പ്രിന്റ്, ടെലിവിഷന്‍, ഡിജിറ്റല്‍ ഇവയില്‍ ഏതിലാണ് നിങ്ങള്‍ പരസ്യം ചെയ്യേണ്ടത്?

Update:2019-09-10 18:30 IST

ബ്രാന്‍ഡ് പ്രൊമോഷന്‍, ബിസിനസ് വര്‍ദ്ധിപ്പിക്കല്‍, ഇമേജ് ബില്‍ഡിംഗ് തുടങ്ങിയ വ്യത്യസ്ത ആവശ്യങ്ങള്‍ക്കാണ് പരസ്യങ്ങള്‍ നല്‍കപ്പെടുന്നത്. ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയായാലും പരസ്യം വിജയിക്കണോ? അതിന് ശരിയായ മാധ്യമം തെരെഞ്ഞെടുത്തേ മതിയാകൂ. ഏറ്റവും അനുയോജ്യമായൊരു മാധ്യമം അല്ല നിങ്ങള്‍ തെരെഞ്ഞെടുക്കുന്നതെങ്കില്‍ ടാര്‍ജ്റ്റ് ആഡിയന്‍സിലേക്കെത്താന്‍ ഒരിക്കലും സാധിക്കുകയില്ല. ഫലമോ, പരസ്യത്തിനായി ചെലവഴിച്ച പണം അപ്പാടെ പാഴാകുകയും ചെയ്യും.

അച്ചടി മാധ്യമങ്ങള്‍, ദൃശ്യ മാധ്യമങ്ങള്‍, ഡിജിറ്റല്‍ മീഡിയ... ഇവയില്‍ പരസ്യത്തിനായി ഏത് മാധ്യമത്തെ തെരെഞ്ഞെടുക്കണമെന്നത് സംരംഭകരെ സംബന്ധിച്ചിടത്തോളം വലിയൊരു വെല്ലുവിളിയാണ്. വ്യത്യസ്ത മാധ്യമങ്ങളുടെ സ്വാധീനത്തെയും അതില്‍ നിന്നും ലഭിക്കാവുന്ന റിസള്‍ട്ടിനെയും കുറിച്ചുള്ള ആശങ്കകളാണ് സംരംഭകരെ വട്ടംചുറ്റിക്കുന്നത്.

ദൃശ്യ മാധ്യമങ്ങള്‍ കരുത്താര്‍ജ്ജിക്കുന്നതിന് മുന്‍പ് ദിനപത്രങ്ങളും ആനുകാലികങ്ങളും ഔട്ട്‌ഡോര്‍ അഡ്വര്‍ടൈസിംഗുമായിരുന്നു പ്രധാനം. എന്നല്‍ ടെലിവിഷന്‍ മേഖല ശക്തമായതോടെ മിക്ക കമ്പനികളും അവരുടെ പരസ്യബജറ്റില്‍ നല്ലൊരു പങ്കും അതിലേക്കായി മാറ്റിവച്ചു. അപ്പോഴാണ് ഡിജിറ്റല്‍ മീഡിയയുടെ തരംഗം പൊട്ടിപ്പുറപ്പെട്ടത്. പരമ്പരാഗത മാധ്യമങ്ങളെ അപേക്ഷിച്ച് ഡിജിറ്റല്‍ മീഡിയയിലെ പരസ്യങ്ങള്‍ക്ക് ചെലവ് കുറവാണെന്ന് കണ്ടതോടെ അവിടേക്കായി സംരംഭകരുടെ അടുത്തചാട്ടം.

ടാര്‍ജറ്റ് ആഡിയന്‍സിനെ കണ്ടെത്തുക

പരമ്പരാഗത മാധ്യമങ്ങളിലെ പരസ്യങ്ങളാണോ അതോ ഡിജിറ്റല്‍ മീഡിയയിലെ പരസ്യങ്ങളാണോ ഏറ്റവും നല്ലത്? ഏറ്റവും ചെറിയ പരസ്യബജറ്റുള്ളവരെയും വന്‍കിട കോര്‍പ്പറേറ്റുകളെയും വരെ ഒരുപോലെ ആശയക്കുഴപ്പത്തിലാക്കുന്നൊരു ചോദ്യമാണിത്. എല്ലാത്തരം മാധ്യമങ്ങള്‍ക്കും അവയുടേതായ കരുത്തും ദൗര്‍ബല്യങ്ങളുമുണ്ടെന്നതാണ് ആദ്യം മനസ്സിലാക്കേണ്ട വസ്തുത. എന്നാല്‍ നിങ്ങള്‍ പരസ്യം നല്‍കാനായി തെരെഞ്ഞെടുത്ത മാധ്യമം, അത് പ്രിന്റോ, ടിവിയോ, ഡിജിറ്റലോ എന്തുമാകട്ടെ അവിടെ നിങ്ങളുടെ ടാര്‍ജറ്റ് ആഡിയന്‍സുണ്ടോ എന്നതാണ് ഏറ്റവും പ്രധാനം.

ടെലിവിഷനിലെ അല്ലെങ്കില്‍ ഡിജിറ്റല്‍ രംഗത്തെ ഏറ്റവും ജനപ്രിയ മാധ്യമത്തില്‍ പരസ്യം നല്‍കിയതുകൊണ്ടു മാത്രം ടാര്‍ജറ്റ് ആഡിയന്‍സിലേക്ക് എത്തുമെന്ന് കരുതാനാകില്ല. ഡിജിറ്റല്‍ മാത്രമാണ് ഭാവിയെന്ന് കരുതുന്നതും മറ്റൊരു അബദ്ധമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കാരണം എല്ലാത്തരം ഉല്‍പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ബ്രാന്‍ഡുകള്‍ക്കുമൊക്കെ പരസ്യത്തിന് ഏറ്റവും അനുയോജ്യമായൊരു മാധ്യമം ഡിജിറ്റല്‍ അല്ലെന്നതു തന്നെ.

ഇതിനുള്ള ഏറ്റവും വ്യക്തമായൊരു ഉദാഹരണം ആമസോണും ഫ്‌ളിപ്കാര്‍ട്ടും പോലുള്ള ഓണ്‍ലൈന്‍ ഡിജിറ്റല്‍ സംരംഭങ്ങളാണ്. 'വിവിധ ഓണ്‍ലൈന്‍ അഗ്രഗേറ്റേഴ്‌സ് ദിനപത്രങ്ങള്‍ ഉള്‍പ്പെടെയുള്ള കേരളത്തിലെ പരമ്പരാഗത മാധ്യമങ്ങളില്‍ വമ്പന്‍ പരസ്യങ്ങള്‍ തുടര്‍ച്ചയായി നല്‍കുന്നത് എന്തുകൊണ്ടാണ്? അത് അവരുടെ ബ്രാന്‍ഡ് പ്രതിച്ഛായ വര്‍ദ്ധിപ്പിക്കുന്നതിന് മാത്രമല്ല മറിച്ച് കേരളത്തിലെ ഒരോ മുക്കിലും മൂലയിലും അവരുടെ ശക്തമായ സാന്നിദ്ധ്യം ഉറപ്പാക്കുന്നതിനും കൂടി വേണ്ടിയാണെന്നത് നമ്മുടെ സംരംഭകര്‍ മനസ്സിലാക്കുന്നില്ല' ബ്രാന്‍ഡ് & ബിസിനസ് സൊലൂഷന്‍സ് കണ്‍സള്‍ട്ടിംഗ് കമ്പനിയായ ബ്രേക്ക്ത്രൂവിന്റെ സാരഥി മനോജ് മത്തായി ചൂണ്ടിക്കാട്ടി.

വേണ്ടത് മികച്ച സ്ട്രാറ്റെജി

ഇവിടെ സംരംഭകര്‍ക്ക് സ്വീകരിക്കാവുന്ന ഒരേയൊരു പോംവഴി പരസ്യങ്ങള്‍ക്കായി മികച്ചൊരു സ്ട്രാറ്റെജിക്ക് രൂപംകൊടുക്കുക എന്നതാണ്. ആദ്യം പരസ്യം നല്‍കാനുദ്ദേശിക്കുന്ന മാധ്യമത്തിന്റെ ഡെമോഗ്രാഫിക്‌സ് കണ്ടെത്തുക. നിങ്ങളുടെ ടാര്‍ജറ്റ് ആഡിയന്‍സിന്റെ ഡെമോഗ്രാഫിക്‌സുമായി അത് ഒത്തുപോകുന്നുണ്ടോ യെന്നത് വ്യക്തമായി പരിശോധിക്കുക. അങ്ങനെയുണ്ടെങ്കില്‍ മാത്രമേ ആ പരസ്യത്തിനായി നിങ്ങള്‍ മുടക്കുന്ന പണത്തിന് മികച്ച റിട്ടേണ്‍ ലഭിക്കുകയുള്ളൂ. പരമ്പരാഗത മാധ്യമങ്ങളിലെയും ഡിജിറ്റല്‍ മാധ്യമങ്ങളിലെയും പരസ്യത്തിനായി ഈയൊരു സ്ട്രാറ്റെജി പ്രയോഗിക്കാവുന്നതാണ്.

ബഹുമുഖ മാധ്യമങ്ങളിലെ പരസ്യങ്ങളാണ് മറ്റൊരു സ്ട്രാറ്റെജി. തെരെഞ്ഞെടുക്കപ്പെട്ട പരമ്പരാഗത, ഡിജിറ്റല്‍ മാധ്യമങ്ങളില്‍ അനുയോജ്യമായ സമയത്ത് ആവശ്യമായ പരസ്യങ്ങള്‍ നല്‍കുന്നതിനുള്ള സ്ട്രാറ്റെജിയാണ് ഇതിലേക്കായി രൂപപ്പെടുത്തേണ്ടത്. വളരെ വ്യക്തമായൊരു പഠനവും ആസൂത്രണവും വിശകലനവും നടത്തിക്കൊണ്ടായിരിക്കണം ഇതിലേക്കായി സംരംഭകര്‍ തന്ത്രങ്ങള്‍ മെനയേണ്ടത്.

Similar News