കിടിലന്‍ ബ്രാന്‍ഡ് പ്രതിച്ഛായ സൃഷ്ടിക്കാന്‍ ഇതും പരീക്ഷിക്കാം!

മികച്ച ബ്രാന്‍ഡ് സൃഷ്ടിക്കാന്‍ പരീക്ഷിക്കാവുന്ന മാര്‍ഗം

Update: 2022-03-20 06:30 GMT

ഏറ്റവും മികച്ച ബ്രാന്‍ഡ് നിര്‍മിക്കാന്‍ എന്തുചെയ്യണം? ഉത്തരം പറയുന്നതിന് മുമ്പ് നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട കോഫി ബ്രാന്‍ഡ് ഏതാണ്? ചിലര്‍ക്ക് സ്റ്റാര്‍ ബക്‌സ് കോഫി ആയിരിക്കും, ചിലര്‍ക്ക് മില്‍മ ടീ സ്റ്റാളിലെ കോഫി ആയിരിക്കും മറ്റ് ചിലര്‍ക്ക് ഇന്ത്യന്‍ കോഫി ഹൗസിലെ കോഫി ആയിരിക്കും മികച്ച ബ്രാന്‍ഡഡ് കോഫി. കാരണം ഈ പറഞ്ഞ സ്ഥാപനങ്ങള്‍ ലക്ഷ്യമിടുന്ന ഉപഭോക്താക്കള്‍ വ്യത്യസ്തമാണ്. ഓരോ ഉപഭോക്തൃ സമൂഹത്തെയാണ് ഓരോ ബ്രാന്‍ഡുകളും ലക്ഷ്യമിടുന്നത്. ആ സമൂഹത്തിലെ ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് പ്രിയപ്പെട്ട ബ്രാന്‍ഡ് ആയിരിക്കുകയില്ല മറ്റ് ഉപഭോക്തൃ സമൂഹത്തിലെ ആളുകള്‍ക്ക് പ്രിയപ്പെട്ട ബ്രാന്‍ഡ്. ആയതിനാല്‍ ഏറ്റവും മികച്ച് ബ്രാന്‍ഡ് ആയി വളരാന്‍ നിങ്ങളുടേതായ ഒരു ഉപഭോക്തൃ സമൂഹത്തെ സൃഷ്ടിച്ചെടുത്ത് അവര്‍ക്കിടയില്‍ ഏറ്റവും മികച്ചതാവാനുള്ള പരിശ്രമം നടത്തുക.

എന്തിനെയെല്ലാം അടിസ്ഥാനപ്പെടുത്തി ഒരു ഉപഭോക്തൃ സമൂഹത്തെ സൃഷ്ടിക്കാം എന്ന് നോക്കാം.

1. Demographic segmentation: ഉപഭോക്താക്കളെ അവരുടെ പ്രായം, ജെന്‍ഡര്‍, വരുമാനം, വിദ്യാഭ്യാസം, മതം വിശ്വാസം, തൊഴില്‍ തുടങ്ങിയവയെ അടിസ്ഥാനമാക്കി ഗ്രൂപ്പുകളാക്കുന്ന രീതിയാണിത്. ഉപഭോക്തൃ ഗ്രൂപ്പുകളെ സൃഷ്ടിക്കുന്നതിനുള്ള ഏറ്റവും ലളിതമായ മാര്‍ഗ്ഗമാണിത്. പക്ഷെ വളരെ ശക്തമായ രീതികൂടിയാണിത്. ഇവിടെ ലക്ഷ്യമിടേണ്ടത് നമ്മുടെ ഉല്‍പ്പന്നം വാങ്ങണോ വേണ്ടയോ എന്ന് തീരുമാനം എടുക്കുന്നവരെയാണ്(customers). അല്ലാതെ ഉല്‍പ്പന്നം ഉപയോഗിക്കുന്നവരെയല്ല (consumers). ഉദാഹരണത്തിന് ചെറിയ കുട്ടികള്‍ക്കുള്ള ഉല്‍പന്നങ്ങളുടെ തീരുമാനം എടുക്കുന്നത് ആരാണ്? തീര്‍ച്ചയായും കുട്ടികളല്ല, അവരുടെ അമ്മയായിരിക്കും. അതായത് ഇരുപതിനും മുപ്പത്തിനും ഇടയില്‍ പ്രായമുള്ള വിവാഹിതരായ സ്ത്രീകളെയായിരിക്കണം നിങ്ങള്‍ ലക്ഷ്യമിടേണ്ടത്. അതേപോലെ അവരുടെ വരുമാനവും ഒരു പ്രധാന ഘടകമാണ്. നിങ്ങളുടെ ഉല്‍പ്പന്നം താങ്ങാന്‍ കഴിയാത്ത ആളുകളിലേക്ക് സന്ദേശം എത്തിച്ചാല്‍ അവിടെ പാഴ്‌ചെലവായിരിക്കും ഉണ്ടാവുക.

2. Psychographic segmentation: ആളുകളുടെ വ്യക്തിത്വത്തെയും താല്‍പര്യത്തെയും അടിസ്ഥാനപ്പെടുത്തിയാണ് ഇവിടെ ഗ്രൂപ്പാക്കുന്നത്. സ്വഭാവം, ഹോബികള്‍, ജീവിത ലക്ഷ്യം, വിശ്വാസങ്ങള്‍, ജീവിതശൈലി തുടങ്ങിയവരെ ആധാരമാക്കിയാണ് ഗ്രൂപ്പായി തിരിക്കുന്നത്. Demographic segmentation പോലെ എളുപ്പത്തില്‍ ആളുകളെ തരം തിരിക്കാന്‍ കഴിയുകയില്ല. നല്ലരീതിയിലുള്ള ഗവേഷണത്തെ അടിസ്ഥാനമാക്കിയാവണം ആളുകളുടെ കണ്ടുപിടിക്കേണ്ടത്. ജീവിതശൈലി, ഹോബി, തുടങ്ങിയവയെ അടിസ്ഥാനമാക്കിയുള്ള ഉത്പന്നങ്ങളാണെങ്കില്‍ അതായത് health drinks, വ്യായാമത്തിനുള്ള ഉപകരണങ്ങള്‍, മെഡിറ്റേഷന്‍ ആപ്പുകളും ഉപകരണങ്ങളും തുടങ്ങിയവക്ക് ഈ രീതിയിലുള്ള തരംതിരിവ് തീര്‍ച്ചയായും ഉപകാരം ചെയ്യും.

3. Geographic segmentation: വളരെ അനായാസം ചെയ്യാന്‍ കഴിയുന്ന ഒരു segmentation രീതിയാണിത്. ആളുകള്‍ താമസിക്കുന്ന സ്ഥലത്തെ അടിസ്ഥാനമാക്കി ഗ്രൂപ്പ് ആക്കുക. ടൂറിസ്റ്റ് ലൊക്കേഷന്‍, ടൗണ്‍, ഗ്രാമങ്ങള്‍, പഞ്ചായത്ത്, ചൂട് കൂടുതലുള്ള പ്രദേശം, ചില മതവിശ്വാസികള്‍ താമസിക്കുന്ന പ്രദേശം തുടങ്ങി പല രീതിയിലും ആളുകളെ ഗ്രൂപ്പാക്കാം. നമ്മുടെ ബിസിനസ്സിന് എത്തിപ്പെടാന്‍ കഴിയുന്ന ഒരു പ്രദേശം മാത്രം കേന്ദ്രീകരിച്ച് മാര്‍ക്കറ്റിങ് ചെയ്യാന്‍ ഇതുവഴി സാധിക്കും. മാത്രമല്ല ഉല്‍പ്പന്നത്തിന്റെ വില നിശ്ചയിക്കുന്നതില്‍ വലിയൊരു പങ്ക് സ്ഥലത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ഇത്തരം segmentation ന് ഉണ്ട്.

4. Behavioral segmentation: ആളുകളുടെ മാര്‍ക്കറ്റിലെ സ്വഭാവത്തിനനുസരിച്ചുള്ള segmentation ആണിത്. ചെലവഴിക്കുന്ന രീതി, ഓഫറുകളോട് പ്രതികരിക്കുന്ന രീതി, ഉല്‍പ്പന്നം തിരയുന്ന രീതി, ചില ബ്രാന്‍ഡുകളോടുള്ള മമത തുടങ്ങിയവരെ അടിസ്ഥാനപ്പെടുത്തി ഉപഭോക്താക്കളെ കേന്ദ്രീകരിക്കാം. ചില ഉപഭോക്താക്കള്‍ ഓഫറുകളെ മാത്രം ലക്ഷ്യമിട്ട് ഉല്‍പ്പന്നം വാങ്ങുന്നവരായിരിക്കാം. ചിലര്‍ പ്രത്യേക ബ്രാന്‍ഡുകള്‍ മാത്രം വാങ്ങുന്നവരായിരിക്കാം. ഇത്തരത്തില്‍ ആളുകളുടെ സ്വഭാവത്തിനനുസരിച്ചും ഗ്രൂപ്പ് ആക്കുവാന്‍ സാധിക്കും.

ഇത്തരത്തില്‍ നിങ്ങളുടെ ഉപഭോക്തൃ സമൂഹത്തെ തെരഞ്ഞെടുത്ത് അവര്‍ക്കിടയില്‍ ഏറ്റവും മികച്ചതാകാനുള്ള പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച് മികച്ച ബ്രാന്‍ഡ് സൃഷ്ടിക്കാവുന്നതാണ്.

( BRANDisam LLP യുടെ ബിസിനസ് ബ്രാന്‍ഡിംഗ് സ്ട്രാറ്റജിസ്റ്റാണ് ലേഖകന്‍. www.sijurajan.com
+91 8281868299 )


Tags:    

Similar News