ട്രെയ്‌നിംഗിലൂടെ നിങ്ങള്‍ക്ക് 'സെയ്ല്‍സ്' വര്‍ദ്ധി പ്പിക്കാനാകുമോ? പെട്ടെന്നുള്ള നിങ്ങളുടെ ഉത്തരം 'ഇല്ല' എന്നായിരിക്കും. അതിനുകാരണം 'ട്രെയ്‌നിംഗ്' എന്ന പേരില്‍ നടക്കുന്നതില്‍ കൂടുതലും വെറും പ്രഭാഷണങ്ങള്‍ മാത്രമാണ് എന്നതാണ് ശരിയായി ഫലപ്രാപ്തി അളക്കാന്‍ കഴിയുന്ന തരത്തില്‍ പരിശീലന പരിപാടികള്‍ സെറ്റ് ചെയ്താല്‍ ബിസിനസ് വര്‍ധിക്കുന്നത് കാണാം. ഇതിന് ശാസ്ത്രീയമായ രീതികളുണ്ട്. ഇത്തരത്തില്‍ ഉള്ള പരിശീലനങ്ങള്‍ ആണ് ബ്രമ്മയുടെ ട്രെയ്‌നിംഗ് ഡിവിഷന്‍ നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ആഴ്ചയിലാണ് ഞങ്ങള്‍ 1000 സ്ഥാപനങ്ങള്‍ക്ക് ട്രെയ്‌നിംഗ് പൂര്‍ത്തിയാക്കിയത്. അതിനാല്‍ തന്നെ എങ്ങനെ ഞങ്ങള്‍ ഇത്തരം പരിശീലനങ്ങള്‍ ഫലവത്താക്കുന്നു എന്ന് നിങ്ങളോട് പറയണം എന്നു തോന്നി.
ഒരു ട്രെയ്‌നിംഗിന്റെ ഫലപ്രാപ്തി എങ്ങനെ അളക്കാം എന്ന് ആലോചിക്കാം...! കിര്‍ക്ക് പാട്രിക് എന്ന മാനേജ്മെന്റ് വിദഗ്ധന്‍ ഇതിനായി നാല് സ്റ്റെപ്പുള്ള ഒരു ടെക്നിക് വികസിപ്പിച്ചെടുത്തിട്ടുണ്ട്.
1. നിരീക്ഷണം
ഏതൊരു ട്രെയ്‌നിംഗിലും അത് അറ്റന്റ് ചെയ്യുന്നവരുടെ മനോഭാവം, താല്‍പ്പര്യം, ശ്രദ്ധ എന്നിവ പ്രധാനമാണ്. മനോഭാവം വ്യക്തികള്‍ക്കനുസരിച്ച് വ്യത്യസ്തമായിരിക്കാം. താല്‍പ്പര്യം പലപ്പോഴും ട്രെയ്ന്‍ ചെയ്യപ്പെടുന്ന വിഷയത്തിന്റെ പ്രസക്തിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ശ്രദ്ധയാകട്ടെ, പലപ്പോഴും ട്രെയ്‌നറിന്റെ കഴിവിനനുസരിച്ച് മാറുകയും ചെയ്യുന്നു. ഇതെല്ലാം കൂടിച്ചേരുമ്പോഴാണ് ട്രെയ്‌നിംഗ് അറ്റന്റ് ചെയ്യുന്ന ഒരാളുടെ മുഖത്ത്, അത് ഫലവത്തായി എന്നതിന്റെ ആ തൃപ്തി കാണാന്‍ സാധിക്കുന്നത്. അതിനാല്‍ തന്നെ നല്ല ഒരു ട്രെയ്‌നിംഗ് ഇവാലുവേഷന്റെ ആദ്യപടി, ട്രെയ്‌നിംഗ് അറ്റന്റ് ചെയ്തവരെ സൂക്ഷ്മമായി നിരീക്ഷിക്കലാണ്. നിര്‍ഭാഗ്യവശാല്‍ 'ട്രെയ്‌നര്‍' വേഷം കെട്ടിവരുന്ന പലര്‍ക്കും ട്രെയ്‌നീസിന്റെ മാനസികാവസ്ഥ മനസിലാകാറില്ല. ഇത്തരം ട്രെയ്‌നിംഗ് സെഷനുകള്‍, അറ്റന്റ് ചെയ്യുന്നവരെ ബോറടിപ്പിക്കും എന്നുമാത്രമല്ല, അവര്‍ക്ക് ട്രെയ്‌നിംഗിനോട് സ്ഥായിയായ വെറുപ്പ് ഉണ്ടാക്കിയെടുക്കുകയും ചെയ്യും.
2. പരീക്ഷ
അടുത്തപടി 'പരീക്ഷ' ആണ്. പരീക്ഷയൊക്കെ സ്‌കൂളില്‍ വച്ച് അവസാനിപ്പിച്ചതല്ലേ എന്ന മനോഭാവം കാരണം 99 ശതമാനം ട്രെയ്‌നേഴ്സും ട്രെയ്‌നീസും അതിന് മെനക്കെടാറില്ല. എന്നാല്‍ വിഷയം എന്തുതന്നെയായാലും അത് മനസിലാക്കിയോ എന്നറിയാനുള്ള വ്യക്തമായ മാര്‍ഗമാണ് 'ടെസ്റ്റുകള്‍'. ബഹുരാഷ്ട്ര കമ്പനികള്‍ക്കെല്ലാം ഏതൊരു ട്രെയ്‌നിംഗിനു ശേഷവും 'ടെസ്റ്റുകള്‍' നിര്‍ബന്ധമാണ്. ടെസ്റ്റ് പാസാകാത്തവര്‍ വീണ്ടും ട്രെയ്‌നിംഗ് അറ്റന്റ് ചെയ്യുകയും വേണം. നിങ്ങള്‍ നടത്തുന്നത് എന്ത് ട്രെയ്‌നിംഗും ആയിക്കൊള്ളട്ടെ, അതിനോടനുബന്ധിച്ച് ഒരു 'എക്സാം' അഥവാ 'ടെസ്റ്റ്' ഇല്ലെങ്കില്‍ ആ ട്രെയ്‌നിംഗ് മുഴുവനാകുന്നില്ല. ഇപ്പോള്‍ ഇ-ലേണിംഗ് പോലുള്ള സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചും, ചില ആപ്പുകള്‍ വഴിയും ട്രെയ്‌നിംഗ് സമയത്തു തന്നെ ഇത്തരം ടെസ്റ്റുകളും ക്വിസുകളും നടത്താന്‍ സൗകര്യമുണ്ട്.
3. സ്വഭാവ മാറ്റം
ടെസ്റ്റ് പാസായതുകൊണ്ട് മാത്രമായോ? പോരാ! അത് ജോലിയില്‍ പ്രാവര്‍ത്തികമാക്കുകകൂടി ചെയ്യേണ്ടതുണ്ട്. ഇനി മുതല്‍ എല്ലാ റിപ്പോര്‍ട്ടുകളും വൈകിട്ട് അഞ്ച് മണിക്ക് ഇ മെയ്ല്‍ വഴി അയക്കണമെന്ന നിര്‍ദേശം ട്രെയ്‌നിംഗിലൂടെ നല്‍കിയിട്ടും, അത് പ്രാവര്‍ത്തികമാക്കുന്നില്ലെങ്കില്‍ എന്തുചെയ്യും? ഇവിടെയാണ് 'ഫോളോ അപ്' ന്റെ പ്രസക്തി. ഇതുതന്നെയാണ് കിര്‍ക് പാട്രിക് പറയുന്ന മൂന്നാമത്തെ സ്റ്റെപ്പും. ഒരു ട്രെയ്‌നിംഗ് കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ഒരു 'ഫോളോ അപ്' ആന്‍ഡ് 'റിവ്യൂ' ഉണ്ടെങ്കില്‍, എന്തുകൊണ്ട് അഞ്ച് മണിക്ക് റിപ്പോര്‍ട്ടുകള്‍ അയക്കുന്നില്ലെന്ന് മനസിലാക്കാം. അറിയാഞ്ഞിട്ടാണെങ്കില്‍ പഠിപ്പിച്ചുകൊടുക്കാം.
പ്രായോഗികമല്ലെങ്കില്‍ (പ്രായോഗികമാക്കേണ്ടതാണ്. അതുകൊണ്ടാണല്ലോ ട്രെയ്‌നിംഗ് കൊടുത്തത്) റീ ഡിസൈന്‍ ചെയ്യാം. അതല്ല, ആറ്റിറ്റിയൂഡ് പ്രോബ്ലം ആണെങ്കില്‍ ഈ പ്രവൃത്തി ചെയ്യുന്നതുകൊണ്ട് അയാള്‍ക്കുള്ള ഗുണവും ചെയ്തില്ലെങ്കില്‍ വരാന്‍ പോകുന്ന ദോഷങ്ങളും പറഞ്ഞുകൊടുക്കാം. പക്ഷെ, മിക്കവാറും സ്ഥലങ്ങളില്‍ ആദ്യത്തെ ട്രെയ്‌നിംഗിനുശേഷം സ്ഥാപനത്തിന് പുറത്തുനിന്നോ അകത്തുനിന്നോ ഒരു ഫോളോഅപ്പും ഉണ്ടാകാറില്ല. അതിനാല്‍തന്നെ, ട്രെയ്‌നിംഗില്‍ പറഞ്ഞ കാര്യങ്ങളെല്ലാം പതിയെ പതിയെ ഇല്ലാതാകുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ട്രെയ്‌നിയുടെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയണം പരിശീലനങ്ങള്‍ക്ക്.
4. ബിസിനസ്
സ്വഭാവം മാറിയതുകൊണ്ടു മാത്രം അവസാനിക്കുന്നില്ല ഒരു യഥാര്‍ത്ഥ ട്രെയ്‌നറുടെ റോള്‍. കാരണം, ഒരു യഥാര്‍ത്ഥ ട്രെയ്‌നിംഗ് ഉന്നംവയ്ക്കുന്നത് നിങ്ങളുടെ ബിസിനസില്‍/സെയ്ല്‍സിലുള്ള വര്‍ധന തന്നെയാണ്. യഥാസമയത്ത് റിപ്പോര്‍ട്ടുകള്‍ അയപ്പിക്കുന്നത് അതിന്റെ ഒരു ഭാഗം മാത്രമാണ്. എല്ലാ ദിവസവും സെയ്ല്‍സ് റിവ്യൂ മീറ്റിംഗുകള്‍ ഉണ്ടായിരിക്കണം. ഇതിനോടൊപ്പം എല്ലാ മാസവും ഒരു ട്രെയ്‌നറുടെ സാന്നിധ്യത്തില്‍ റിവ്യു നടത്തുന്നതും നന്നായിരിക്കും. എല്ലാ സെയ്ല്‍സ് സ്റ്റാഫിന്റേയും പ്രതികരണങ്ങള്‍ അറിയാനും പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദേശിക്കാനും, അതുവഴി സെയ്ല്‍സില്‍ ഉണ്ടാകുന്ന പ്രശ്നങ്ങളെ മുന്‍കൂട്ടി കാണാനുമെല്ലാം ഇത്തരം റിവ്യൂകള്‍ സഹായകരമാകും. ഇതിലൂടെ തീര്‍ച്ചയായും നിങ്ങളുടെ ബിസിനസ് വാല്യു കൂടുകയും ചെയ്യും. ഇന്ന് ഇതിനെല്ലാം സാങ്കേതിക വിദ്യയുടെ സഹായം തേടാം എന്നുള്ളത് ഒരു വലിയ കാര്യമാണ്.
ഒന്ന് തീര്‍ച്ചയാണ്. ഒറ്റ ദിവസത്തെ ഒരു ട്രെയ്‌നിംഗ് പ്രോഗ്രാം, പലപ്പോഴും ഒരു സിനിമ കാണുന്നതുപോലെയേ ആകുന്നുള്ളൂ. വ്യക്തമായ ഫോളോഅപ്പുകളിലൂടെ യഥാര്‍ത്ഥ പ്രശ്നങ്ങളെ കേന്ദ്രീകരിച്ചുകൊണ്ടുള്ള 'ട്രെയ്‌നിംഗ്, റിവ്യൂ ആന്‍ഡ് ഡെവലപ്‌മെന്റ്' പ്രോഗ്രാം ആണ് വേണ്ടത്. ഇത്തരത്തില്‍ പരിശീലനങ്ങളെ സമീപിച്ചാല്‍ കേരളത്തിലെ ചെറുകിട സ്ഥാപനങ്ങളില്‍ ഇത്തരം ട്രെയ്‌നിംഗുകളിലൂടെ ബിസിനസ് 100 ശതമാനമോ അതിനപ്പുറമോ വര്‍ധിപ്പിക്കാമെന്നതും സത്യം.