ബിസിനസ് തുടങ്ങാന്‍ തുനിഞ്ഞിറങ്ങുന്നവരില്‍ പലരും മനസില്‍ പല പ്ലാനുകളുമായാണ് വരുന്നത്. എന്നാല്‍ പലപ്പോഴും മിക്കതിനും ഒരു അടുക്കും ചിട്ടയും കാണാറില്ല. പിന്നെ ബിസിനസ് പ്ലാന്‍ ഉണ്ടാക്കുന്നത്, ബാങ്ക് ലോണ്‍ ആവശ്യം വരുമ്പോഴാണ്. ലോണ്‍ കിട്ടുന്ന രീതിയില്‍ തട്ടിക്കൂട്ടുന്ന ഒരു കടലാസ് കൂമ്പാരം മാത്രമാണ് അത്തരം ബിസിനസ് പ്ലാനുകളില്‍ പലതും.
ബിസിനസ് പ്ലാന്‍ എങ്ങനെ വേണം?
നിങ്ങളുടെ ബിസിനസിന് ഗുണം ചെയ്യുന്ന ഒരു ബിസിനസ് പ്ലാന്‍ എങ്ങനെ ഉണ്ടാക്കിയെടുക്കാം എന്ന് നോക്കാം. ചെയ്യാന്‍ പോകുന്ന ബിസിനസിന്റെ പൂര്‍ണമായ രൂപം മനസില്‍ കാണുകയും അത് അതേപടി കടലാസിലേക്ക് പകര്‍ത്തുകയുമാണ് ചെയ്യേണ്ടത്. ബിസിനസ് ചെയ്യുന്നതിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് 'ലാഭം' ആണെന്നതുകൊണ്ടു തന്നെ, ബിസിനസ് പ്ലാനും ലാഭകരമായിരിക്കണം!
ഒരു 'എക്സിക്യൂട്ടിവ് സമ്മറി'യില്‍ നിന്നാണ് ബിസിനസ് പ്ലാനുകള്‍ ആരംഭിക്കേണ്ടത്. ഈ ബിസിനസുകൊണ്ട് നിങ്ങള്‍ ഉദ്ദേശിക്കുന്നതെന്താണ്, അത് എങ്ങനെയായിരിക്കണം ഫലത്തില്‍ വരേണ്ടത് എന്നിങ്ങനെയുള്ള കാര്യങ്ങളുടെ ഒരു സംക്ഷിപ്ത രൂപമായിരിക്കണം അത്. ഒരു പേജില്‍ കൊള്ളാവുന്ന അത്രയും ചുരുക്കി എഴുതണം.
അടുത്തത് 'ബിസിനസ് ഡിസ്‌ക്രിപ്ഷന്‍' ആണ്. നിങ്ങള്‍ ചെയ്യാന്‍ പോകുന്ന ബിസിനസ് രംഗത്തെക്കുറിച്ചുള്ള ഒരു ചെറിയ വിവരണം ഇവിടെ കൊടുക്കാം. ഉദാഹരണത്തിന്, കറിപൗഡര്‍ ബിസിനസ് ചെയ്യാനൊരുങ്ങുന്ന ഒരാള്‍ക്ക്, കേരള മാര്‍ക്കറ്റും ദേശീയ മാര്‍ക്കറ്റും എത്രമാത്രം കറിപൗഡര്‍ ഉപയോഗിക്കുന്നുണ്ടെന്ന് അറിഞ്ഞിരിക്കണം. ഇന്റര്‍നെറ്റില്‍ നിന്നും, പല മാര്‍ക്കറ്റിംഗ് ഏജന്‍സികളില്‍ നിന്നും ഇത്തരം വിവരങ്ങള്‍ ലഭ്യമാണ്. കാര്യങ്ങള്‍ കൂടുതല്‍ ആഴത്തില്‍ അറിയുന്നതിനായി ഒരു മാര്‍ക്കറ്റ് സര്‍വ്വേ നടത്തിയാലും തരക്കേടില്ല.
എന്തായിരിക്കണം സ്ട്രാറ്റജി?
ബിസിനസ് പ്ലാനുകളിലെ ഏറ്റവും പ്രധാന ഭാഗങ്ങളിലൊന്നാണ് മാര്‍ക്കറ്റ് സ്ട്രാറ്റജി. മുകളില്‍ പറഞ്ഞ മാര്‍ക്കറ്റിലെ വിവരങ്ങളെ വ്യക്തമായി പഠിച്ച്, അനലൈസ് ചെയ്യുമ്പോഴാണ് സ്ട്രാറ്റജികള്‍ ഉണ്ടാകുന്നത്. ഇതിനുവേണ്ടി ഒരു 'കോംപറ്റീറ്റര്‍ അനാലിസിസ്' കൂടി നടത്തുന്നത് നന്നായിരിക്കും.
നിങ്ങള്‍ ചെയ്യുന്ന ബിസിനസ് രംഗത്ത് ഇന്ന് നിലവിലുള്ള പ്രധാനികള്‍ ആരൊക്കെയാണെന്നും അവരുടെ ഉപഭോക്താക്കള്‍ ആരാണെന്നും, അവരുടെ ഉല്‍പ്പന്നത്തിന്റെ പ്രത്യേകതകള്‍ എന്തെല്ലാമാണെന്നും അവരുടെ മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ എന്തൊക്കെയാണെന്നും വ്യക്തമായി പഠിച്ചിരിക്കണം. കയ്യില്‍ ഒരു നല്ല ഉല്‍പ്പന്നം ഉണ്ട് എന്നതുകൊണ്ടുമാത്രം നിങ്ങള്‍ക്ക് അത് വില്‍ക്കാന്‍ കഴിയണമെന്നില്ല.
അതിനെ മാര്‍ക്കറ്റില്‍ ശരിയായ രീതിയില്‍ അവതരിപ്പിക്കാന്‍ കൂടി സാധിക്കണം. അടുത്തതായി ഒരു 'ഡിസൈന്‍ & ഡെവലപ്മെന്റ്' പ്ലാന്‍ തയ്യാറാക്കുക. നിങ്ങളുടെ ഉല്‍പ്പന്നം വില്‍പ്പനയ്ക്ക് പറ്റുന്നതാക്കിയെടുക്കാന്‍ എന്തൊക്കെ വേണം എന്ന് ചിന്തിക്കുക. ഒരേ ഗുണനിലവാരത്തോടെ ഉല്‍പ്പന്നം ഉണ്ടാക്കാന്‍ കഴിയുന്ന ഒരു രീതിയോ അങ്ങനെ തരാന്‍ കഴിയുന്ന ഒരു സപ്ലൈയറെയോ കണ്ടെത്തണം.
നിങ്ങളുടെ ടാര്‍ജറ്റ് ഓഡിയന്‍സിന് അനുസരിച്ചുള്ള ഒരു പാക്കിംഗ് ഉണ്ടാക്കിയെടുക്കണം. മറ്റുള്ള നിയമപരമായ കാര്യങ്ങള്‍ ശരിയാക്കിയെടുക്കണം (സെയ്ല്‍സ് ടാക്സ് പോലെയുള്ളവ). ഇത്തരം കാര്യങ്ങളെക്കുറിച്ചുള്ള വ്യക്തമായ വിവരണമാണ് ബിസിനസ് പ്ലാനിന്റെ ഈ ഭാഗത്ത് ആവശ്യം.
ഈ ബിസിനസ് നടക്കുമോ?
ഈ ബിസിനസ് പ്രാവര്‍ത്തികമാണെന്ന് ഉറപ്പുവരുത്തുന്നത് ഓപ്പറേഷന്‍സ് ആന്‍ഡ് മാനേജ്മെന്റ് പ്ലാന്‍ കൂടി ആകുമ്പോഴാണ്. ഇത്തരമൊരു ബിസിനസ് നടത്താന്‍ എത്ര സ്റ്റാഫ്, ഏതൊക്കെ തസ്തികകളില്‍ വേണം എന്ന് തീരുമാനിക്കണം. വ്യക്തമായ ഒരു ഓര്‍ഗനൈസേഷന്‍ സ്ട്രക്ചറും, ഓരോരുത്തരും ചെയ്യേണ്ട ഉത്തരവാദിത്തങ്ങളും കൂടെ ഉള്‍പ്പെടുത്തുന്നത് നന്നായിരിക്കും. പര്‍ച്ചേസ് മുതല്‍ സെയ്ല്‍സ് ചെയ്ത് എക്കൗണ്ടിലേക്ക് പണമെത്തുന്നത് വരെയുള്ള എല്ലാ കാര്യങ്ങളും ഒന്നൊന്നായി വിവരിക്കുന്ന ഒന്നായിരിക്കണം ഓപ്പറേഷന്‍ പ്ലാന്‍.
മണി മാറ്റേഴ്സ്
ഇനിയാണ് ഏറ്റവും പ്രധാന ഭാഗം. എത്ര പണം വിനിയോഗിക്കണമെന്നും അതില്‍ നിന്ന് എത്ര വരുമാനം ഉണ്ടാകുമെന്നും എല്ലാ ചെലവുകളും കഴിച്ചുള്ള ലാഭം എന്താകുമെന്നും കണക്കാക്കേണ്ടതുണ്ട്. നിങ്ങളുടെ മാര്‍ക്കറ്റിംഗ് പ്ലാനും, ഓപ്പറേഷന്‍ പ്ലാനും കൃത്യമാണെങ്കില്‍ ഫിനാന്‍ഷ്യല്‍ പ്ലാനും ഏതാണ്ട് കൃത്യമായി തന്നെ വികസിപ്പിച്ചെടുക്കാം.
പലരും അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള വരുമാന വിനിയോഗ കണക്കുകള്‍ വികസിപ്പിച്ചെടുക്കാറുണ്ട്. എന്നാല്‍ അടുത്ത രണ്ട് വര്‍ഷത്തേക്ക് കണക്കാക്കുന്നതാണ് കൂടുതല്‍ അഭികാമ്യം. കറിപൗഡറുകള്‍ ഒരു ഉദാഹരണമായി എടുത്താല്‍, അതിന്റെ കോസ്റ്റിംഗ് മുതല്‍ കണക്കുകൂട്ടലുകള്‍ വേണ്ടിവരും. (ഉല്‍പ്പന്നം ഉണ്ടാക്കിയെടുക്കാനുള്ള ചെലവ്).
ഒരു ജില്ലയില്‍ മാത്രമാണ് കറിപൗഡര്‍ കച്ചവടം ചെയ്യാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍, ആ ജില്ലയെ പല ഏരിയകളായി തിരിച്ച് വിപണി പ്രവചിക്കാന്‍ നമുക്ക് കഴിയണം. ഉദാഹരണത്തിന് ജില്ലയില്‍ 70 പഞ്ചായത്തുകള്‍ ഉണ്ടെന്ന് കരുതുക. ഒരു പഞ്ചായത്തില്‍ കറിപൗഡര്‍ വില്‍ക്കുന്ന 30 കടകള്‍ ഉണ്ടെന്നും സങ്കല്‍പ്പിക്കുക (യഥാര്‍ത്ഥത്തില്‍ 30ല്‍ കൂടുതല്‍ കാണും) അങ്ങനെയെങ്കില്‍ ജില്ലയില്‍ 70ഃ30 = 2100 കടകള്‍ നിങ്ങള്‍ക്ക് കറിപൗഡര്‍ വില്‍ക്കാനായുണ്ട്.
ഈ 2100 കടകളിലും ദിവസം 1 പായ്ക്കറ്റ് വീതം വില്‍ക്കാനായാല്‍ ഒരു ദിവസം 2100 പായ്ക്കറ്റ്. ഒരു മാസം 2100ഃ25 = 52500 പായ്ക്കറ്റ്. ഒരു പായ്ക്കറ്റില്‍ എല്ലാം കഴിഞ്ഞ് രണ്ട് രൂപ ലാഭമുണ്ടെങ്കില്‍ മൊത്തം ലാഭം ഒരു ലക്ഷത്തില്‍ കൂടുതല്‍. ഇത് ഒരൊറ്റ ഐറ്റത്തില്‍ നിന്ന് മാത്രം! ഇതുപോലെ 10 ഐറ്റമുണ്ടെങ്കിലോ? ഫിനാന്‍ഷ്യല്‍ പ്ലാനിംഗ് കൊള്ളാം അല്ലേ?
പലരും കുടുങ്ങിപ്പോകുന്നതും സംഖ്യകളുടെ ഈ മോഹിപ്പിക്കുന്ന കണക്കിലാണ് 2100 കടകളില്‍ ഉല്‍പ്പന്നം എങ്ങനെ എത്തിക്കുമെന്നും ആര് എത്തിക്കുമെന്നും, എത്തിച്ചാല്‍ തന്നെ ആളുകള്‍ അത് വാങ്ങിക്കുമോ എന്നും പലരും ഉറപ്പുവരുത്താറില്ല. പക്ഷെ, വ്യക്തമായ മാര്‍ക്കറ്റിംഗ് പ്ലാനും ഓപ്പറേഷന്‍ പ്ലാനും ഉണ്ടെങ്കില്‍ ഈ കണക്കുകള്‍ യാഥാര്‍ത്ഥ്യമാകും. ഒന്നുമാത്രം ഉറപ്പുവരുത്തുക. ബാങ്ക് ലോണെടുക്കാന്‍ നിങ്ങള്‍ എങ്ങനെ വേണമെങ്കിലും പ്ലാന്‍ ഉണ്ടാക്കിയെടുത്തോളൂ. പക്ഷെ ബിസിനസ് വിജയിക്കാന്‍ ശരിയായ, ദിശാബോധമുള്ള ബിസിനസ് പ്ലാന്‍ തന്നെ വികസിപ്പിച്ചെടുക്കുക.