പ്രേരണ; അധ്യായം-12

ധനം മാഗസിനില്‍ പ്രസിദ്ധീകരിച്ച് കൊണ്ടിരിക്കുന്ന വായനക്കാരെ ത്രസിപ്പിക്കുന്ന അനുഭവങ്ങളിലേക്ക് കൂട്ടിക്കൊണ്ട് പോകുന്ന ബിസിനസ് നോവല്‍ 'പ്രേരണ'ധനം ഓണ്‍ലൈനില്‍ വായിക്കാം.;

Update:2021-09-18 09:00 IST

ചില സൂചനകള്‍ അടങ്ങുന്ന ഒരു കത്തിനെ പിന്തുടര്‍ന്ന് ലണ്ടനില്‍ നിന്നും മുംബൈയില്‍ എത്തുന്ന ജീവന്‍ ജോര്‍ജ്. മുംബൈയിലെ തിരക്കേറിയ ട്രെയിന്‍ യാത്രയില്‍ കത്ത് നഷ്ടമാകുന്നെങ്കിലും ഓര്‍മ്മിച്ചെടുക്കുന്ന മേല്‍വിലാസത്തില്‍ കൃത്യമായി ലേഡീസ് ഹോസ്റ്റലില്‍ എത്തിച്ചേര്‍ന്ന ജീവന് നിമ്മിയെ കാണാനാവുന്നില്ല.

തിരികെ ഹോട്ടലില്‍ എത്തുന്ന ജീവന് ഒരു പെന്‍ഡ്രൈവ് റിസെപ്ഷനിസ്റ്റില്‍ നിന്ന് ലഭിക്കുന്നെങ്കിലും അത് നല്‍കിയ ആളെ കാണാനാവാതെ പിറ്റേന്ന് ലണ്ടനിലേക്ക് മടങ്ങേണ്ടി വരുന്നു. തിരികെ ഫ്‌ളാറ്റിലെത്തി പെന്‍ഡ്രൈവിലെ ഫയല്‍ തുറക്കുന്ന ജീവന്‍ തന്നെക്കുറിച്ചെന്നോണം രചിക്കപ്പെട്ട ഒരു പുസ്തകത്തിന്റെ ആദ്യ താളുകള്‍ കാണുന്നു.

മുംബൈയിലെ തന്റെ പേര്‍സണല്‍ അസിസ്റ്റന്റായി എത്തി പുസ്തക രചന എന്ന അധിക ദൗത്യം കൂടി ഏറ്റെടുത്തു, ഒടുവില്‍ അത് പൂര്‍ത്തിയാക്കുന്നതിനുമുന്‍പ് അപ്രത്യക്ഷയായ പ്രേരണ എന്ന പെണ്‍കുട്ടിയിലൂടെ എഴുതപ്പെട്ട പുസ്തകം! ജോലിക്കായി മുംബെയിലെത്തി, ഓഹരി ബ്രോക്കിംഗ് ബിസിനസിന്റെ സാധ്യതകള്‍ തിരിച്ചറിഞ്ഞു, ആ മേഖലയില്‍ അനുഭവസമ്പത്തുള്ള സുധീറുമൊത്ത് ഫ്രാഞ്ചൈസി ബിസിനസിലൂടെ ആരംഭിച്ചു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി രൂപഭേദം വന്ന ജെ.എസ്.

മിഡാസ് സ്റ്റോക്ക് ബ്രോക്കിംഗ് എന്ന തന്റെ ബിസിനസിനെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ വായിച്ചു ജീവന്‍ അത്ഭുതപ്പെടുന്നു. ഒന്നരക്കോടി മൂലധനമുള്ള, ആദ്യവര്‍ഷം തന്നെ ലാഭ പാതയിലെത്തിയ ജെ.എസ് മിഡാസ് സ്റ്റോക്ക് ബ്രോക്കിംഗ് കമ്പനി മൂലധനം ഉയര്‍ത്താനുള്ള ശ്രമത്തിലായിരുന്നു. അങ്ങനെയാണ് ഏയ്ഞ്ചല്‍ ഇന്‍വെസ്റ്റേഴ്സിലേക്കും അധികാരിയിലേക്കുമെത്തുന്നത്.

അധികാരിയുടെ ബംഗ്ലാവില്‍ ജീവനും സുധീറുമൊത്ത് നടന്ന ചര്‍ച്ചയ്‌ക്കൊടുവില്‍ ജെ.എസ് മിഡാസ് സ്റ്റോക്ക് ബ്രോക്കിംഗ് കമ്പനിയില്‍ രണ്ടുകോടി നിക്ഷേപിക്കാമെന്ന് അധികാരി വാക്കു നല്‍കുകയും ചെയ്തു. നിക്ഷേപം മൂന്നരക്കോടിയായി ഉയര്‍ത്തണമെന്ന സുധീറിന്റെ അഭ്യര്‍ത്ഥന അധികാരി നിരാകരിച്ചെങ്കിലും ഒന്നരക്കോടിക്കായി വേറെ നിക്ഷേപകനെ കണ്ടെത്താന്‍ സമ്മതിച്ചു. ഒടുവില്‍ കോട്ടയത്ത് രജിസ്റ്റര്‍ ചെയ്ത 'സ്‌റ്റോണ്‍കോര്‍ട്ട് ട്രസ്റ്റ്' ഒന്നരക്കോടി നിക്ഷേപിക്കാന്‍ മുന്നോട്ടുവന്നു... ജീവൻ കുമാർ വായിക്കുന്ന പതിനഞ്ചാം അധ്യായം മുതൽ വായിച്ച് തുടങ്ങാം.

(തുടര്‍ന്ന് വായിക്കുക)
അദ്ധ്യായം-15 അനാമിക
രണ്ട് കോടി രൂപയുടെ നിക്ഷേപം നടത്തിയതോടെ, തന്റെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റും മലയാളിയുമായ വേണുഗോപാലിനെ അധികാരി ഡയറക്ടറായി നാമനിര്‍ദേശം ചെയ്തു. കമ്പനിയുടെ ദൈനംദിന കാര്യങ്ങളിലൊന്നും ഇടപെടാന്‍ താല്‍പ്പര്യം കാണിച്ചില്ലെങ്കിലും സുപ്രധാനമായ തീരുമാനങ്ങളെടുക്കും മുന്‍പ് ജീവന്‍ അധികാരിയുമായി നേരിട്ട് ചര്‍ച്ച നടത്തിയിരുന്നു. നാലു സംസ്ഥാനങ്ങളിലായി പത്ത് ശാഖകളുടെ സാന്നിധ്യം അതിനോടകം കമ്പനിക്കുണ്ടായി.
ഓഹരിവിപണിയില്‍ സാധാരണ നിക്ഷേപകരും വിശ്വാസം അര്‍പ്പിച്ചു തുടങ്ങിയ നാളുകള്‍. ട്രെയിന്‍ യാത്രകളില്‍, ഓഫീസ് ചര്‍ച്ചകളില്‍ എല്ലാം വിഷയം ഒന്നുമാത്രം - ദിനംപ്രതി എന്നോണം ഉയര്‍ന്നുപൊങ്ങുന്ന ഓഹരി വിലകള്‍. തങ്ങള്‍ക്കു ലഭിച്ച, ലഭിക്കാതെ പോയ ലാഭത്തെക്കുറിച്ചുള്ള കണക്കുകള്‍.
ഓഹരി ദല്ലാള്‍ സ്ഥാപനങ്ങളില്‍ ഇടപാടുകള്‍ കുത്തനെ ഉയര്‍ന്നു. ബ്രോക്കറേജ് ഇനത്തിലുള്ള വരുമാനവും.
ജെ.എസ് മിഡാസ് സ്റ്റോക്ക് ബ്രോക്കിംഗ് കമ്പനിക്ക് തിരക്കിന്റെയും വളര്‍ച്ചയുടെയും നാളുകളായി അവ. കമ്പനി ഉണ്ടാക്കുന്ന ലാഭത്തിന്റെ വിഹിതം ഓഹരിയുടമകള്‍ക്ക് അവകാശപ്പെട്ടതാണ്. അറുപത് ലക്ഷം രൂപ ആദായം കാണിച്ച കമ്പനി പത്ത് ശതമാനം ലാഭവിഹിതം പ്രഖ്യാപിക്കുകയും ചെയ്തു. അധികാരിക്ക് കമ്പനിയില്‍ പണം മുടക്കിയ തീരുമാനം തെറ്റായില്ല എന്നു ബോധ്യപ്പെട്ട ആദ്യ വര്‍ഷം. പിറ്റേക്കൊല്ലം കമ്പനി ഒരു കോടി രൂപയ്ക്ക് മുകളില്‍ ആദായം നേടിയെങ്കിലും ലാഭവിഹിതം പ്രഖ്യാപിച്ചില്ല. വരുംകാല വികസനത്തിനായി ഈ പണം നീക്കിവയ്ക്കാനായിരുന്നു ബോര്‍ഡ് തീരുമാനം.
ജെ.എസ് മിഡാസ് ബ്രോക്കിംഗ് കമ്പനി ചുരുങ്ങിയ നാളുകള്‍കൊണ്ട് വളരാന്‍ കാരണങ്ങള്‍ പലതായിരുന്നു. ഈ മേഖലയില്‍ ചുവടുറപ്പിക്കണം  എന്നുറപ്പിച്ചുകൊണ്ടുള്ള മാനേജിംഗ് ഡയറക്ടര്‍ ജീവന്റെ പ്രവര്‍ത്തനം ആയിരുന്നു അവയില്‍ പ്രധാനപ്പെട്ടത്. മികച്ച ശമ്പളം ലഭ്യമായിരുന്ന ജോലി രാജിവച്ച് ബിസിനസിലേക്കിറങ്ങിയത് പലരും സംശയദൃഷ്ടിയോടെയാണ് വീക്ഷിച്ചത്. പരാജയത്തിന്റെ ലക്ഷണമെങ്ങാനും മണത്താല്‍ അവര്‍ ഓരോരുത്തരായി ചാടിവീഴും. പിന്നെ ഏതു ലേപനം കൊണ്ടും ഉണക്കുവാന്‍ കഴിയാത്തത്ര ആഴത്തിലുള്ള മുറിവുകള്‍ ഹൃദയത്തില്‍ വാക്കുകള്‍ കൊണ്ടുണ്ടാക്കി കടന്നുകളയും. തളര്‍ന്നുപോയാല്‍ അവിടം കൊണ്ടുതീര്‍ന്നു. അത്തരത്തില്‍ ഒരവസരം പോലും നല്‍കിക്കൂടാ.
സുധീറിന്റെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. കുടുംബത്തിന്റെ അത്ര മെച്ചമല്ലാത്ത സാമ്പത്തിക സ്ഥിതിയില്‍ വൈകിപ്പോയ വിവാഹാലോചന മുറുകിവന്നപ്പോഴായിരുന്നു സുധീര്‍ ജോലി രാജിവച്ച വിവരം നാട്ടില്‍ അറിയുന്നത്. സ്വന്തമായി ഒരു പ്രസ്ഥാനം തുടങ്ങുന്നു എന്നു കേട്ടമാത്രയില്‍, ഏതാണ്ടുറപ്പിച്ചു എന്നു കരുതിയ വിവാഹത്തില്‍നിന്നും വധുവിന്റെ കൂട്ടര്‍ പിന്‍വാങ്ങി. എവിടെയെങ്കിലും ജോലിക്കാരന്‍ എന്നു പറയുന്നതാണ് സ്വന്തമായി ഒരു പ്രസ്ഥാനം നടത്തുന്നതിനേക്കാള്‍ മെച്ചം എന്നു കരുതുന്ന ശരാശരി മലയാളി! ഇനി താന്‍ പറഞ്ഞിട്ടു മാത്രം വിവാഹാലോചനയുമായി മുന്നോട്ടുപോയാല്‍ മതിയെന്നു സുധീര്‍ തറപ്പിച്ചു പറഞ്ഞു.
അങ്ങനെ, ഡയറക്ടേഴ്സ് ആയ രണ്ടുപേരുടെയും പരിപൂര്‍ണ ശ്രദ്ധ തങ്ങളുടെ പ്രസ്ഥാനത്തില്‍ മാത്രം.
മികച്ച ടെലിവിഷന്‍ ചാനലുകളില്‍ പ്രൈം ടൈമില്‍ വന്നു കൊണ്ടിരുന്ന പരസ്യങ്ങള്‍, ഇതര ദല്ലാള്‍ കമ്പനികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇടപാടുകാര്‍ക്ക് ലഭ്യമായ കുറഞ്ഞ നിരക്കിലുള്ള ബ്രോക്കറേജ്, കമ്പനി ശാഖകളില്‍ തികച്ചും വ്യക്തിഗതസേവനം നല്‍കുന്ന ജീവനക്കാര്‍- ജെ.എസ് മിഡാസ് കമ്പനിയുടെ ബ്രാന്‍ഡ് ബില്‍ഡിംഗ്് മാനേജിംഗ് ഡയറക്ടര്‍ ഉദ്ദേശിച്ച രീതിയില്‍ നടന്നുവരവെയാണ് ''അനാമിക'' എന്ന ബിസിനസ് ജേര്‍ണലിസ്റ്റിലൂടെ ആ വാര്‍ത്ത വന്നത്.
അനാമിക - നാമമില്ലാത്തവള്‍!
പേരില്‍ തെല്ല് ദുരൂഹതയുണ്ടെങ്കിലും അനാമിക എന്ന ബിസിനസ് ജേര്‍ണലിസ്റ്റ് തന്റെ പംക്തിയിലൂടെ ഓഹരി വിപണിയിലെ നിക്ഷേപകര്‍ക്ക് മുന്നറിയിപ്പികളും മാര്‍ഗനിര്‍ദേശവും നല്‍കി കൊണ്ടിരുന്ന നാളുകള്‍. സമ്പദ്ഘടനയ്ക്കും കമ്പനിയുടെ സുസ്ഥിരതയ്ക്കും പ്രാധാന്യം നല്‍കുന്ന അടിസ്ഥാന വിശകലനം, ഓഹരിവില വ്യതിയാനം രേഖാചിത്രങ്ങളിലൂടെ രേഖപ്പെടുത്തുന്ന സാങ്കേതികവിശകലനം - പലപ്പോഴും ഇവ രണ്ടും വിശകലനത്തിനായി ഓഹരി വിപണിയിലെ നിക്ഷേപകരുടെ മുന്നിലെത്തും. ഇവയില്‍ ഏതാണ് മെച്ചപ്പെട്ട നിക്ഷേപത്തിനായി തിരഞ്ഞെടുക്കേïത് എന്നറിയാതെ കുഴങ്ങുന്ന സാധാരണ ജനത്തിന് ആശ്വാസമായിരുന്നു അനാമികയുടെ പംക്തി.
അധികം സാങ്കേതിക പദങ്ങള്‍ ഉപയോഗിക്കാതെ വളരെക്കുറച്ചു വാക്കുകള്‍കൊണ്ടു മാത്രം ഏതെങ്കിലും ഒരു മേഖലയെക്കുറിച്ച് പരാമര്‍ശം. എന്തുകൊണ്ടണ്ട് ഈ മേഖല നിലവില്‍ നിക്ഷേപകന് മെച്ചമാകുന്നു എന്ന വിലയിരുത്തല്‍. പ്രസ്തുത മേഖലയിലെ ഏറ്റവും മെച്ചപ്പെട്ടതെന്ന് കരുതുന്ന രണ്ടോ മൂന്നോ കമ്പനികളുടെ പേരുകളും കഴിഞ്ഞകാല പ്രകടനവും. കഴിഞ്ഞകാല പ്രകടനം മാത്രമല്ല, എന്തുകൊണ്ട് ഈ കമ്പനി ഭാവിയില്‍ നിക്ഷേപകര്‍ക്ക് മെച്ചപ്പെട്ടതാകുന്നു എന്ന പരാമര്‍ശം. ലാളിത്യംകൊണ്ടും അവതരണശൈലികൊണ്ടും വസ്തുതകളിലെ കൃത്യത കൊണ്ടും ഈ പംക്തി വേറിട്ടുനിന്നു.
മലയാളത്തിലും ഇംഗ്ലീഷിലും വന്നിരുന്ന അനാമികയുടെ പംക്തിക്ക് ഇത്രയധികം വായനക്കാരുണ്ടെന്ന് പത്രങ്ങള്‍ക്കു പോലും ബോധ്യപ്പെട്ടത് ആ പംക്തി പൊടുന്നനെ അവസാനിപ്പിച്ചപ്പോഴാണ്. എന്തുകൊണ്ട് ഈ കോളം നിര്‍ത്തിക്കളഞ്ഞു എന്നു ചോദിച്ചു വന്ന ടെലിഫോണ്‍ വിളികള്‍ക്കും കത്തുകള്‍ക്കും ഇ-മെയിലുകള്‍ക്കും താമസിയാതെ പുനരാരംഭിക്കും എന്ന മറുപടി മാത്രമാണ് പത്രാധിപരില്‍ നിന്ന് ലഭിച്ചത്.
വളര്‍ന്നുവരാന്‍ സാധ്യതയുള്ള മേഖലയായി ഓഹരി ദല്ലാള്‍ ബിസിനസിനെക്കുറിച്ച് പറഞ്ഞു കൊണ്ടാണ് അനാമിക പംക്തി അവസാനിപ്പിച്ചത്. വരുംകാലങ്ങളില്‍ കേവലം ഓഹരി വാങ്ങല്‍ വില്‍ക്കലില്‍ മാത്രം ഇവര്‍ ഒതുങ്ങില്ലെന്നും ഒരാളുടെ സമ്പത്ത് പൂര്‍ണമായും കൈകാര്യം ചെയ്യുന്ന എല്ലാ സേവനങ്ങളും നല്‍കുന്ന നിലയിലേക്കു ഉയരുമെന്നും അനാമിക വിലയിരുത്തി. മികച്ച ദല്ലാള്‍ കമ്പനികളെ ഏറ്റെടുക്കാന്‍ തയാറായി രാജ്യത്തിനകത്തും പുറത്തുമുള്ള ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും മത്സരിച്ചു തുടങ്ങി എന്ന് പറഞ്ഞാണ് അനാമിക പംക്തി അവസാനിപ്പിച്ചത്.
അത്ഭുതപ്പെടുത്തിയത് മറ്റൊന്നായിരുന്നു. വിദേശകമ്പനികള്‍ കണ്ണുവച്ചേക്കാന്‍ ഇടയുള്ള പ്രമുഖ ദല്ലാള്‍ കമ്പനികളുടെ പേരുകള്‍ക്കൊപ്പം പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായ ജെ.എസ് മിഡാസ് സ്റ്റോക്ക് ബ്രോക്കിംഗ് കമ്പനിയുടെ പേരും ആ ലേഖനത്തില്‍ വന്നു. ഇത് കമ്പനിയിലെ ജീവനക്കാര്‍ക്കിടയില്‍ ചര്‍ച്ചയായി.
അധികം താമസിയാതെ, ജെ. എസ് മിഡാസ് സ്റ്റോക്ക് ബ്രോക്കിംഗിന്റേതായി ഫ്രാഞ്ചൈസികളെ ക്ഷണിച്ചുകൊണ്ടുള്ള പരസ്യം പ്രമുഖ പത്രങ്ങളില്‍ വന്നു. ഈയൊരു പരസ്യത്തിനുവന്ന പ്രതികരണം യഥാര്‍ത്ഥത്തില്‍ കമ്പനിയെ പോലും ഞെട്ടിച്ചുകളഞ്ഞു.
ഓഫീസിലെ തിരക്കൊഴിഞ്ഞ വൈകുന്നേരം മറൈന്‍ ഡ്രൈവിലൂടെ ഒരു നടത്തമാവാമെന്ന് പറഞ്ഞത് അവളായിരുന്നു ! അതിനു മുന്‍പ് എത്രയോ തവണ അവിടെ പോയിരുന്നുവെങ്കിലും നഗരത്തിലെ തിരക്കിന്റ പരിച്ഛേദമായല്ലാതെ സ്വസ്ഥത തരുന്നൊരിടമായി ഒരിക്കലും അവിടം തോന്നിയിരുന്നില്ല.
കല്ല് വിരിച്ച നടപ്പാതയിലൂടെ നടക്കുമ്പോള്‍ ചുറ്റിലുമുള്ള വിളക്കുകളുടെ പ്രകാശത്തില്‍ ഓളങ്ങള്‍ വെട്ടിത്തിളങ്ങി. അറബിക്കടല്‍ പതിന്മടങ്ങ് മനോഹരിയായി തോന്നി. തണുത്ത കാറ്റ് തഴുകുന്ന മുടിയിഴകള്‍ ഒതുക്കിക്കൊണ്ടാണ് അന്നവള്‍ അനാമികയെക്കുറിച്ചു ചോദിച്ചത്. ഇത്രയും വന്‍കിട ബ്രോക്കിംഗ് കമ്പനികളുടെ ഇടയില്‍ നിന്നും നമ്മുടെ ചെറിയ കമ്പനിയെ അനാമിക എങ്ങനെ കണ്ടെത്തിയെന്നായിരുന്നു അവള്‍ക്കറിയേണ്ടത്.
അത് തന്നെയാണ് ഞാനും ആലോചിക്കുന്നതെന്ന മറുപടി പൂര്‍ണ്ണമായും പ്രേരണ കേട്ടോ എന്ന് നിശ്ചയമുണ്ടായിരുന്നില്ല. ഭേല്‍ പൂരി വില്‍ക്കുന്ന ചെറിയ സ്റ്റാള്‍ അതിനോടകം അവളുടെ ശ്രദ്ധ അങ്ങോട്ടേക്ക് മാറ്റിക്കളഞ്ഞിരുന്നു. പേപ്പര്‍ പ്ലേറ്റില്‍ ഭേല്‍ പൂരി വാങ്ങി മുംബെയിലെ വഴിയോര രുചികളെക്കുറിച്ച് മാത്രമാണ് അന്നവള്‍ പിന്നീടു സംസാരിച്ചത്.
തോറ്റവര്‍ക്ക് ജീവിക്കാന്‍ കൊള്ളുന്നിടമല്ല ഈ ഭൂമി എന്ന് ബോധ്യപ്പെടുന്നത് അപ്പന്റെ ബിസിനസ് വീഴ്ചയില്‍ നിന്നാണ്. പ്രതാപ കാലത്തു എന്നും കൂടെയുണ്ടായിരുന്ന ചിലരെ വീഴ്ചയുടെ ആരംഭത്തില്‍ തന്നെ കാണാതായി.
ചരിത്രം വിജയികളുടേതാണെന്നും, വിജയിച്ചവന്റെ കൂടെ ആയിരിക്കാന്‍ എവരും ഇഷ്ടപ്പെടുമെന്നുമൊക്കെയുള്ള സങ്കല്‍പ്പമാണ് പ്രേരണ അവളുടെ തിരോധനത്തിലൂടെ പൊളിച്ചെഴുതിയത്. ഇനി എത്ര താളുകളില്‍ കൂടി അവള്‍ക്കു മറഞ്ഞിരിക്കാനാവും!




Tags:    

Similar News