പ്രേരണ - അധ്യായം 17

ചില സൂചനകള്‍ അടങ്ങുന്ന ഒരു കത്തിനെ പിന്തുടര്‍ന്ന് ലണ്ടനില്‍ നിന്നും മുംബൈയില്‍ എത്തുന്ന ജീവന്‍ ജോര്‍ജ്. മുംബൈയിലെ തിരക്കേറിയ ട്രെയിന്‍ യാത്രയില്‍ കത്ത് നഷ്ടമാകുന്നെങ്കിലും ഓര്‍മിച്ചെടുക്കുന്ന മേല്‍വിലാസത്തില്‍ കൃത്യമായി ലേഡീസ് ഹോസ്റ്റലില്‍ എത്തിച്ചേര്‍ന്ന ജീവന് നിമ്മിയെ കാണാനാവുന്നില്ല. തിരികെ ഹോട്ടലില്‍ എത്തുന്ന ജീവന് ഒരു പെന്‍ഡ്രൈവ് റിസെപ്ഷനിസ്റ്റില്‍ നിന്ന് ലഭിക്കുന്നെങ്കിലും അത് നല്‍കിയ ആളെ കാണാനാവാതെ പിറ്റേന്ന് ലണ്ടനിലേക്ക് മടങ്ങേണ്ടി വരുന്നു.

തിരികെ ഫ്ളാറ്റിലെത്തി പെന്‍ഡ്രൈവിലെ ഫയല്‍ തുറക്കുന്ന ജീവന്‍ തന്നെക്കുറിച്ചെന്നോണം രചിക്കപ്പെട്ട ഒരു പുസ്തകത്തിന്റെ ആദ്യ താളുകള്‍ കാണുന്നു. മുംബൈയിലെ തന്റെ പേഴ്സണല്‍ അസിസ്റ്റന്റായി എത്തി പുസ്തക രചന എന്ന അധിക ദൗത്യം കൂടി ഏറ്റെടുത്തു, ഒടുവില്‍ അത് പൂര്‍ത്തിയാക്കുന്നതിനു മുന്‍പ് അപ്രത്യക്ഷയായ പ്രേരണ എന്ന പെണ്‍കുട്ടിയിലൂടെ എഴുതപ്പെട്ട പുസ്തകം! ജോലിക്കായി മുംബൈയിലെത്തി, ഓഹരി ബ്രോക്കിംഗ് ബിസിനസിന്റെ സാധ്യതകള്‍ തിരിച്ചറിഞ്ഞു, ആ മേഖലയില്‍ അനുഭവസമ്പത്തുള്ള സുധീറുമൊത്ത് ഫ്രാഞ്ചൈസി ബിസിനസിലൂടെ ആരംഭിച്ചു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി രൂപഭേദം വന്ന ജെ.എസ് മിഡാസ് സ്റ്റോക്ക് ബ്രോക്കിംഗ് എന്ന തന്റെ ബിസിനസിനെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ വായിച്ചു ജീവന്‍ അത്ഭുതപ്പെടുന്നു.
ഒന്നരക്കോടി മൂലധനമുള്ള, ആദ്യവര്‍ഷം തന്നെ ലാഭ പാതയിലെത്തിയ ജെ.എസ് മിഡാസ് സ്റ്റോക്ക് ബ്രോക്കിംഗ് കമ്പനി മൂലധനം ഉയര്‍ത്താനുള്ള ശ്രമത്തിലായിരുന്നു. അങ്ങനെയാണ് ഏയ്ഞ്ചല്‍ ഇന്‍വെസ്റ്റേഴ്‌സിലേക്കും അധികാരിയിലേക്കുമെത്തുന്നത്. അധികാരിയുടെ ബംഗ്ലാവില്‍ ജീവനും സുധീറുമൊത്തുള്ള ചര്‍ച്ചയ്ക്കൊടുവില്‍ ജെ.എസ് മിഡാസ് സ്റ്റോക്ക് ബ്രോക്കിംഗ് കമ്പനിയില്‍ രണ്ടുകോടി നിക്ഷേപിക്കാമെന്ന് അധികാരി വാക്ക് നല്‍കുകയും ചെയ്തു. നിക്ഷേപം മൂന്നരക്കോടിയായി ഉയര്‍ത്തണമെന്ന സുധീറിന്റെ അഭ്യര്‍ത്ഥന നിരാകരിച്ചെങ്കിലും ഒന്നരക്കോടിക്കായി വേറെ നിക്ഷേപകനെ കണ്ടെത്താന്‍ അധികാരി സമ്മതിച്ചു.
ഒടുവില്‍ കോട്ടയത്ത് രജിസ്റ്റര്‍ ചെയ്ത 'സ്റ്റോണ്‍ കോര്‍ട്ട് ട്രസ്റ്റ്' ഒന്നരക്കോടി നിക്ഷേപിക്കാന്‍ മുന്നോട്ടുവന്നു. പിന്നാലെ അനാമിക എന്ന ബിസിനസ് ജേണലിസ്റ്റിന്റെ പേരില്‍ ജെ.എസ് മിഡാസ് സ്റ്റോക്ക് ബ്രോക്കിംഗ് കമ്പനിയെ കുറിച്ച് ലേഖനവും പ്രത്യക്ഷപ്പെട്ടു. കമ്പനി പലര്‍ക്കും ഫ്രാഞ്ചൈസി നല്‍കിയെങ്കിലും മുന്നോട്ടുകൊണ്ടുപോകാനായില്ല.
തുടര്‍ന്ന് നടന്ന മീറ്റിംഗില്‍ ഫ്രാഞ്ചൈസികള്‍ ശാഖകളായി ഉയര്‍ത്താനുള്ള തീരുമാനമായി. ദുബായ് സന്ദര്‍ശനത്തിനിടെയാണ് ജെബീബ് ബാങ്ക് അധികൃതരുമായി ജീവന്‍ കൂടിക്കാഴ്ച നടത്തിയത്. ജെ.എസ് മിഡാസ് സ്റ്റോക്ക് ബ്രോക്കിംഗ് കമ്പനിയുടെ 74 ശതമാനം ഓഹരി ഏറ്റെടുക്കാന്‍ ബാങ്ക് താല്‍പ്പര്യം കാണിക്കുകയും ചെയ്തു. ജെ.എസ് സ്റ്റോക്ക് ബ്രോക്കിംഗ് കമ്പനിയുടെ എഴുപത്തി നാല് ശതമാനം ഓഹരികള്‍ ബാങ്ക് സ്വന്തമാക്കി... ഇതായിരുന്നു പ്രേരണ എഴുതിയ പുസ്തകത്തിലെ അവസാന അദ്ധ്യായം. (തുടര്‍ന്ന് വായിക്കുക)
അധ്യായം 20
ചതുരംഗം
കട്ടിലില്‍ കണ്ണു തുറന്നു കിടക്കാന്‍ തുടങ്ങിയിട്ട് നേരമേറെയായി. കൊടുങ്കാറ്റ് വീശുന്ന പ്രക്ഷുബ്ധമായ മനസ് ഉറക്കം നഷ്ടപ്പെടുത്തി.
കണ്ടുമുട്ടുന്നവരില്‍ ആവശ്യമില്ല എന്ന് തോന്നുന്നവരെ അവഗണിക്കാനും, ഉതകുമെന്നു തോന്നുന്നവരെ ഒരു ചതുരംഗപ്പലകയില്‍ എന്നവണ്ണം കൃത്യമായി പ്രതിഷ്ഠിച്ച്, വേണ്ട സമയം ആവശ്യമായ നീക്കങ്ങള്‍ നടത്തി വിജയം നേടാനാകുമെന്നും ഉറച്ചുവിശ്വസിച്ചിരുന്ന നാളുകള്‍! അത്തരം കളികളില്‍ തോല്‍പ്പിക്കാന്‍ ആര്‍ക്കുമാവില്ല എന്ന് പോലും അഹങ്കരിച്ചിരുന്ന നാളുകളിലാണ് പ്രേരണയുടെ ആഗമനവും പെട്ടെന്നുള്ള തിരോധാനവും.
അന്ന് ആന്‍സിയില്‍ നിന്ന് അവിചാരിതമായി ആ ടെലിഫോണ്‍ കാള്‍ വന്നില്ലായിരുന്നെങ്കില്‍ ജീവിതം ഏതു ദിശയില്‍ ആകുമായിരുന്നു. ഒരുപക്ഷേ പ്രേരണ എഴുതിയത് പോലെ മൂന്നാറില്‍ മറ്റൊരു രീതിയില്‍ തിരക്കുകളുമായി കഴിയുമായിരുന്നിരിക്കാം! ലണ്ടനിലെത്തി ജീവിതം പുതിയൊരു താളത്തില്‍ വന്നു തുടങ്ങിയപ്പോഴാണ്... പെന്‍്രൈഡവിലൂടെ വീണ്ടും!
ആറു മണി കഴിഞ്ഞിട്ടും വെളിച്ചം വീണിട്ടില്ല. ഒരു കാപ്പിയിലൂടെ ഉന്മേഷം തിരികെപിടിക്കാനാകുമോ. അടുക്കളയിലേക്കു നടക്കുമ്പോള്‍ പാല്‍ കാണുമോ എന്ന സന്ദേഹം ബാക്കിയായി. ഭാഗ്യം, ഫ്രിഡ്ജില്‍ പാലുണ്ട്. പാല്‍ തിളക്കുകയും മൊബൈല്‍ ഫോണ്‍ ശബ്ദിച്ചതും ഒരുമിച്ച്. മൊബൈല്‍ എടുക്കും മുന്‍പ് വാതിലിന്റെ ലെന്‍സിലൂടെ പുറത്തേക്കു നോക്കി. ഊഹം കൃത്യം!
'ദാണ്ടെ തിളച്ചു തൂവുന്നു, ഗ്യാസ് ഓഫ് ചെയ്യൂ' ആന്‍സി അകത്തേക്ക് കടന്നത് ഇത് പറഞ്ഞുകൊണ്ടായിരുന്നു. കാപ്പി കപ്പുകളില്‍ പകരുമ്പോഴേക്കും വസ്ത്രം മാറി ആന്‍സി ബാത്ത്‌റൂമില്‍ കയറിയിരുന്നു. ഷവറില്‍നിന്നു വീഴുന്ന വെള്ളത്തിന്റെ ശബ്ദത്തിനൊപ്പം മൂളിപ്പാട്ടും. 'എന്തൊരു തണുപ്പ്! റൂം ടെമ്പറേച്ചര്‍ എത്രയാണെന്നറിയാമോ... ഹീറ്റര്‍ ഒന്നു കൂട്ടിവയ്ക്കാന്‍ പോലും മടി..!' തലയില്‍ ടര്‍ക്കി ചുറ്റി ഇളം പച്ച ഗൗണില്‍ പുഞ്ചിരിയോടെ ആന്‍സി.
യൗവ്വന നാളുകളിലെ പ്രണയം അതേ ചൂടില്‍ എങ്ങനെ ആന്‍സി ഇന്നും നിലനിര്‍ത്തുന്നു! മേശപ്പുറത്ത് വച്ചിരുന്ന കപ്പ് എടുത്തു അവള്‍ അരികിലിരുന്നു. 'ജീവാ ഇനി വലിയ പ്ലാനിംഗിനൊന്നും സമയമുണ്ടെന്നു തോന്നുന്നില്ല...ഇങ്ങോട്ടു നോക്കിയേ...'
കാപ്പി സോഫയുടെ കോര്‍ണര്‍ സ്റ്റാന്‍ഡില്‍ വച്ച് തലയില്‍ നിന്ന് ടര്‍ക്കി അഴിച്ചുമാറ്റി, ഒരു നരച്ച മുടി കാട്ടിക്കൊണ്ടാണവളത് പറഞ്ഞത്.
ഓ, ഇത് ബാലനരയല്ലേ...
37 വയസിലെ നര ബാലനരയെന്നാണോ പറേന്നേ... എന്ത് പറയണമെന്നറിയാതെ ഒരു നിമിഷം അവളെ നോക്കി.
'ആന്‍സി എനിക്കൊരു കാര്യം...' ശബ്ദത്തില്‍ മാറ്റം സഭവിച്ചിരുന്നോ. ആന്‍സി അതിശയത്തോടെ നോക്കി. 'സ്‌കൂള്‍ പഠനത്തിന് ശേഷമുണ്ടായ നമ്മുടെ വഴി പിരിയലിനെക്കുറിച്ച് നീ ആലോചിച്ചിട്ടുണ്ടോ?'
'പെട്ടെന്നിപ്പോ?'
'പെട്ടെന്നല്ല കാരണമുണ്ട്, നീ ചിന്തിച്ചിട്ടുണ്ടോ?'
'സ്‌കൂള്‍ പഠനത്തിന് ശേഷമല്ലല്ലോ, പ്രീഡിഗ്രിക്ക് ശേഷം!, രണ്ടു കോളേജുകളിലായിട്ടും പ്രീഡിഗ്രി കാലത്തും മറ്റാരും കാണാതെ നമ്മള്‍ കണ്ടു...സംസാരിച്ചു...പിന്നെ.......'
പാതിയായ കപ്പ് മേശപ്പുറത്തു വച്ചു.
'ബാംഗ്ലൂരില്‍ നഴ്‌സിംഗ് പഠനത്തിന് പോയപ്പോ അയച്ച കത്തുകള്‍.... അവധിക്കു കണ്ടപ്പോള്‍ കത്തിന്റെ കാര്യം ചോദിച്ചത് അന്നത് കിട്ടിയില്ലെന്ന് കരുതിയാണ്. ഒരു കാര്യം താല്‍പ്പര്യമില്ലെങ്കില്‍ ജീവന്റ ശബ്ദം പോലും മാറും. മറുപടിയില്‍നിന്നും ഈ ബന്ധം മുന്നോട്ടുകൊണ്ടുപോകാന്‍ താല്‍പ്പര്യമില്ലെന്നെനിക്ക് മനസിലായി.'
'ഇപ്പോഴും ചോദ്യത്തിന് മറുപടി പറഞ്ഞില്ല.'
ശബ്ദം തെല്ല് പതറിയോ.
'കഥകളും കവിതകളുമൊക്കെയായിരുന്നല്ലോ അക്കാലത്തെ നമ്മുടെ ഭ്രാന്ത്. നഴ്‌സിംഗ് പഠനത്തേക്കാളും വിദേശ ജോലിയേക്കാളുമിണങ്ങിയ എത്രയോ അവസരങ്ങള്‍ നാട്ടിലുണ്ടെന്ന് ജീവന്‍ എപ്പഴും പറയുമായിരുന്നു....'
ആന്‍സി ഒരു നിമിഷം നിര്‍ത്തി എന്തോ ആലോചിച്ചു.
'ഒരു വര്‍ഷം... ഒറ്റ വര്‍ഷം മാത്രമായിരുന്നു അപ്പച്ചന്‍ റിട്ടയര്‍ ചെയ്യാന്‍ ബാക്കി... സര്‍ക്കാരാശുപത്രീലെ കമ്പൗണ്ടര്‍ ജോലിയും നാലു പെണ്‍മക്കളും! നീക്കിയിരുപ്പൂഹിക്കാമല്ലോ! വിദേശ ജോലി.... പെട്ടെന്നു കുറച്ചു പണം.....' ആന്‍സി അല്‍പ്പനേരം മിണ്ടാതിരുന്നു.
'എങ്കിലും ഞാനിങ്ങനെ പോകുന്നതിഷ്ടമല്ലെന്ന് ജീവന്‍ വ്യക്തമായി പറഞ്ഞിരുന്നെങ്കില്‍....' ഒരു നിമിഷം എന്ത് മറുപടി പറയണമെന്നറിയാതെ കുഴങ്ങി.
'വ്യക്തമായി പറഞ്ഞിരുന്നെങ്കില്‍...! നിനക്കറിയാമോ എന്റെ അന്നത്തെ അവസ്ഥ.... പണമില്ലാത്ത ഒരുവന് ആത്മവിശ്വാസം പോലും കാണുകേല.... കുടുംബം ഒന്നുമല്ലാതായിത്തീര്‍ന്ന കാലം... ഭീരുവായി ആള്‍ക്കാരില്‍നിന്നും ഓടിയൊളിക്കാന്‍ ശ്രമിച്ച നാളുകള്‍. നഴ്‌സിംഗ് പഠനത്തിനായോ വിദേശ ജോലിക്കായോ നീ പോകുന്നതെനിക്കിഷ്ടമല്ലെന്നു പറയാന്‍ പോലുമുള്ള ധൈര്യമില്ല.'
കുടിക്കാന്‍ എടുത്ത കാപ്പി ആന്‍സി വീണ്ടും മേശപ്പുറത്തു വച്ചു.
'പരസ്പരം പൂര്‍ണമായും മനസിലാക്കിയെന്നു കരുതിയ നാളുകള്‍.... സൂചനകള്‍ ധാരാളം.... അതെല്ലാമവഗണിച്ച് നീ പോയപ്പോള്‍ സത്യത്തില്‍ എനിക്ക്.......' 'ഇതാണോ കാലത്തേ ഇത്ര കാര്യമായി......?' ആന്‍സി കൈകള്‍ കവര്‍ന്നു.
'അല്ല.... കാണാതിരുന്ന വര്‍ഷങ്ങള്‍! നഷ്ടപ്പെട്ട സൗഭാഗ്യങ്ങള്‍....! ഒക്കെ തിരിച്ചുപിടിക്കണമെന്ന വാശി. നിശബ്ദമായി ആന്‍സിയെ നോക്കി ഒരു നിമിഷം മിണ്ടാതിരുന്നു. നീണ്ട ഇടവേള ഏത് ബന്ധത്തിലാണകല്‍ച്ചയുണ്ടാക്കാത്തതു! ആദ്യം ജോലിത്തിരക്ക് പിന്നെ ബിസിനസ്..... അങ്ങനെ...അത്ഭുതം കൂറുന്ന മിഴികളോടെ ആന്‍സി നോക്കി.
'നിന്നെ കാര്യമായന്വേഷിച്ചത് നാട്ടിലെത്തിയപ്പഴാ... വിവാഹത്തെക്കുറിച്ച് വീട്ടില്‍ നിര്‍ബന്ധിച്ചു പറഞ്ഞ നാളുകളില്‍! വീടും സ്ഥലവും വിറ്റ് ചങ്ങനാശേരിയില്‍നിന്നും നിങ്ങളുടെ കുടുംബം പോയെന്നറിഞ്ഞപ്പം പിന്നെ......' കൈത്തലം മുറുകെപിടിച്ചു കൊണ്ടാണവള്‍ പറഞ്ഞത്.
'പഠനത്തിലും, ജോലിയിലും ബിസിനസിലും കേമന്‍.... പക്ഷെ സ്‌നേഹിച്ചൊരാളെ മനസിലാക്കാന്‍... ഇപ്പറഞ്ഞ കാര്യങ്ങളിലൊന്നും ജീവന്റത്ര മിടുക്ക് എനിക്കില്ല... പക്ഷെ ഒന്നുറപ്പായിരുന്നു... ജീവന് അത്ര പെട്ടെന്ന് എന്നെ മറക്കാനാവില്ല..'.
വീണ്ടും നിശബ്ദത.
'മൂത്തയാളുടെ കല്യാണം കഴിഞ്ഞു മതി ബാക്കിയുള്ളവരുടേതെന്ന് അപ്പച്ചന്‍.... എന്നേക്കാള്‍ എട്ടു വയസിനിളയ ജെസ്സിയുടെ കല്യാണവും കഴിഞ്ഞാലോചിക്കാമെന്നു ഞാന്‍....... മറ്റൊരാളെ ജീവിതത്തിലേക്ക് ക്ഷണിക്കാന്‍ ജീവനാവില്ല എന്നെനിക്കറിയാം......' കൈത്തലം വിടുവിച്ചു ഒരു നിമിഷം നിശബ്ദമായിരുന്നതിനു ശേഷമാണ് പറഞ്ഞത്.
'തെറ്റി.... മറ്റൊരാള്‍ വന്നു..., ഒരു വിവാഹം ഇനി ഇല്ലെന്നുറപ്പിച്ച നാളുകള്‍... പ്രേരണ കമ്പനിയിലെത്തുന്നത് അപ്പഴാ....'
പറഞ്ഞപ്പോള്‍ കണ്ണുകളിലേക്ക് നോക്കി. പ്രേരണ എന്ന പേര് ആന്‍സിയില്‍ ഒരു ഞടുക്കം ഉണ്ടാക്കിയോ. ഒരു നിമിഷം സ്തബ്ധയായിരുന്ന അവള്‍ ഉറക്കെ ചോദിച്ചു. 'പ്രേരണ'
'ങ്ഹാ ....എന്തുപറ്റി?'
'അവളെന്നെയും വിളിച്ചിരുന്നു. ജീവനെ ഞാന്‍ വിളിക്കുന്നതിനും ഏതാണ്ട് ഒരാഴ്ച മുന്‍പാ..... ജെബീബ് ബാങ്ക് ഏറ്റെടുക്കുന്ന കമ്പനിയുടെ എം.ഡിയുമായി അഭിമുഖത്തിന് മുംബെയില്‍ എത്തിയതാണെന്നാ അവള്‍ പറഞ്ഞത്.'
'എന്നിട്ട്?'
'അഭിമുഖത്തില്‍ സ്വകാര്യജീവിതത്തെക്കുറിച്ചുള്ള ചോദ്യത്തില്‍ എന്റെ പേര് വന്നൂന്നും ഇക്കാലത്ത് വല്ലപ്പോഴും മാത്രം കാണുന്ന ഇത്തരം റിലേഷന്‍ഷിപ്പില്‍ ആകൃഷ്ടയായാണ് വിളിക്കുന്നതെന്നും പറഞ്ഞു.'
'പിന്നെന്തു പറഞ്ഞു' ജിജ്ഞാസ സ്വരം ഉയര്‍ത്തി.
'ജീവന്റെ ഫോണ്‍ നമ്പര്‍ തന്നു. അവള്‍ വിളിച്ചെന്നു പറയരുതെന്നോര്‍മ്മിപ്പിച്ചു. അമ്പരന്നു പോകാന്‍ കാരണം വേറെയാരുന്നു. ജീവനെ കണ്ടെത്താന്‍ വല്ലാതെ ആഗ്രഹിച്ച നാളുകളായിരുന്നു അത്.' ജെബീബ് ബാങ്ക് ഏറ്റെടുക്കുന്ന കമ്പനിയെക്കുറിച്ചുള്ള പത്രവാര്‍ത്ത കണ്ടാ ജീവനെ വിളിക്കുന്നതെന്ന് പറഞ്ഞത് വെറുതെയാ... അന്നങ്ങനെ പറയാനാ എനിക്ക് തോന്നിയേ....'
ആകാംക്ഷയോടെ, അതിലേറെ അത്ഭുതത്തോടെയാണത് കേട്ടത്.
'ഇതല്ലാതെന്തറിയാം അവളെക്കുറിച്ചു ? അവളെ ജീവിതത്തിലേക്ക് ക്ഷണിക്കാന്‍ പോലും ഞാന്‍ ഒരുക്കമായിരുന്നെന്നറിയാമോ?'
'മറ്റൊന്നും അവളെക്കുറിച്ച് എനിക്കറിയില്ല. ഈ ഫോണ്‍കോളിനെക്കുറിച്ച് സമയം ഒത്തുവരുമ്പോ പറയാനിരിക്കുവാരുന്നു ഞാന്‍.'
'ആന്‍സി, അവള്‍ എന്നെ വിഡ്ഢിയാക്കി..... കമ്പനിയില്‍ ജോലിക്കു വന്നു... എന്റെ ജീവചരിത്രം പോലൊരു പുസ്തകം ചെയ്തു..... എന്നൊക്കെ ഞാന്‍ വിചാരിച്ചു.'
'എന്നിട്ട്?'
'പെട്ടെന്നൊരു നാള്‍ പോയി. ആദ്യം തിരിച്ചുവരുമെന്നു വിചാരിച്ചു. കാണാതായപ്പോ അവള്‍ ജോലി ചെയ്തിരുന്നെന്നു പറഞ്ഞ കോട്ടയത്തെ പത്രസ്ഥാപനത്തില്‍ ഞാന്‍ പോയി.'
'എന്നിട്ടു കണ്ടോ?'
'ഇല്ല, അങ്ങനൊരാള്‍ അവിടെ ഉണ്ടായിരുന്നില്ല. അവളുടെ ശമ്പളം ക്രെഡിറ്റ് ചെയ്യുന്ന ബാങ്കില്‍ നിന്ന്, തിരിച്ചറിയലിനും, മേല്‍വിലാസത്തിനുമായി നല്‍കിയിരിക്കുന്ന രേഖകള്‍ ഒപ്പിച്ചെടുത്തു. ജോലിക്കായി എത്തിയപ്പോള്‍ കമ്പനിയില്‍ നല്‍കിയ അതേ വോട്ടേഴ്‌സ് ഐഡി കാര്‍ഡിന്റെ കോപ്പി. വിലാസത്തിനായി കൊടുത്തത് മുംബെയിലെ ഹോസ്റ്റലില്‍നിന്നും മുറി അനുവദിച്ചു നല്‍കിക്കൊണ്ടുള്ള കത്തും.'
'ഹോസ്റ്റലില്‍ പോയോ?'
'ഹോസ്റ്റലില്‍ നിന്നൊക്കെ എന്നേ അവള്‍ പോയി. തിരിച്ചറിയല്‍ കാര്‍ഡ് വച്ച് വെബ്‌സൈറ്റില്‍ പരതി... കബളിപ്പിക്കപ്പെട്ടെന്ന് മനസിലായതപ്പഴാ.... അറുപത്തി മൂന്നു വയസുള്ള തിരുവനന്തപുരംകാരി ഭവാനിയമ്മ എന്നയാളുടെ തിരിച്ചറിയല്‍ കാര്‍ഡ്! അവള്‍ നിന്നെയും വിളിച്ചിരുന്നൂന്ന് പറയുമ്പോ.... അന്നത്തെ നിന്റെ ടെലിഫോണ്‍ കോള്‍.... കുറഞ്ഞ നാളുകള്‍ക്കുള്ളില്‍ നടന്ന കല്യാണം, ലണ്ടനിലേയ്ക്കുള്ള പറിച്ചുനടല്‍... ഇന്നും ഒരു സ്വപ്നം പോലെ തോന്നുകാ !'
'കാലത്തു പെട്ടെന്നിപ്പൊ ഇതൊക്ക പറയാന്‍?' സോഫയില്‍ നിന്നും ആന്‍സി എഴുന്നേറ്റു. 'ഞാനും നമ്മുടെ പുതിയ ജീവിതത്തിലേക്ക് വന്നു തുടങ്ങി.... അപ്പഴും നിന്നില്‍ നിന്നിതൊക്കെ മറച്ചുവച്ചത് ഒരു വിങ്ങലാരുന്നു... സ്വയം വ്യക്തതയില്ലാത്ത കാര്യങ്ങള്‍ എങ്ങനെ പറയും....'
ആന്‍സി അത്ഭുതത്തോടെ നോക്കി.
'നിന്നോട് പറഞ്ഞ പോലെ ഈ മുംബൈ യാത്ര കമ്പനി ആവശ്യത്തിനായിരുന്നില്ല. ഓര്‍ഡിനറി തപാലില്‍ എനിക്കൊരു കത്ത് വന്നു. എന്നെക്കുറിച്ച് തയാറാക്കിയ ഒരു പുസ്തകത്തിന്റ പകര്‍പ്പ് കൈവശമുണ്ടെന്നും പറഞ്ഞു... ഈ പുസ്തകം പ്രസിദ്ധീകരിച്ചാല്‍ ഇതാ
രാണ് ചെയ്തതെന്ന് നിങ്ങളെ ബോധ്യപ്പെടുത്താമെന്നും..... നേരിട്ടല്ലാതെ ഈ മേല്‍വിലാസത്തില്‍ പറഞ്ഞിരിക്കുന്നയാളെ ബന്ധപ്പെടരുതെന്ന മുന്നറിയിപ്പും.
പ്രേരണയാണ് ഈ പുസ്തകം ചെയ്തതെന്നറിയാവുന്ന എനിക്ക് അവളെക്കുറിച്ചുള്ള ദുരൂഹത ഇവിടെ തീരുമെന്ന് തോന്നി.
'എന്നിട്ടവളെ കണ്ടോ?'
'ഇല്ല, ആരെയും കണ്ടില്ല... ഞാന്‍ താമസിച്ച വൈ.എം.സി.എയില്‍ ഒരു പെന്‍്രൈഡവ് ആരും മുന്നില്‍വരാതെ എനിക്ക് കൈമാറി.. ഇവിടെ വന്നത് ഓപ്പണ്‍ ചെയ്തു... പുസ്തകത്തിനായി അവള്‍ തയാറാക്കിയ കുറിപ്പുകള്‍! ലാപ്‌ടോപ്പില്‍ ജെ.ജെ എന്നൊരു ഫയലുണ്ട്.... നീ വായിക്കണം.'
ആന്‍സി സ്തബ്ധയായി കേട്ടിരിക്കയാണ്. എഴുന്നേറ്റു കുളിമുറിയിലേക്ക് നടന്നുകൊണ്ട് പറഞ്ഞു.
'ഡെന്നിയെ ഒന്ന് കാണണം. അന്നത്തെ ചടങ്ങില്‍ ഒരു മലയാളി ദമ്പതികളെ പരിചയപ്പെട്ടു. ദിവസങ്ങള്‍ക്കുള്ളില്‍ എനിക്കാ കത്തും വന്നു. അവര്‍ക്ക് അന്ന് ഞാന്‍ എന്റെ കാര്‍ഡ് കൊടുത്താരുന്നു... അവര്‍ക്ക് ഇതുമായി എന്തോ ബന്ധമുണ്ടെന്ന് കത്ത് കിട്ടിയപ്പോ തൊട്ടു മനസ് പറയുന്നു.'
'ബ്രേക്ഫാസ്റ്റ്?'
'വന്നിട്ട്'
ഡ്രസ് മാറി ജാക്കറ്റ് ധരിച്ചു പുറത്തിറങ്ങി. അണ്ടര്‍ ഗ്രൗണ്ട് സ്റ്റേഷനിലേക്ക് നടക്കുമ്പോള്‍ ഡെന്നിയോട് എങ്ങനെ കാര്യങ്ങള്‍ അവതരിപ്പിക്കണമെന്ന ശങ്ക.
ട്രെയിനിലിരിക്കുമ്പോള്‍ ഓര്‍മകള്‍ തിരശീലയിലെന്ന പോലെ മിന്നി മറഞ്ഞു. ഒരു വൈകുന്നേരം പ്രേരണ കാബിനിലെത്തിയപ്പോള്‍ ആദ്യമായി കാണുന്ന പോലെയാണ് അക്വേറിയം ശ്രദ്ധിച്ചത്. അന്നതിലുണ്ടായിരുന്ന ഒരേ ഒരു സ്വര്‍ണ മത്സ്യത്തെ നോക്കിയാണ് അവള്‍ സംഭാഷണം ആരംഭിച്ചത്. എന്തു കൊണ്ടിതിന് ഒരു ഇണയെ കൂടി നല്‍കിയില്ല എന്ന് പറഞ്ഞു കൊണ്ടാരംഭിച്ച സംഭാഷണത്തിനൊടുവിലാണ് ആന്‍സി എന്ന പേര് കടന്നുവന്നത്. ആകസ്മികം എന്ന് തോന്നിച്ച ആ സംഭാഷണം പോലും അങ്ങനെ ആയിരുന്നില്ലെന്ന് ഇപ്പോള്‍ മനസിലാകുന്നു.
ട്രെയിന്‍ ഹോള്‍ബോണ്‍ സ്റ്റേഷനിലെത്തുന്നു എന്ന അറിയിപ്പില്‍ എഴുന്നേറ്റു. നേരത്തെ വരുമെന്നറിയിച്ചതിനാല്‍ ഡെന്നി കാത്തിരിക്കുകയായിരുന്നു. മുഖവുരയില്ലാതെ തുടങ്ങി.
'അന്നത്തെ ആ പരിപാടിയില്‍ ഒരു ഹസ്ബന്‍ഡ് ആന്‍ഡ് വൈഫിനെ പരിചയപ്പെട്ടിരുന്നു. അവര്‍ നല്ല പരിചയം കാണിച്ചപ്പോഴും എനിക്കവരെ അങ്ങോട്ട്...... അയാളുടെ ബിസിനസ് കാര്‍ഡും തന്നതാ, അതും എവിടെയോ കളഞ്ഞു.'
'പേര് ഓര്‍ക്കുന്നുണ്ടോ ?അവരുടെയോ, അയാളുടെ സ്ഥാപനത്തിന്റെയോ?' ഡെന്നിയുടെ മുഖത്തെ അത്ഭുതം വായിച്ചെടുക്കാം.
'ഇല്ല , ഞാനുമന്നത് കാര്യമാക്കിയില്ല... ആലോചിച്ചപ്പോ പണ്ട് നാട്ടില്‍ ഞങ്ങളുടെ അയല്‍വക്കത്ത് വാടകയ്ക്ക് താമസിച്ചിരുന്ന കുടുംബത്തിലെ പെണ്‍കുട്ടിയായിരുന്നെന്ന് ഇപ്പോ തോന്നുന്നു.'
'ഞാനെന്താ വേണ്ടത് ?'
'അവരെ ഡെന്നിക്ക് അറിയാമെങ്കില്‍ ബന്ധപ്പെടാന്‍....'
അങ്ങനെ പറയാനാണു തോന്നിയത്.
'അന്നത്തെ പരിപാടിയില്‍ പങ്കെടുത്തവരെല്ലാം ക്ഷണപ്രകാരം വന്നവരാ. ഒരു ദിവസം സമയം തരുവാണേല്‍ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയില്‍നിന്നും ഡീറ്റെയില്‍സ് പൊക്കാം അത്യാവശ്യമാണെങ്കില്‍.'
'അത്യാവശ്യമാണ്.'
'അങ്ങനെയെങ്കില്‍ ഒരു ദിവസം സമയം താ'
തിരികെ വെംബ്ലി സെന്‍ട്രലിലേക്ക് പോകാനായി ട്യൂബിലേക്കു കയറുമ്പോള്‍ ഫോണ്‍ ശബ്ദിച്ചു.
'ഇപ്പൊ അയച്ച ഫോട്ടോ കണ്ടിരുന്നോ..... അങ്ങേത്തലക്കല്‍ ആന്‍സി!
അണ്ടര്‍ഗ്രൗണ്ടില്‍ ട്രെയിന്‍ ഓടിത്തുടങ്ങുമ്പോഴേക്കും സിഗ്‌നല്‍ പോകും. ധൃതി പിടിച്ചു വാട്‌സ്ആപ് മെസേജ് ഓപ്പണ്‍ ചെയ്തു.
പ്രേരണയുടെ മുഖം സ്‌ക്രീനില്‍ ആന്‍സിയെ വിളിക്കാന്‍ വീണ്ടും ശ്രമിക്കുമ്പോഴേക്കും സിഗ്‌നല്‍ പോയിരുന്നു.



Related Articles
Next Story
Videos
Share it