പ്രേരണ; അധ്യായം 15

ചില സൂചനകള്‍ അടങ്ങുന്ന ഒരു കത്തിനെ പിന്തുടര്‍ന്ന് ലണ്ടനില്‍ നിന്നും മുംബൈയില്‍ എത്തുന്ന ജീവന്‍ ജോര്‍ജ്. മുംബൈയിലെ തിരക്കേറിയ ട്രെയിന്‍ യാത്രയില്‍ കത്ത് നഷ്ടമാകുന്നെങ്കിലും ഓര്‍മ്മിച്ചെടുക്കുന്ന മേല്‍വിലാസത്തില്‍ കൃത്യമായി ലേഡീസ് ഹോസ്റ്റലില്‍ എത്തിച്ചേര്‍ന്ന ജീവന് നിമ്മിയെ കാണാനാവുന്നില്ല. തിരികെ ഹോട്ടലില്‍ എത്തുന്ന ജീവന് ഒരു പെന്‍ഡ്രൈവ് റിസെപ്ഷനിസ്റ്റില്‍ നിന്ന് ലഭിക്കുന്നെങ്കിലും അത് നല്‍കിയ ആളെ കാണാനാവാതെ പിറ്റേന്ന് ലണ്ടനിലേക്ക് മടങ്ങേണ്ടി വരുന്നു.

തിരികെ ഫ്ളാറ്റിലെത്തി പെന്‍ഡ്രൈവിലെ ഫയല്‍ തുറക്കുന്ന ജീവന്‍ തന്നെക്കുറിച്ചെന്നോണം രചിക്കപ്പെട്ട ഒരു പുസ്തകത്തിന്റെ ആദ്യ താളുകള്‍ കാണുന്നു. മുംബൈയിലെ തന്റെ പേഴ്സണല്‍ അസിസ്റ്റന്റായി എത്തി പുസ്തക രചന എന്ന അധിക ദൗത്യം കൂടി ഏറ്റെടുത്തു, ഒടുവില്‍ അത് പൂര്‍ത്തിയാക്കുന്നതിനു മുന്‍പ് അപ്രത്യക്ഷയായ പ്രേരണ എന്ന പെണ്‍കുട്ടിയിലൂടെ എഴുതപ്പെട്ട പുസ്തകം!

ജോലിക്കായി മുംബൈയിലെത്തി, ഓഹരി ബ്രോക്കിംഗ് ബിസിനസിന്റെ സാധ്യതകള്‍ തിരിച്ചറിഞ്ഞു, ആ മേഖലയില്‍ അനുഭവസമ്പത്തുള്ള സുധീറുമൊത്ത് ഫ്രാഞ്ചൈസി ബിസിനസിലൂടെ ആരംഭിച്ചു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി രൂപഭേദം വന്ന ജെ.എസ് മിഡാസ് സ്റ്റോക്ക് ബ്രോക്കിംഗ് എന്ന തന്റെ ബിസിനസിനെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ വായിച്ചു ജീവന്‍ അത്ഭുതപ്പെടുന്നു. ഒന്നരക്കോടി മൂലധനമുള്ള, ആദ്യവര്‍ഷം തന്നെ ലാഭ പാതയിലെത്തിയ ജെ.എസ് മിഡാസ് സ്റ്റോക്ക് ബ്രോക്കിംഗ് കമ്പനി മൂലധനം ഉയര്‍ത്താനുള്ള ശ്രമത്തിലായിരുന്നു. അങ്ങനെയണ് ഏയ്ഞ്ചല്‍ ഇന്‍വെസ്റ്റേഴ്‌സിലേക്കും അധികാരിയിലേക്കുമെത്തുന്നത്.
അധികാരിയുടെ ബംഗ്ലാവില്‍ ജീവനും സുധീറുമൊത്തുള്ള ചര്‍ച്ചയ്ക്കൊടുവില്‍ ജെ.എസ് മിഡാസ് സ്റ്റോക്ക് ബ്രോക്കിംഗ് കമ്പനിയില്‍ രണ്ടുകോടി നിക്ഷേപിക്കാമെന്ന് അധികാരി വാക്ക് നല്‍കുകയും ചെയ്തു. നിക്ഷേപം മൂന്നരക്കോടിയായി ഉയര്‍ത്തണമെന്ന സുധീറിന്റെ അഭ്യര്‍ത്ഥന നിരാകരിച്ചെങ്കിലും ഒന്നരക്കോടിക്കായി വേറെ നിക്ഷേപകനെ കണ്ടെത്താന്‍ അധികാരി സമ്മതിച്ചു. ഒടുവില്‍ കോട്ടയത്ത് രജിസ്റ്റര്‍ ചെയ്ത 'സ്റ്റോണ്‍ കോര്‍ട്ട് ട്രസ്റ്റ്' ഒന്നരക്കോടി നിക്ഷേപിക്കാന്‍ മുന്നോട്ടുവന്നു. പിന്നാലെ അനാമിക എന്ന ബിസിനസ് ജേണലിസ്റ്റിന്റെ പേരില്‍ ജെ.എസ് മിഡാസ് സ്റ്റോക്ക് ബ്രോക്കിംഗ് കമ്പനിയെ കുറിച്ച് ലേഖനവും പ്രത്യക്ഷപ്പെട്ടു. കമ്പനി പലര്‍ക്കും ഫ്രാഞ്ചൈസി നല്‍കിയെങ്കിലും മുന്നോട്ടുകൊണ്ടുപോകാനായില്ല. തുടര്‍ന്ന് നടന്ന മീറ്റിംഗില്‍ ഫ്രാഞ്ചൈസികള്‍ ശാഖകളായി ഉയര്‍ത്താനുള്ള തീരുമാനമായി.
(തുടര്‍ന്ന് വായിക്കുക)
അധ്യായം -18
ദുബായ്
എണ്‍പതുകളിലും തൊണ്ണൂറുകളിലും ചെറുപ്പക്കാരുടെ സ്വപ്നമായിരുന്ന മണലാരണ്യം. ഉന്നത വിദ്യാഭ്യാസമുള്ളവരും ഇല്ലാത്തവരും ദുബായ് വിസ സ്വപ്നം കണ്ടു. എത്രയോ ചെറുപ്പക്കാര്‍ അന്നാളുകളില്‍ അങ്ങോട്ടേക്ക് പറന്നു. ഭൂരിഭാഗവും പച്ച പിടിച്ചു. ചിലര്‍ക്ക് അവര്‍ നിനച്ചതിനുമപ്പുറം സമ്പത്തുണ്ടായി. ഉയര്‍ന്ന ആസ്തിയുള്ള വിദേശ ഇന്ത്യക്കാര്‍ക്കായി വിഭാവനം ചെയ്ത ദുബായ് ഹൈ നെറ്റ്വര്‍ത്ത് ഇന്‍ഡിവിജ്വല്‍ (എച്ച്എന്‍ഐ) മീറ്റ് മുംബൈയിലെ പരസ്യ കമ്പനി ആയിരുന്നു ആസൂത്രണം ചെയ്തത്. ജെ.എസ് മിഡാസ് സ്റ്റോക്ക് ബ്രോക്കിംഗ് കമ്പനി പുതിയതായി ആരംഭിക്കാന്‍ പോകുന്ന പോര്‍ട്ട്ഫോളിയോ മാനേജ്മെന്റ് സ്‌കീമിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കുക എന്നതായിരുന്നു മീറ്റിന്റെ ഉദ്ദേശ്യം.
നിക്ഷേപിക്കാന്‍ വലിയ തുക കൈവശമുള്ള വിദേശ ഇന്ത്യക്കാര്‍. ബാങ്ക്, പോസ്റ്റ് ഓഫീസ് പോലുള്ള നിറംമങ്ങിയ നിക്ഷേപാവസരങ്ങളില്‍ മനംമടുത്ത ചിലര്‍ അതിനോടകം റിയല്‍ എസ്റ്റേറ്റില്‍ ഭാഗ്യം പരീക്ഷിച്ചിരുന്നു. അവിടെയും ഭാഗ്യം തുണയ്ക്കാതെ വന്നപ്പോള്‍ ഇനിയെന്ത് എന്നതായി അവരില്‍ ചിലരുടെ എങ്കിലും ചിന്ത.
ഓഹരി, മ്യൂച്വല്‍ ഫണ്ട് എന്നീ നിക്ഷേപാവസരങ്ങള്‍ കൈനിറയെ നേട്ടം തരുന്നുവെന്ന് പറയുമ്പോഴും പലര്‍ക്കും ഇങ്ങോട്ടേക്കിറങ്ങാന്‍ മടി. ഇതിനായി മാറ്റിവയ്ക്കാനുള്ള സമയത്തിന്റെ അഭാവവും, ഈയൊരു മേഖലയെക്കുറിച്ചുള്ള അജ്ഞതയുമാണ് പലരെയും അകറ്റി നിര്‍ത്തിയത്. ഇക്കാര്യം തിരിച്ചറിഞ്ഞാണ് ജെ. എസ് മിഡാസ് സ്റ്റോക്ക് ബ്രോക്കിംഗ് കമ്പനി, പോര്‍ട്ട്ഫോളിയോ മാനേജ്മെന്റ് സ്‌കീം ആരംഭിക്കുന്നത്.
ഓരോരുത്തരുടെയും സാമ്പത്തിക ലക്ഷ്യങ്ങള്‍ തിരിച്ചറിഞ്ഞ്, റിസ്‌ക് എടുക്കാനുള്ള താല്‍പ്പര്യം ചോദിച്ചറിഞ്ഞ് അവരവര്‍ക്ക് അനുയോജ്യമായ രീതിയില്‍ ഓഹരിയും, കടപ്പത്രവും സംയോജിപ്പിച്ച് ഉയര്‍ന്ന വരുമാനം വിഭാവനം ചെയ്യുന്ന സ്‌കീം.
ഇവിടെ നിക്ഷേപകര്‍ക്കായി ഓഹരികള്‍ കണ്ടെത്തുന്നതും അവ വാങ്ങുന്നതും വില്‍ക്കുന്നതും വേണ്ടുന്ന വൈവിധ്യവല്‍ക്കരണം നടത്തുന്നതും എല്ലാം പോര്‍ട്ട്ഫോളിയോ മാനേജരാണ്. ഇവര്‍ അതിനായി ഒരു നിശ്ചിത ഫീസ് ഈടാക്കും.
ഈ സ്‌കീം വിജയിക്കണമെങ്കില്‍, കമ്പനിക്ക് ഓഹരികളെക്കുറിച്ചും വിവിധ കമ്പനികളെക്കുറിച്ചും അവ പ്രതിനിധീകരിക്കുന്ന മേഖലകളെക്കുറിച്ചുമൊക്കെ സൂക്ഷ്മമായി ഗവേഷണം നടത്തുന്ന മികച്ച ഒരു സംഘം ജീവനക്കാരുണ്ടാകണം. ഒപ്പം നിക്ഷേപകര്‍ക്ക് മികച്ച വരുമാനം ലഭിക്കുകയും വേണം. ഇതിനെല്ലാമുപരി ഇടപാടുകാര്‍ക്ക് കമ്പനിയിലും കമ്പനിയുടെ സേവനങ്ങളിലും വിശ്വാസം വരണം.
യാത്രയ്ക്ക് മറ്റൊരു ഉദ്ദേശ്യം കൂടിയുണ്ടായിരുന്നു. കമ്പനിയുടെ ഓഹരിപങ്കാളിത്തത്തിനായി വിദേശസ്ഥാപനങ്ങളെ സമീപിക്കുന്നെങ്കില്‍ ജെബീബ് ബാങ്കിനെ സമീപിക്കാനുള്ള ആശയം ലഭിക്കുന്നത് അക്കാലത്തു വന്ന ഒരു പത്രവാര്‍ത്തയില്‍നിന്നാണ്. ദുബായ് ആസ്ഥാനമായുള്ള ജെബീബ് ബാങ്ക് ഇന്ത്യയില്‍ സാന്നിധ്യമുറപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അതിനായി ചില കമ്പനികള്‍ ഏറ്റെടുക്കുന്ന കാര്യം പരിഗണനയിലാണ് എന്നുമായിരുന്നു വാര്‍ത്ത. ബാങ്കിന്റെ വെബ്സൈറ്റ് പരതിയപ്പോള്‍ മറ്റുചില കാര്യങ്ങള്‍കൂടി ബോധ്യപ്പെട്ടു. ബിനു സക്കറിയ എന്ന മലയാളി, ബാങ്കിന്റെ ഇന്‍വെസ്റ്റ്മെന്റ് വിഭാഗത്തില്‍ സീനിയര്‍ മാനേജര്‍. മാനേജിംഗ് ഡയറക്ടര്‍ തമിഴ്നാട്ടില്‍നിന്നുള്ള ശങ്കരരാമന്‍ അയ്യര്‍.
മോശമല്ലാത്ത പ്രതികരണം ലഭിച്ച എച്ച്എന്‍ഐ മീറ്റിന് ഒടുവില്‍ കിട്ടിയ സമയത്താണ് ബിനു സക്കറിയയുമായി കൂടിക്കാഴ്ചയ്ക്കു ജീവന്‍ ശ്രമിച്ചത്. ഉടന്‍ തന്നെ ഓഫീസിലെത്തിയാല്‍ കൂടിക്കാഴ്ചയ്ക്കു തടസമില്ല എന്ന ബിനുവിന്റെ മറുപടി ശുഭകരമായി തോന്നി.
ബാങ്കിന്റെ റിസ്‌ക് വിഭാഗം മേധാവിയും ബിനു സക്കറിയയുമായി അര മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയില്‍ അവസാനനിമിഷത്തെ തിരക്കുകള്‍ കാരണം എം.ഡി ശങ്കരരാമന് പങ്കെടുക്കാനായില്ല.
ഔപചാരിക കൂടിക്കാഴ്ചയ്ക്കൊടുവില്‍ ബിനു സക്കറിയ അടുത്തെത്തി. 'കഴിഞ്ഞ ബോര്‍ഡ് മീറ്റിംഗില്‍ ഇന്ത്യയില്‍ ഒരു ബാങ്കിതര ധനസ്ഥാപനം തുടങ്ങുന്നതിനുള്ള തീരുമാനം ബോര്‍ഡ് എടുത്തിരുന്നുവെന്നും എം.ഡിക്കു വളരെയേറെ താല്‍പ്പര്യമുള്ള കാര്യമായതിനാല്‍ പെട്ടെന്നുതന്നെ കാര്യങ്ങള്‍ മുന്നോട്ടുപോകുമെന്നും ബിനു പറയുമ്പോള്‍ ആ സ്വരത്തിലെ ദൃഢത തിരിച്ചറിയാനായി.
ദുബായ് ആസ്ഥാനമായ ജെബീബ് ബാങ്ക് ഇന്ത്യയില്‍ ഒരു ഓഹരി ദല്ലാള്‍ കമ്പനി ഏറ്റെടുക്കാനും ഒരു നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പനി തുടങ്ങാനും ആഗ്രഹിക്കുന്നുവെന്നും അവര്‍ നമ്മുടെ കമ്പനിയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ താല്‍പ്പര്യം കാണിച്ചിട്ടുണ്ട് എന്നതും മാത്രമാണ് ദുബായിയില്‍ നിന്നും തിരിച്ചെത്തിയ ഉടന്‍ അടിയന്തിരമായി ചേര്‍ന്ന ബോര്‍ഡ് മീറ്റിംഗില്‍ വിഷയമായി ഉണ്ടായിരുന്നത്.
ശ്യാം ജയകുമാറും വേണുഗോപാലും സംശയദൃഷ്ടിയോടെ ചില ചോദ്യങ്ങള്‍ ചോദിച്ചു. ബാങ്ക് താല്‍പ്പര്യം കാണിച്ചാല്‍ എത്ര ശതമാനം ഓഹരികള്‍ അവര്‍ക്കു നല്‍കേണ്ടി വരും എന്നതായിരുന്നു പ്രധാനമായും അവര്‍ക്കറിയേണ്ടത്. ഡയറക്ടര്‍മാരായോ മാനേജിംഗ് ഡയറക്ടറായോ ഒക്കെ അവര്‍ ഉദ്ദേശിക്കുന്നവരെ നിയമിക്കേണ്ടി വരികയും ഒടുവില്‍ നമ്മുടെ കമ്പനിയില്‍ നോക്കുകുത്തികളായി നമുക്ക് തുടരേണ്ടി വരില്ലേ എന്നുമുള്ള സംശയങ്ങള്‍ പിന്നാലെ വന്നു.
ചോദ്യം ചെയ്യുന്നവരില്‍ ഒരാള്‍ പ്രൊഫഷണല്‍ ഡയറക്ടര്‍. മറ്റേയാള്‍ പണം മുടക്കിയ ആളുടെ കേവലം നോമിനി. പണവും അധ്വാനവുമിറക്കിയ ഡയറക്ടര്‍മാര്‍ മിണ്ടാതിരിക്കുന്നു. ജീവന്‍ തന്നെയാണ് മറുപടി പറഞ്ഞത്. 'വരാനിരിക്കുന്നത് കടുത്ത മത്സരത്തിന്റെ കാലമാണ്. ഒട്ടേറെ കമ്പനികള്‍ ഈ രംഗത്ത് ഇപ്പോള്‍ത്തന്നെ നിലവിലുണ്ട്. അനേകം കമ്പനികള്‍ സമീപഭാവിയില്‍ രംഗത്തെത്തും. ഇന്ത്യയിലും വിദേശത്തുമുള്ള ബാങ്കുകള്‍ നേരിട്ടും ലയനം വഴിയും ഈ രംഗത്ത് ഉടന്‍ പിടിമുറുക്കും. ബ്രാഞ്ചുകളുടെ മുഴുനീള സാന്നിധ്യമില്ലാതെ, കുറഞ്ഞ മൂലധനവുമായി പിടിച്ചുനില്‍ക്കുക ബുദ്ധിമുട്ടാണ്.
മത്സരം കൊടുമ്പിരികൊണ്ടിരിക്കുന്ന ഈ ഘട്ടത്തില്‍ ഇടപാടുകാരില്‍നിന്ന് ഈടാക്കുന്ന കമ്മീഷന്‍ വര്‍ധിപ്പിക്കാനാവില്ല. ലാഭം കൂട്ടാനുള്ള ഏക പോംവഴി നമ്മുടെ ശാഖകള്‍ അവയുടെ വ്യാപാരവ്യാപ്തം വര്‍ധിപ്പിക്കുക എന്നതു മാത്രമാണ്. ശക്തമായ മൂലധന അടിത്തറ ഇല്ലാതെ ഇതു തികച്ചും അസാധ്യം. ഒപ്പം വിദേശത്തെ ഒരു ബാങ്കിന്റെ മൂലധനം കൂടി ലഭ്യമാകുന്നതോടെ നമ്മുടെ കമ്പനിക്ക് ഒരു ബ്രാന്‍ഡ് റീ- ബില്‍ഡിംഗും സാധ്യമാകും. ഇത് ഒരു അവസരമാണ്. നമുക്ക് ശ്രമിച്ചു നോക്കാമെന്നല്ലാതെ വിജയിക്കണമെന്നില്ല'.
പിന്നീട് ഇക്കാര്യത്തെക്കുറിച്ച് മീറ്റിംഗില്‍ വലിയചര്‍ച്ചകള്‍ ഉണ്ടായില്ല. തുടര്‍നടപടികള്‍ക്കായി മാനേജിംഗ് ഡയറക്ടറെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള മിനിട്്സ് ഉടനടി തയാറായി. പിന്നീടു വന്ന ദിനങ്ങള്‍ തിരക്കേറിയതായിരുന്നു. കമ്പനിയെക്കുറിച്ചുള്ള വിവിധ വാര്‍ത്തകള്‍, മൂന്നു വര്‍ഷത്തെ ആസ്തി-ബാധ്യതാ വിവരങ്ങള്‍, നാള്‍വഴി, ദല്ലാള്‍ കമ്മീഷനിലുള്ള വര്‍ധന, ശാഖകളെപ്പറ്റിയുള്ള വിവരങ്ങള്‍- ഇവയൊക്കെ ഒരു പബ്ലിക് ഇഷ്യൂവിനെന്നവണ്ണമുള്ള പ്രോസ്പെക്ടസ് പോലെ തയാറാക്കിയത് പരസ്യ കമ്പനി തന്നെയാണ്.
ബാങ്കിന് അയച്ചുകൊടുക്കാനായി തയാറാക്കിയ മനോഹരങ്ങളായ ലഘുലേഖകള്‍ കൈയില്‍ കിട്ടിയപ്പോള്‍ കൈവശം പണം ഉണ്ടായിരുന്നെങ്കില്‍ ഒരു കൂട്ടര്‍ക്കും ഈ കമ്പനിയുടെ ഓഹരികള്‍ വില്‍ക്കേണ്ടിയിരുന്നില്ല എന്ന് ജീവന് പോലും തോന്നി.
ബാങ്കുമായി ഈ ഡീല്‍ ഉറപ്പിക്കാനാവുമെന്നു മനസ് മന്ത്രിക്കുമ്പോഴും കമ്പനി കൈവിട്ടു പോകുമോ എന്ന ഭയം ബാക്കിയാവുന്നു. ബാങ്കിന് നാല്‍പ്പത്തി ഒന്‍പതു ശതമാനം പങ്കാളിത്തം എന്ന പദ്ധതി അവരെക്കൊണ്ടു എങ്ങനെ സമ്മതിപ്പിക്കുമെന്നതിനെക്കുറിച്ചായി പിന്നീടുള്ള ചിന്ത മുഴുവന്‍.
ബാങ്കില്‍ നിന്ന് എന്തെങ്കിലും അറിയിപ്പ് ലഭിക്കും എന്ന് കരുതി കാത്തിരുന്ന നാളുകള്‍. മൂന്നാഴ്ചകള്‍ക്കൊടുവില്‍ സുധീറിനോട് സന്ദേഹം പ്രകടിപ്പിച്ചു. ഇനി ഇതിനായി കാത്തിരിക്കേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല. നമുക്ക് ഒരു പബ്ലിക് ഇഷ്യൂവിനെക്കുറിച്ച് ആലോചിക്കുന്നതാവും ഭംഗി.
അന്നു വൈകിട്ടാണ് ആ ഇ-മെയില്‍ ജെബീബ് ബാങ്കില്‍നിന്നും ലഭിക്കുന്നത്. ബാങ്കിന്റെ പ്രതിനിധികള്‍ ജെ.എസ് മിഡാസ് സ്റ്റോക്ക് ബ്രോക്കിംഗ് കമ്പനിയുടെ കോര്‍പറേറ്റ് ഓഫീസ് സന്ദര്‍ശിക്കാന്‍ പദ്ധതിയിടുന്നു. സൗകര്യപ്രദമായ ഏറ്റവും അടുത്ത ദിവസവും സമയവും അറിയിക്കുക എന്നതായിരുന്നു രത്നച്ചുരുക്കം.
തിരിച്ചൊരു ഇ-മെയില്‍ നല്‍കുംമുമ്പ് ബിനു സക്കറിയയെ വിളിച്ചു. ഡയറക്ടര്‍മാരെ നേരില്‍ കാണാനും, കാര്യങ്ങള്‍ സംസാരിക്കാനും ബാങ്കില്‍നിന്നും രണ്ട് ഡയറക്ടര്‍മാര്‍ മാത്രമാണ് വരിക എന്നും ബാങ്കിന് കമ്പനിയില്‍ താല്‍പ്പര്യമുള്ളതിനാല്‍ ഡ്യൂഡിലിജന്‍സിലേയ്ക്ക് കടക്കാന്‍ ആഗ്രഹിക്കുന്നുവെന്നും മാത്രം ബിനു പറഞ്ഞു.
ഒരു ബിസിനസിനെപ്പറ്റിയുള്ള സമഗ്രമായ പഠനമാണ് ഡ്യൂഡിലിജന്‍സ്. ഇത്തരം ഏറ്റെടുക്കലുകള്‍ക്ക് മുന്‍പ് ഓഹരിയില്‍ വന്‍ നിക്ഷേപം നടത്തുന്ന കമ്പനി, ഏത് കമ്പനിയുടെ ഓഹരികളിലാണോ നിക്ഷേപിക്കേണ്ടത് ആ കമ്പനിയെക്കുറിച്ചു വിശദമായ അന്വേഷണം നടത്തും.
ജെ.എസ് സ്റ്റോക്ക് ബ്രോക്കിംഗ് കമ്പനിയുടെ ഭാഗധേയം പൊളിച്ചെഴുതിയ നിര്‍ണായകമായ ബോര്‍ഡ് മീറ്റിംഗ്, കോര്‍പ്പറേറ്റ് ഓഫീസില്‍ നടക്കുമ്പോള്‍ ജെബീബ് ബാങ്കിന്റെ ഒരു ഡയറക്ടറും ബിനു സക്കറിയയും കമ്പനിയുടെ അതിഥികളായി കൊളാബയിലെ താജ് ഹോട്ടലില്‍ തമ്പടിച്ചിരുന്നു. ഏത് പ്രതികൂല സാഹചര്യങ്ങളിലും അക്ഷോഭ്യനായി നിലകൊള്ളുന്ന ജീവന്‍ ജോര്‍ജിനെ അന്നത്തെ മീറ്റിംഗില്‍ തെല്ല് വ്യത്യസ്തനായി കണ്ടു. ടേബിള്‍ അജണ്ട ഡയറക്ടേഴ്സിന് കൈമാറുമ്പോള്‍ ആരും ഒന്നും സംസാരിച്ചില്ല. ജെബീബ് ബാങ്ക്, കമ്പനിയില്‍ ഓഹരിപങ്കാളിത്തത്തിന് തയാറാണെന്നും ആയതിലേയ്ക്കുള്ള ചര്‍ച്ചകളിലേയ്ക്ക് വേണ്ടിയാണ് ബോര്‍ഡ് കൂടുന്നതെന്നും മാത്രമാണ് ഡയറക്ടേഴ്സിനെ ധരിപ്പിച്ചിരുന്നത്.
ബോര്‍ഡ് യോഗത്തിന്റെ വിഷയത്തിലൂടെ കണ്ണുകള്‍ ഓടിച്ച് ആദ്യം പ്രതികരിച്ചത് ശ്യാം ജയകുമാറാണ്. 'ഇത് ഇങ്ങനെയേ സംഭവിക്കൂ എന്ന് എനിക്കറിയാമായിരുന്നു. ബാങ്കിന് നാല്‍പ്പത്തി ഒന്‍പത് ശതമാനം ഓഹരികളേ വില്‍ക്കുകയുള്ളൂ എന്ന് പറഞ്ഞിട്ട്, എഴുപത്തി നാല് ശതമാനം ലഭിക്കുകയാണെങ്കില്‍ മാത്രമേ ബാങ്കിന് താല്‍പ്പര്യമുള്ളൂ എന്നാണോ ഇപ്പോള്‍ പറയുന്നത്. അങ്ങനെ സംഭവിച്ചാല്‍ നിങ്ങള്‍ക്ക് മാനേജിംഗ് ഡയറക്ടറായി തുടരാനാവുമെന്ന് കരുതുന്നുണ്ടോ?' ജീവന് മറുപടിയില്ലായിരുന്നു.
'നാല്‍പ്പത്തി ഒന്‍പത് ശതമാനത്തിന് മുകളില്‍ ഓഹരി നല്‍കുന്നതിനോട് ഞങ്ങള്‍ക്കും യോജിപ്പില്ല,' വേണുഗോപാലും വ്യക്തമാക്കി.
'എഴുപത്തിനാല് ശതമാനം ഓഹരികള്‍ നല്‍കാന്‍ ബോര്‍ഡ് തയാറാണെങ്കില്‍ മാത്രം കോര്‍പ്പറേറ്റ് ഓഫീസിലേയ്ക്ക് ക്ഷണിക്കാന്‍ പറഞ്ഞ് ബാങ്കിന്റെ ഒരു ഡയറക്ടറും നിക്ഷേപവിഭാഗം സീനിയര്‍ മാനേജരും താജിലുണ്ട്. ഇതില്‍ കുറഞ്ഞ ഒരിടപാടിനും തയാറല്ലെന്നും മറ്റൊരു തരത്തിലുളള ചര്‍ച്ചയ്ക്കും താല്‍പ്പര്യമില്ലെന്നും അവര്‍ നിലപാട് വ്യക്തമാക്കി കഴിഞ്ഞു. നമുക്ക് ഇത് സ്വീകാര്യമല്ലെങ്കില്‍ കൂടുതലൊന്നും ചെയ്യാനില്ല. അവര്‍ മടങ്ങിപ്പൊയ്ക്കൊള്ളും.' - ജീവന്റെ വാക്കുകളില്‍ എന്നും കാണാറുള്ള ദൃഢത എന്ത് കൊണ്ടോ അന്ന് കണാനായില്ല.
പൊട്ടിത്തെറിച്ചത് റോജിയാണ്. 'മാനേജ്മെന്റിന്റെ പിടിവാശി മൂലം ഈയൊരു അവസരം നഷ്ടമാവുകയാണെങ്കില്‍ ഇനി ഇത്തരത്തിലൊന്ന് ലഭിച്ചുകൊള്ളണമെന്നില്ല. നമ്മുടെ കമ്പനിയല്ലെങ്കില്‍ ഇതിലേറെ ശാഖകളും ശൃംഖലയും ഉപഭോക്തൃ അടിത്തറയുമുള്ള ഓഹരി ദല്ലാള്‍ കമ്പനികള്‍ ഇന്ത്യയിലുണ്ട്. അവയില്‍ ഏതെങ്കിലുമൊന്നിനെ ബാങ്ക് സമീപിക്കും.
നമ്മുടെ അധികാരം പോകും നിയന്ത്രണം പോകും എന്നൊക്കെ പറഞ്ഞിട്ട് ഒടുവില്‍ എന്തിനുവേണ്ടിയായിരുന്നു ഇതൊക്കെയെന്നു ചിന്തിക്കാന്‍ ഇടവരരുത്. മെച്ചമായ വില കിട്ടുമെങ്കില്‍ മുഴുവന്‍ ഓഹരികളും വില്‍ക്കാന്‍ ട്രസ്റ്റ് തയാറാണ്'. ഇതിനുമുമ്പ് ഒരിക്കലും റോജിയില്‍നിന്ന് ഇത്തരമൊരു പ്രതികരണമുണ്ടായി കണ്ടിട്ടില്ല. സുധീര്‍ ബോര്‍ഡ് റൂമിലെ ടെലിവിഷന്‍ സ്‌ക്രീനില്‍തന്നെ ദൃഷ്ടിപതിപ്പിച്ചിരുന്നു.
മൊബൈല്‍ ഫോണുമായി പുറത്തേക്ക് പോയ അധികാരിയുടെ നോമിനി അല്‍പ്പസമയത്തിനുള്ളില്‍ തിരികെയെത്തി. തങ്ങള്‍ക്ക് ഈ ഇടപാടിന് സമ്മതം എന്നുമാത്രം അറിയിച്ചു. ശ്യാം ജയകുമാറിന് പിന്നീടൊന്നും സംസാരിക്കാനുണ്ടായില്ല.
ബോര്‍ഡ് മീറ്റിംഗ് അവസാനിച്ചു. ആദ്യം എഴുന്നേറ്റ റോജിക്ക് ഒപ്പം അധികാരിയുടെ നോമിനിയും ശ്യാം ജയകുമാറും റൂമിന് വെളിയിലേക്ക്.സ്‌ക്രീനില്‍നിന്ന് കണ്ണെടുക്കാതെ സുധീര്‍ പറഞ്ഞു. ഇന്നും സെന്‍സെക്സ് അഞ്ഞൂറ് പോയിന്റ് ഇടിഞ്ഞു. ഇതൊരു തിരുത്തല്‍ മാത്രമാണെന്നുതന്നെയാണ് എന്റെ അഭിപ്രായം. സെന്‍സെക്സ് ഇനിയും ഉയരങ്ങള്‍ താണ്ടും. നിക്ഷേപകര്‍ക്ക് കാത്തിരിക്കാന്‍ ക്ഷമയുണ്ടെങ്കില്‍ മെച്ചമുണ്ടാവുകതന്നെ ചെയ്യും.
ജീവന്‍ സുധീറിനെ നോക്കി. സുധീറിന്റെ മനസ് വായിച്ചെടുക്കാന്‍ ജീവന് കഴിഞ്ഞു. മുന്നിലിരുന്ന ഗ്ലാസിലെ വെള്ളം കാലിയാക്കി സുധീര്‍ ചോദിച്ചു. 'ഇതല്ലാതെ മറ്റ് വഴികള്‍?' 'തല്‍ക്കാലമില്ല'.
ഈയൊരു ഇടപാട് കഴിയുന്നതോടെ ബാങ്കിന്റെ പ്രതിനിധികള്‍ ബോര്‍ഡിലെത്തും. അവര്‍ നിര്‍ദേശിക്കുന്നവര്‍ മാനേജിംഗ് ഡയറക്ടറായും മറ്റ് ഡയറക്ടേഴ്സുമായി എത്തും. കമ്പനി നമ്മുടേതല്ലാതാകും. ഭൂരിപക്ഷം ഉടമകളുടെ താല്‍പ്പര്യത്തിന് വഴങ്ങി പ്രവര്‍ത്തിക്കേണ്ടി വരുമ്പോള്‍ നമ്മുടെ തീരുമാനങ്ങള്‍ക്കോ ആശയങ്ങള്‍ക്കൊ വിലയുണ്ടാവില്ല. പഴയ ജോലിക്കാരുടെ നിലയിലേക്ക് നമുക്കു മാറേണ്ടി വരും. ട്രസ്റ്റിനെ കൊണ്ടുവന്നതുപോലെ ഒന്നോ രണ്ടോ ഗ്രൂപ്പുകളെ ശ്രമിച്ചുകൂടേ?
ഇത്രയേറെ വികാരാധീതനായി സുധീറിനെ കണ്ടിരുന്നില്ല. ജീവന്‍ അല്‍പ്പനേരത്തേക്ക് സംസാരിച്ചില്ല. 'അധികാരിയുടെ കൈകളില്‍ കമ്പനിയെത്തുന്ന ഘട്ടമായപ്പോള്‍ ദൈവം കൊണ്ടെത്തിച്ചതുപോലെ ട്രസ്റ്റ് ഓഹരിപങ്കാളിത്തത്തിനു തയാറായി. അതേ ട്രസ്റ്റാണ് ഇപ്പോള്‍ ഓഹരിവില്‍ക്കാന്‍ തയാറാണെന്ന് അറിയിച്ചിരിക്കുന്നത്. ഈയൊരു ഇടപാട് നടക്കാതെ വന്നാല്‍ അധികാരി ട്രസ്റ്റുമായി മറ്റൊരു ഇടപാടിന് ശ്രമിച്ചുകൂടായ്കയില്ല. നാളിതുവരെ നമുക്കൊപ്പം നിന്ന സ്റ്റോണ്‍കോര്‍ട്ട് ട്രസ്റ്റ് നാളെ അധികാരിക്കൊപ്പമാവില്ലെന്നോ, ട്രസ്റ്റിന്റെ ഓഹരികള്‍ അധികാരിക്ക് കൈമാറില്ലെന്നോ പറയാനാവില്ല.
ട്രസ്റ്റ് ഓഹരികള്‍ വില്‍ക്കാന്‍ സന്നദ്ധമാണെന്ന് അറിയിച്ചപ്പോള്‍ മൊബൈലുമായി പുറത്തുപോയി അല്‍പ്പസമയത്തിനുള്ളില്‍ തിരിച്ചെത്തിയ അധികാരിയുടെ നോമിനിയും ഈ ഇടപാടിന് സന്നദ്ധനാണെന്നു പറഞ്ഞത് ശ്രദ്ധിച്ചോ? അധികാരിയുടെ കൂര്‍മബുദ്ധി. ഇതൊരു അവസരമായാണ് അയാള്‍ കാണുന്നത്. ഈയൊരു ഇടപാട് നടന്നില്ലെങ്കില്‍ താമസിയാതെ ട്രസ്റ്റുമായി മറ്റൊരു ഇടപാടിന് അയാള്‍ ശ്രമിക്കും. അയാളുടെ ശ്രമം വിജയിച്ചാല്‍ കമ്പനി വീണ്ടും നമ്മുടേതല്ലാതാകും'.
സുധീര്‍ ജീവനെ നോക്കി. പിന്നീട് സംസാരമൊന്നുമുണ്ടായില്ല. അതിനോടകം തയാറാക്കപ്പെട്ട മിനിട്‌സുമായി രണ്ടുപേരും എംഡിയുടെ കാബിനിലേക്ക് നടന്നു.
അന്നത്തെ ബോര്‍ഡ് മീറ്റിംഗിന്റെ മിനിട്‌സ് തയാറാക്കുന്ന പ്രേരണയുടെ മുഖം ഇപ്പോഴും ഓര്‍ക്കുന്നു. ഉത്കണ്ഠ നിറഞ്ഞ മുഖത്തോടെ ആ മീറ്റിംഗിലുടനീളമിരുന്ന പ്രേരണയുടെ മുഖത്തെ കാര്‍മേഘം മീറ്റിംഗ് കഴിഞ്ഞതോടെ അകന്നതെന്തു കൊണ്ടാവണം!


പ്രേരണ; അധ്യായം-14


Manoj Thomas
Manoj Thomas  

Related Articles

Next Story

Videos

Share it