വില്‍പ്പന കൂട്ടുന്ന മാര്‍ക്കറ്റിംഗ് പ്ലാനുണ്ടാക്കാം; ഈ ടൂള്‍ ഉപയോഗിക്കൂ

ബിസിനസിന് ദീര്‍ഘകാലം പ്രയോജനം നല്‍കാന്‍ സഹായിക്കുന്ന മാര്‍ക്കറ്റിംഗ് മോഡല്‍ സൃഷ്ടിക്കാന്‍ ഈ ടൂള്‍ ഉപകരിക്കും

Update:2021-10-31 14:16 IST

സംരംഭകര്‍ ബിസിനസ്സില്‍ഏറ്റവുമധികം സൂക്ഷിച്ചു ചെയ്യേണ്ട ഒന്നാണ് വില്‍പന നടക്കുന്നതിനാവശ്യമായ മാര്‍ക്കറ്റിംഗ് പ്ലാന്‍ ഉണ്ടാക്കുക എന്നത്. പലപ്പോഴും മാര്‍ക്കറ്റിംഗ് ഈ സമയത്തു ഏറ്റവുമധികം 'റീച്ച്' ലഭിക്കുന്ന ഒരു പ്ലാറ്റ്‌ഫോമില്‍ മാത്രം കേന്ദ്രീകരിച്ചാണ് ചെയ്യാറുള്ളത്.

എന്നാല്‍ അതിന്റെ ഫലം അധികകാലം ബിസിനസിന് ലഭിക്കുകയില്ല. ഈ കാരണത്താല്‍ ദീര്‍ഘകാലം ബിസിനസിന് പ്രയോജനകരമാകുന്ന ഒരു മാര്‍ക്കറ്റിംഗ് മോഡല്‍ നിര്‍മിക്കേണ്ടതുണ്ട്. അതിന് സഹായകരമാകുന്ന ഒന്നാണ് PESO tool. മാര്‍ക്കറ്റിംഗില്‍ നമ്മള്‍ പണം നിക്ഷേപിക്കേണ്ടത് നാല് വിഭാഗത്തില്‍ ആവണം. ഓരോന്നിലും നിക്ഷേപിക്കേണ്ട അനുപാതം വ്യത്യസ്തമാവാം എന്നാല്‍ നാലിലും നിക്ഷേപിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

P Paid Media:

നമുക്ക് എല്ലാര്‍ക്കും പരിചയമുള്ള, പലരും ചെയ്യാറുള്ള ഒന്നാണിത്. പണം ചെലവഴിച്ച് മാര്‍ക്കറ്റിംഗ് ചെയ്യുന്നരീതി. ടെലിവിഷന്‍, പത്രം, റേഡിയോ, സോഷ്യല്‍ മീഡിയ തുടങ്ങി ആളുകള്‍ കൂടുതലുള്ള/പ്രേക്ഷകര്‍ കൂടുതലുള്ള മാധ്യമത്തില്‍ പണം കൊടുത്ത് പരസ്യം ചെയ്യുന്ന രീതി. പണചെലവുണ്ടെങ്കിലും കൂടുതല്‍ ആളുകളിലേക്ക് എത്താന്‍ ഇത് സഹായകരമാകും. പലരും ചെയ്യുന്ന അബദ്ധം, പെയ്ഡ് മീഡിയയെ മാത്രം ആശ്രയിച്ചു മാര്‍ക്കറ്റിംഗ് ചെയ്യുമെന്നതാണ്. ബിസിനസ്സിന്റെ തുടക്ക സമയത്ത് കൂടുതല്‍ ആളുകളിലേക്ക് എത്തിപ്പെടാന്‍ ഈ മാര്‍ഗം സഹായകരമാകുമെങ്കിലും നാല് മേഖലകളിലെ ഒന്ന് മാത്രമായി ഇതിനെ കാണേണ്ടതുണ്ട്.

E- Earned Media:

നമ്മളെ കുറിച്ച് നമ്മള്‍ എന്തുപറയുന്നു എന്നതാണ് പെയ്ഡ് മീഡിയ. നമ്മളെ കുറിച്ച് മറ്റുള്ളവര്‍ എന്തുപറയുന്നു എന്നതാണ് earned മീഡിയ. അത്തരത്തില്‍ മറ്റുള്ളവര്‍ നമ്മുടെ ബിസിനസ്സിനെ കുറിച്ചു പറയണമെങ്കില്‍ അതിനു പറ്റുന്ന സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളില്‍ ഇടപെടുകയോ, പരിപാടികള്‍ ആസൂത്രണം ചെയ്യുകയോ, വാര്‍ത്താ പ്രാധാന്യമുള്ള കാര്യങ്ങള്‍ ചെയ്യുകയോ വേണം. എങ്കിലേ പത്രമാധ്യമങ്ങളില്‍ സ്ഥാനം പിടിക്കാന്‍ സാധിക്കുകയുള്ളു. കൂടുതല്‍ ആളുകളിലേക്ക് ചെലവ് കുറഞ്ഞ് എത്താന്‍ കഴിയുന്ന മാര്‍ഗം കൂടിയാണിത്.

S- Shared Media:

പേര് സൂചിപ്പിക്കുന്നതു പോലെ ജനങ്ങള്‍ നമ്മുടെ ബിസിനസ്സിനെ പ്രചരിപ്പിക്കുന്ന രീതി. അത്തരത്തില്‍ പ്രചരിപ്പിക്കണമെങ്കില്‍ ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന പോസ്റ്റുകളോ, അല്ലെങ്കില്‍ ജനങ്ങള്‍ക്ക് അതുവഴി എന്തെങ്കിലും പ്രയോജനം ലഭിക്കുന്നതോ ആവണം. ഗൊറില്ല മാര്‍ക്കറ്റിംഗ് പോലെയുള്ള രീതികള്‍ ഈ ഗണത്തില്‍പെടുത്താം. ജനങ്ങള്‍ പങ്കിടുന്നതുകൊണ്ടു തന്നെ കൂടുതല്‍ ആളുകളിലേക്ക് എത്തിപ്പെടാനും 'Viral' ആവാനും സാധ്യതയുണ്ട്.

O- Owned Media:

സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിന്റെ ഏറ്റവും വലിയ പ്രശ്‌നം അതു നമ്മുടെ സ്വന്തമല്ല എന്നതാണ്. ഫേസ്ബുക്കിലെ നമ്മുടെ പേജ് നമുക്ക് സ്വന്തമാണോ? യൂ ട്യൂബിലെ നമ്മുടെ ചാനലിന്റെ ഉടമ നമ്മളാണോ? അല്ല, അത് ഫേസ്ബുക്കിന്റെയും യൂട്യുബിന്റെയുമാണ്. അവര്‍ വിചാരിച്ചാല്‍ ഏതുനിമിഷവും അത് എടുത്തുകളയാന്‍ സാധിക്കും. അതിനാല്‍ സ്വന്തമായ ഒരു മാധ്യമം നിര്‍മിക്കേണ്ടത് അനിവാര്യമാണ്. അതു സ്വന്തം വെബ്‌സൈറ്റോ, മൊബൈല്‍ ആപ്പോ, ബ്ലോഗൊ ആവാം. ഒരുപക്ഷേ വില്‍പനക്ക് കാര്യമായ സംഭാവന owned മീഡിയക്ക് നല്‍കാന്‍ കഴിഞ്ഞില്ല എങ്കിലും ഒരു ബ്രാന്‍ഡ് നിര്‍മാണത്തിന് സഹായകരമാകും.


ബിസിനസ്സിന്റെ സ്വഭാവത്തിനനുസരിച്ച് ഈ നാല് മീഡിയയിലെ നിക്ഷേപവും വ്യത്യാസപ്പെട്ടിരിക്കും.

(BRANDisam LLP യിലെ ബ്രാന്‍ഡിംഗ് സ്ട്രാറ്റജിസ്റ്റാണ് ലേഖകന്‍. ഫോണ്‍: +91 8281868299  www.sijurajan.com)

Tags:    

Similar News