ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റ് രംഗത്ത് വൈകാരിക ഇഴയടുപ്പം എങ്ങനെ കൊണ്ടുവരാം, നിലനിര്‍ത്താം എന്നത് എന്നും ഒരു വെല്ലുവിളിയാണ്. മതിയായ കാരണത്തിന്റെ പുറത്ത് ജീവനക്കാര്‍ക്ക് മേല്‍ ഏറ്റവും കഠിനമായ ശിക്ഷാവിധി സ്വീകരിച്ചാല്‍ പോലും ചിലര്‍ ആ വൈകാരിക ബന്ധം കാത്തുസൂക്ഷിക്കുക തന്നെ ചെയ്യും. അത്തരമൊരു സന്ദര്‍ഭത്തെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെയ്ക്കുകയാണ് എച്ച് ആര്‍ രംഗത്തെ വിദഗ്ധനും അപ്പോളോ ടയേഴ്‌സിന്റെ എച്ച് ആര്‍ അഡൈ്വസറുമായ എ എസ് ഗിരീഷ്. അദ്ദേഹത്തിന്റെ ലിങ്ക്ഡ്ഇന്‍ കുറിപ്പിന്റെ വിവര്‍ത്തനം.
തിരുവനന്തപുരത്തെ ഇംഗ്ലീഷ് ഇന്ത്യന്‍ ക്ലേയ്‌സില്‍ പേഴ്‌സണല്‍ വിഭാഗം മേധാവിയായിരുന്ന കാലം. 1981-1991 കാലഘട്ടമായിരുന്നു അത്. അവിടുത്തെ തൊഴില്‍ അന്തരീക്ഷം ദുഷ്‌കരവുമായിരുന്നു. അവി്ടുത്തെ തൊഴിലാളി യൂണിയനുകളുമായുള്ള സംവാദങ്ങളെ കുറിച്ചല്ല ഞാന്‍ പറയുന്നത്. മറ്റൊരു സംഭവമാണ്.
അവിടുത്തെ പ്ലാന്റില്‍ ഒരു സീനിയര്‍ ഓപ്പറേറ്ററുണ്ടായിരുന്നു. പാരമ്പര്യമായി തന്നെ നല്ലൊരു മരാശാരി കൂടിയായിരുന്നു അദ്ദേഹം. തൊഴിലാളി യൂണിയന്‍ നേതാവ് കൂടിയായ അദ്ദേഹവും ഞാനുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്നു. എന്റെ മൂത്തമകളുടെ രണ്ടാം പിറന്നാളിന് ഇദ്ദേഹം അവള്‍ക്ക് നല്ലൊരു പഠനമേശയും കസേരയും പണിതീര്‍ത്തു നല്‍കി. അന്നുമുതല്‍ ഇന്നുവരെ അവളുടെ സ്വകാര്യശേഖരത്തിലുണ്ടത്.
ഒരു ദിവസം ഈ സീനിയര്‍ ഓപ്പറേറ്ററും ഒരു ഓഫീസറും തമ്മില്‍ കടുത്ത വാക്കുതര്‍ക്കമുണ്ടാവുകയും ഓഫീസറെ ഇദ്ദേഹം കൈകാര്യം ചെയ്യുകയും ചെയ്തു. ഇത്തരം കാര്യങ്ങളില്‍ നീതിയും ന്യായവും നോക്കി തീരുമാനമെടുക്കക എന്നതായിരുന്നു മാനേജ്‌മെന്റ് ശൈലി. ഞങ്ങള്‍ അച്ചടക്ക നടപടികളിലേക്ക് കടന്നു. ശരിയായ നടപടിക്രമങ്ങളിലൂടെ കടന്നുപോയി. അതിന്റെയെല്ലാം ഒടുവില്‍ സീനിയര്‍ ഓപ്പറേറ്ററെ കമ്പനിയില്‍ നിന്ന് ഡിസ്മിസ് ചെയ്യേണ്ടിവന്നു. സ്വാഭാവികമായും ആ വേര്‍പിരിയല്‍ വേദനയുളവാക്കുന്ന കാര്യമായിരുന്നു.
ജീവിതം പിന്നെയും തുടര്‍ന്നു പോയി. ഏതാണ്ട്് നാലുവര്‍ഷം കഴിഞ്ഞപ്പോള്‍, പുറത്താക്കപ്പെട്ട ആ ജീവനക്കാരന്‍ പ്ലാന്റില്‍ വന്നു. മകളുടെ വിവാഹം ക്ഷണിക്കാന്‍ വന്നതാണ്. എന്നെയും എന്റെ സുഹൃത്തും കമ്പനിയുടെ പ്രൊഡക്ഷന്‍ ഹെഡിനെയുമാണ് ക്ഷണിച്ചത്. ഞങ്ങള്‍ രണ്ടുപേരുമായിരുന്നു അദ്ദേഹത്തെ പുറത്താക്കാനുള്ള നടപടികള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്നവരും. വിവാഹ ക്ഷണം കിട്ടിയതോടെ ഞങ്ങള്‍ ആശയക്കുഴപ്പത്തിലായി. ഞങ്ങളുടെ സംഘത്തിലെ ചിലര്‍ അതൊരു കുരുക്കാണെന്നും ചടങ്ങില്‍ പങ്കെടുക്കരുതെന്നും ഉപദേശിച്ചു.
വിവാഹദിനമെത്തി. മടിച്ചമടിച്ചാണെങ്കിലും ഞങ്ങള്‍ ചടങ്ങില്‍ സംബന്ധിക്കാന്‍ പോയി. അവിടെ നിന്ന് ലഭിച്ച സ്വീകരണമാണ് ഈ കഥയുടെ ക്ലൈമാക്‌സ്. ആ ചടങ്ങിലെ വിഐപികള്‍ ഞങ്ങളായിരുന്നു. ഞങ്ങള്‍ തന്നെ പുറത്താക്കിയ ആ സുഹൃത്തും കുടുംബാംഗങ്ങളും ഞങ്ങളെ അങ്ങേയറ്റം ആദരവോടെ സ്വീകരിച്ചു. ഹാര്‍ദമായി പെരുമാറി.
ഹ്യൂമണ്‍ റിസോഴ്‌സ് മാനേജ്‌മെന്റ് രംഗത്തെ വര്‍ഷങ്ങള്‍ നീണ്ട എന്റെ ഈ യാത്രയിലും ഈ സംഭവം ഓര്‍മയില്‍ പച്ചപിടിച്ച് നില്‍ക്കുന്നു. ആ വ്യക്തിയുമായുള്ള എന്റെ സൗഹൃദം വര്‍ഷങ്ങളോളം പിന്നെയും നീണ്ടുനിന്നു.
കമ്പനിയുടെ വിശാല ലക്ഷ്യം മുന്‍നിര്‍ത്തി പേഴ്‌സണല്‍ ഡിപ്പാര്‍ട്ട്‌മെന്റ് തീരുമാനങ്ങളെടുക്കുമ്പോള്‍ എപ്പോഴും മുന്നില്‍ നിര്‍ത്തേണ്ടത് സുതാര്യമായ പ്രവര്‍ത്തന ശൈലിയാണ്. നടപടി എത്ര തന്നെ ശക്തമായിരുന്നാലും അത് എന്തുകൊണ്ടാണ് എന്ന് അവര്‍ക്ക് മനസ്സിലാകാന്‍ വൈകാരികമായ ഇഴയടുപ്പം അനിവാര്യമാണ്. എച്ച് ആര്‍ മാനേജ്‌മെന്റ് രംഗത്ത് എത്ര തന്നെ മാറ്റങ്ങള്‍ കടന്നുവന്നാലും വൈകാരികമായ ബന്ധം അറ്റുപോകാത്ത വിധമായിരിക്കണം പ്രവര്‍ത്തനശൈലി രൂപപ്പെടുത്താന്‍.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline