ഒരു കമ്പനി രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കമ്പനി രജിസ്‌ട്രേഷനില്‍ പാളിച്ച പറ്റിയാല്‍ പണി പാളും

Update:2022-09-25 12:30 IST

ഇന്ന് ആളുകള്‍ അവരുടെ സംരംഭം വളരെ വ്യവസ്ഥാപിതമായ രീതിയില്‍ ആരംഭിക്കുവാനും മുന്നോട്ടുനയിക്കുവാനും ആഗ്രഹിക്കുന്നു. അതിനാല്‍ തന്നെ കേരളത്തില്‍ ഇന്ന് കമ്പനി രജിസ്റ്ററേഷന്റെ എണ്ണം വലിയരീതിയില്‍ വര്‍ധിക്കുന്നുണ്ട്. അതിനോടൊപ്പം തന്നെ ധാരാളം കമ്പനികള്‍ അടച്ചുപൂട്ടേണ്ട അവസ്ഥയിലേക്കും ചെന്നെത്തിപ്പെടാറുണ്ട്. അതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് കമ്പനികള്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ വരുത്തുന്ന തെറ്റുകളാണ്. ഒരു കമ്പനി രജിസ്റ്റര്‍ ചെയ്യുന്നതിനുമുമ്പ് നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഒന്ന് പരിശോധിക്കാം.

1. ഏതുതരത്തിലുള്ള കമ്പനിയാണ് ആരംഭിക്കേണ്ടത് എന്ന് കൃത്യമായി നിശ്ചയിക്കുക. പ്രൈവറ്റ് ലിമിറ്റഡ് കമ്പനി, ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ഷിപ്, വണ്‍ പേഴ്‌സണ്‍ കമ്പനി തുടങ്ങിയവയില്‍ നിങ്ങള്‍ക്ക് അനിയോജ്യമായ രീതി കൃത്യമായി തിരഞ്ഞെടുക്കേണ്ടത് അനിവാര്യമാണ്. അത് നിങ്ങള്‍ നിക്ഷേപിക്കുന്ന തുക, ബിസിനസിലെ പങ്കാളികള്‍ തുടങ്ങി ഒട്ടനവധി കാര്യങ്ങളെ ആശ്രയിച്ചിരിക്കും. അതിനാല്‍ അതിലൊരു തീരുമാനം എടുക്കാന്‍ സാധാരണക്കാര്‍ക്ക് കഴിഞ്ഞോളണമെന്നില്ല. നല്ല ഒരു ബിസിനസ് കണ്‍സള്‍ട്ടന്റിന്റെ വിദഗ്ധാഭിപ്രായം ആരാഞ്ഞതിനുശേഷം മാത്രം അതിലൊരു തീരുമാനം എടുക്കുക.

2. ബിസിനസ് ദീര്‍ഘനാള്‍ മുന്നോട്ടുനയിക്കേണ്ട ഒന്നായതിനാല്‍ത്തന്നെ നിരന്തരമായ നിയമോപദേശം ആവശ്യമായി വരും. കമ്പനി രജിസ്‌ട്രേഷന്‍ ഒറ്റത്തവണ ചെയ്തു തീര്‍ക്കേണ്ട ഒന്നല്ല. വര്‍ഷംതോറും നിര്‍ബന്ധമായും ചെയ്യേണ്ട ഫയലിങ്‌സ്, വിലാസം മാറ്റല്‍, മൂലധനത്തില്‍ മാറ്റം വരുത്തല്‍, പങ്കാളികളെ പിരിച്ചുവിടല്‍, പുതിയ പങ്കാളികളെ ചേര്‍ക്കല്‍ തുടങ്ങി ഒട്ടനവധി കാര്യങ്ങള്‍ നിയപരമായി ചെയ്യേണ്ടതുണ്ട്. അതിനാല്‍ ദീര്‍ഘനാള്‍ ഇത്തരം സേവനവും നിയമോപദേശവും നല്‍കാന്‍ ശേഷിയുള്ള ഒരു ബിസിനസ് കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിനെ സമീപിച്ച് അവരെ ഈ ജോലി ഏല്‍പ്പിക്കുന്നത് ബിസിനസ്സിന്റെ ഭാവിയെ സഹായിക്കും.

3. ചെറിയ ലാഭം നോക്കി നല്ല ബിസിനസ് കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തെ ഒഴിവാക്കുന്നത് ഒരു അബദ്ധമായി പിന്നീട് ഭവിച്ചേക്കാം. ചുരുങ്ങിയ ചെലവില്‍ കമ്പനി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാനായി ചിലര്‍ സ്വയം രജിസ്‌ട്രേഷന്റെ പല ഘട്ടങ്ങളും ചെയ്യാനായി നോക്കും. മറ്റു ചിലര്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെ അത് ഏല്‍പ്പിക്കും. ഇവിടെ ചെറിയൊരു പ്രശ്‌നം പോലും സ്ഥാപനത്തെ വലിയരീതിയില്‍ ബാധിക്കും എന്നുള്ളതിനാല്‍ ഇത്തരം പ്രവര്‍ത്തികള്‍ ഒഴിവാക്കാനായി ശ്രമിക്കുക. നല്ല പ്രവര്‍ത്തനപരിചയമുള്ള സ്ഥാപനത്തെ രെജിസ്‌ട്രേഷന്റെ ആവശ്യത്തിനായി സമീപിക്കുക.

4. LLP യിലെ പാര്‍ട്ണറിനെ തിരഞ്ഞെടുക്കുന്നതും, പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിലെ ഡിറക്ടറിനെ തിരഞ്ഞെടുക്കുന്നതും വളരെ സൂക്ഷിച്ചു ചെയ്യുക. അവരുടെ കയ്യില്‍നിന്നും എത്ര നിക്ഷേപം സ്വീകരിക്കണം, അവരെ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡിലേക്ക് കൊണ്ടുവരാണോ വേണ്ടയോ, അവര്‍ക്ക് ലാഭത്തിന്റെ എത്ര വിഹിതം നല്‍കണം, അവര്‍ കൊണ്ടുവരുന്ന തുകയെ മൂലധനമായി കാണിക്കേണമോ അതോ വായ്പയായി കാണിക്കേണമോ, അവരുടെ അധികാരപരിധി എന്ത് തുടങ്ങിയ സുപ്രധാനമായ തീരുമാനങ്ങളെല്ലാം വളരെ സൂക്ഷിച്ച് എടുക്കുക.

5. പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ആയാലും ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ഷിപ്പ് ആയാലും നിര്‍ബന്ധമായും വര്‍ഷംതോറും ഫയലിങ്‌സ് ചെയ്യേണ്ടതുണ്ട്. അത് ചെയ്യാത്തപക്ഷം വലിയ തുക പിഴ വരും, മാത്രമല്ല ചിലപ്പോള്‍ 5 വര്‍ഷത്തേക്ക് ഒരു സ്ഥാപനത്തിന്റെ ഡയറക്ടര്‍ ആവാനും സാധിക്കാത്ത അവസ്ഥവരും. പലരും ഈ വാര്‍ഷിക ഫയലിംഗ് ചെയ്യാന്‍ മടിക്കാറുണ്ട്. ഒരുപക്ഷെ സാമ്പത്തികമാവാം അതിനുള്ള കാരണം. കാരണം എന്തുതന്നെയായാലും ഫയലിംഗിനുള്ള തുക നിര്‍ബന്ധമായും മാറ്റിവയ്ക്കുക. ഒരു കാരണത്താലും അതില്‍ മുടക്കം വരുത്തരുത്.

പലരും ഭയപ്പെടുത്തുന്നതുപോലെ കമ്പനി രജിസ്‌ട്രേഷനും അതിന്റെ മുന്നോട്ടുള്ള നടത്തിപ്പും അത്ര ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ല; കൃത്യമായി നിയമം പാലിച്ചാല്‍. ബിസിനസ്സിന്റെ വളര്‍ച്ചക്ക് ബിസിനസ് രജിസ്‌ട്രേഷന്‍ അനിവാര്യമായ ഒരു ഘടകമാണ്.

Siju Rajan Business Branding Strategist BRANDisam LLP www.sijurajan.com +91 8281868299


Tags:    

Similar News