വമ്പന്‍ വാഗ്ദാനങ്ങളിലൂടെ ഉപഭോക്താക്കളെ കൂട്ടത്തോടെ സ്‌റ്റോറിലേക്ക് എത്തിക്കുന്ന കാലം കഴിഞ്ഞു. സാങ്കേതികവിദ്യ പ്രത്യേകിച്ച് ഇന്റര്‍നെറ്റ് ബിസിനസ് സാഹചര്യങ്ങളെയാകെ മാറ്റിമറിച്ചിരിക്കുകയാണ്.
ഓണ്‍ലൈന്‍ സ്‌റ്റോറുകള്‍ കാരണം ഉപഭോക്താക്കള്‍ കൂടുതല്‍ ഡിമാന്‍ഡ് ചെയ്യുന്നവരായി മാറിയിരിക്കുകയാണ്. എങ്കിലും വമ്പന്‍ ഓഫറുകളെ കാത്തിരിക്കുന്നതിന് പകരം കൂടുതല്‍ സുനിശ്ചിതമായ ഡിമാന്‍ഡുകളാണ് ഇപ്പോള്‍ ഉപഭോക്താക്കള്‍ക്കുള്ളത്.
ഉദാഹരണമായി നിങ്ങള്‍ ഫോണിലൂടെ നഗരത്തിലെ ഒരു ത്രീ സ്റ്റാര്‍ ഹോട്ടലില്‍ മുറി ബുക്ക് ചെയ്തുവെന്ന് കരുതുക. ഫോണിലൂടെ വിലപേശിയതിനാല്‍ മികച്ച നിരക്കിനാണ് നിങ്ങള്‍ക്ക് മുറി ലഭിച്ചത്. എന്നാല്‍ അവിടേക്ക് എത്തിയപ്പോള്‍ മുറിയുടെയും ബാത്ത്‌റൂമിന്റെയും വലിപ്പക്കുറവിനെക്കുറിച്ചും റൂം സര്‍വ്വീസിനെക്കുറിച്ചുമൊക്കെ നിങ്ങള്‍ പരാതിപ്പെടാന്‍ തുടങ്ങി.
എന്നാല്‍ ഓയോ പോലുള്ള ഒരു മൊബീല്‍ ആപ്പില്‍ നിന്നും ഇതേ മുറി നിങ്ങള്‍ ബുക്ക് ചെയ്തിരുന്നെങ്കില്‍ ഇതേ വിലയ്ക്ക് തന്നെ അത് ലഭിക്കുമായിരുന്നുവെന്ന് മാത്രമല്ല യാതൊന്നിനെക്കുറിച്ചും പരാതിപ്പെടാതെ അത്തരമൊരു സാധാരണ മുറിയില്‍ നിങ്ങള്‍ താമസിക്കുകയും ചെയ്‌തേനെ.
വാഗ്ദാനം എന്നതാണ് ഇതിലെ ഒരു നിര്‍ണ്ണായക ഘടകം. ഹോട്ടല്‍ നേരിട്ട് ഓഫര്‍ ചെയ്യുന്ന സൗകര്യങ്ങളെക്കാള്‍ ഒായോ മുഖേന മുറി ബുക്ക് ചെയ്യുമ്പോള്‍ ഉപഭോക്താവിന്റെ പ്രതീക്ഷകള്‍ വളരെയേറെ കുറവായിരിക്കും. ഒായോ വളരെ കുറച്ച് വാഗ്ദാനങ്ങളേ നല്‍കുന്നുള്ളൂ എന്നതിനാലാണ് ഉപഭോക്താവിന്റെ പ്രതീക്ഷകളും കുറഞ്ഞിരിക്കുന്നത്.
തെരഞ്ഞെടുപ്പ് ഇഷ്ടാനുസരണമായി
മറ്റൊരു ഉദാഹരണം പരിശോധിക്കാം. 50 ശതമാനം വിലക്കുറവ് (*നിബന്ധനകള്‍ക്ക് വിധേയം എന്നത് ആര്‍ക്കും വായിക്കാനാവില്ല) ഓഫര്‍ ചെയ്യുന്നൊരു സ്റ്റോറില്‍ നിങ്ങള്‍ ഒരു ജോഡി ഷൂസ് വാങ്ങാന്‍ പോയെന്ന് കരുതുക. മികച്ച ഒരു ബ്രാന്‍ഡിലെ ഷൂസ് ആദായവിലയ്ക്ക് വാങ്ങാമെന്നതായിരിക്കും നിങ്ങളുടെ പ്രതീക്ഷ. കടയിലേക്ക് കയറിയപ്പോഴാണ് തെരഞ്ഞെടുക്കപ്പെട്ട മോഡലുകള്‍ക്ക് മാത്രമേ ആ ഓഫറുള്ളൂവെന്ന വസ്തുത നിങ്ങള്‍ മനസിലാക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നെങ്കില്‍ നിങ്ങള്‍ അവയില്‍ നിന്നും ഏതെങ്കിലുമൊന്ന് തെരഞ്ഞെടുക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ മറ്റ് അനേകം അവസരങ്ങള്‍ ഉള്ളതിനാല്‍ നിങ്ങള്‍ ആ സ്‌റ്റോറില്‍ നിന്നും ഇറങ്ങിപ്പോയേക്കും.
നിങ്ങള്‍ എത്രത്തോളം കുറച്ച് വാഗ്ദാനങ്ങള്‍ നല്‍കുന്നോ അത്രത്തോളം ഉപഭോക്താക്കള്‍ സംതൃപ്തരായിരിക്കും. ഉപഭോക്താവ് സന്തുഷ്ടനായിരിക്കുന്നിടത്തോളം കാലം അയാള്‍ വീണ്ടും സ്‌റ്റോറിലേക്ക് വരികയും ചെയ്യും. ഗൂഢ ലക്ഷ്യങ്ങളോടെ നല്‍കപ്പെടുന്ന വാഗ്ദാനങ്ങളെ ഉപഭോക്താക്കള്‍ തള്ളിക്കളയുകയാണ് പതിവ്.
വാഗ്ദാനത്തേക്കാള്‍ കൂടുതല്‍ നല്‍കുക
ഓഫറുകളും ഡിസ്‌കൗണ്ടുകളും ഉപഭോക്താക്കളെ ആകര്‍ഷിക്കില്ല എന്നല്ല ഇതിനര്‍ത്ഥം. ഉപഭോക്താക്കള്‍ എല്ലായ്‌പ്പോഴും ഓഫറുകള്‍ നോക്കി നടക്കാറുണ്ടെങ്കിലും യഥാര്‍ത്ഥമാണെന്ന് ബോദ്ധ്യമായതിനെ മാത്രമേ അവര്‍ സ്വീകരിക്കാറുള്ളൂ. അതിനാല്‍ നിങ്ങള്‍ക്ക് കൊടുക്കാന്‍ കഴിയുന്നത് മാത്രമേ നിങ്ങള്‍ ഓഫര്‍ ചെയ്യാവൂ. അതോടൊപ്പം വാഗ്ദാനം ചെയ്തതില്‍ കൂടുതല്‍ കൊടുക്കാന്‍ ശ്രമിക്കുകയും വേണം. ഉപഭോക്താക്കളുടെ പ്രതീക്ഷകള്‍ ഇന്ന് വളരെ യാഥാര്‍ത്ഥ്യ ബോധത്തോടെയുള്ളതാണ്.
അവരുടെ പ്രതീക്ഷകള്‍ നിറവേറ്റാനായാല്‍ നിങ്ങളോട് കൂറുള്ളവരായി മാറ്റിയെടുക്കാനും സാധിക്കും. അത് വിലയെ അടിസ്ഥാനമാക്കിയുള്ള കടുത്ത മല്‍സരത്തിലൂടെയല്ല മറിച്ച് ഉല്‍പ്പന്നത്തിന്റെ വിശ്വസനീയതയെയും സേവനത്തിന്റെ മേന്മയേയും ആശ്രയിച്ചാണിരിക്കുന്നത്.
പുതുതലമുറയിലെ ഉപഭോക്താക്കള്‍ നിങ്ങളുടെ വമ്പന്‍ അവകാശവാദങ്ങളല്ല മറിച്ച് ഓഫറുകളിലെ സുതാര്യതയാണ് വിലയിരുത്തുന്നത്. എല്ലായ്‌പ്പോഴും ടൗണിലെ ഏറ്റവും വലിയ ഷോറൂമില്‍ നിന്നും മാത്രം ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവരല്ല ഉപഭോക്താക്കള്‍. വ്യാജമല്ലാത്ത ഓഫറുകളാണ് അവര്‍ നോക്കുന്നത്. അതിനാല്‍ വാഗ്ദാനങ്ങള്‍ കുറക്കാനും അതേസമയം ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ നല്‍കുന്നതിനുമാണ് എപ്പോഴും ശ്രദ്ധിക്കേണ്ടത്.
ഇതൊരു പുതിയ ചിന്തയല്ലെങ്കിലും ബ്രാന്‍ഡ് ബില്‍ഡിംഗിന്റെയും മാര്‍ക്കറ്റിംഗ് കമ്യൂണിക്കേഷന്റെയും ഒരു അടിസ്ഥാന തത്വമാണിത്. നിറവേറ്റാനാകാത്ത വാഗ്ദാനങ്ങളാല്‍ ഉപഭോക്താക്കളുടെ പ്രതീക്ഷകളെ വാനോളം ഉയര്‍ത്തുന്നതിലൂടെ വിപണിയില്‍ നിന്നും പുറന്തള്ളപ്പെട്ടു പോകുന്നതിനെക്കാള്‍ അടിസ്ഥാന തത്വങ്ങളിലേക്ക് മടങ്ങിപ്പോയി പുതുതലമുറ ഉപഭോക്താക്കളുടെ പ്രതീക്ഷകളെ പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കുന്നതാണ് ഏറ്റവും നല്ലത്.