സംരംഭങ്ങള്‍ നിലനില്‍ക്കാനായി സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ മുഹമ്മദ് മദനിയുടെ വേറിട്ട ചിന്തകള്‍

Update:2020-04-13 12:18 IST

കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്നുള്ള ലോക്ക് ഡൗണ്‍ വിവിധ മേഖലകളിലെന്ന പോലെ ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിലെ വ്യാപാര മേഖലയിലും വലിയ ആഘാതമാണ് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. ഈ മേഖലയില്‍ ജോലി ചെയ്തു വരുന്ന ലക്ഷക്കണക്കിന് ആളുകളുടെയും സ്വയംതൊഴില്‍ എന്ന നിലയില്‍ ചെയ്യുന്ന ചെറുകിട വ്യാപാരികളുടെയും ഉപജീവനം പോലും പ്രതിസന്ധിയിലായിരിക്കുന്നു. മുമ്പ് പ്രളയവും നിപ്പയും നോട്ട് പിന്‍വലിക്കലും പോലുള്ള പ്രശ്‌നങ്ങള്‍ ഏതാനും ദിവസങ്ങള്‍ മാത്രമാണ് ചില ഭാഗങ്ങളില്‍ പ്രശ്‌നങ്ങളുണ്ടാക്കിയതെങ്കില്‍ കൊവിഡ് 19 ലോകമെമ്പാടും ഒരേ പോലെ അനിശ്ചിത കാലത്തേക്ക് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നു. എന്ന് ഇതിന് അവസാനമാകും എന്നത് അപ്രവചനീയമാണ്. സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് കൊവിഡ് 19നെ തടുക്കാനുള്ള ശ്രമത്തിലാണ്. അതേസമയം വ്യാപാരികളും വ്യവസായികളും നിലനില്‍പ്പിന് നിയമപരമായ വഴി കണ്ടെത്താനാകാതെ വലയുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിയമപരമായി സ്ഥിരമായ പരിഹാരം കണ്ടെത്തിയാല്‍ മാത്രമേ ബിസിനസ് മേഖലയില്‍ ഇനിയൊരു ഉയിര്‍ത്തെഴുന്നേല്‍പ്പ് ഉണ്ടാവുകയുള്ളൂ. അനുഭവങ്ങളില്‍ നിന്നുള്ള പാഠം ഉള്‍ക്കൊണ്ട് പുതിയ രീതികളും നിയമങ്ങളും ഇവിടെ ഉണ്ടാകേണ്ടിയിരിക്കുന്നു. പ്രമുഖ റീറ്റെയ്ല്‍ ശൃംഖലയായ എബിസി ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്റ്റര്‍ മുഹമ്മദ് മദനി മുന്നോട്ട് വെക്കുന്ന ആശയങ്ങളിതാ…

1. ശമ്പളത്തിന് ഇഎസ്‌ഐ

ലോക്ക് ഡൗണില്‍ സ്ഥാപനങ്ങള്‍ അടച്ചിട്ടാലും ശമ്പളം മുടങ്ങാതെയും വെട്ടിക്കുറയ്ക്കാതെയും നല്‍കിയിരിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. എന്നാല്‍ ആഴ്ചകളായി പ്രവര്‍ത്തനം പൂര്‍ണമായി നിലച്ചു പോയ സ്ഥാപനങ്ങള്‍ എവിടെ നിന്ന് അതിനുള്ള ഫണ്ട് കണ്ടെത്തും എന്നറിയാനാവാതെ കുഴങ്ങുന്നു. സര്‍ക്കാര്‍ പോലും ജീവനക്കാരില്‍ നിന്ന് സാലറി ചലഞ്ചിലൂടെ പണം വാങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അത് ചെയ്യാനുമാകില്ല. അതിന് പരിഹാരമായി ഇത്തരം ഘട്ടങ്ങളില്‍ ജീവനക്കാരുടെ ശമ്പളം ഇഎസ്‌ഐ കോര്‍പറേഷന്‍ നല്‍കുന്നതിനുള്ള നടപടിയുണ്ടാകണം. സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സംരംഭങ്ങള്‍ ദീര്‍ഘനാള്‍ അടച്ചിടേണ്ടി വരുമ്പോള്‍ ശമ്പളം നല്‍കുന്നതിനുള്ള സംവിധാനം ഇത്തരത്തില്‍ ക്രമീകരിക്കണം. നിലവില്‍ ഇഎസ്‌ഐയിലേക്ക് തൊഴിലാളി വിഹിതമായി 0.75 ശതമാനവും തൊഴിലുടമ 3.25 ശതമാനവും നല്‍കുന്നുണ്ട്. ഈ സൗകര്യം ഒരുക്കുന്നതിനായി വിഹിതത്തില്‍ ചെറിയ വര്‍ധന വരുത്താനുമാകും.

2. നഷ്ടം നികത്താന്‍ ഇന്‍ഷുറന്‍സ്

ഇത്തരം സമയങ്ങളില്‍ സംരംഭകരുടെ നഷ്ടം നികത്തുന്നതിനാവശ്യമായ തരത്തിലുള്ള ഇന്‍ഷുറന്‍സ് പദ്ധതികള്‍ അവതരിപ്പിക്കപ്പെടണം. ഇഎസ്‌ഐയില്‍ ഉള്‍പ്പെടാത്ത നിരവധി സംരംഭങ്ങളുണ്ട്. അവര്‍ക്കു കൂടി ഇത്തരത്തില്‍ ജനറല്‍ ഇന്‍ഷുറന്‍സ് വഴി സുരക്ഷ ലഭ്യമാകും. വാടക, ശമ്പളം, ഇലക്ട്രിസിറ്റി ബില്‍, ഫിനാന്‍സ് കോസ്റ്റ് തുടങ്ങി വിവിധ പ്രവര്‍ത്തന ചെലവുകളിന്മേല്‍ സംരക്ഷണം ലഭിക്കണം. ഇപ്പോള്‍ ബാങ്ക് വായ്പകളില്‍ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അത് മൂന്നു മാസത്തേക്ക് മാത്രവും പലിശയടക്കം പിന്നീട് തിരിച്ചടക്കേണ്ട നിലയിലുമാണ്. അതുകൊണ്ട് വലിയ പ്രയോജനമില്ല.

ഇതോടൊപ്പം ഡിസ്ട്രിബ്യൂഷന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ക്രെഡിറ്റ് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കണം. പലരും ചെറുകിട സ്ഥാപനങ്ങള്‍ക്ക് കടമായാണ് സാധനങ്ങള്‍ നല്‍കുന്നത്. ആഴ്ചകളോളം കടയടക്കുമ്പോള്‍ പിടിച്ചു നില്‍ക്കാനാവാതെ അല്ലെങ്കില്‍ മറ്റെന്തെങ്കിലും സാഹചര്യങ്ങളാല്‍ കട തുടരാതെ അടച്ചു പൂട്ടിയാല്‍ വിതരണക്കാരുടെ പണം നഷ്ടപ്പെടുകയും കടക്കെണിയിലാവുകയും ചെയ്യുന്നു. ഈ സാഹചര്യം തരണം ചെയ്യാനും ഇന്‍ഷുറന്‍സ് പോളിസിയിലൂടെ സാധിക്കും. കരാറുകാരടക്കമുള്ളവര്‍ക്കും ഇത്തരത്തില്‍ ഇന്‍ഷുറന്‍സിന്റെ പ്രയോജനം ലഭ്യമാക്കണം.

ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അഥോറിറ്റി ഇതിനായി പുതിയ നിയമങ്ങളും ചട്ടങ്ങളും ആവിഷ്‌കരിച്ച് നടപ്പിലാക്കണം. വിദേശ രാജ്യങ്ങളില്‍ ഇത്തരത്തിലുള്ള ഇന്‍ഷുറന്‍സ് ലഭ്യമാണ്. ഇത് നമ്മുടെ രാജ്യത്തും ലഭ്യമാക്കണം.

3. പുതിയ വാടക നിയമം

പകര്‍ച്ച വ്യാധികള്‍, പ്രകൃതി ദുരന്തം തുടങ്ങി സംരംഭകന്റെ കാരണങ്ങള്‍ കൊണ്ടല്ലാതെ സംരംഭം അടച്ചിടേണ്ടി വരുന്ന സന്ദര്‍ഭങ്ങളില്‍ കെട്ടിട വാടക നല്‍കേണ്ടതില്ല എന്ന നിയമം കൊണ്ടു വരണം. നിയമപരമായ പരിരക്ഷ ഇക്കാര്യത്തില്‍ സംരംഭകര്‍ക്ക് ലഭ്യമാക്കണം. നിലവില്‍ ചില വ്യക്തികള്‍ വാടക വാങ്ങാതെ മാതൃക കാട്ടുന്നുണ്ടെങ്കിലും ലോക്ക് ഡൗണ്‍ പോലുള്ള സാഹചര്യങ്ങളില്‍ യാതൊരു കാരണവശാലും വാടക ഈടാക്കാതിരിക്കാനുള്ള നടപടിയുണ്ടാകണം. ജിഎസ്ടിയും കെട്ടിട നികുതിയും ആ കാലയളവില്‍ നല്‍കേണ്ടതില്ലെന്നും നിയമം കൊണ്ടു വരണം. കെഎസ്ഇബിയും ഇത്തരം സാഹചര്യങ്ങളില്‍ വിട്ടുവീഴ്ചയ്ക്ക് തയാറാകണം.

4. എന്‍ട്രപ്രണര്‍ സെക്യൂരിറ്റി ഫണ്ട്

നിലവില്‍ കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഫണ്ടിന്മേല്‍ നികുതിയിളവ് നല്‍കി വരുന്നുണ്ട്. അതേപോലെ സംരംഭങ്ങള്‍ക്കായി അടിയന്തിര ഘട്ടങ്ങളില്‍ ഉപയോഗിക്കാനായി സംരംഭകര്‍ ഒരു തുക മാറ്റി വെക്കുകയും സര്‍ക്കാര്‍ അതിനെ ചെലവിനത്തില്‍ പെടുത്തി നികുതി വിമുക്തമാക്കുകയും വേണം. വ്യക്തികള്‍ക്കും ഇത്തരത്തിലുള്ള തുകയിന്മേല്‍ നികുതി ബാധ്യത ഒഴിവാക്കി നല്‍കണം.

5. നിലവിലുള്ള സംരംഭങ്ങള്‍ക്കും പരിഗണന വേണം

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രാധാന്യം നല്‍കുന്നതോടൊപ്പം നിലവിലുള്ള ചെറുകിട ഇടത്തരം സംരംഭങ്ങളുടെ നിലനില്‍പ്പിന് വേണ്ടിയുള്ള കാര്യങ്ങളും ചെയ്യണം. മികച്ച പ്രോത്സാഹനം നല്‍കി വളരുന്ന സ്റ്റാര്‍ട്ടപ്പുകളോട് തന്നെ കുറച്ചു വളര്‍ന്നു കഴിഞ്ഞാല്‍ മറ്റൊരു സമീപനമാണിപ്പോള്‍. ഒരു ഭാഗത്ത് പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് തുടക്കമിടുമ്പോള്‍ തന്നെ മറുഭാഗത്ത് ചെറുകിട ഇടത്തരം സംരംഭങ്ങള്‍ നിയമപരിരക്ഷ ഇല്ലാത്തതിനെ തുടര്‍ന്ന് പൂട്ടിപ്പോകേണ്ട സ്ഥിതിയാണ്. ഇതിലൂടെ വന്‍തോതില്‍ തൊഴില്‍ നഷ്ടമുണ്ടാകുന്നു. ഇതിന് പരിഹാരമായി സ്റ്റാര്‍ട്ടപ്പ് മിഷന്‍ പോലെ പ്രത്യേക ഏജന്‍സി സര്‍ക്കാര്‍ മുന്‍കയെടുത്ത് കൊണ്ടു വരണം.

6. ഫെസിലിറ്റേറ്ററാണ് സംരംഭകന്‍

ജനങ്ങളില്‍ നിന്ന് നികുതി പിരിച്ച് സര്‍ക്കാരിലേക്ക് അടയ്ക്കുന്ന ഫെസിലിറ്റേറാണ് വ്യാപാരികളും വ്യവസായികളും. ഇതിനായി സ്ഥാപനത്തിന്റെ മനുഷ്യവിഭവ ശേഷി വന്‍തോതില്‍ ഉപയോഗിക്കപ്പെടുന്നുണ്ട്. അതുകൊണ്ടു തന്നെ ഒരു സര്‍വീസ് ചാര്‍ജ് എന്ന നിലയില്‍ ഒരു തുക വ്യാപാരികള്‍ക്ക് നല്‍കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. മറിച്ച് ബാങ്ക് ചാര്‍ജും മറ്റുമായി വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്ന രീതിയാണ് നിലവിലുള്ളത്. അതേപോലെ സത്യസന്ധമായി നികുതിയടക്കുന്ന സംരംഭകന് കാര്യമായ പരിഗണന ഇന്ന് ലഭിക്കുന്നില്ല. അവര്‍ അംഗീകരിക്കപ്പെടണം. നികുതിയടക്കുന്നതിന്റെ അടിസ്ഥാനത്തില്‍ പെന്‍ഷനും ആരോഗ്യ-വിദ്യാഭ്യാസ പദ്ധതികളും പലിശ രഹിത സോഫ്റ്റ് ലോണുകളും സംരംഭകന് ലഭ്യമാക്കണം.

7. ടാസ്‌ക് ഫോഴ്‌സ് വേണം

മറ്റേതൊരു മേഖലയെയും പോലെ സംരംഭക മേഖലയിലും പ്രശ്‌നങ്ങള്‍ ഉടനടി പരിഹരിക്കാനും സംരംഭങ്ങളുടെ നിലനില്‍പ്പിന് ആവശ്യമായ കാര്യങ്ങള്‍ ചെയ്യുന്നതിനായി ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കണം. സാധാരണക്കാരായ ജനങ്ങള്‍ക്കു വേണ്ടി പ്രഖ്യാപിക്കുന്ന ആനുകൂല്യങ്ങള്‍ക്കൊപ്പം നിരവധി തൊഴിലവസരങ്ങളും സമൂഹത്തില്‍ സമ്പത്തും സൃഷ്ടിക്കുന്ന സംരംഭകരുടെ നിലനില്‍പ്പിനായും പദ്ധതിയുണ്ടാവണം. ഏതെങ്കിലും സ്ഥാപനം അടച്ചു പൂട്ടേണ്ടി വരുമ്പോഴോ പ്രതിസന്ധിയിലായി തൊഴിലാളികളുടെ എണ്ണം കുറയ്‌ക്കേണ്ട സാഹചര്യം വരുമ്പോഴോ പ്രത്യേക പാക്കേജ് നല്‍കി സഹായിക്കാനാകുന്ന വിധത്തിലായിരിക്കണം ടാസ്‌ക് ഫോഴ്‌സിന്റെ പ്രവര്‍ത്തനം.

സാധാരണക്കാരായ ആളുകള്‍ക്കും അന്യസംസ്ഥാന തൊഴിലാളികള്‍ക്കുമുള്‍പ്പടെ ഈ പ്രതിസന്ധി ഘട്ടത്തില്‍ കൈത്താങ്ങാവാന്‍ സര്‍ക്കാരുകള്‍ക്ക് കഴിയുന്നുണ്ട്.
എന്നാല്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കുന്ന ലക്ഷങ്ങളുടെ ഉപജീവനമാര്‍ഗമായ ചെറുകിട ഇടത്തരം വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍ക്ക് വേണ്ട ശ്രദ്ധ നല്‍കാന്‍ അധികൃതര്‍ തയാറാവുന്നില്ല. സമൂഹത്തിന്റെ നിലനില്‍പ്പിനും വളര്‍ച്ചയ്ക്കും ഈ മേഖലയുടെ നിലനില്‍പ്പ് അത്യാവശ്യമാണെന്ന ബോധ്യം സര്‍ക്കാരുകള്‍ക്ക് ഉണ്ടാവേണ്ടിയിരിക്കുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News