ക്രെയിന്‍ വ്യവസായത്തിലെ സംരംഭകര്‍ക്ക് 15 ശതമാനത്തില്‍ താഴെയായിരുന്ന റിട്ടേണ്‍ ഓണ്‍ ഇന്‍വെസ്റ്റ്‌മെന്റ് (ROI) 50 ശതമാനത്തിന് മുകളിലെത്തിക്കാന്‍ സാധിച്ചതെങ്ങനെയെന്ന് കഴിഞ്ഞ ലേഖനത്തില്‍ ഞാന്‍ ചെറുതായി വിവരിച്ചിരുന്നു. ഈ ലക്കത്തില്‍ ആ കേസ് സ്റ്റഡി കൂടുതല്‍ വിശദമാക്കാം.
ക്രെയിന്‍ വാടകയ്ക്ക് നല്‍കുന്ന വ്യവസായത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കുടുംബത്തിലെ മൂന്നാം തലമുറ സംരംഭകനാണ് ഈ വ്യക്തി.
രണ്ടു മൂന്നു ദശാബ്ദങ്ങള്‍ക്ക് മുന്‍പ് മുത്തച്ഛന്‍ തുടങ്ങിയ ബിസിനസ് വളരെ യാഥാസ്ഥിതികമായ രീതിയില്‍ വളര്‍ന്ന് സാമാന്യം നല്ല നിലയില്‍ എത്തിയിരുന്നു. അദ്ദേഹത്തിന്റെ കാലശേഷം സംരംഭകന്റെ പിതാവ് വലിയ വായ്പയൊക്കെ എടുത്ത് ബിസിനസിനെ വിപുലീകരിച്ചു. 2008-09 കാലയളവില്‍ ഇന്ത്യയിലെ ടോപ് 5 കമ്പനികളില്‍ ഒന്നായി മാറാനും ലോകത്തെ ടോപ് കമ്പനികളുടെ ലിസ്റ്റില്‍ ഉള്‍പ്പെടാനുമൊക്കെ സാധിച്ചു.
എന്നാല്‍ 2009-10 കാലത്തെ സാമ്പത്തിക മാന്ദ്യം കമ്പനിയെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലെത്തിച്ചു. വരുമാനവും ലാഭവുമൊക്കെ താഴ്ന്നതു മൂലം വായ്പ പോലും അടയ്ക്കാന്‍ സാധിക്കാതെയായി.
നിര്‍ഭാഗ്യവശാല്‍, ആ സമയത്ത് ഹൃദയാഘാതം വന്ന് സംരംഭകന്റെ പിതാവ് മരണപ്പെടുകയും ചെയ്തു. അതോടെ പഠനമൊക്കെ നിര്‍ത്തി കുടുംബ ബിസിനസ് ഏറ്റെടുക്കേണ്ട ചുമതല സംരംഭകനില്‍ വന്നു ചേര്‍ന്നു. പ്രതിസന്ധിയില്‍ നിന്നു കരകയറാനുള്ള ശ്രമങ്ങളായിരുന്നു പിന്നീട്. കുറച്ചധികം ക്രെയിനുകള്‍ വിറ്റഴിച്ച് ഏകദേശം അഞ്ചു വര്‍ഷം കൊണ്ട് വായ്പകള്‍ ഒരുപരിധിവരെ തിരിച്ചു നല്‍കി. പക്ഷേ അതോടെ ബിസിനസിന്റെ വ്യാപ്തി വളരെ കുറഞ്ഞു.
ബിസിനസ് വളര്‍ത്താനുള്ള വഴികള്‍ തേടി
കടമൊക്കെ തീര്‍ന്ന് ബിസിനസ് ഒന്ന് നേെരയായപ്പോള്‍ വീണ്ടും ബിസിനസ് നല്ല രീതിയില്‍ വളര്‍ത്തുന്നതിനെ കുറിച്ചായി സംരംഭകന്റെ ചിന്ത.ബിസിനസ് വളര്‍ത്താനുള്ള വഴികള്‍ക്കായി അയാള്‍ പ്രമുഖ മാനേജ്‌മെന്റ് എക്‌സ്‌പെര്‍ട്ടുകളെയും ഇന്‍വെസ്റ്റ്‌മെന്റ് വിദഗ്ധരെയുമൊക്കെ കണ്‍സള്‍ട്ട് ചെയ്തു.
മിക്ക വിദഗ്ധരുടെയും ഉപദേശകരുടെയും അഭിപ്രായം ഏകദേശം ഒന്നു തന്നെയായിരുന്നു- പ്രൈവറ്റ് ഇക്വിറ്റി ഫണ്ട് തേടുക, ഒപ്പം വലിയ വായ്പ എടുത്ത് ബിസിനസ് വിപുലപ്പെടുത്തുക, അങ്ങനെ അഗ്രസീവായി ബിസിനസ് വളര്‍ത്തിയ ശേഷം ഇനിഷ്യല്‍ പബ്ലിക് ഓഫറിന് (ഐപിഒ) പോകുക.
അതായത് വായ്പയെടുത്ത് വളരെ വേഗത്തില്‍ വളരുക. പണ്ട് തന്റെ പിതാവ് ചെയ്തതുപോലെ കൂടുതല്‍ സങ്കീര്‍ണമായ ഒരു സമീപനമാണിതെന്ന് അയാള്‍ക്ക് മനസിലായി. അതിനാല്‍ ഈ മാര്‍ഗം സ്വീകരിക്കാന്‍ സംരംഭകന്‍ തയാറായില്ല. ചൂതാട്ടത്തിനു തുല്യമായ സമീപനമാണിതെന്നും വീണ്ടുമൊരു മാന്ദ്യമുണ്ടായാല്‍ കമ്പനി തകരുമെന്നും അയാള്‍ക്ക് നല്ല ബോധ്യമുണ്ടായിരുന്നു.
ബിസിനസ് വളര്‍ച്ച നേടാന്‍ മികച്ചൊരു മാര്‍ഗം കണ്ടെത്താന്‍ തന്നെ അദ്ദേഹം തീരുമാനിച്ചു. അങ്ങനെ തന്റെ ബിസിനസിനെ കുറിച്ചും ആ വ്യവസായത്തെക്കുറിച്ചും ആഴത്തിലുള്ളൊരു വിശകലനം നടത്തി.
മാര്‍ക്കറ്റ് ലീഡറിന്റെ ബിസിനസ് മോഡല്‍ പിന്തുടരാമോ?
വ്യവസായത്തിലെ അടിസ്ഥാന പ്രശ്‌നങ്ങളാണ് കുറഞ്ഞ ഞഛകയുടെ കാരണമെന്ന് വേഗത്തില്‍ അയാള്‍ക്ക് മനസിലാക്കാന്‍ സാധിച്ചു. ആര്‍ഒഐ മന്ദഗതിയിലാണെങ്കില്‍ വായ്പയെടുക്കാതെ ബിസിനസിന് വളരാന്‍ ഒരു വഴിയുമില്ല. എന്നാല്‍ വായ്പയെടുക്കുന്നത് ബിസിനസിനെ തളര്‍ത്തും, അടുത്ത മാന്ദ്യ സമയത്ത് ഗൗരവതരമായ പ്രശ്‌നങ്ങളുണ്ടാക്കും.
ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ആദ്യപടിയെന്ന നിലയില്‍ ഇന്‍ഡസ്ട്രിയിലെ മാര്‍ക്കറ്റ് ലീഡറായ സാംഗ്‌വി മൂവേഴ്‌സ് ലിമിറ്റഡിന്റെ സാമ്പത്തിക വിവരങ്ങളും ബിസിനസ് മോഡലും വിശകലനം ചെയ്യാന്‍ തീരുമാനിച്ചു. ഇന്ത്യന്‍ ക്രെയിന്‍ ഹയര്‍ വ്യവസായത്തില്‍ മിക്ക സംരംഭകരും വിപണിയിലെ മുന്‍നിരക്കാരെ പിന്തുടരാനും അവരോട് മത്സരിക്കാന്‍ ആഗ്രഹിക്കുന്നവരുമാണ്.
ഇന്ത്യയിലെ ഏറ്റവും വലിയ ക്രെയിന്‍ കമ്പനിയാണ് സാംഗ്‌വി മൂവേഴ്‌സ്, ലോകത്തില്‍ ആറാം സ്ഥാനത്താണ് കമ്പനി. 20 ടണ്‍ മുതല്‍ 800 ടണ്‍ വരെ ഉയര്‍ത്താന്‍ ശേഷിയുള്ള 400 ഓളം ക്രെയിനുകള്‍ കമ്പനിക്കുണ്ട്. ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലും നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലും കമ്പനി ലിസ്റ്റ് ചെയ്തിട്ടുണ്ട്.
മുന്‍നിര കമ്പനിയുടെ ബിസിനസ് മോഡലാണ് താഴെ വിവരിക്കുന്നത്:
- പരമാവധി പുതിയ ക്രെയിനുകള്‍ മാത്രം വാങ്ങുകയും ഉപയോഗിക്കുകയും ചെയ്യുന്നു. പഴയതിനേക്കാള്‍ കൂടുതല്‍ വിശ്വാസ യോഗ്യമാണെന്നതാണ് ഇതിനു കാരണം
- സ്‌പെഷലൈസ്ഡ് വിഭാഗങ്ങള്‍ക്കുള്ള ക്രെയിനുകളിലാണ് കൂടുതല്‍ ശ്രദ്ധിക്കുന്നത്. വിന്‍ഡ് മില്‍ ഇന്‍ഡസ്ട്രിയില്‍ നിന്നാണ് ഇവരുടെ 60 ശതമാനം വരുമാനവും
- വായ്പയെടുത്ത് അതിവേഗം വളരുന്നു
2005-06 മുതല്‍ 2014-15 വരെയുള്ള 10 വര്‍ഷ കാലയളവിലെ കമ്പനിയുടെ സാമ്പത്തിക കണക്കുകളാണ് ടേബിള്‍ ഒന്നില്‍ വിപണി മുന്‍നിരക്കാരായ കമ്പനിയുടെ വില്‍പ്പന വളര്‍ച്ചയുടെയും റിട്ടേണ്‍ ഓണ്‍ കാപിറ്റല്‍ എംപ്ലോയ്ഡി (ROCE) ന്റെയും ദയനീയ സ്ഥിതി കണ്ട് സംരംഭകന്‍ യഥാര്‍ത്ഥത്തില്‍ ഞെട്ടി. പത്തു വര്‍ഷം കൊണ്ട് മാര്‍ക്കറ്റ് ലീഡറുടെ വില്‍പ്പന വെറും ഇരട്ടിയായിട്ടേയുള്ളൂ. അതേപോലെ ഏറ്റവും മികച്ച സമയത്ത് വലിയ വളര്‍ച്ച നേടുകയും മാന്ദ്യ സമയങ്ങളില്‍ ഏറ്റവും കുറവ് വളര്‍ച്ച രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
മാത്രമല്ല, ROCE വളരെ മോശവുമാണ്- പത്തു വര്‍ഷക്കാലയളവില്‍ 1 ശതമാനം മുതല്‍ 13 ശതമാനം വരെയും ശരാശരി 7.7 ശതമാനവുമാണ്.
പത്തു വര്‍ഷക്കാലയളവില്‍ ഇത്തരത്തിലുള്ള പ്രകടനമാണ് മാര്‍ക്കറ്റ് ലീഡര്‍ കാഴ്ചെവച്ചതെങ്കില്‍ അതൊരിക്കലും പിന്തുടരാന്‍ പറ്റിയ നല്ലൊരു മോഡലല്ലെന്ന് അയാള്‍ക്ക് മനസിലായി. പിന്നെന്തുകൊണ്ടാണ് മാര്‍ക്കറ്റ് ലീഡറാണ് ഇന്‍ഡസ്ട്രിയിലെ മികച്ച കമ്പനി എന്ന് എല്ലാവരും ചിന്തിക്കുന്നതെന്നത് അദ്ദേഹത്തെ ശരിക്കും അതിശയപ്പെടുത്തി.
ഇന്‍ഡസ്ട്രിയിലെ ഏറ്റവും വലിയ കമ്പനി എന്ന പേര് മറ്റെല്ലാത്തിനെയും മറച്ചു കളയുന്നു, അതുകൊണ്ട് ആരും അത്തരം കമ്പനികളുടെ ദീര്‍ഘകാലത്തെ യഥാര്‍ത്ഥ പ്രകടനത്തെ കുറിച്ചൊന്നും ശ്രദ്ധിക്കുന്നില്ല എന്നതാണ് ഇതിന്റെ കാരണം എന്ന നിഗമനത്തിലേക്കാണ് ഇത് അദ്ദേഹത്തെ എത്തിച്ചത്.
മാധ്യമങ്ങള്‍ സാധാരണയായി ബൂം സമയങ്ങളിലെ വന്‍ വളര്‍ച്ചകളാണ് ചൂണ്ടിക്കാട്ടാറുള്ളത്, അതേസമയം മാന്ദ്യകാലങ്ങളിലുണ്ടാകുന്ന വളര്‍ച്ചയിലെ കുറവുകള്‍ അവഗണിക്കുകയും ചെയ്യുന്നു. അതേപോലെ ROI/ROCE തുടങ്ങിയവയും മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നില്ല, അതിനാല്‍ ലോകത്തിലെ, ഇന്ത്യയിലെ മികച്ച കമ്പനികളെന്നു പറയപ്പെടുന്നവയുടെയൊക്കെ ദയനീയമായ ROI, ROCE കണക്കുകള്‍ മറച്ചുവയ്ക്കപ്പെടുന്നു.
സ്വന്തം കണ്ടെത്തലിലൂടെയുള്ള പുതിയ മാറ്റങ്ങള്‍
സംരംഭകന്‍ അയാളുടെ ബിസിനസിന്റെ ROI ഉയര്‍ത്താന്‍ സ്വന്തമായി ചില കാര്യങ്ങള്‍ കണ്ടെത്തുകയും അതു നടപ്പിലാക്കുകയും ചെയ്തു തുടങ്ങി.
ഈ കാര്യങ്ങള്‍ കുറച്ച് ലളിതമായി വിവരിക്കാനായി ഒരു ക്രെയിനിന്റെ വിവരങ്ങള്‍ മാത്രമെടുക്കാം. എങ്ങനെയാണ് വിവിധ ശ്രമങ്ങളിലൂടെ ക്രെയിന്റെ ഞഛക ഉയരുന്നതെന്ന് ഇതില്‍ നിന്നു മനസിലാക്കാം.
ഇതിന്റെ ആദ്യപടിയായി സംരംഭകന്‍ വിവിധ ഇന്‍ഡസ്ട്രികള്‍ക്ക് ഉപയോഗിക്കാവുന്ന ക്രെയിനുകള്‍ക്ക് ശ്രദ്ധ നല്‍കി. ഒരു പ്രത്യേക ഇന്‍ഡസ്ട്രിക്കു മാത്രമുപയോഗിക്കാവുന്ന ക്രെയിനുകള്‍ക്കാണ് മാര്‍ക്കറ്റ് ലീഡര്‍ ശ്രദ്ധ നല്‍കുന്നത്.
ചിത്രം 1 ല്‍ കാണുന്ന DEMAG 160T ക്രെയിന്‍ വിവിധ ഇന്‍ഡസ്ട്രികള്‍ക്ക് ഉപയോഗിക്കാവുന്ന ഒന്നാണ്.
സെനാരിയോ 1
- മള്‍ട്ടി ഇന്‍ഡസ്ട്രി ക്രെയിന്‍ (DEMAG 160T)
- പുതിയ ക്രെയിന്‍ (മുടക്കു മുതല്‍ അഞ്ച് കോടി രൂപ)
- ദീര്‍ഘകാല കോണ്‍ട്രാക്ടുകള്‍
- മൊത്ത നിക്ഷേപം അഞ്ചു കോടി രൂപ
സെനാരിയോ ഒന്നില്‍, പുതിയ ക്രെയിന്‍ ഉപയോഗിക്കുന്നതിനാല്‍ ബ്രേക്ക് ഡൗണ്‍ പ്രശ്‌നങ്ങളൊന്നുമില്ലാതെ പരമാവധി 90 ശതമാനം ഉപയോഗിക്കാനാകുന്നു, എന്നാല്‍ അഞ്ച് കോടി രൂപയുടെ നിക്ഷേപമുള്ളതിനാല്‍ ROCE 10.16 ശതമാനമാണ്.
ROCE വര്‍ധിപ്പിക്കാന്‍ സംരംഭകന്‍ സൗദി അറേബ്യ, ഖത്തര്‍, യൂറോപ്പ്, യുഎസ്എ പോലുള്ള മാന്ദ്യ വിപണികളില്‍ നിന്നും നല്ല കണ്ടീഷനിലുള്ള സെക്കന്‍ഡ് ഹാന്‍ഡ് ക്രെയിനുകള്‍ ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചു.
സെക്കന്‍ഡ് ഹാന്‍ഡ് DEMAG 160T ക്രെയിനുകള്‍ക്ക് വില ഏകദേശം 1.8 കോടി രൂപയാണ്. എന്നാല്‍ ഇന്ത്യയിലുള്ള മിക്ക സെക്കന്‍ഡ് ഹാന്‍ഡ് ക്രെയിനുകളും സ്ഥിരമായി ബ്രേക്ക് ഡൗണ്‍ ആകുന്നതും വിശ്വസിക്കാന്‍ പറ്റാത്തവയുമാണ്.
എന്നാല്‍ എങ്ങനെയാണ് വിദേശത്തുള്ള സെക്കന്‍ഡ് ഹാന്‍ഡ് ക്രെയിനുകള്‍ക്ക് മികച്ച കണ്ടീഷനില്‍ കുറഞ്ഞ ബ്രേക്ക് ഡൗണ്‍ നിലനിര്‍ത്താന്‍ സാധിക്കുന്നതെന്നത് മനസിലാക്കാനായത് അയാളെ അത്ഭുതപ്പെടുത്തി.
വിദേശത്തെ ക്രെയിന്‍ ഓപ്പറേറ്റര്‍മാരെല്ലാം മികച്ച വേതനം ലഭിക്കുന്നവരും ക്രെയിനുകള്‍ മികച്ച രീതിയില്‍ ഉപയോഗിക്കുന്നവരുമാണ്. സാങ്കേതികപരമായി യോഗ്യതയുള്ള മെക്കാനിക്കുകളും സ്ഥിരമായി വേണ്ട രീതിയിലുള്ള മെയ്ന്റനന്‍സ് നടത്തുന്നവരുമാണ് ഇവര്‍.
ഇന്ത്യയില്‍ ക്രെയിന്‍ ഓപ്പറേറ്റര്‍മാര്‍ക്ക് ശമ്പളം തീരെ കുറവാണ്, അവര്‍ ക്രെയിനുകള്‍ വളരെ പരുഷമായി ഉപയോഗിക്കുന്നു. മാത്രമല്ല മിക്ക ക്രെയിനുകളും ഗ്രാമ പ്രദേശങ്ങളിലാണ് ഉപയോഗിക്കുന്നതെന്നതിനാല്‍ ശരിയായ മെയിന്റനന്‍സ് നടത്തുന്നില്ല, ഇത് സ്ഥിരമായി ബ്രേക്ക് ഡൗണ്‍ ഉണ്ടാകാന്‍ കാരണമാകുന്നു.
സാങ്കേതിക യോഗ്യതയുള്ള ഐടിഐ/എന്‍ജിനീയറിംഗ് ഡിപ്ലോമ നേടിയവരെ ഉയര്‍ന്ന ശമ്പളത്തില്‍ ക്രെയിന്‍ ഓപ്പറേറ്റര്‍മാരായി നിയമിക്കാനും, ക്രെയിനുകളുടെ യഥാസമയത്തിലുള്ള മെയിന്റനന്‍സ് അവരെ ചുമതലപ്പെടുത്താനും സംരംഭകന്‍ തീരുമാനിച്ചു.
സെനാരിയോ 2
- മള്‍ട്ടി ഇന്‍ഡസ്ട്രി ക്രെയിന്‍ (DEMAG 160T)
- മികച്ച കണ്ടീഷനിലുള്ള സെക്കന്‍ഡ് ഹാന്‍ഡ് ക്രെയിന്‍ (ചെലവ് 1.8 കോടി)
- ദീര്‍ഘകാല കോണ്‍ട്രാക്ടുകള്‍
- പ്രിവന്റീവ് മെയിന്റന്‍സ് നടത്തുന്ന സാങ്കേതിക യോഗ്യതകളുള്ള ഓപ്പറേറ്റര്‍മാര്‍
- മൊത്ത നിക്ഷേപം 1.8 കോടി രൂപ
സെനാരിയോ 2 ല്‍ 1.8 കോടി രൂപയ്ക്ക് നല്ല കണ്ടീഷനിലുള്ള സെക്കന്‍ഡ് ഹാന്‍ഡ് ക്രെയിനുകള്‍ ഉപയോഗിച്ചു. ഒപ്പം ബ്രേക്ക് ഡൗണുകള്‍ കുറച്ച് പ്രിവന്റീവ് മെയിന്റനന്‍സ് നടത്തിക്കൊണ്ട് പരമാവധി 95 ശതമാനം പ്രയോജനപ്പെടുത്താന്‍ സാധിക്കുന്ന മികച്ച ക്രെയിന്‍ ഓപ്പറേറ്റര്‍മാരെയും നിയമിച്ചു. അതു വഴി ആര്‍ഒസിഐ 29.11 ശതമാനമായി.
ആര്‍ഒസിഇ വീണ്ടും വര്‍ധിപ്പിക്കാനായി സംരംഭകന്‍ ഷട്ട്ഡൗണ്‍ ജോലികളിലേക്ക് ശ്രദ്ധ തിരിച്ചു, ദീര്‍ഘകാല കോണ്‍ട്രാക്ടുകളേക്കാള്‍ കൂടുതല്‍ പണം ഇതിനു നല്‍കേണ്ടി വരും.
കഠിനമായ ജോലികളാണ് ഷട്ട്ഡൗണ്‍ വിഭാഗത്തില്‍ വരുന്നത്, ഇത്തരം ജോലികളില്‍ ക്രെയിന്‍ ബ്രേക്ക് ഡൗണ്‍ ആവുകയാണെങ്കില്‍ കനത്ത പിഴ നല്‍കേണ്ടി വരുന്നതിനാല്‍ ഉയര്‍ന്ന വിശ്വാസ്യത ഉറപ്പു വരുത്തുന്ന ക്രെയിനുകളും ചുമതലാബോധ്യമുള്ള, മികച്ച കസ്റ്റമര്‍ സര്‍വീസ് ഉറപ്പു നല്‍കുന്ന ഓപ്പറേറ്റര്‍മാരും ആവശ്യമാണ്.
മികച്ച സാങ്കേതിക പരിജ്ഞാനമുള്ള ജീവനക്കാരും നല്ല കണ്ടീഷനിലുള്ള സെക്കന്‍ഡ് ഹാന്‍ഡ് ക്രെയിനും മികച്ച കസ്റ്റമര്‍ സര്‍വീസ് നല്‍കുമെന്ന ആത്മവിശ്വാസം സംരംഭകനുണ്ട്.
സെനാരിയോ 3
- മള്‍ട്ടി ഇന്‍ഡസ്ട്രി ക്രെയിന്‍ (DEMAG 160T)
- മികച്ച കണ്ടീഷനിലുള്ള സെക്കന്‍ഡ് ഹാന്‍ഡ് ക്രെയിന്‍ (ചെലവ് 1.8 കോടി രൂപ)
- ഷട്ട് ഡൗണ്‍ ജോലികള്‍
- മികച്ച ഉപഭോക്തൃസേവനവും പ്രിവന്റീവ് മെയിന്റന്‍സും നടത്തുന്ന സാങ്കേതിക യോഗ്യതകളുള്ള മികച്ച ഓപ്പറേറ്റര്‍മാര്‍
- മൊത്ത നിക്ഷേപം 1.8 കോടി രൂപ
സെനാരിയോ 3ല്‍ ഷട്ട് ഡൗണ്‍ ജോലികള്‍ ചെയ്യാന്‍ നല്ല കണ്ടീഷനിലുള്ള, 1.8 കോടി രൂപ വില വരുന്ന സെക്കന്‍ഡ് ഹാന്‍ഡ് ക്രെയിനുകള്‍ ഉപയോഗിക്കുന്നതിനൊപ്പം നല്ല ഉപഭോക്തൃസേവനവും പ്രിവന്റീവ് മെയിനന്റനന്‍സും നല്‍കുന്ന ക്രെയിന്‍ ഓപ്പറേറ്റര്‍മാരെയും മികച്ച സാലറി നല്‍കി നിയമിച്ചിരിക്കുന്നതിനാല്‍ ROCE 40.89 ശതമാനമായി വര്‍ധിക്കും.
ROCE വീണ്ടും വര്‍ധിപ്പിക്കാന്‍ DEMAG 160T ക്രെയിനിന്റെ ഉപയോഗം പരമാവധി മെച്ചപ്പെടുത്താന്‍ സംരംഭകന്‍ തീരുമാനിച്ചു. ഷട്ട് ഡൗണ്‍ ജോലികള്‍ മാത്രമാകുമ്പോള്‍ ക്രെയിന്‍ ഉപയോഗം 60 ശതമാനം മാത്രമാണ്. തന്റെ പ്രവര്‍ത്തന ഏരിയയില്‍ നിന്ന് വളരെ അകലെയുള്ള ഷട്ട് ഡൗണ്‍ ജോലികള്‍ ഏറ്റെടുക്കാന്‍ സാധിക്കാത്തതിനാല്‍ ക്രെയിന്‍ ഉപയോഗം പരമാവധി സാധ്യമാക്കാന്‍ കഴിയുന്നില്ലെന്ന് അയാള്‍ക്ക് മനസിലാക്കാനായി.
ഉദാഹരണത്തിന്, മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രെയിന്‍ ഹയര്‍ കമ്പനി ഒരിക്കലും ചെന്നൈയിലുള്ള ഷട്ട് ഡൗണ്‍ ജോലികള്‍ ചെയ്യാന്‍ തയ്യാറാകാറില്ല.
തന്റെ പ്രവര്‍ത്തന ഏരിയയുടെ അടുത്ത പ്രദേശങ്ങളില്‍ ലഭിക്കുന്ന ഷട്ട് ഡൗണ്‍ ജോലികള്‍ കുറവാണെന്ന ഒരു പരിമിതി ഉള്ളതുകൊണ്ടു തന്നെ 60 ശതമാനം യൂട്ടിലൈസേഷന്‍ മാത്രമേ നടക്കുന്നുള്ളു.
ദൂരെ സ്ഥലങ്ങളിലുള്ള ജോലികള്‍ ഏറ്റെടുക്കാന്‍ ക്രെയിന്‍ ഹയര്‍ കമ്പനികള്‍ വിസമ്മതിക്കുന്നതിന്റെ രണ്ടു പ്രധാന കാരണങ്ങള്‍ ഇവയാണ്:
- ഉയര്‍ന്ന സമയ നഷ്ടം (ക്രെയിനുകള്‍ വളരെ കുറഞ്ഞ വേഗതയിലാണ് സഞ്ചരിക്കുന്നത്), കൂടാതെ ദൂരെ സ്ഥലങ്ങളിലേക്ക് ക്രെയിന്‍ ചെല്ലാനും തിരിച്ചെത്താനും ഉണ്ടാകുന്ന ചെലവ്
- ആയിരക്കണക്കിന് കിലോമീറ്റര്‍ ദൂരം അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിക്കുമ്പോള്‍ ഉണ്ടാകുന്ന തേയ്മാനം
ഈ കാര്യങ്ങള്‍ നന്നായി പഠിച്ചപ്പോള്‍ അയാള്‍ക്ക് തോന്നി എന്തുകൊണ്ട് ക്രെയിന്‍ കൊണ്ടുപോകാന്‍ ഒരു ട്രെയിലര്‍ ഉപയോഗിച്ചു കൂടെന്ന്?
ക്രെയിനുകള്‍ ദൂരെ സ്ഥലങ്ങളിലേക്ക് കൊണ്ടുപോകാനും വേഗത്തില്‍ തിരിച്ചുകൊണ്ടു വരാനും ഇന്ത്യന്‍ മെയ്ഡ് ട്രെയിലറുകള്‍ ഉണ്ടെങ്കിലും അവയെല്ലാം ഹൈ ബോഡി ട്രെയിലറുകളായതിനാല്‍ ട്രെയിലറുകളിലേക്ക് ക്രെയിനുകള്‍ കയറ്റാനും ഇറക്കാനും ഉയര്‍ന്ന കപ്പാസിറ്റിയുള്ള മറ്റൊരു ക്രെയിന്‍ കൂടി വേണ്ടി വരുമെന്ന് മനസിലായി.
അതേകുറിച്ച് വീണ്ടും പഠനം നടത്തിയപ്പോള്‍ 70 ലക്ഷം രൂപ മുടക്കിയാല്‍ സൗദി അറേബ്യയില്‍ നിന്ന് റോള്‍ ഓണ്‍ റോള്‍ ശേഷിയുള്ള മികച്ച കണ്ടീഷനിലുള്ള സെക്കന്‍ഡ് ഹാന്‍ഡ് ലോ ബോഡി മള്‍ട്ടി ആക്‌സില്‍ ട്രെയിലറുകള്‍ (ചിത്രം 2) ഇറക്കുമതി ചെയ്യാനാകുമെന്ന് മനസിലാക്കാനായി.
സെനാരിയോ 4
- മള്‍ട്ടി ഇന്‍ഡസ്ട്രി ക്രെയിന്‍ (DEMAG 160T)
- മികച്ച കണ്ടീഷനിലുള്ള സെക്കന്‍ഡ് ഹാന്‍ഡ് ക്രെയിന്‍ (ചെലവ് 1.8 കോടി)
- ഷട്ട് ഡൗണ്‍ ജോലികള്‍
- മികച്ച ഉപഭോക്തൃ സേവനവും പ്രിവന്റീവ് മെയിന്റന്‍സും നടത്തുന്ന സാങ്കേതിക യോഗ്യതകളുള്ള മികച്ച ശമ്പളം കൈപ്പറ്റുന്ന ഓപ്പറേറ്റര്‍മാര്‍
- റോള്‍ ഓണ്‍ റോള്‍ ഓഫ് സൗകര്യമുള്ള, ദൂരെ സ്ഥലങ്ങളില്‍ നിന്നു ക്രെയിനുകള്‍ ട്രാന്‍സ്‌പോര്‍ട്ട് ചെയ്യാവുന്ന മികച്ച കണ്ടീഷനിലുള്ള സെക്കന്‍ഡ് ഹാന്‍ഡ് ലോ ബെഡ് മള്‍ട്ടി ആക്‌സില്‍ ട്രെയിലറുകള്‍ ഉപയോഗിക്കുന്നു (ചെലവ് 70 ലക്ഷം).
- മൊത്തം നിക്ഷേപം 1.9 കോടി രൂപ
70 ലക്ഷം വിലയുള്ള ഒരു ട്രെയിലര്‍ 7 ക്രെയിനുകളെ സപ്പോര്‍ട്ട് ചെയ്യാനായി ഉപയോഗിക്കാമെന്നതിനാല്‍ ഓരോ ക്രെയിനിന്റെയും ഇന്‍വെസ്റ്റ്‌മെന്റ് 10 ലക്ഷം വീതമാക്കി. അങ്ങനെ സെനാരിയോ 4 ലെ നിക്ഷേപം 1.8 കോടിയില്‍ നിന്നും 1.9 കോടിയായി.
സെനാരിയോ 4 ല്‍ ഷട്ട് ഡൗണ്‍ ജോലികള്‍ക്കായി 1.8 കോടി രൂപ വില വരുന്ന നല്ല കണ്ടീഷനിലുള്ള സെക്കന്‍ഡ് ഹാന്‍ഡ് ക്രെയിനുകളും ഒപ്പം നല്ല ശമ്പളത്തില്‍ സാങ്കേതിക യോഗ്യതയുള്ള, മികച്ച സേവനവും പ്രിവന്റീവ് മെയിനന്റനന്‍സും നടത്തുന്ന ക്രെയിന്‍ ഓപ്പറേറ്റര്‍മാരെയും ദൂരെയുള്ള ജോലികളും ഏറ്റെടുക്കാന്‍ സാധിക്കുന്ന റോള്‍ ഓണ്‍ റോള്‍ സൗകര്യമുള്ള ലോ ബോഡി മള്‍ട്ടി ആക്‌സില്‍ ട്രെയിലറുകള്‍ ഉപയോഗിക്കുകയും ചെയ്തതോടെ ROCE 54.1 ശതമാനം ആയി മെച്ചപ്പെട്ടു.
ROI അടിസ്ഥാനമാക്കിയുള്ള ഗ്രോത്ത് സ്ട്രാറ്റജി പിന്തുടര്‍ന്നാല്‍ ഉയര്‍ന്ന ആസ്തി മൂല്യമുള്ള ഹെവി ക്രെയിന്‍ ഹയര്‍ ഇന്‍ഡസ്ട്രിയിലും ROI ഉയര്‍ത്താനാകുമെന്ന് മുകളില്‍ പറഞ്ഞ കാര്യങ്ങളില്‍ നിന്നു വ്യക്തമാകുന്നതാണ്.