ടൈം മാനേജ്‌മെന്റിന് 4 പ്രായോഗിക വഴികള്‍

Update:2020-03-01 11:00 IST

നിങ്ങളുടെ സമയം നിങ്ങള്‍ ശരിയായി ഉപയോഗപ്പെടുത്തുന്നുണ്ടോ? അതോ, ഉറങ്ങിയും, മടി പിടിച്ചും, മാറ്റി വെച്ചും കാര്യങ്ങള്‍ വൈകിപ്പിക്കുന്നുണ്ടോ? പലരും സമയം ശരിയായി ഉപയോഗിക്കാത്തതു കൊണ്ടു മാത്രം കാര്യക്ഷമത താഴേക്കു പോകുന്നതു കാണാം. നിങ്ങള്‍ക്കും, നിങ്ങളുടെ കൂടെയുള്ളവര്‍ക്കും ഈ 4 ടെക്‌നിക്കുകള്‍ ഉപയോഗിച്ച് സമയം മാനേജ് ചെയ്യുന്നതിലുള്ള കാര്യക്ഷമത വര്‍ധിപ്പിക്കാം.

1. ചെയ്യുക (DO)

രണ്ട് മിനിട്ട് റൂള്‍ ഉപയോഗിച്ച് എന്തെല്ലാം ടാസ്‌കുകള്‍ ഇപ്പോള്‍ തന്നെ ചെയ്യേണ്ടതുണ്ട് എന്ന തീരുമാനമെടുക്കാം. അതായത് 2 മിനിട്ടിനകം ചെയ്തു തീരാവുന്ന ഒരു ജോലിയാണ് മുന്നിലുള്ളതെങ്കില്‍ അത് ഉടനെത്തന്നെ ചെയ്തു തീര്‍ക്കുന്നതാണ് നല്ലത്. ഉദാഹരണത്തിന് ഒരു ഇമെയില്‍ അയക്കുക, ഫോണ്‍ വിളിക്കുക തുടങ്ങിയവ. ഇത്തരം ജോലികള്‍ നീട്ടി വെച്ചാല്‍ പിന്നെ മറന്നു പോകാന്‍ സാധ്യതയുണ്ട്. എന്നാല്‍ രണ്ട് മിനിട്ടില്‍ കൂടുതല്‍ ആവശ്യമുള്ള ജോലികള്‍ ഒരു സമയം കുറിച്ച് മാറ്റി വെക്കാം. എന്നാല്‍ അത് ചെയ്യാന്‍ തുടങ്ങിയാല്‍ ചുരുങ്ങിയത് അതിന് മാത്രമായി 30 മിനിട്ടെങ്കിലും ചെലവു ചെയ്യാന്‍ ശ്രമിക്കുക. ഇത്തരത്തില്‍ ചെയ്യാനുള്ള കാര്യങ്ങള്‍ ചെയ്തു തീര്‍ക്കലാണ് Do.

2 . ഒഴിവാക്കുക

നമ്മിലേക്ക് എത്തുന്ന ജോലികള്‍ മുഴുവന്‍ ചെയ്യണമെന്ന് നിര്‍ബന്ധമില്ല. പല ജോലികളും ചെയ്തിട്ട് പ്രയോജനമില്ലാത്തതോ ആവശ്യകത ഇല്ലാത്തതോ ആകാം. അതിനാല്‍ ഒരു മുന്‍ഗണനാ ലിസ്റ്റ് ഉണ്ടാക്കിയെടുത്ത്, ആവശ്യമില്ലാത്തവ ഒഴിവാക്കുക. ചില ഇ മെയിലുകള്‍ തുറന്നു പോലും നോക്കാതെ നമുക്ക് delete ചെയ്യാന്‍ സാധിക്കുന്നതു പോലെ, ചില ജോലികള്‍ ചെയ്തു നോക്കാതെ തന്നെ ഒഴിവാക്കാനും കഴിയും!

3 . മാറ്റിവെയ്ക്കുക

ചെയ്യാന്‍ പറ്റുകയേ ഇല്ല എന്ന് പറയുന്നതിനു പകരം 'ഇപ്പോള്‍ ചെയ്യാന്‍ സാധിക്കില്ല' എന്നു പറയുന്ന രീതിയാണിത്. കൂടുതല്‍ പഠനം, ശ്രദ്ധ എന്നിവ ആവശ്യമുള്ള ജോലികള്‍ മറ്റ് ജോലികള്‍ക്കൊപ്പം ചെയ്യുന്നതിനേക്കാള്‍ മാറ്റി വെക്കുന്നതാണ് നല്ലത്. പക്ഷെ മാറ്റിവെക്കുമ്പോള്‍ അതിന് വ്യക്തമായ ടൈം ഷെഡ്യൂള്‍ ഉണ്ടെന്ന് ഉറപ്പു വരുത്തുക. ഒരു കാര്യം ചെയ്യാന്‍ നമ്മള്‍ മാനസികമായോ ശാരീരികമായോ തയ്യാറല്ലാത്തപ്പോഴും അത് മാറ്റി വെക്കേണ്ടി വന്നേക്കാം!

4. മറ്റൊരാളെ ഏല്‍പ്പിക്കുക

പലപ്പോഴും ബിസിനസില്‍ ഏറ്റവും പ്രാധാന്യമേറിയ കാര്യമാണ് ഡെലിഗേഷന്‍. മലയാളികള്‍ പൊതുവേ ഡെലിഗേറ്റ് ചെയ്യാന്‍ മടിയുള്ളവരായതു കൊണ്ടായിരിക്കാം, അതിനു തത്തുല്യമായ മലയാള പദങ്ങള്‍ കുറവാണ്! ഒരു പാട് ജോലികള്‍ വരുമ്പോള്‍ പലതും കൂടെയുള്ള ടീമിനെ ഏല്‍പ്പിക്കേണ്ടതുണ്ട്. അത് ചെയ്യാന്‍ അവരെ പ്രാപ്തരാക്കി എടുത്ത്, ശരിയായി മോണിറ്റര്‍ ചെയ്താല്‍ പല കാര്യങ്ങളും സമയത്തിന് നടന്നു പോകും. അതല്ലാതെ വരുമ്പോഴാണ് ബിസിനസ് തിരക്കുകള്‍ക്കിടയില്‍ പെട്ട് ഒന്നും ചെയ്യാനാകാത്ത അവസ്ഥയിലെത്തുന്നത്.

അപ്പോള്‍ ഇനി മുതല്‍ ഈ 4 കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കുക. ഇതൊരു ചെക്ക് ലിസ്റ്റ് ആയി ഉപയോഗിക്കാനും സാധിക്കും. സമയമാണ് ലോകത്തിലെ ഏറ്റവും ആയുസ് കുറഞ്ഞ റിസോഴ്‌സ് എന്നത് മറക്കരുത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News