കൊറോണ ബാധ: ബിസിനസുകളെ എങ്ങനെ ബാധിക്കും? - Part 1

Update:2020-03-31 17:48 IST

By Tiny Philip

കോറോണ വൈറസ് ബാധയും അതിനെ തുടര്‍ന്നുള്ള 21 ദിവസത്തെ സമ്പൂര്‍ണ ലോക്ക് ഡൗണും ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു ബ്ലാക്ക് സ്വാന്‍ പ്രതിഭാസമാണ്.

ധനം മാഗസിനില്‍ ഞാന്‍ എഴുതിയിരുന്ന പംക്തിയില്‍ നിരവധി തവണ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ മാന്ദ്യത്തിലാണെന്ന് വസ്തുതകളുടെ അടിസ്ഥാനത്തില്‍ വിശദമാക്കിയിരുന്നു. കൊറോണ വൈറസ് ബാധയ്ക്കു മുന്‍പ് തന്നെ, സാമ്പത്തിക രംഗത്തെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ഇന്ത്യാ ഗവണ്‍മെന്റിന്റെ അപര്യാപ്തമായ നീക്കങ്ങള്‍ കൊണ്ട് 1991ല്‍ നാം അഭിമുഖീകരിച്ചതുപോലുള്ള പ്രതിസന്ധി വരാനിടയുണ്ടെന്നും ഞാന്‍ സൂചിപ്പിച്ചിരുന്നു.

കൊറോണ വൈറസ് ബാധ വന്നതോടെ നാം ഇപ്പോള്‍ 1991ലേതുപോലുള്ള പ്രതിസന്ധി സമീപഭാവിയില്‍ തന്നെ അഭിമുഖീകരിക്കേണ്ടി വരും.

ഈ പ്രതിസന്ധി ഘട്ടത്തെ അതിജീവിക്കാന്‍ ഒരു സംരംഭകന്‍ എന്തുചെയ്യണം?

പണ്ട്, അതായത് നോട്ട് പിന്‍വലിക്കലിന് മുമ്പ്, ബിസിനസില്‍ വിജയിക്കാന്‍ ഒരു സംരംഭകന്‍ ശരിയായ സമീപനം (Right Approach to Business) പുലര്‍ത്തിയാല്‍ മതിയായിരുന്നു. നോട്ട് പിന്‍വലിക്കലിന് ശേഷം, ഇന്ത്യന്‍ ഇക്കോണമിയെ കൂടി മനസിലാക്കിയാലേ സംരംഭകര്‍ക്ക് ബിസിനസില്‍ വിജയിക്കാനാവൂ എന്നുവന്നു.
പിന്നീട്, സമ്പദ് വ്യവസ്ഥ മാന്ദ്യത്തിലേക്ക് കടന്നപ്പോള്‍ വിജയികളായ സംരംഭകര്‍ ഇന്ത്യ സര്‍ക്കാര്‍ എടുക്കുന്ന നടപടികള്‍ കൂടി അറിഞ്ഞിരിക്കണമെന്ന സ്ഥിതിയായി.

ഇന്ന്്, വിജയിയായ സംരംഭകന്‍ കൊറോണ വൈറസിന്റെ വ്യാപനം കൂടി തീര്‍ച്ചയായും അറിഞ്ഞിരിക്കണം.
ചിത്രം ഒന്നില്‍ കാണുന്നതുപോലെ ഒരു സംരംഭകന്‍ ബിസിനസിലെ ശരിയായ സമീപനം, സമ്പദ് വ്യവസ്ഥയെ കുറിച്ചുള്ള ധാരണ, സര്‍ക്കാര്‍ നടപടികളെ കുറിച്ചുള്ള അവബോധം, കൊറോണ വൈറസ് വ്യാപനം എന്നിവയെല്ലാം ബിസിനസിന്റെ വിജയകരമായ നടത്തിപ്പിനായി അറിഞ്ഞിരിക്കണം.

ഫിഗര്‍ 1:

ഇപ്പോള്‍ സമ്പദ് വ്യവസ്ഥയെ സ്വാധീനിക്കുന്ന സുപ്രധാന ഘടകം കൊറോണ വൈറസ് ബാധയായതുകൊണ്ട് എന്റെ വിശകലനം ആ പകര്‍ച്ച വ്യാധിയെ മനസിലാക്കുന്നതില്‍ നിന്ന് തുടങ്ങാം. 

അറിയാം, കൊറോണ വൈറസ് ബാധയെ

വെറും രണ്ടു മുതല്‍ നാലു ശതമാനം വരെയാണ് കൊറോണ ബാധയെ തുടര്‍ന്നുള്ള മരണസാധ്യത. എന്നിട്ടും ഈ വൈറസ് എന്തുകൊണ്ടാണ് ഇത്രയും വലിയ പ്രതിസന്ധികള്‍ ലോകത്ത് സൃഷ്ടിക്കുന്നത്? സാര്‍സിനെ തുടര്‍ന്നുള്ള മരണ സാധ്യത 9.6 ശതമാനവും മിഡില്‍ ഈസ്റ്റ് റെസ്പിരേറ്ററി സിന്‍ഡ്രോം (മെര്‍സ്) ന്റെ മരണസാധ്യത 34 ശതമാനവുമാണെന്നോര്‍ക്കണം.
ഇതിന് പ്രധാന കാരണം, കൊറോണയുടെ അതിതീവ്രമായ പകര്‍ച്ച വ്യാധി സ്വഭാവം തന്നെയാണ്. രോഗിയായ ഒരാളില്‍ നിന്ന് മൂന്നാളുകള്‍ക്ക് വരെ രോഗം പടരാം. മാത്രമല്ല, രോഗിയുടെ ഉമിനീര്‍, കഥം, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തേക്കു വരുന്ന സ്രവം എന്നിവയിലൂടെയെല്ലാം രോഗം പകരും. 
വൈറസിന്റെ ഇന്‍ക്യുബേഷന്‍ പിരീഡ് 5-6 ദിവസമാണ്. രോഗലക്ഷണങ്ങളോടെ 7 - 10 ദിവസങ്ങളുമുണ്ടാകും. അതായത് 14 ദിവസം ക്വാറന്റീന്‍ കാലയളവാണ്. രോഗലക്ഷണങ്ങളുള്ള കാലയളവിലാണ് വൈറസ് മറ്റൊരാളിലേക്ക് പടരുന്നത്. എന്നാല്‍ യാതൊരു രോഗലക്ഷണമില്ലാത്ത കാലത്തും വൈറസ് ബാധിച്ച ഒരു രോഗിയില്‍ നിന്ന് മറ്റൊരാളിലേക്ക് ഈ രോഗം പകരാം.
തീരെ നിസാരമായ ലക്ഷണങ്ങളുള്ള ഒരാള്‍ വൈദ്യസഹായം തേടിയെന്നിരിക്കില്ല. ഇയാളില്‍ നിന്നും രോഗം പകരുന്നതിനാല്‍ ഇതിന്റെ വ്യാപനശേഷി വളരെ വലുതാണ്.

കൊറോണ വ്യാപനം അറിയാം, ബിസിനസുകളെ സജ്ജമാക്കാന്‍

നമുക്ക് ഒരു പ്രദേശത്തെ കൊറോണ വൈറസിന്റെ വ്യാപനത്തിന്റെ മൂന്ന് വ്യത്യസ്ത സാഹചര്യങ്ങള്‍ വിഭാവനം ചെയ്യാം.

ആദ്യത്തെ സാഹചര്യത്തെ നമുക്ക് ഏറ്റവും മോശമായ സാഹചര്യം എന്നുവിളിക്കാം.

ഈ സാഹചര്യത്തില്‍, ബന്ധപ്പെട്ടവര്‍ മതിയായ മുന്‍കരുതല്‍ നടപടികളൊന്നും സ്വീകരിക്കാത്തതിനാല്‍ പകര്‍ച്ച വ്യാധി അങ്ങേയറ്റം പടര്‍ന്നുപിടിയ്ക്കും. (ഫിഗര്‍ 2)

ഫിഗര്‍ 2:


പകര്‍ച്ച വ്യാധി പടര്‍ന്നുപിടിക്കുന്നതോടെ അതിവേഗം ഒട്ടേറെ പുതിയ രോഗികളുണ്ടാകും. ഇത് ഹെല്‍ത്ത് കെയര്‍ സംവിധാനത്തിന് താങ്ങാവുന്നതിനും അപ്പുറമാകും. എല്ലാത്തരം രോഗികള്‍ക്കും മതിയായ ആരോഗ്യപരിരക്ഷ ഉറപ്പാക്കാനാകാത്തതിനാല്‍ മരണ സംഖ്യയില്‍ വന്‍ വര്‍ധനയുണ്ടാകും.
ജനസംഖ്യയില്‍ വളരെ വലിയൊരു ശതമാനം രോഗം ബാധിച്ച്, പിന്നീട് അത് മാറി, രോഗപ്രതിരോധ ശേഷി ആര്‍ജ്ജിക്കും വരെ പുതിയ കൊറോണ രോഗികള്‍ ആ സമൂഹത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കും.

രണ്ടാമത്തെ സാഹചര്യത്തെ നമുക്ക് മികച്ച സാഹചര്യമെന്ന് വിളിക്കാം

ഈ സാഹചര്യത്തില്‍ ബന്ധപ്പെട്ട അധികൃതര്‍ ഏറ്റവും കൃത്യമായ നടപടികള്‍ അനുയോജ്യമായ സമയത്ത് എടുത്തിരിക്കും. അതായത് മാസീവ് ടെസ്റ്റിംഗ്, കടുത്ത ഐസലോഷേന്‍ നടപടികള്‍, ഹെല്‍ത്ത് കെയര്‍ സംവിധാനത്തിന്റെ ശേഷി ഉയര്‍ത്തല്‍ എന്നിങ്ങനെയുള്ളവ. അതിന്റെ ഫലമായി പുതിയ കേസുകള്‍, ആ പ്രദേശത്തിന്റെ ഹെല്‍ത്ത് കെയര്‍ സംവിധാനത്തിനുള്ളില്‍ നില്‍ക്കുന്നവയാകും. 

ഫിഗര്‍ 3:

അതായത് എല്ലാ കൊറോണ രോഗികള്‍ക്കും കൃത്യമായ ചികിത്സ ഇവിടെ ലഭിച്ചിരിക്കും. എന്നിരുന്നാലും, മുന്‍പത്തെ അത്രയേറെ മോശം സാഹചര്യത്തേക്കാള്‍ പുതിയ രോഗികളുണ്ടാവുന്നതിന്റെ എണ്ണം കുറവായിരിക്കുമെങ്കിലും, വാക്‌സിന്‍ വികസിപ്പിച്ചെടുക്കുന്നതുവരെ നാം കാത്തിരിക്കേണ്ടി വരും.
ഫലപ്രദമായ വാക്‌സിന്‍ വഴി ജനങ്ങള്‍ക്ക് പ്രതിരോധ ശേഷി വരുത്താനാകും.

മൂന്നാമത്തേത്, ഇതിനു രണ്ടിനുമിടയിലെ സാഹചര്യമാണ്.

ബന്ധപ്പെട്ട അധികൃതര്‍ വേണ്ട സമയത്ത് ശരിയായ നടപടികള്‍ സ്വീകരിക്കില്ല. പക്ഷേ പിന്നീട് കടുത്ത നടപടികള്‍ സ്വീകരിക്കും. അതായത് ലോക്ക്ഡൗണ്‍, മാസീവ് ടെസ്റ്റിംഗ്, ശക്തമായ ഐസൊലേഷന്‍, ഹെല്‍ത്ത് കെയര്‍ സംവിധാനത്തിന്റെ ശേഷി വര്‍ധിപ്പിക്കല്‍.. അങ്ങനെ പലതും. അപ്പോള്‍ രോഗവ്യാപനത്തിന്റെ ഗ്രാഫ് ചിത്രം 4ലേതു പോലെയാകും. 
എന്നിരുന്നാലും, പ്രാഥമിക ഘട്ടത്തില്‍ കാര്യങ്ങള്‍ കൈവിട്ടുപോകും. ഹെല്‍ത്ത് കെയര്‍ സംവിധാനത്തിന്റെ പരിധിക്കപ്പുറത്തേക്ക് രോഗികള്‍ കൂടുന്നതുകൊണ്ടാണിത്. ഏറെ മരണങ്ങളും സംഭവിക്കും. 

ഫിഗര്‍ 4:

രോഗ വ്യാപനം നിയന്ത്രണ വിധേയമാക്കിയതിന് ശേഷം രോഗികള്‍ക്ക് മതിയായ ചികിത്സ ലഭ്യമാക്കണം. ഏറ്റവും മോശം സാഹചര്യത്തില്‍ നിന്ന് വിഭിന്നമായി ഈ സാഹചര്യത്തില്‍ പുതിയ രോഗികളുണ്ടാകുന്നതില്‍ കുറവുണ്ടാകുമെങ്കിലും എല്ലാവര്‍ക്കും രോഗ പ്രതിരോധ ശേഷിയുണ്ടാകാന്‍ വാക്‌സിന്‍ വികസിപ്പിച്ചെടുക്കുന്നതു വരെ കാത്തിരിക്കേണ്ടി വരും. 

Similar News