മിക്ക സംരംഭകരുടെയും വിചാരം മാര്‍ക്കറ്റിംഗ് എന്നാല്‍ ടിവി, പത്രം തുടങ്ങിയവയില്‍ നല്‍കുന്ന പരസ്യങ്ങള്‍ മാത്രമാണെന്നാണ്. ഇത്തരം പരസ്യങ്ങള്‍ ചെലവേറിയതും മിക്ക ബിസിനസുകള്‍ക്കും മുതലാവാത്തതുമായതിനാല്‍ പല സംരംഭകരും ഫലപ്രദമായ ഒരു മാര്‍ക്കറ്റിഗും നടത്തുന്നില്ല. ഫേസ്ബുക്ക് ഉപയോഗിച്ചുള്ള മാര്‍ക്കറ്റിംഗ് വളരെ ഫലപ്രദമായ മാര്‍ക്കറ്റിംഗ് രീതിയാണ്. ഇന്ത്യയില്‍ താരതമ്യേന പുതിയ പ്രതിഭാസം ആയതു കൊണ്ടു തന്നെ മിക്ക സംരംഭകരും ഇത് ഉപയോഗപ്പെടുത്തുന്നില്ല. ഫേസ് ബുക്കിലൂടെയുള്ള മാര്‍ക്കറ്റിംഗ് ഫലപ്രദമായി വിനിയോഗിച്ച് ഒരു റീറ്റെയ്ല്‍ ബിസിനസ് ഉയര്‍ന്ന നേട്ടം കൈവരിച്ചതെങ്ങനെയെന്ന ഒരു കേസ് സ്റ്റഡിയാണ് ഈ ലക്കത്തില്‍ വിശദമാക്കുന്നത്.
രണ്ടു വര്‍ഷം മുമ്പ് കേരളത്തില്‍ ഒരു സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങിയ സംരംഭകനെ ഇതിനായി ഉദാഹരണമായി എടുക്കാം. ഏഴു വര്‍ഷങ്ങള്‍ക്കു മുമ്പ് പിതാവിന്റെ ചെറിയ പലചരക്കു കട ഏറ്റെടുത്തുകൊണ്ടാണ് സംരംഭകന്റെ തുടക്കം. അദ്ദേഹത്തിന്റെ പിതാവ് 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച കടയ്ക്ക് വര്‍ഷങ്ങള്‍ കൊണ്ട് മികച്ച ഉപഭോക്തൃ അടിത്തറ ഉണ്ടായിട്ടുണ്ട്. കട ന്യായമായ ലാഭവും നേടിയിരുന്നു. മികച്ച സേവനങ്ങള്‍ക്കൊപ്പം വൈവിധ്യമാര്‍ന്നതും ഗുണമേന്മയുള്ളതുമായ ഉല്‍പ്പന്നങ്ങളും ലഭ്യമാകുന്നതിനാല്‍ ഉപഭോക്താക്കളും സംതൃപ്തരായിരുന്നു.
ഭിന്നാഭിപ്രായം
പിതാവില്‍ നിന്ന് ബിസിനസിന്റെ ബാലപാഠങ്ങള്‍ പഠിച്ച ശേഷം രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പാണ് സംരംഭകന്‍ തൊട്ടടുത്ത ടൗണില്‍ സ്വന്തമായി സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങാന്‍ തീരുമാനിച്ചത്. ഈ ആശയം തന്റെ പിതാവുമായി പങ്കുവെക്കുകയും താഴെ പറയുന്ന കാര്യങ്ങള്‍ അതില്‍ ഉയര്‍ന്നു വരികയും ചെയ്തു
- അത്യാവശ്യം വൈവിധ്യമുള്ള സാധനങ്ങള്‍ മാത്രമാണ് ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്നത് എന്നതിനാല്‍ ഇടത്തരം വലുപ്പമുള്ള ഷോപ്പ് മതിയാകും.
- നല്ല ജനസാന്ദ്രതയുള്ള മേഖലയില്‍ തന്നെയാവണം ഷോപ്പ്. വന്‍തോതില്‍ ഉപഭോക്താക്കളെത്തുന്ന പ്രീമിയം ലൊക്കേഷനില്‍ വാടക കൂടും എന്നതിനാല്‍ അത്തരം സ്ഥലങ്ങള്‍ വേണമെന്നില്ല.
- ഒരു റീറ്റെയ്ല്‍ ഷോപ്പിന് മികച്ച ഉപഭോക്തൃ അടിത്തറയുണ്ടാക്കാന്‍ വര്‍ഷങ്ങള്‍ വേണം.
- നിലവിലുള്ള ഉപഭോക്താക്കള്‍ നല്‍കുന്ന മൗത്ത് പബ്ലിസിറ്റിയാണ് പുതിയ ഉപഭോക്താക്കളെ എത്തിക്കുന്നത്.
- നിലവിലുള്ള ഉപഭോക്താക്കള്‍ പുതിയവരെ കൊണ്ടുവരണമെങ്കില്‍ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളുടെയും മികച്ച സേവനത്തിന്റെയും ലഭ്യത ഉറപ്പു വരുത്തണം.
- ഉപഭോക്താക്കളെ കണ്ടെത്തുന്നതിന് കാലതാമസം ഉള്ളതിനാല്‍ തുടക്കത്തില്‍ ഏതാനും വര്‍ഷങ്ങളില്‍ ചെലപ്പോള്‍ നഷ്ടത്തില്‍ തന്നെ പ്രവര്‍ത്തിക്കേണ്ടി വരും.
- മികച്ച രീതിയില്‍ ഷോപ്പ് ആരംഭിക്കാനും നഷ്ടത്തിലും പിടിച്ചു നില്‍ക്കാനും ന്യായമായ ഒരു മൂലധന നിക്ഷേപം അത്യാവശ്യമാണ്.
- വിജയകരമായി ഒരു സംരംഭം കെട്ടിപ്പടുക്കുന്നതിന് കുറേ സമയവും ഏറെ അധ്വാനവും വേണ്ടി വരും.
വലിയൊരു റീറ്റെയ്ല്‍ ശൃംഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സൃഹൃത്തുമായി താന്‍ ഉദ്ദേശിക്കുന്ന സംരംഭത്തെ കുറിച്ച് സംരംഭകന്‍ ചര്‍ച്ച ചെയ്തു. താഴെ പറയുന്ന കാര്യങ്ങള്‍ അതില്‍ ഉരുത്തിരിഞ്ഞു വന്നു.
- പുതിയ ഉപഭോക്താക്കളെ ഷോപ്പില്‍ എത്തിക്കാന്‍, ഷോപ്പിന്റെ വലുപ്പം, അവിടത്തെ അന്തരീക്ഷം, വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ എന്നിവയെല്ലാം ആവശ്യമാണ്. അതുകൊണ്ടു തന്നെ വലിയൊരു ഷോപ്പ് ആവശ്യമാണ്.
- പെട്ടെന്നു തന്നെ മികച്ച ഉപഭോക്തൃ അടിത്തറയുണ്ടാവാന്‍ കൂടുതല്‍ ആളുകളെത്തുന്ന പ്രീമിയം ലൊക്കേഷനില്‍ തന്നെ ആകണം.
വാടകകെട്ടിടത്തിന് ക്ഷാമം നേരിടുന്നതും ആവശ്യക്കാര്‍ ഏറെയുള്ളതും കാരണം അത്തരം സ്ഥലങ്ങളില്‍ കെട്ടിട വാടകയും ഡെപ്പോസിറ്റും ഉയര്‍ന്നതായിരിക്കും.
- ടിവി, പത്രം എന്നിവയിലൂടെയുള്ള വലിയ തുക ചെലവിട്ടു കൊണ്ടുള്ള പരസ്യങ്ങള്‍ ഷോപ്പിന്റെ ഉപഭോക്തൃ അടിത്തറ പെട്ടെന്ന് വിപുലമാക്കും.
- പ്രീമിയം ലൊക്കേഷനില്‍ വലിയ കട തുടങ്ങാനും പരസ്യങ്ങള്‍ നല്‍കുന്നതി
നും മറ്റുമായി വലിയൊരു തുക മൂലധന നിക്ഷേപമായി വേണ്ടിവരും.
- റിസ്‌ക് എടുക്കുക എന്നതാണ് സംരംഭകത്വം. പുതിയ സംരംഭങ്ങളില്‍ ചെറിയ ശതമാനം മാത്രമേ വിജയിക്കുന്നുള്ളൂ.
ഫേസ്ബുക്കിലെ പരസ്യം
തന്റെ പിതാവിനോടും സുഹൃത്തിനോടും സംസാരിച്ച സംരംഭകന്‍ ആശയക്കുഴപ്പത്തിലായി. രണ്ടാളും രണ്ടു തരത്തിലുള്ള അഭിപ്രായമാണ് പുതിയ ബിസിനസിനെ കുറിച്ച് നടത്തിയത്.
ഒരു ഇടത്തരം വലുപ്പത്തിലുള്ള ഷോപ്പ് പ്രീമിയം ലൊക്കേഷന്‍ അല്ലാത്ത എന്നാല്‍ ജനസാന്ദ്രതയേറിയ സ്ഥലത്ത് സ്ഥാപിക്കുകയും മികച്ച സേവനവും ഉല്‍പ്പന്ന വൈവിധ്യതയും കൊണ്ട് ആളുകള്‍ നല്‍കുന്ന മൗത്ത് പബ്ലിസിറ്റിയെ ആശ്രയിച്ച് പുതിയ ഉപഭോക്താക്കളെ കണ്ടെത്തി സംരംഭം തുടങ്ങുക എന്നതാണ് ഒരു മാര്‍ഗം. ഇത്തരം ഷോപ്പ് തുടങ്ങുന്നതിന് ന്യായമായ ഒരു തുക മൂലധന നിക്ഷേപമായി വേണ്ടി വരും. തുടക്കത്തിലുള്ള നഷ്ടം സഹിക്കേണ്ടിയും വരും.
മറ്റൊരു മാര്‍ഗം, പ്രീമിയം ലൊക്കേഷനില്‍ വലിയൊരു ഷോപ്പ് തുടങ്ങുകയും മാസ് മീഡിയ പരസ്യം നല്‍കി ബിസിനസ് പെട്ടെന്ന് വളര്‍ത്തുകയും ചെയ്യുക എന്നതാണ്. ഇതിന് വലിയൊരു മൂലധന നിക്ഷേപം ആവശ്യമാണ്.
സംരംഭകന്‍ തന്റെ പിതാവിന്റെ രീതിയോട് യോജിച്ചില്ല. കാരണം വിജയിക്കാന്‍ കാലതാമസം പിടിക്കും. അങ്ങനെ വലിയൊരു കാത്തിരിപ്പിന് സംരംഭകന്‍ തയാറല്ല. തന്റെ കൈയില്‍ പരിമിതമായ ഫണ്ട് മാത്രമേ ഉള്ളൂ എന്നതിനാല്‍ സുഹൃത്തിന്റെ അഭിപ്രായത്തോടും യോജിക്കാനായില്ല. ഇക്കാരണങ്ങള്‍ കൊണ്ടു തന്നെ പുതിയ ബിസിനസ് തുടങ്ങാനുള്ള ആലോചന തല്‍ക്കാലം മാറ്റിവെച്ചു.
പുതിയ ആശയം
കുറച്ചു മാസങ്ങള്‍ക്കു ശേഷം ഒരു വെള്ളിയാഴ്ച വൈകുന്നേരം വീട്ടില്‍ ഇരിക്കുകയായിരുന്ന അദ്ദേഹത്തിന്റെ മകന്‍, തൊട്ടടുത്തുള്ള ഒരു റെഡി മേയ്ഡ് ഗാര്‍മന്റ് ഷോപ്പിന്റെ ഫേസ് ബുക്കിലുള്ള പരസ്യം കാണാനിടയായി. രണ്ട് ഷര്‍ട്ട് വാങ്ങിയാല്‍ രണ്ട് ഷര്‍ട്ട് സൗജന്യം എന്ന തരത്തിലുള്ളതായിരുന്നു ഫേസ്ബുക്കില്‍ വന്ന പരസ്യം. ഒരാഴ്ചത്തേക്ക് മാത്രമാണ് ആ ഓഫര്‍ ഉണ്ടായിരുന്നത്. പുതിയ ഷര്‍ട്ടുകള്‍ ആവശ്യമായിരുന്നതിനാല്‍ മകനെ ആ ഓഫര്‍ ആകര്‍ഷിച്ചു. സംരംഭകനും കുടുംബവും ആ ഷോപ്പ് സന്ദര്‍ശിക്കാനും ഓഫര്‍ അനുസരിച്ചുള്ള ഷര്‍ട്ടുകള്‍ വാങ്ങാനും തീരുമാനിച്ചു.
ഈ ഷോപ്പ് എവിടെയാണ് സ്ഥിതി ചെയ്യുന്നതെന്ന് അവര്‍ക്ക് അറിയുമായിരുന്നില്ല. ഭാഗ്യവശാല്‍, ഷോപ്പിന്റെ വിലാസം അടുത്തുള്ള ലാന്‍ഡ്മാര്‍ക്കുകള്‍ സഹിതം ഫേസ്ബുക്ക് പരസ്യത്തില്‍ ഉണ്ടായിരുന്നു. ഷോപ്പില്‍ എത്തിയ സംരംഭകന്‍ ഉടമയുമായി സംസാരിക്കുകയും ഷോപ്പ് തുറന്നത് ഒരു മാസം മുമ്പാണെന്ന് മനസിലാക്കുകയും ചെയ്തു.
പിന്നീട് ഈ സംഭവങ്ങളെ കുറിച്ചെല്ലാം ചിന്തിച്ച സംരംഭകന്‍, റെഡിമെയ്ഡ് ഷോപ്പ് തങ്ങളുടെ പ്രദേശത്തുള്ള തന്റെ മകനെ പോലെയുള്ള ശരിയായ ഉപഭോക്താക്കളിലേക്ക് ഫേസ്ബുക്ക് പരസ്യത്തിലൂടെ എങ്ങനെയെത്തിയെന്ന് അത്ഭുതപ്പെട്ടു. ആ ഷോപ്പ് പ്രീമിയം ലൊക്കേഷനില്‍ ആയിരുന്നില്ല. അദ്ദേഹത്തിന്റെ കുടുംബത്തില്‍ നിന്ന് ആരും ഇത്തരമൊരു ഷോപ്പ് മുമ്പ് കാണുകയോ അറിയുകയോ ചെയ്തിരുന്നില്ല. ഫേസ് ബുക്ക് പരസ്യം ഉണ്ടായിരുന്നില്ലെങ്കില്‍ തൊട്ടടുത്തു തന്നെയുള്ള ഈ ഷോപ്പ് കണ്ടെത്താന്‍ വര്‍ഷങ്ങളെടുക്കുമായിരുന്നു.
ഒരു പ്രത്യേക പ്രദേശത്ത് മാത്രമുള്ളവരെ ലക്ഷ്യമിട്ട് പരസ്യങ്ങള്‍ നല്‍കാനാവുമെന്ന് ഫേസ് ബുക്ക് മാര്‍ക്കറ്റിംഗിനെ കുറിച്ച് നടത്തിയ ഗവേഷണങ്ങളില്‍ നിന്ന് സംരംഭകന്‍ മനസിലാക്കി. മാത്രമല്ല, ആളുകളെ പുരുഷന്‍, സ്ത്രീ, വയസ്, താല്‍പ്പര്യങ്ങള്‍ എന്നിവ വേര്‍തിരിച്ച് ടാര്‍ഗറ്റ് ചെയ്യാന്‍ പോലും ഫേസ്ബുക്ക് അനുവദിക്കുന്നു. ഒരു പട്ടണം കേന്ദ്രീകരിച്ച് ഫേസ്ബുക്കില്‍ ഒറ്റത്തവണ പരസ്യം നല്‍കാന്‍ 1000 രൂപ മുതല്‍ 3000 രൂപയാണ് ഏകദേശ ചെലവ്. താല്‍പ്പര്യമുള്ള ഉപഭോക്താക്കളുടെ പേരും മൊബീല്‍ നമ്പരും ലഭ്യമാക്കുന്ന ലീഡ് ജനറേഷന്‍ ആഡ് ഓപ്ഷന്‍ കൂടി ഫേസ്ബുക്ക് നല്‍കുന്നുണ്ടെന്ന് സംരംഭകന്‍ കണ്ടെത്തി.
ഉപഭോക്താവിന്റെ പേരും മൊബീല്‍ നമ്പരും പരസ്യദാതാവിന് ലഭ്യമാകുന്നതോടെ പരസ്യദാതാവിന് ഉപഭോക്താവിനെ വിളിക്കുകയോ അല്ലെങ്കില്‍ എസ്എംഎസ് മാര്‍ക്കറ്റിംഗിനായി ഈ ഡാറ്റ ഉപയോഗപ്പെടുത്തുകയോ ചെയ്യാം. ഡിഎന്‍ഡി (Do not disturb) ആക്ടിവേറ്റ് ചെയ്തിട്ടില്ലാത്ത നമ്പരുകളിലേക്ക് മാത്രമേ എസ്എംഎസ് മാര്‍ക്കറ്റിംഗ് സാധ്യമാകുകയുള്ളൂ. ഫേസ്ബുക്കിലെ ഓഡിയന്‍സ് ഫീച്ചര്‍ ആണ് ആകര്‍ഷകമായ മറ്റൊന്ന്.
പരസ്യദാതാവിന് മൊബീല്‍ നമ്പറുകളുടെ വലിയൊരു ഡാറ്റ ബേസ് ഉണ്ടെങ്കില്‍ ഓഡിയന്‍സ് ഇന്‍ക്ലൂഡ് ഓപ്ഷന്‍ ഉപയോഗപ്പെടുത്തി ആ നമ്പറുകള്‍ മാത്രം ഫോക്കസ് ചെയ്തു കൊണ്ട് ഫേസ്ബുക്ക് പരസ്യം നല്‍കാനാകും. ഓഡിയന്‍സ് എക്സ്ലൂഡ് ഓപ്ഷന്‍ ഉപയോഗിച്ച് ആ നമ്പറുകളിലേക്കുള്ള പരസ്യം മാത്രം ഒഴിവാക്കാനും കഴിയും.
ലുക്ക് എ ലൈക്ക് ഓഡിയന്‍സ് ഓപ്ഷന്‍ ഉപയോഗിച്ച്, തന്റെ കൈവശമുള്ള നമ്പറുകളിലെ ഉപഭോക്താക്കളുടെ ഗണത്തില്‍പ്പെടുന്ന മറ്റു ഉപഭോക്താക്കളെ ലക്ഷ്യം വെക്കാനും കഴിയും. ഷോപ്പ് തുറക്കുന്നതുമായി ബന്ധപ്പെട്ട് താന്‍ നേരിട്ട ധര്‍മസങ്കടം ഇല്ലാതാക്കാന്‍ ഫേസ്ബുക്ക് മാര്‍ക്കറ്റിംഗ് കൊണ്ട് സാധിക്കുമെന്ന് സംരംഭകന്‍ മനസിലാക്കി.
ഫേസ് ബുക്ക് മാര്‍ക്കറ്റിംഗിനെ കുറിച്ച് കുറച്ചു ആഴ്ചകള്‍ നീണ്ട പഠനത്തിനു ശേഷം പ്രീമിയം ലൊക്കേഷന്‍ അല്ലാത്ത എന്നാല്‍ ജനസാന്ദ്രതയേറിയ പ്രദേശത്ത് ഇടത്തരം വലിപ്പത്തിലുള്ള ഒരു പുതിയ സൂപ്പര്‍മാര്‍ക്കറ്റ് അദ്ദേഹം തുറന്നു.
ഫേസ്ബുക്കിലൂടെ ബിസിനസ് കണ്ടെത്തിയതെങ്ങനെ?
- സാധ്യതയുള്ള ഉപഭോക്താക്കളെ കണ്ടെത്തല്‍- ആദ്യ ഘട്ടം
ബിസിനസിന്റെ തുടക്കത്തില്‍ സാധ്യതയുള്ള ഉപഭോക്താക്കളെ കണ്ടെത്തുന്നതിനായി സംരംഭകന്‍ ഫേസ് ബുക്ക് മാര്‍ക്കറ്റിംഗ് ഉപയോഗപ്പെടുത്തി. ഷോപ്പിന് പത്തു കിലോമീറ്റര്‍ പരിധിയിലുള്ള, 18നും 65 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെയും പുരുഷന്മാരെയും ലക്ഷ്യമിട്ട് വളരെ ആകര്‍ഷകമായി ഓഫറുകള്‍ ഓരോ വീക്കെന്‍ഡിലും ഫേസ്ബുക്കിലൂടെ നല്‍കി. നല്ല ഉപഭോക്താക്കളെ ഷോപ്പിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആകര്‍ഷകമായ ഓഫറുകള്‍ ആവിഷ്‌കരിച്ചത്. ഫേസ് ബുക്കിലെ ലീഡ് ജനറേഷന്‍ പരസ്യങ്ങളെ സംരംഭകന്‍ ആശ്രയിക്കുകയും പരസ്യത്തില്‍ ക്ലിക്ക് ചെയ്യുന്ന സാധ്യതയുള്ള ഉപഭോക്താക്കളുടെ മൊബീല്‍ നമ്പര്‍ കണ്ടെത്തുകയും ചെയ്തു.
ഓരോ ഫേസ്ബുക്ക് പരസ്യത്തിനും ഏകദേശം 3000 രൂപ വീതം അദ്ദേഹം ചെലവിട്ടു. ആകര്‍ഷകമായ ഓഫറുകള്‍ നല്‍കി, ഇതിലൂടെ ചുരുങ്ങിയത് 300 ലീഡെങ്കിലും കണ്ടെത്തി. ഒരു ലീഡിന് 10 രൂപ മാത്രമാണ് ചെലവ് വന്നത്.
ആഴ്ചയില്‍ ഒന്നു വീതം ഇത്തരത്തില്‍ പരസ്യം നല്‍കിയതിലൂടെ മാസത്തില്‍ ഏകദേശം 1200 ഉപഭോക്താക്കളെ കണ്ടെത്തുകയും ഒരു വര്‍ഷം ആയപ്പോഴേക്കും 10,000ത്തിലേറെ ഉപഭോക്താക്കളെ കണ്ടെത്താനാകുകയും ചെയ്തു. ഈ നമ്പറുകള്‍ ഷോപ്പിന്റെ ഡാറ്റ ബേസില്‍ ഉള്‍പ്പെടുത്തി.
- ഉപഭോക്താക്കളെ കണ്ടെത്തല്‍
ഇത്തരത്തില്‍ കണ്ടെത്തിയ സാധ്യതയുള്ള ഉപഭോക്താക്കളെ സംരംഭകന്‍ ഫോളോ അപ്പ് ചെയ്ത് ഭൂരിഭാഗം പേരെയും ഷോപ്പിന്റെ ഉപഭോക്താക്കളാക്കി മാറ്റി.
ഷോപ്പിലെത്തുന്ന ഉപഭോക്താക്കളുടെ ഫോണ്‍ നമ്പര്‍ ജീവനക്കാര്‍ ശേഖരിക്കുകയും സാധനങ്ങള്‍ക്കൊപ്പം നല്‍കുന്ന ബില്ലില്‍ ആ നമ്പര്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ഈ നമ്പറുകള്‍ സാധ്യതയുള്ള കസ്റ്റമര്‍ എന്ന ഡാറ്റാ ബേസില്‍ നിന്ന് ഒഴിവാക്കുകയും നിലവിലുള്ള കസ്റ്റമര്‍ ഡാറ്റാ ബേസിലേക്ക് ചേര്‍ക്കുകയും ചെയ്തു.
- നിലവിലുള്ള ഉപഭോക്താക്കളുടെ വാങ്ങല്‍ വര്‍ധിപ്പിക്കല്‍
നിലവിലുള്ള ഉപഭോക്തൃ ഡാറ്റ ബേസ് വിപുലപ്പെടുത്തിയതിനു ശേഷം എസ്എംഎസ് മാര്‍ക്കറ്റിംഗിലൂടെ സംരംഭകന്‍ ഉപഭോക്താക്കളുടെ വാങ്ങല്‍ ഇടവേളകള്‍ കുറയ്ക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി.
നിലവിലുള്ള ഉപഭോക്താക്കളുടെ ഡിഎന്‍ഡി പ്രശ്‌നങ്ങളില്ലാത്ത നമ്പറുകളിലേക്ക് ഓരോ ആഴ്ചയിലും ആകര്‍ഷകമായ ഓഫറുകള്‍ അറിയിച്ചു കൊണ്ട് എസ്എംഎസുകള്‍ അയച്ചു തുടങ്ങി.
ഡിഎന്‍ഡി സംവിധാനത്തിലൂടെ എസ്എംഎസുകള്‍ തടയുന്നവരെ ഫേസ്ബുക്കില്‍ ഓഡിയന്‍സ് ഇന്‍ക്ലൂഡ് ഫീച്ചര്‍ ഉപയോഗപ്പെടുത്തി ഓഫറുകളെ കുറിച്ച് അറിയിച്ചു.
- സാധ്യതയുള്ള ഉപഭോക്താക്കളെ കണ്ടെത്തല്‍- രണ്ടാം ഘട്ടം
എക്‌സിസ്റ്റിംഗ് കസ്റ്റമര്‍ ഡാറ്റ ബേസ് വിപുലപ്പെടുത്തിയതിനു ശേഷം സംരംഭകന്‍ ഫേസ് ബുക്കിലെ ലുക്ക് എ ലൈക്ക് ഫീച്ചര്‍ ഉപയോഗപ്പെടുത്താന്‍ തുടങ്ങി. നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് സമാനമായ പുതിയ ഉപഭോക്താക്കളെ ഫേസ്ബുക്ക് മാര്‍ക്കറ്റിംഗിലൂടെ ഇങ്ങനെ ലക്ഷ്യമിടാനായി.
ഈ തന്ത്രങ്ങള്‍ പ്രയോഗത്തില്‍ വരുത്തിയതോടെ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ സംരംഭത്തെ ബ്രേക്ക് ഈവന്‍ ആക്കാനും ഒരു വര്‍ഷം കൊണ്ടു തന്നെ മികച്ച റീട്ടേണ്‍ ഓണ്‍ ഇന്‍വെസ്റ്റ്‌മെന്റ് സൃഷ്ടിക്കാനും കഴിഞ്ഞു.
കുറഞ്ഞ ചെലവില്‍ വളരെ മികച്ച ഒരു ഫലം സൃഷ്ടിക്കാന്‍ ഫേസ്ബുക്ക് മാര്‍ക്കറ്റിംഗിലൂടെ സാധിച്ചതില്‍ സംരംഭകന് അത്ഭുതമായിരുന്നു.
സാധ്യതയുള്ളതും നിലവിലേതുമായ ഉപഭോക്താക്കളിലേക്കെത്താന്‍ ഫേസ് ബുക്ക് മാര്‍ക്കറ്റിംഗ് വളരെ മികച്ച മാര്‍ഗമാണെന്ന് മുകളില്‍ കാണിച്ച വിവരങ്ങളില്‍ നിന്നും വ്യക്തമാണ്.
ദൗര്‍ഭാഗ്യവശാല്‍ മിക്ക സംരംഭകരും ഇതിന്റെ ഗുണവശങ്ങളെ കുറിച്ച് വേണ്ടത്ര ബോധവാന്മാരല്ല. അതുകൊണ്ടു തന്നെ ഇത് ബിസിനസില്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നുമില്ല.
ഇന്ത്യയിലും ജി.സി.സി രാഷ്ട്രങ്ങളിലുമായി സ്ഥായിയായ ബിസിനസ് മോഡലുകള്‍ വളര്‍ത്തിയെടുക്കുന്നതിനുവേണ്ടി ദീര്‍ഘകാല അടിസ്ഥാനത്തില്‍ സംരംഭകരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ബിസിനസ് അഡൈ്വസറാണ് ലേഖകന്‍.
1992ല്‍ IIM (L) നിന്ന് PGDM എടുത്തതിനു ശേഷം ബിസിനസ് അഡൈ്വസറായി പ്രവര്‍ത്തനം ആരംഭിച്ച അദ്ദേഹം റിസള്‍ട്ട്‌സ് കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പിന്റെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറാണ്. website: www.we-deliver-results.com, email: tinyphilip@gmail.com