പ്രതിസന്ധികള്‍ വരുമ്പോള്‍ സിഐഎയുടെ അടിസ്ഥാന തത്വം നിങ്ങള്‍ക്കും പ്രാവര്‍ത്തികമാക്കാം
ശുഭാപ്തി വിശ്വാസം നല്ലതാണ്. അത് കൂടിയാലും കുഴപ്പമാണ്. അമിത ശുഭാപ്തി വിശ്വാസം മൂലം ചിലര്‍ വരാനിടയുള്ള മോശം കാര്യങ്ങളെ കാണാതിരിക്കുകയോ അവഗണിക്കുകയോ ചെയ്യും. ഈ സാഹചര്യത്തിലാണ് അമേരിക്കന്‍ ചാര സംഘടനയായ സിഐഐയുടെ ഈ തിയറി നിങ്ങള്‍ മനസ്സിലാക്കേണ്ടത്. വായിക്കാം.
അമേരിക്കന്‍ ചാര സംഘടനയായ സിഐഎയുടെ അടിസ്ഥാന തത്വമെന്താന്നോ? ഏറ്റവും നല്ലത് പ്രതീക്ഷിക്കുക, പക്ഷേ ഏറ്റവും മോശം സാഹചര്യത്തിനായി സജ്ജരാകുക. എനിക്ക് നിങ്ങളോട് പറയാനുള്ളതും അതാണ്. ശുഭാപ്തി വിശ്വാസം നല്ലതാണ്. അത് കൂടിയാലും കുഴപ്പമാണ്. അമിത ശുഭാപ്തി വിശ്വാസം മൂലം ചിലര്‍ വരാനിടയുള്ള മോശം കാര്യങ്ങളെ കാണാതിരിക്കുകയോ അവഗണിക്കുകയോ ചെയ്യും.
പ്രൊഫഷണല്‍ ജീവിതത്തിലെ സുന്ദരമായ ഭാവി, മറ്റാരെക്കാളും തനിക്ക് ആരോഗ്യമുണ്ടെന്ന അമിത വിശ്വാസം, തന്റെ കുട്ടികള്‍ മറ്റു കുട്ടികളേക്കാള്‍ പ്രതിഭാധനരാണെന്ന കാഴ്ചപ്പാട്, തന്റെ സഹപ്രവര്‍ത്തകരേക്കാള്‍ അല്ലെങ്കില്‍ തന്നേപ്പോലെ ബിസിനസ് ചെയ്യുന്ന മറ്റുള്ളവരേക്കാള്‍ വിജയിയാണെന്ന ഭാവം ഇതൊക്കെ പലരെയും കുഴിയില്‍ ചാടിച്ചിട്ടുണ്ട്. ദീര്‍ഘകാല ശുഭാപ്തി വിശ്വാസം പുലര്‍ത്തുമ്പോള്‍ തന്നെ ജീവിതത്തെയും ബിസിനസിനെയും കീഴ്‌മേല്‍ മറിക്കാന്‍ ശേഷിയുള്ള കാര്യങ്ങളും സംഭവിക്കാനിടയുണ്ടെന്ന കരുതല്‍ മനസ്സില്‍ വേണം.
പ്രതിസന്ധികള്‍ തന്നെ രണ്ടുതരമുണ്ട്. നല്ലതും ചീത്തയും. നമ്മുടെ തന്നെ ഉള്‍ക്കരുത്തിനെ പുറത്തെടുത്ത് മികച്ചതൊന്നിനെ പുനഃസൃഷ്ടിക്കാനുള്ളതാണ് നല്ല പ്രതിസന്ധി. എന്നാല്‍ വിനാശകരമായ ഒന്നിന്റെ സൂചന നല്‍കുന്നതാണ് ചീത്ത പ്രതിസന്ധി.
എല്ലായ്‌പ്പോഴും ഏറ്റവും മോശം സാഹചര്യം കൂടി മുന്നില്‍ കണ്ടുവേണം മുന്നോട്ട് പോകാന്‍. നിങ്ങള്‍ ആസൂത്രണം ചെയ്തുവെച്ചിരിക്കുന്ന പദ്ധതികള്‍ ഏറ്റവും മികച്ചതും വലിയ വിജയസാധ്യതയുള്ളതും ആണെങ്കില്‍ പോലും അത് വിജയത്തിലെത്താതിരിക്കാനും സാധ്യതയുണ്ട്. അത്രമാത്രം അസ്ഥിരമാണോ നമ്മുടെ ജീവിതവും സാഹചര്യങ്ങളുമെല്ലാം. അതുകൊണ്ട് അത്തരം ഘട്ടങ്ങള്‍ വന്നാല്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്നതു കൂടി ചിന്തിച്ചുവെയ്ക്കണം. യാഥാര്‍ത്ഥ്യ ബോധത്തിലൂന്നിയ ശുഭാപ്തി വിശ്വാസമാണ് നല്ലത്.
മാത്രമല്ല എപ്പോഴും പ്ലാന്‍ എ തന്നെ നല്ലതാകണമെന്നില്ല. പ്ലാന്‍ എ ഫലിക്കാതെ വരുമ്പോള്‍ പ്രയോഗിക്കുന്ന പ്ലാന്‍ ബി, ആദ്യത്തേതിനേക്കാള്‍ മികച്ചതാകുന്നതും കണ്ടിട്ടുണ്ട്. സ്റ്റീവന്‍ സ്പില്‍ബര്‍ഗിന്റെ സിനിമാ സെറ്റില്‍ യന്ത്രത്തില്‍ പ്രവര്‍ത്തിക്കുന്ന സ്രാവ് പ്രവര്‍ത്തനരഹിതമായപ്പോള്‍ ആഴക്കടലിലെ ഓളങ്ങള്‍ സൃഷ്ടിച്ചും പശ്ചാത്തല സംഗീതം കൊടുത്തും ഭീതിതമായൊരു സാഹചര്യം സൃഷ്ടിച്ചു. ശരിക്കും സ്രാവ് സിനിമയില്‍ പ്രത്യക്ഷപ്പെടുന്നതിനേക്കാള്‍ ഭീകരമായിരുന്നു ഇത്.
സാധ്യതകള്‍ മുന്നില്‍ കണ്ടുള്ള ചിന്തകളാണ് നമുക്ക് വേണ്ടത്. സ്പില്‍ബര്‍ഗ് എത്ര ഭാവനാപൂര്‍ണമായാണ് ഒരു പ്രതിസന്ധിയെ അതിസുന്ദരമായ മറ്റൊന്നാക്കി മാറ്റിയത്. നമ്മളും സാധ്യതകളെ കുറിച്ച് ചിന്തിച്ചാല്‍ ഭാവന വിടരും, മാനസിക സമ്മര്‍ദ്ദം കുറയും. ചില പ്രതിസന്ധികള്‍ നമ്മുടെ മനസ്സിന്റെ തന്നെ സൃഷ്ടികളാകും. സാധ്യതകള്‍ നോക്കി തുടങ്ങിയാല്‍ അനാവശ്യസമ്മര്‍ദ്ദങ്ങള്‍ ഒഴിയും.
(ലേഖകന്‍ പോള്‍ റോബിന്‍സണ്‍, പ്രഭാഷകനും ഗ്രന്ഥകാരനും ബിസിനസ് സ്ട്രാറ്റജിസ്റ്റുമാണ് )