കോവിഡ് കാലത്ത് എന്ത് ബിസിനസ്, എങ്ങനെ തുടങ്ങണം?

നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളും ജോലി നഷ്ടപ്പെട്ടവരും വേതനം കുറഞ്ഞവരുമെല്ലാം ബിസിനസ് തുടങ്ങാനുള്ള ശ്രമത്തിലാണ്. കോവിഡ് കാലത്ത് എങ്ങനെയാണ് പുതിയ ബിസിനസിലേക്ക് കടക്കേണ്ടത്

Update:2020-11-25 12:02 IST

കോവിഡ് 19 ആഗോളതലത്തില്‍ കടുത്ത സാമ്പത്തിക മാന്ദ്യത്തിനിടയാക്കിയിരിക്കുകയാണ്. കുറെ വര്‍ഷങ്ങളോളം ഇതിന്റെ പ്രഭാവം നിലനില്‍ക്കുകയും ചെയ്യും. കോവിഡ് ഏറെ പ്രത്യാഘാതം സൃഷ്ടിച്ചിരിക്കുന്ന സമ്പദ് വ്യവസ്ഥകള്‍ക്കിടയിലാണ് ഇന്ത്യയുടെ സ്ഥാനം. ലോക്ക്ഡൗണ്‍ മൂലം ഏപ്രില്‍ - ജൂണ്‍ ത്രൈമാസത്തില്‍ ഇന്ത്യയുടെ ജിഡിപി 23.9 ശതമാനമാണ് ചുരുങ്ങിയത്.

ഭൂരിഭാഗം സമ്പദ് വ്യവസ്ഥയും ചുരുങ്ങുന്നത് മൂലം ഒട്ടനവധി ബിസിനസുകള്‍ നിലനില്‍പ്പിനായി പോരാടുകയാണ്. വന്‍ തോതില്‍ ജീവനക്കാരെ പിരിച്ചുവിടുന്നു. ഒട്ടനേകം പേര്‍ക്ക് സമീപഭാവിയില്‍ തന്നെ തൊഴില്‍ നഷ്ടമായേക്കാം. ജോലി ഉള്ളവരുടെ തന്നെ വേതനം വന്‍തോതില്‍ വെട്ടിക്കുറയ്ക്കുകയും ലഭിക്കുന്നത് വൈകുകയും ചെയ്യുന്നു.

ഇതെല്ലാം കൊണ്ട് ബുദ്ധിമുട്ടുന്നവരില്‍ പലരുംപുതിയൊരു ബിസിനസ് തുടങ്ങുന്ന കാര്യം ഇപ്പോള്‍ ചിന്തിക്കുന്നുണ്ട്.

ഈ സാഹചര്യത്തില്‍, പുതുതായി സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ഗൗരവമായി പരിഗണിക്കേണ്ട ചില കാര്യങ്ങള്‍ പങ്കുവെയ്ക്കാം.

ഒരു പുതിയ ബിസിനസ് തുടങ്ങാന്‍ വഴികള്‍ പലതുണ്ട്.

1. സ്വന്തമായി ഒരു പുതിയ ബിസിനസ് തന്നെ ആരംഭിക്കുക.

2. പങ്കാളികളുമായി ചേര്‍ന്ന് ബിസിനസ് തുടങ്ങുക

3. ഒരു ഫ്രാഞ്ചൈസി സ്വന്തമാക്കുക

4. നിലവിലുള്ള നല്ലൊരു ബിസിനസില്‍ പങ്കാളിയാകുക

ഒരു സംരംഭകന്‍ വിജയിക്കണമെങ്കില്‍ കുറേയേറെ ഘടകങ്ങള്‍ വേണമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. മതിയായ അറിവ്, അനുയോജ്യമായ നൈപുണ്യം, ആവശ്യത്തിന് മൂലധനം, ശരിയായ മനോഭാവം, മികച്ചൊരു ബിസിനസ് മോഡല്‍ എന്നിവയാണ് ഈ ഘടകങ്ങള്‍.

ഇപ്പോള്‍ ബിസിനസ് തുടങ്ങണമെന്ന് ചിന്തിക്കുന്നവരില്‍ ഭൂരിഭാഗവും അത്തരമൊരു തീരുമാനത്തിലേക്കെത്തിയത് സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലമാണ്. ഒരു വിജയിയായ സംരംഭകന്‍ ആയി മാറാനുള്ള എല്ലാ ചേരുവകളും അവരില്‍ കാണുമെന്ന് എനിക്ക് തോന്നുന്നില്ല. ഇനി നമുക്ക് ഇപ്പോഴത്തെ ചില കാര്യങ്ങള്‍ നോക്കാം.

നിലവിലുള്ള ഭൂരിഭാഗം ബിസിനസുകളും കഴിഞ്ഞ ആറുമാസത്തോളമായി പ്രശ്നത്തിലാണ്. കരുത്തുറ്റ ബിസിനസുകള്‍ക്ക് പോലും ലോക്ക്ഡൗണ്‍ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ഇത്തരം ബിസിനസുകള്‍ വര്‍ക്കിംഗ് കാപ്പിറ്റലിലെ വിടവ് പരിഹരിക്കാന്‍ ഇക്വിറ്റി ഫണ്ടിംഗുകള്‍ തേടുകയാണ്. എന്റെ അഭിപ്രായത്തില്‍, ഇപ്പോള്‍ പുതുതായി സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ നേരത്തെ സൂചിപ്പിച്ച വഴികളില്‍ നാലാമത്തേത് തെരഞ്ഞെടുക്കുകയാകും കൂടുതല്‍ ഉചിതം.

എങ്ങനെ നല്ലൊരുബിസിനസിന്റെ ഭാഗമാകും?

ഏതെങ്കിലും ഒരു സംരംഭത്തില്‍ കൊണ്ടുപോയി പണം നിക്ഷേപിച്ചതുകൊണ്ടും കാര്യമില്ല. അതിനുമുമ്പേ പുതുസംരംഭകര്‍ തീര്‍ച്ചയായും ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്.

a) നിങ്ങള്‍ പങ്കാളിയാകാന്‍ ഒരുങ്ങുന്ന ബിസിനസിന്റെ നിലവിലെ ബിസിനസ് മോഡല്‍ പഠിച്ചിരിക്കണം.

b) ആ സംരംഭത്തിന്റെ നിലവിലെ പ്രമോട്ടര്‍മാരുടെ വിശ്വാസ്യത ഉറപ്പാക്കുക.

c) സംരംഭത്തിന്റെ സാമ്പത്തിക നില പരിശോധിക്കുക.

d) നിങ്ങളുടെ നിക്ഷേപത്തിന് പരിധി നിശ്ചയിക്കുക. നിങ്ങള്‍ക്ക് താങ്ങാന്‍ പറ്റുന്ന തുകയേ നിക്ഷേപിക്കാന്‍ പാടുള്ളൂ.

e) നിങ്ങളുടെ വൈദഗ്ധ്യവും കഴിവും വിലയിരുത്തി, നിങ്ങള്‍ പങ്കാളിയായ സംരംഭത്തില്‍ ഒരു വര്‍ക്കിംഗ് പാര്‍ട്ണറുടെ റോള്‍ ഏറ്റെടുക്കുക.

ഈ കോവിഡ് കാലത്തും കോവിഡാനന്തര കാലത്തും ബിസിനസിലേക്ക് പ്രവേശിക്കാന്‍ തയ്യാറെടുക്കുന്ന സംരംഭകര്‍ക്ക് അനുയോജ്യമായ സുരക്ഷിതമായ മാര്‍ഗം ഇതായിരിക്കും.


ഇന്ത്യയിലും ജി.സി.സി രാഷ്ട്രങ്ങളിലുമായി സ്ഥായിയായ ബിസിനസ് മോഡലുകള്‍ വളര്‍ത്തിയെടുക്കുന്നതിനുവേണ്ടി ദീര്‍ഘകാല അടിസ്ഥാനത്തില്‍ സംരംഭകരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ബിസിനസ് അഡൈ്വസറാണ് ലേഖകന്‍. 1992ല്‍ IIM (L) നിന്ന് PGDM എടുത്തതിനുശേഷം ബിസിനസ് അഡൈ്വസറായി പ്രവര്‍ത്തനം ആരംഭിച്ച അദ്ദേഹം റിസള്‍ട്ട്‌സ് കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പിന്റെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറാണ്.

email: tinyphilip@gmail.com, website: www.we-deliver-res

Tags:    

Similar News