ഡോക്ടര്‍മാരേ, ഇനിയും തെറ്റിക്കല്ലേ ഈ ലോഗോ...

Update:2019-11-05 15:48 IST

ഡോക്ടറെ കാണാനുള്ള കാത്തിരുപ്പ് എപ്പോഴും ദൈര്‍ഘ്യമേറിയതായിരിക്കുമല്ലോ. അത്തരമൊരു കാത്തിരുപ്പിലാണ് എന്റെ ഇളയ മകള്‍ ഈ ചോദ്യംചോദിച്ചത്. ''ഡോക്ടറുടെ കാറിലെ ലോഗോ നോക്കൂ, എന്താണത്?'' ദിവസവും വിവിധ ലോഗോകളുമായി മല്ലിടുന്ന അവളുടെ പിതാവ് ആത്മവിശ്വാസത്തോടെ ഉത്തരം നല്‍കി. ''ആധുനികവൈദ്യത്തിന്റെ പ്രതീകമായി ഡോക്ടര്‍മാര്‍ അവരുടെ കാറുകളില്‍ ഉപയോഗിക്കുന്ന ലോഗോയാണിത്.'' അപ്പോള്‍ത്തന്നെ അടുത്ത ചോദ്യമെത്തി. ''ഡോക്ടറുടെ കാറില്‍ ആ ലോഗോയുടെ ആവശ്യമെന്താണ്?'' ഇതുവരെ അതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലെങ്കിലും, അതേക്കുറിച്ച് വ്യക്തമായി ബോധ്യമല്ലെങ്കിലും ആത്മവിശ്വാസം കൈവിടാതെ ഞാന്‍ പറഞ്ഞു.

''അത് ഡോക്ടറുടെ കാര്‍ തിരിച്ചറിയാനാണ്. അങ്ങനെയെങ്കില്‍ അടിയന്തര ഘട്ടങ്ങളില്‍ അവരുടെ ലക്ഷ്യസ്ഥാനത്തെത്താന്‍ അവര്‍ക്ക് പ്രത്യേക പരിഗണന നല്‍കാമല്ലോ.'' ഇപ്പോഴും എനിക്ക് ആ ഉത്തരം ശരിയാണോ എന്നറിയില്ലെങ്കിലും മകള്‍ അതില്‍ തൃപ്തയായി. വീണ്ടും വരുന്നു അടുത്ത ചോദ്യം. ''എന്താണ് ഈ ലോഗോയുടെ അര്‍ത്ഥം. അതില്‍ പാമ്പിനെ ഉപയോഗിച്ചിരിക്കുന്നത് എന്തിനാണ്?'' കുട്ടികളെക്കാള്‍ നമുക്ക് അറിവുള്ള മട്ടില്‍ നാം സാധാരണ ചെയ്യാറുള്ളതുപോലെ അതിന് ഉത്തരം കൊടുക്കാന്‍ ശ്രമിച്ചു. പക്ഷെ എനിക്ക് അതിന്റെ ഉത്തരം അറിയില്ലായിരുന്നു.

മെഡിസിന്റെ സിംബല്‍ അല്ലെങ്കില്‍ ഡോക്ടറുടെ സിംബല്‍- അതാണ് ലോകത്തിലെ ഏറ്റവും തെറ്റിച്ചുപയോഗിക്കുന്ന ലോഗോ.

ശരിയായ ലോഗോ: Rod of Asclepius

ഒരു ദണ്ഡില്‍ ഒറ്റ സര്‍പ്പമുള്ള ഇതിന് പറയുന്നത് അസ്‌ക്ലിപ്പിയോസിന്റെ ദണ്ഡ് അഥവാ റോഡ് ഓഫ് അസ്‌ക്ലിപ്പിയോസ് എന്നാണ്. ഗ്രീക്ക് ഐതീഹ്യം അനുസരിച്ച് അപ്പോളോയുടെ പുത്രനാണ് അസ്‌ക്ലി്പ്പിയോസ്. സൗഖ്യമാക്കുന്നതിന്റെ ദേവനായാണ് അദ്ദേഹത്തെ കരുതുന്നത്. അദ്ദേഹത്തിന്റെ പെണ്‍മക്കള്‍ ഹൈജിയ (വൃത്തിയുടെ ദേവത), ലാസോ (രോത്തില്‍ നിന്ന് വിമുക്തി നേടുന്നതിന്റെ ദേവത), അസിസോ (സൗഖ്യമാകുന്ന പ്രക്രിയയുടെ ദേവത), അഗ്ലിയ (തിളക്കത്തിന്റെയും അലങ്കാരത്തിന്റെ ദേവത), പനാസി (പ്രപഞ്ച പ്രതിവിധിയുടെ ദേവത) എന്നിവരാണ്.

അസ്‌ക്ലിപ്പിയോസിന്റെ കൈയിലുള്ള ഈ ദണ്ഡിന് മാന്ത്രികശക്തിയുണ്ടെന്നാണ് വിശ്വാസം. ഈ കഥയ്ക്ക് പല ഭാഷ്യങ്ങളുമുണ്ട്. പാമ്പിന് തന്റെ പടം പൊഴിക്കാനുള്ള കഴിവുള്ളതുകൊണ്ട് അതിനെ പുനര്‍ജന്മത്തിന്റെയും പ്രത്യുല്‍പ്പാദനശേഷിയുടെയും പ്രതീകമായി കാണുന്നു. അക്കാലത്ത് പാമ്പുകടിയായിരുന്നു മരണത്തിന്റെ ഏറ്റവും ഭയാനകമായ കാരണമായി കരുതിയിരുന്നത്. പക്ഷെ അസ്‌ക്ലിപ്പിയോസിന് മരിച്ചവരെപ്പോലും ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള കഴിവുണ്ടായിരുന്നുവെന്നാണ് വിശ്വാസം.

തെറ്റിയ ലോഗോ: റോഡ് ഓഫ് ഹെംസ്

രണ്ട് പാമ്പുകള്‍ ചിറകോട് കൂടിയ ഒരു ദണ്ഡില്‍ ചുറ്റിപ്പിണഞ്ഞുകിടക്കുന്ന ഈ രൂപത്തിന് ഹെംസിന്റെ ദണ്ഡ് എന്നാണ് പറയുന്നത്. കഡൂസിയസ് എന്നും ഇത് അറിയപ്പെടുന്നു. ഗ്രീക്ക് ഐതീഹ്യം അനുസരിച്ച് ഹെംസ് വ്യാപാരികളുടെയും ബിസിനസുകാരുടെയും ആട്ടിയടന്മാരുടെയും എന്തിന് ചൂതാട്ടക്കാരുടെയും കള്ളന്മാരുടെയും നുണയന്മാരുടെയും വരെ ദേവനാണത്രെ. നിര്‍ഭാഗ്യവശാല്‍ ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ അറിയാതെ ഈ പ്രതീകം ഉപയോഗിക്കുന്നു. ഈ രൂപത്തിലെ രണ്ട് പാമ്പുകള്‍ ബിസിനസിലെ സമാധാനപരമായ വിലപേശലുകളെയും ഇതിലെ ചിറക് ഹെംസ് ദേവന്റെ വേഗതയെയും സൂചിപ്പിക്കുന്നു. അദ്ദേഹം ദൈവങ്ങളുടെ സന്ദേശവാഹകന്‍ കൂടിയാണ്.

നേരത്തെ പറഞ്ഞ ചിഹ്നത്തെക്കാള്‍ കഡൂസിസയസ് ലോഗോയാണ് ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത്. കൂടുതലായി കാണപ്പെടുന്നതുകൊണ്ടുതന്നെ കഡൂസിയസ് ആണ് മെഡിക്കല്‍ ലോഗോ എന്ന് വലിയൊരു വിഭാഗം തെറ്റിദ്ധരിക്കുകയും ശരിയായതിന് പകരം ഇത് ഉപയോഗിക്കുകയും ചെയ്യുന്നു.

എങ്ങനെയാണ് ഈ തെറ്റിദ്ധാരണ ഉണ്ടായത്?

വര്‍ഷങ്ങള്‍ക്കുമുമ്പേ ഈ വിഷയത്തെക്കുറിച്ച് നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്. 242 മെഡിക്കല്‍ ലോഗോകളെക്കുറിച്ച് 1993ല്‍ നടന്ന ഒരു സര്‍വേ പ്രകാരം 38 ശതമാനം അമേരിക്കല്‍ മെഡിക്കല്‍ അസോസിയേഷനുകളും 63 ശതമാനം അമേരിക്കല്‍ ഹോസ്പിറ്റലുകളും തെറ്റാണെന്നറിയാതെ കഡൂസിയസ് ആണ് അവരുടെ ലോഗോയായി ഉപയോഗിക്കുന്നത്. 1903ല്‍ യു.എസ് ആര്‍മി തങ്ങളുടെ മെഡിക്കല്‍ കോര്‍പ്‌സ് യൂണിറ്റിനായി ലോഗോ തയാറാക്കിയപ്പോഴാണ് ആദ്യമായി തെറ്റുപറ്റിയതെന്ന് കരുതുന്നു.

കഡൂസിയസ് ചിഹ്നം 75 ശതമാനത്തിലധികം കൊമേഴ്‌സിയല്‍ സ്ഥാപനങ്ങളും വ്യാപാരത്തിന്റെ പ്രതീകമായി ഉപയോഗിക്കുന്നു. നേരത്തെ പറഞ്ഞ ചിഹ്നത്തെക്കാള്‍ കൂടുതലായി അതുകൊണ്ടുതന്നെ ഈ ചിഹ്നം ലോകത്ത് ഉപയോഗിക്കുന്നു.

രണ്ടു ലോഗോകളും ഒരുപോലെ തോന്നിക്കുമെങ്കിലും രണ്ടും രണ്ട് പ്രതീകങ്ങളാണെന്ന് മനസിലായല്ലോ? മെഡിക്കല്‍ മേഖലയെ സൂചിപ്പിക്കുന്ന ലോഗോയില്‍ ചിറകില്ല, ഒറ്റ സര്‍പ്പം മാത്രമേയുള്ളു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News