വാഷിംഗ്ടണ്‍ പോസ്റ്റിന്റെ പരീക്ഷണം ബിസിനസ്സുകാരെ പഠിപ്പിക്കുന്നത് എന്താണ്?

ലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ആ സാമൂഹ്യ പരീക്ഷണത്തില്‍ നിന്ന് ബിസിനസുകാര്‍ക്കും പഠിക്കാനേറെയുണ്ട്

Update: 2021-12-19 07:00 GMT

2007 ജനുവരി 12 വെള്ളിയാഴ്ച ദിവസം രാവിലെ 7:51 മണിക്ക് വാഷിംഗ്ടന്‍ ഡി സി മെട്രോ സ്റ്റേഷനില്‍ ഒരു വ്യക്തി വന്ന് വയലിന്‍ വായിക്കാന്‍ തുടങ്ങി. നല്ല തിരക്കുള്ള ഒരു പ്രഭാതമായിരുന്നു അത്. വയലില്‍ വായന തുടങ്ങി മൂന്ന് മിനിറ്റ് കഴിഞ്ഞതും ഒരു മധ്യവയസ്‌കന്റെ ശ്രദ്ധ അതില്‍ പതിഞ്ഞു എങ്കിലും കുറച്ചു നിമിഷങ്ങള്‍ക്കകം അദ്ദേഹം ധൃതിപിടിച്ച് നടന്നുപോയി. ഒരു മിനിറ്റ് കൂടി കടന്നപ്പോള്‍ ഒരു സ്ത്രീ ആ വയലിന്‍ വായനകാരന് കുറച്ച് നാണയങ്ങള്‍ എറിഞ്ഞുകൊടുത്ത് നടന്ന് നീങ്ങി. ആകെക്കൂടി അദ്ദേഹത്തെ ശ്രദ്ധിച്ചത് മൂന്ന് വയസ്സുള്ള ഒരു ആണ്‍കുട്ടി മാത്രമായിരുന്നു. എന്നാല്‍ കുട്ടിയുടെ രക്ഷിതാവ് കുട്ടിയെ നിര്‍ബന്ധിച്ച് കൊണ്ടുപോയി. 43 മിനിറ്റ് നേരം നീണ്ട വയലിന്‍ വായനക്കിടയില്‍ 1097 ആളുകള്‍ അതുവഴി നടന്നു നീങ്ങി. അതില്‍ 7 ആളുകള്‍ മാത്രമാണ് വയലിന്‍ വായനക്കാരനെ അല്‍പ്പമെങ്കിലും ശ്രവിച്ചത്. 27 ആളുകള്‍ അദ്ദേഹത്തിന് ടിപ്പ് നല്‍കി. ആകെ കിട്ടിയ ടിപ്പ് തുക 32.17 ഡോളര്‍. വയലിന്‍ വായന അവസാനിച്ചപ്പോള്‍ ആരുംതന്നെ കയ്യടിക്കാന്‍ ഉണ്ടായിരുന്നില്ല.

ഇതേ വയലിന്‍ വായനക്കാരന്‍ മൂന്ന് ദിവസം മുമ്പ് കാണികള്‍ തിങ്ങി നിറഞ്ഞ ബോസ്റ്റന്‍ സിംഫണി ഹാളില്‍ തന്റെ വയലില്‍ പ്രകടനം കാഴ്ചവച്ചിരുന്നു. 100 ഡോളറായിരുന്നു സീറ്റ് ഒന്നിന് ഈടാക്കിയത്. ലോകപ്രശസ്ത വയലിനിസ്റ്റായ ജോഷ്വ ബെല്ലായിരുന്നു അത്. വാഷിംഗ്ടണ്‍ പോസ്റ്റ് നടത്തിയ ഒരു സാമൂഹിക പരീക്ഷണമായിരുന്നു അത്. ആളുകളുടെ കാഴ്ചപ്പാട്, മുന്‍ഗണന തുടങ്ങിയ കാര്യങ്ങളെ സ്വാധീനിക്കുന്ന ഘടകങ്ങളെ കുറിച്ച് പഠിക്കുക എന്നതായിരുന്നു ലക്ഷ്യം. 3.5 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന വയലിന്‍, ഒരു മിനിറ്റ് പ്രകടനത്തിന് 1000 ഡോളര്‍ വാങ്ങാന്‍ കഴിവുള്ള വയലിനിസ്റ്റ്, വാഷിംഗ്ടന്‍ മെട്രോ സ്റ്റേഷനില്‍ വയലിന്‍ വായന ചെയ്തപ്പോള്‍ ശ്രവിക്കാന്‍ ആരും ഇല്ലാതായത് എന്തുകൊണ്ടാവാം?

ഇതിനുള്ള ഉത്തരം മറ്റൊരു ഉദാഹരണത്തിലൂടെ പറയാം. ഒരു വലിയ മ്യൂസിയത്തില്‍ വച്ചിരിക്കുന്ന നല്ല ഫ്രെയിം ചെയ്ത ഒരു ഛായാചിത്രം; അത് കാണാനും ആസ്വദിക്കാനും ധാരാളം ആളുകള്‍ വരും. ലക്ഷകണക്കിന് രൂപ നല്‍കാനും ആളുകള്‍ തയ്യാറാകും. എന്നാല്‍ അതേ ചിത്രം ഫ്രെയിം മാറ്റി തെരുവില്‍ വില്‍പ്പനയ്ക്കായി വച്ചാല്‍ എത്ര ആളുകള്‍ ശ്രദ്ധിക്കും? 500 രൂപയില്‍ കൂടുതല്‍ ആളുകള്‍ നല്‍കാന്‍ തയ്യാറാകുമോ?

1. ഒരു കലയോ, ഉല്‍പ്പന്നമോ എന്തും ആയിക്കൊള്ളട്ടെ ആളുകള്‍ക്ക് ആസ്വദിക്കാന്‍ കഴിയുന്നത് അതിന് പറ്റിയ സമയത്ത് അത് അവതരിപ്പിക്കുമ്പോഴാണ്. ഒപ്പംതന്നെ അതിന് പറ്റിയ അന്തരീക്ഷവും ഉണ്ടാകേണ്ടതുണ്ട്.

2. ഒരു ഉല്‍പ്പന്നത്തെയോ കലയെയോ വ്യക്തികളെയോ എങ്ങനെ അവതരിപ്പിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് ആളുകള്‍ അതിന് മൂല്യം കല്‍പ്പിക്കുന്നത്.
ഈ പരീക്ഷണത്തില്‍ നിന്നും ഒരു ബിസിനസ്സുകാരന്‍ എന്താണ് പഠിക്കേണ്ടത്?

1. ഒരു ഉല്‍പ്പന്നത്തിന്റെ മൂല്യം ആളുകള്‍ കാണുന്നത് അതിന്റെ ക്വാളിറ്റിയില്‍ മാത്രമല്ല. അത് എങ്ങനെ അവതരിപ്പിക്കുന്നു എന്നതില്‍ നിന്നുമാണ്. അതായത് ഉല്‍പ്പന്നത്തിന്റെ പാക്കിങ് മൂല്യനിര്‍ണയത്തില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്.

2. ഒരു ഉല്‍പ്പന്നം പ്രദര്‍ശിപ്പിക്കുന്ന സ്ഥലത്തെ ആശ്രയിച്ചും ആളുകള്‍ അതിന്റെ മൂല്യം നിര്‍ണയിക്കും. അതിനാലാണ് ഒരേ നിലവാരത്തിലുള്ള ഉല്‍പ്പന്നം വ്യത്യസ്ത കടകളില്‍ വ്യത്യസ്ത വിലയ്ക്ക് ലഭിക്കുന്നത്.

3. ഏതൊരു ഉല്‍പ്പന്നവും ജനങ്ങളിലേക്ക് അവതരിപ്പിക്കേണ്ട ഒരു സമയമുണ്ട്. ആ കൃത്യസമയത്ത് അവതരിപ്പിക്കുമ്പോഴാണ് അതിന് മൂല്യം വര്‍ധിക്കുന്നത്.

ഈ ബിസിനസ്സ് തന്ത്രം മനസിലാക്കിയാല്‍ ആളുകളുടെ മനസ്സില്‍ എളുപ്പത്തില്‍ കയറിച്ചെല്ലാന്‍ കഴിയും. മാത്രമല്ല, ആളുകളുടെ മനസ്സില്‍ ഉല്‍പ്പന്നത്തിന്റെ മൂല്യം വര്‍ധിക്കുകയും ചെയ്യും.


( BRANDisam LLP യുടെ ബിസിനസ് ബ്രാന്‍ഡിംഗ് സ്ട്രാറ്റജിസ്റ്റാണ് ലേഖകന്‍. www.sijurajan.com, +91 8281868299 )



Tags:    

Similar News