കോവിഡ് കാലം ബിസിനസിന്റെ സാമ്പത്തിക ആരോഗ്യം കാക്കാന്‍ 10 വഴികള്‍

Update:2020-04-13 13:12 IST

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെ ബാധിക്കുന്ന ഒരു ദുരന്തമാണ് കോവിഡ് 19 പകര്‍ച്ച വ്യാധിയെന്ന് കഴിഞ്ഞ കുറച്ച് മാസങ്ങളിലെ സംഭവങ്ങളില്‍ നിന്ന് നമുക്ക് വ്യക്തമായിരിക്കുന്നു.പല ബിസിനസുകളും, പ്രത്യേകിച്ച് ചെറുകിട, ഇടത്തരം ബിസിനസുകള്‍ അവ സാധാരണ നിലയിലേക്ക് മടങ്ങുന്നതിന് മുമ്പ് മാസങ്ങളോ വര്‍ഷങ്ങളോ അനിശ്ചിതവും പ്രതികൂലവുമായ സാഹചര്യങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. കുറഞ്ഞ ഡിമാന്‍ഡ്, സപ്ലൈ ചെയ്‌നിലെ പ്രശ്‌നങ്ങള്‍ ഇതൊക്കെ ബിസിനസുകളുടെ പണലഭ്യതയെ സാരമായി ബാധിക്കുന്നു.

ഈ ദുഷ്‌കരമായ സമയങ്ങളിലൂടെ കടന്നുപോകാനും ഭാവിയിലേക്ക് നിങ്ങളുടെ ബിസിനസിനെ സജ്ജമാക്കാനും ബിസിനസിന്റെ സാമ്പത്തിക ആരോഗ്യം ശക്തിപ്പെടുത്തുക മാത്രമാണ് പോം വഴി. ഈ പ്രത്യേക സാഹചര്യത്തില്‍ നിങ്ങളുടെ ബിസിനസിന്റെ സാമ്പത്തിക ആരോഗ്യം കൈകാര്യം ചെയ്യുന്നതിനുള്ള 10 തന്ത്രങ്ങള്‍ ഇതാ,

1. ക്യാഷ് ഫ്േളാ ബജറ്റിംഗ്

'പണമാണ് രാജാവ്' എന്ന ചൊല്ല് ഇപ്പോള്‍ മുമ്പത്തേക്കാളും പ്രസക്തമാണ്. ഒരു ബിസിനസിനെക്കുറിച്ചും അതിന്റെ പ്രകടനത്തെക്കുറിച്ചുമുള്ള ആത്യന്തികമായ സത്യം വെളിപ്പെടുത്തുന്നത് പണം തന്നെയാണ്. അതുകൊണ്ട് നിലവിലെ സാഹര്യത്തില്‍ ബിസിനസുകള്‍ പണത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കേണ്ടതുണ്ട്. അതായത് കണക്കിലെ കളികൊണ്ടു മാത്രം കാര്യമില്ലെന്നര്‍ത്ഥം. പണത്തിന്റെ വരവും പോക്കും ദിവസേന നിരീക്ഷിക്കുകയും 12 മാസത്തേക്കുള്ള പണമൊഴുക്ക് ഉറപ്പാക്കുന്ന ബജറ്റ് തയ്യാറാക്കുകയും അത് ട്രാക്കുചെയ്യുകയും വേ ണം. കിട്ടാനുള്ളവയെ പണമാക്കി മാറ്റുന്നതില്‍ നിങ്ങളുടെ കമ്പനി എത്രത്തോളം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുവെന്ന് ഇതുവഴി നിങ്ങള്‍ക്ക് കാണാന്‍ കഴിയും. വരാനിരിക്കുന്ന ദുരന്തങ്ങളെ കുറിച്ചുള്ള മുന്നറിയിപ്പുകളും നിങ്ങള്‍ക്ക്് ഇത് വഴി ലഭിച്ചേക്കാം. കൂടാതെ ആരോഗ്യകരമായ വിധത്തില്‍ എങ്ങനെ പണമിടപാടുകള്‍ കൈകാര്യം ചെയ്യണമെന്നും ഇതിലൂടെ നിങ്ങള്‍ക്ക് മനസിലാക്കാം.

2.  പണം അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യാം

ഒരു സ്ഥാപനത്തിലെ എല്ലാവരും ഒരു സിഎഫ്ഒയെപ്പോലെ ചിന്തിക്കേണ്ട സമയമാണിത്, കാരണം അവര്‍ എടുക്കുന്ന മിക്ക തീരുമാനങ്ങളും കമ്പനിയുടെ സാമ്പത്തിക നിലയെ സ്വാധീനിക്കും. പണ പരിവര്‍ത്തന സൈക്കിളില്‍ വേണം ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍. പണം സൂക്ഷിച്് വച്ച് നീതിപൂര്‍വ്വം ഉപയോഗിക്കുക. ബിസിനസുകള്‍ ദിവസേന പണം വരവും പോക്കും മനസിലാക്കുകയും ശ്രദ്ധയോടെ മാത്രം ചെലവാക്കുകയും ചെയ്യുമ്പോള്‍ അനാവശ്യ ചെലവുകള്‍ വന്നു ചേരുന്നത് ഒഴിവാക്കാനാകും. വില്‍പ്പന നടത്തുമ്പോള്‍ മാത്രമല്ല പണം സംരംക്ഷിക്കുമ്പോഴും നിങ്ങളുടെ ടീമിന് പ്രോത്സാഹനങ്ങളും പ്രതിഫലങ്ങളും നല്‍കുന്നത് നല്ലതാണ്,  സര്‍ക്കാരില്‍ നിന്ന് നിങ്ങളുടെ ബിസിനസിന് ലഭിക്കാനിടയുള്ള പദ്ധതികളെയും ഗ്രാന്റുകളെയും കുറിച്ച് അറിഞ്ഞിരിക്കുകയും അത് പ്രയോജനപ്പെടുത്തുകയും ചെയ്യുക.

3. കിട്ടാനും കൊടുക്കാനുമുള്ളവയുടെ മാനേജ്‌മെന്റ്

 കുടിശ്ശികയുള്ള പേയ്മെന്റുകള്‍ വേഗത്തില്‍ തീര്‍ക്കുന്ന ഉപഭോക്താക്കള്‍ക്ക് കിഴിവുകളും മറ്റും നല്‍കി പണ ലഭ്യത ഉയര്‍ത്താനുള്ള അവസരങ്ങള്‍ എല്ലാം പ്രയോജനപ്പെടുത്തുക. വലിയ കുടിശികയുള്ള ഉപഭോക്താക്കളില്‍ ശ്രദ്ധകേന്ദ്രീകരിക്കാനായിരിക്കും നിങ്ങള്‍ ആഗ്രഹിക്കുക.
ഫാക്ടറിംഗ് പോലുള്ള ധനകാര്യ പരിഹാരങ്ങള്‍ മാര്‍ഗങ്ങള്‍ പരിഗണിക്കാം. കടക്കാര്‍ സ്വീകരിക്കുന്ന ഒരു ധനകാര്യമാനേജ്‌മെന്റ് രീതിയാണിത്. പെട്ടെന്ന് പണം ആവശ്യമായി വരുന്ന സാഹര്യത്തില്‍ ബിസിനസിന് ഇങ്ങോട്ട് കിട്ടാനുള്ള അക്കൗണ്ടുകള്‍ ഒരു തേഡ് പാര്‍ട്ടിക്ക് ഡിസ്‌കൗണ്ടില്‍ വിറ്റ് തല്‍ക്കാല ആവശ്യങ്ങള്‍ക്കുള്ള പണം കണ്ടെത്തും.

പേയ്മെന്റുകളുടെ മുന്‍ഗണനകള്‍ തീരുമാനിക്കുന്നതിന് ബിസിനസുകള്‍ അവരുടെ പ്രധാന വിതരണക്കാരെ മാപ്പ് ചെയ്യേണ്ടതുണ്ട്. സപ്ലൈ ചെയ്ന്‍ ഫിനാന്‍സിംഗിനുള്ള സാധ്യതകള്‍ കണ്ടെത്തുക, ഇത് നമ്മുടെ സപ്ലൈയേഴ്‌സിന് അവര്‍ക്ക് കിട്ടാനുള്ളത് വളരെ എളുപ്പത്തിലും കുറഞ്ഞ പലിശ നിരക്കിലും ലഭിക്കുന്നതിന് നമുക്ക് ചെയ്തുകൊടുക്കാന്‍ സാധിക്കുന്ന ഒരു ഹായമാണ്.
വെണ്ടര്‍മാര്‍ക്ക് വളരെ നേരത്തെ തന്നെ പേയ്മെന്റുകള്‍ നല്‍കുന്നതിനു പകരം നിശ്ചിത തീയതിയിലോ നിശ്ചിത തീയതിക്ക് തൊട്ടു മുമ്പോ  നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കുക. ഇത് മികച്ച കാഷ് മാനേജ്‌മെന്റിനെ സഹായിക്കും. വിതരണക്കാര്‍ നല്ല കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കില്‍ നേരത്തെ തന്നെ പേയ്മെന്റുകള്‍ നടത്താം.

4. ലാഭമില്ലാത്ത ബിസിനസുകളും സര്‍വീസുകളും കണ്ടെത്തുക

കോവിഡ്  19 പ്രതിസന്ധി വിഭവങ്ങളുടെ ദൗര്‍ലഭ്യത്തിലേക്ക് നയിച്ചിട്ടുണ്ട്, ഇത് വ്യക്തിഗത ഉപഭോക്താക്കളുടെയും ഉല്‍പ്പന്നങ്ങളുടെയും / സേവനങ്ങളുടെയും കൃത്യമായ ലാഭം മനസിലാക്കാന്‍ സഹായിക്കുന്നു.  ലാഭകരമായ ഉല്‍പ്പന്നങ്ങള്‍ / സേവനങ്ങള്‍, ഉപഭോക്താക്കള്‍ എന്നിവയിലേക്ക് നിക്ഷേപം മാറ്റണം.

ലാഭമില്ലാത്ത ഉല്‍പ്പന്നങ്ങള്‍ / സേവനങ്ങള്‍ എന്നിവയുടെ സൂക്ഷ്മപരിശോധനയും വിശകലനവും ആവശ്യമാണ്, ഈ വിശകലനത്തിനുശേഷം ശരിയായ നടപടികളിലൂടെ ഉല്‍പ്പന്നങ്ങളുടേയും സേവനങ്ങളുടേയും നിലവാരും കുറയ്ക്കുകയോ കൂട്ടുകയോ അല്ലെങ്കില്‍ വില കൂട്ടുകയോ കുറയ്ക്കുകയോ അതുമല്ലെങ്കില്‍ അവ വേണ്ടെന്നു വയ്ക്കുകയോ ചെയ്യാം. ചെലവ് ലാഭിക്കുന്നതിന് എന്തെങ്കിലും ഓപ്ഷനുകള്‍ ഉണ്ടോയെന്ന് അറിയാന്‍ ഒരു ഉല്‍പ്പന്നത്തിന്റെ / സേവനത്തിന്റെ ചെലവ് സൂക്ഷ്മമായി പരിശോധിച്ചാല്‍ മതിയാകും.

5.    ഇന്‍വെന്ററി മാനേജ്‌മെന്റ്

ഓര്‍ഡറുകളുടെ അളവ് കുറയ്ക്കുകയാണ് ആദ്യം വേണ്ടത്. അത്യാവശ്യത്തിനുള്ളത് മാത്രം സംഭരിക്കുന്ന നയം സ്വീകരിക്കണം. കിഴിവുകളിലൂടെ കാലാവധി തീരാറായതും വളരെ പതുക്കെ മാത്രം വിറ്റു പോകുന്നതുമായ സ്‌റ്റോക്കുകള്‍ എളുപ്പത്തില്‍ വിറ്റഴിക്കാന്‍ നോക്കണം. ഉല്‍പ്പാദന പ്രക്രിയ കാര്യക്ഷമമാക്കാന്‍ വര്‍ക്ക് ഇന്‍ പ്രോഗ്രസ് പരമാവധി ഉയര്‍ത്തി നിര്‍ത്തുക.

6.   വായ്പകള്‍ പുനക്രമീകരിക്കുക

വായ്പയെ ആശ്രയിച്ചു നീങ്ങുന്ന കമ്പനികൾക്കു ഇത് കഠിനമായ കാലഘട്ടമാണ്. മാസ പലിശ തിരിച്ചടയ്ക്കാനും പ്രീമിയം അടയ്ക്കാനുമൊക്കെ അത്തരം കമ്പനികൾക്ക്‌ ബുദ്ധിമുട്ടായിരിക്കും. അത്തരം കമ്പനികൾക്ക് ബാങ്കുകളെ സമീപിച്ചു അവരുടെ വായ്പ പുനഃക്രമീകരിക്കുകയോ അല്ലെങ്കിൽ ലോൺ ടേക്ക് ഓവർ ഓപ്ഷൻ പ്രയോജനപ്പെടുത്തു കയോ ചെയ്യാം. ഇത് കമ്പനികളുടെ ഭാരം ലഘൂകരിക്കും. മാത്രമല്ല പനത്തിന്റെ ഔട്ട്‌ ഫ്ലോ കുറയ്ക്കാനുമാകും. ഗവണ്മെന്റ് പ്രഖ്യാപിച്ചിട്ടുള്ള വായ്പ മൊറൊട്ടോറിയം പ്രയോജനപ്പെടുത്തുന്നവർ ശ്രദ്ധിക്കേണ്ട ഒരു കാര്യം പലിശ കുമിഞ്ഞു കൂടാൻ ഇതിടയാക്കുമെന്നുള്ളതാണ്. അതിനാൽ നിങ്ങളുടെ കൈവശം ആവശ്യത്തിന് പണം ലഭ്യത ഉണ്ടെങ്കിൽ ഇ എം ഐ അടയ്ക്കുന്നതാണ് നല്ലത്.

7. സാധ്യമാകുന്നിടത്തോളം ചെലവുകള്‍ കുറയ്ക്കുക

സാധിക്കുമെങ്കില്‍ സിഥിരമായ ചെലവുകളെല്ലാം വേരിയബ്ള്‍ നിരക്കുകളായി മാറ്റാന്‍ നോക്കുക. ഉല്‍പ്പാദനംം, വില്‍പ്പന എന്നിവയെ ആശ്രയിച്ച് വേരിയബ്ള്‍ എക്‌സ്‌പെന്‍സുകളില്‍ മാറ്റം വരും. എന്നാല്‍ പ്രോഡക്ഷനും വില്‍പ്പനയും നടന്നാലും ഇല്ലെങ്കിലും സ്ഥിരമായി നല്‍കേണ്ടി വരുന്ന ചെലവുകളാണ് ഫിക്‌സഡ് എക്‌സ്‌പെന്‍സുകള്‍. അതേ പോലെ പ്രവര്‍ത്തന ചെലവുകളും പറ്റാവുന്നിടത്തോളം നിയന്ത്രിക്കണം. മിക്ക എംഎസ്എംഇ സ്ഥാപനങ്ങളും ഈ സമയത്ത് വളരെ ചുരുങ്ങിയ രീതിയിലായിരിക്കും പ്രവര്‍ത്തിക്കുക. അപ്പോള്‍ ഓഫീസ് കെട്ടിടത്തിന്റെ വാടകയിലും മറ്റും നെഗോഷിയേഷന് ശ്രമിക്കാം. അതേ പോലെ സ്ഥിരമായി വരുന്ന പ്രവര്‍ത്തനങ്ങള്‍ ഓട്ടോമേറ്റ് ചെയ്തും ചെലവുകള്‍ കുറയ്ക്കാന്‍ നോക്കുക.

8. വളര്‍ച്ചാ മേഖലകള്‍ തിരിച്ചറിയുക

ഇത്രയും വലിയ അനിശ്ചിതാവസ്ഥയില്‍ പോലും, കൂടുതല്‍ വളര്‍ച്ചാ സാധ്യതയുള്ള ബിസിനസുകള്‍ ധാരാളമുണ്ട്. ഓണ്‍ലൈന്‍ ആകാം, ചില കസ്റ്റമര്‍ സെഗ്മെന്റുകളാകാം, ജ്യോഗ്രഫിക്കല്‍ ഏരിയകളാകാം... മാനേജ്‌മെന്റ് ടീം, സെയ്ല്‍സ്, മാര്‍ക്കറ്റിംഗ് ടീമുകളുമായി ആലോചിച്ച് അടിയന്തരമായി അനുയോജ്യവും സുസ്ഥിരവുമായ മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കണം. ഓണ്‍ലൈന്‍ സെയ്ല്‍സ് ചാനലുകള്‍ കണ്ടെത്തി അവസരമാക്കാനുള്ള സാധ്യതകളുമുണ്ട്.
അതേ പോലെ കുറഞ്ഞ വിലയലില്‍ കമ്പനികള്‍ ഏറ്റെടുക്കാനും കമ്പനികള്‍ തമ്മില്‍ ലയിപ്പിക്കാനുമൊക്കെ അവസരങ്ങളുമുണ്ട്. സാമ്പത്തിക ശേഷിയും തീരുമാനങ്ങള്‍ വേഗത്തില്‍ എടുക്കുന്നതിനുള്ള വഴക്കവും ഉള്ള ബിസിനസുകള്‍ക്ക്് ഈ അവസരങ്ങള്‍ ടാപ്പുചെയ്യാനാകും. പ്രതിസന്ധി അവസാനിച്ചുകഴിഞ്ഞാല്‍ നല്ല വരുമാനം നേടാന്‍ ഇത്തരം കമ്പനികള്‍ക്ക് സാധിക്കും. ഇത്തരം വിജയകരമായ ലയനങ്ങളും ഏറ്റെടുക്കലുകളും മുമ്പ് പലപ്പോഴും കണ്ടിട്ടുള്ളതാണ്.

9. മൂലധനം ഉയര്‍ത്തുക

മുന്നോട്ട് പോക്ക് കഠിനമാകുമ്പോള്‍, മൂലധന രൂപത്തിലുള്ള ധനസഹായം നേടുക മികച്ച ഓപ്ഷനുകളിലൊന്നാണ്. പ്രതിസന്ധിയുടെ സമയത്ത് വായ്പകളും പലിശയും തിരിച്ചടയ്ക്കുന്നത് വലിയ വെല്ലുവിളിയാണ്. ബിസിനസിന്റെ ദീര്‍ഘകാല സാധ്യതകളില്‍ വിശ്വസിക്കുന്ന എയ്ഞ്ചല്‍ നിക്ഷേപകരില്‍ നിന്നും സ്വകാര്യ ഇക്വിറ്റി നിക്ഷേപകരില്‍ നിന്നും മൂലധനം നേടാനാകുന്ന അവസരം ഈ ഘട്ടത്തില്‍ പ്രയോജനപ്പെടുത്തണം.

അങ്ങനെ നേടുന്ന മൂലധന തുകകള്‍, വായ്പകള്‍ പൂര്‍ണ്ണമായോ ഭാഗികമായോ തിരിച്ചടയ്ക്കാന്‍ ഉപയോഗിക്കാം, അത് ബിസിനസുകളുടെ ഭാരം ലഘൂകരിക്കും. ബിസിനസ് വിപുലീകരിക്കുന്നതിനോ പുതിയ പ്രോജക്റ്റുകള്‍ക്കോ  ഉപയോഗിക്കുകയുമാകാം. ബിസിനസ് വിപുലീകരണത്തിനോ ഭാവി പദ്ധതികള്‍ക്കോ ആയി മൂലധന ചെലവഴിക്കല്‍ നടത്തുന്ന ബിസിനസുകള്‍ കൊറോണയ്ക്കു ശേഷമുള്ള സാധ്യതകള്‍ ഉറപ്പായും വിലയിരുത്തേണ്ടതുണ്ട്. മാത്രമല്ല ഈ പ്രോജക്ടുകള്‍ പൂര്‍ത്തിയാക്കാന്‍ മറ്റു ഫണ്ടിംഗ് മാര്‍ഗങ്ങളും പരിഗണിക്കുകയും വേണം.

10. കര്‍മ്മവും അനുകമ്പയും

ജീവനക്കാരുമായും മറ്റ് പങ്കാളികളുമായും തുറന്ന സംഭാഷണം നടത്തുകയും അവരോട് അനുകമ്പ കാണിക്കുകയും ചെയ്യുക. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ജീവനക്കാരെ പ്രചോദിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കുക. കൊറോണ വ്യാപനം കാരണം നിങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ മിക്കവാറും എല്ലാ ബിസിനസ് ഉടമകളും അഭിമുഖീകരിക്കുന്നു എന്നതാണ് മറ്റൊരു വസ്തുത. ചില ഘട്ടങ്ങളില്‍, ഈ ബിസിനസുകളില്‍ പലതും നേരത്തെ സമ്മതിച്ച രേഖാമൂലമോ വാക്കാലോ ഉള്ള കരാര്‍ വ്യവസ്ഥകള്‍ക്ക് അതീതമായി അനുകമ്പയോടെ ചെയ്യേണ്ട ചില കാര്യങ്ങളും ആവശ്യപ്പെട്ടേക്കാം. നിങ്ങള്‍ക്കു സാധിക്കുന്ന സഹായങ്ങള്‍ ചെയ്തുകൊടുക്കുക. മറ്റെവിടെ നിന്നെങ്കിലും നിങ്ങള്‍ക്കും അത്തരത്തിലുള്ള സഹായങ്ങള്‍ തിരികെ ലഭിക്കാനുമിടയുണ്ട.

വ്യത്യസ്തമായ സാഹര്യങ്ങളിലൂടെ ലോകം കടന്നു പോകുമ്പോള്‍ ബിസിനസുകളെയും അതിനനുസരിച്ച് മാറ്റുക മാത്രമാണ് സംരംഭകര്‍ക്ക് മുന്നിലുള്ള പോംവഴി. ഇതിന് ആദ്യം വേണ്ടത് സാമ്പത്തിക കാര്യങ്ങളിലുള്ള നിയന്ത്രണങ്ങള്‍ തന്നെയാണ്. കോവിഡ് കാലത്തിനപ്പുറത്തേക്കുള്ള വളര്‍ച്ചയ്ക്കായി ശ്രദ്ധയോടെ ചുവടു വയ്ക്കാം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News