടെ കാര്യത്തിലായാലും മറ്റെന്തിന്റെ കാര്യത്തിലായാലും മാറുന്ന സാഹചര്യങ്ങള്‍ക്കൊപ്പം മാറാനുള്ള ചടുലത - ചുരുങ്ങിയ വാക്കുകളില്‍ സംഗ്രഹിച്ചാല്‍ പുതുതലമുറ സംരംഭകര്‍ക്ക് ജീവന്‍ ജോര്‍ജിന്റെ ബിസിനസ് വിജയം നല്‍കുന്ന പാഠങ്ങള്‍ ഇവയാണ്.
ജെ.എസ് പ്രോപ്പര്‍ട്ടീസ് എന്ന പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഓഹരിയുടമകള്‍ ജീവനും സുധീറും.
മൂന്നാറില്‍ തോട്ടം വാങ്ങാന്‍ വലിയ തുക നല്‍കുമ്പോള്‍ പതിനാറാം നൂറ്റാണ്ടിലെ പ്രശസ്ത തത്വജ്ഞാനിയും കര്‍ഷകകവിയുമായിരുന്ന ഖാഗിന്റെ വരികളാണ് ജീവന്‍ കൂട്ടുപിടിച്ചത്.
'ഉന്നത് ഖേത്തി മധ്യം ബാനാ നിഷിധ് ചാബരി ഫീക്ക് നിദാനാ'
ഏറ്റവും മികച്ചത് കാര്‍ഷിക വൃത്തി, ബിസിനസ് എന്നത് രണ്ടാമത്തേത്, അതിനും താഴെയാണ് ജോലിക്കാരന്റെ സ്ഥാനം - പിച്ചയെടുത്ത് ജീവിക്കുന്നവന് തൊട്ടു മുന്നിലായി.
ജീവന്‍ ജോര്‍ജിന്റെ ജീവിതം ഏതാണ്ട് ഇങ്ങനെതന്നെ ആയിരുന്നു. പിച്ചയെടുക്കേണ്ടി വരുന്ന അവസ്ഥയുടെ വക്കില്‍നിന്നാണ് മുംബൈയില്‍ ജോലിക്കായി എത്തുന്നത്. ഒരു പതിറ്റാണ്ടിലേറെയുള്ള ജോലിക്കൊടുവില്‍ കുറഞ്ഞനാളുകളിലെ ബിസിനസ് ജീവിതം. ഇനി കാര്‍ഷികവൃത്തിയിലേക്ക്!
കഠിന പ്രയത്നവും സ്ഥിരോത്സാഹവും കൈമുതലാക്കിയ ഒരു ബിസിനസ് സംരംഭകന്‍ താന്‍ വിജയിപ്പിച്ചെടുത്ത സംരംഭത്തില്‍നിന്നും പൂര്‍ണമായല്ലെങ്കിലും പിന്മാറുകയാണ്. ജെ.എസ് പ്രോപ്പര്‍ട്ടീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ നാമധേയത്തില്‍ കാര്‍ഷികവൃത്തിയിലൂടെ അദ്ദേഹത്തിന്റെ വിജയഗാഥ ഒരുപക്ഷേ, ആവര്‍ത്തിക്കപ്പെട്ടേക്കാം
താഴേക്ക് ക്ലിക്ക് ചെയ്തു. ഒന്നുമില്ല. അവസാന അദ്ധ്യായവും തീര്‍ന്നു. മൊബൈലില്‍ സമയം നോക്കി പന്ത്രണ്ടാകാന്‍ മിനുട്ടുകള്‍ ബാക്കി. കാലത്തു ഏഴരയോടെ ആന്‍സിയെത്തും.
ഇവിടെയും പിടിതരാതെ കാര്യങ്ങള്‍ അവസാനിക്കുകയാണ്. ഓഹരി വിറ്റു പണം ലഭിക്കുന്നതിന് മുന്‍പ് മൂന്നാറില്‍ തോട്ടം വാങ്ങാന്‍ കരാര്‍ ഒപ്പിട്ടിരുന്നു. അതിനായി ജെ.എസ് പ്രോപ്പര്‍ട്ടീസ് എന്ന കമ്പനി ആരംഭിച്ചതും സുധീര്‍ അതില്‍ പങ്കാളി ആണെന്നും വരെയുള്ള കാര്യങ്ങളാണ് പ്രേരണക്കറിയാവുന്നത്.
തുടക്കം മുതലുള്ള എഴുത്തിന്റെ ശൈലിയില്‍ നിന്ന് ഒട്ടേറെ മാറിയ അവസാന അധ്യായങ്ങള്‍. നല്ല ഒഴുക്കോടെ, അടുക്കും ചിട്ടയോടും കൂടി എഴുതി വന്നവളുടെ ശൈലി എന്ത് കൊണ്ടാവും പൊടുന്നനെ മാറിയത്. എന്തിനോടും ഏതിനോടും പുലര്‍ത്തുന്ന നൂറ്റൊന്നു ശതമാനം ആത്മാര്‍ത്ഥതയാണ് പ്രേരണയുടെ ശരിക്കുമുള്ള പ്ലസ് പോയിന്റ്. അവളുടെ തിരോധാനം പോലെ തന്നെ സംശയമുണര്‍ത്തുന്ന അവസാന അദ്ധ്യായങ്ങള്‍! തനിക്കറിയാവുന്ന പ്രേരണ ഇങ്ങനെയാവില്ല ഈ പുസ്തകം അവസാനിപ്പിച്ചിരിക്കുക.
ജെബീബ് ബാങ്കില്‍നിന്നും തുക അക്കൗണ്ടില്‍ വരവുവയ്ക്കപ്പെട്ടതിന്റെ ഏഴാം നാളാണ് അവള്‍ അപ്രത്യക്ഷയായത്. കാത്തിരുന്നു പ്രതീക്ഷ നശിച്ച നാളുകളുടെ ഒടുവില്‍ കോട്ടയത്ത് കുടയംപടിയില്‍ ചെന്നു. പ്രേരണ എന്ന പേരു ചോദിച്ചപ്പോള്‍ ആദ്യ രണ്ടുപേരില്‍നിന്നും കേട്ടിട്ടില്ല എന്നായിരുന്നു ഉത്തരം. അങ്ങനെയൊരാള്‍ ഇന്നാട്ടിലുണ്ടെങ്കില്‍ വിജയകുമാറിന്റെ ചായക്കടയില്‍ തിരക്കിയാലറിയാം എന്ന മൂന്നാമന്റെ മറുപടിയില്‍ പ്രതീക്ഷയോടെയാണ് അവിടെ എത്തിയത്. പോക്കറ്റില്‍ കിടന്ന ഫോട്ടോ കാണിച്ചപ്പോള്‍ ഇങ്ങനെയൊരു പെണ്‍കുട്ടി കുടയംപടിയില്‍ ഇല്ലെന്നു അയാള്‍ തീര്‍ത്തു പറഞ്ഞു. ഒരിക്കലും അവളെ മറക്കാന്‍ പറ്റില്ലെങ്കിലും, ലണ്ടനിലെത്തി ജീവിതം മറ്റൊരുതരത്തില്‍ പ്രയാണം ആരംഭിച്ചു കഴിഞ്ഞിരുന്നു. ഇപ്പോഴിതാ വീണ്ടും ഒരു പ്രഹേളിക പോലെ!
ഫ്ളൈറ്റില്‍ വല്ലാതെ ചെരിഞ്ഞിരുന്ന് ഉറങ്ങിയതിനാലാവണം കഴുത്തും തലയും വേദനിക്കുന്നു. കണ്ണുകള്‍ അടച്ച് കട്ടിലിലേക്ക് ചാഞ്ഞു.

പ്രേരണ; അധ്യായം-15

Related Articles
Next Story
Videos
Share it