ബിസിനസിന് ഒരു പേര് കണ്ടുപിടിക്കാന്‍ സംരംഭകര്‍ എന്തുകൊണ്ടാണ് വളരെയധികം ബുദ്ധിമുട്ടുന്നത്?

ബ്രാന്‍ഡ് നെയിമിനായി കാത്തിരിക്കേണ്ടി വരുന്നത് പ്രധാനമായും 5 കാരണങ്ങളാലാണ്

Update:2022-09-11 12:30 IST

ബിസിനസിന് ഒരു പേര് കണ്ടുപിടിക്കാന്‍ സംരംഭകര്‍ എന്തുകൊണ്ടാണ് വളരെയധികം ബുദ്ധിമുട്ടുന്നത്? ട്രേഡ്മാര്‍ക്, ഡൊമെയ്ന്‍ തുടങ്ങിയവ ലഭിക്കാത്തതിനാല്‍ മാത്രമാണോ? അത് ലഭിക്കാന്‍ സാധ്യതയുള്ള പേരാണെങ്കിലും പലര്‍ക്കും ഇഷ്ടപെടുന്ന പേര് ലഭിക്കാറില്ല. അതിനാല്‍ പേരിനായി പലരും മാസങ്ങള്‍വരെ കാത്തിരിക്കാറുണ്ട്. ഇതിന് 5 കാരണങ്ങളാണ് ഉള്ളത്.

1. സംതൃപ്തി: ആളുകള്‍, പ്രത്യേകിച്ച് സംരംഭകര്‍ ഒരിക്കലും ഒന്നിലും സംതൃപ്തരാവാറില്ല. ബിസിനസ്സിന്റെ പേര് നിര്‍ണയിക്കുന്നതിലും അതുതന്നെയാണ് സംഭവിക്കുന്നത്. എത്ര പേരുകള്‍ തിരഞ്ഞെടുത്താലും ഒന്നിലും അവര്‍ക്ക് തൃപ്തി തോന്നുകയില്ല. പുതിയ പേരുകള്‍ അന്വേഷിച്ച് മാസങ്ങള്‍ തള്ളിനീക്കും.
2. താരതമ്യം: നമുക്കെല്ലാര്‍ക്കും പ്രിയങ്കരമായ കുറെ ബ്രാന്‍ഡുകളുണ്ട്. പലപ്പോഴും ആ പേരുകള്‍ മനസ്സില്‍ വച്ചാണ് തന്റെ സ്ഥാപനത്തിനുള്ള പേര് അന്വേഷിക്കുന്നത്. എത്രതന്നെ ഗവേഷണം നടത്തിയാലും അതിനു സമാനമായ പേര് ലഭിക്കണമെന്നില്ല. അത്തരത്തില്‍ ലഭിച്ചാലും മറ്റൊരു സ്ഥാപനത്തിന്റെ പേരിന് സമാനമായ പേര് ഉപയോഗിക്കുന്നത് നല്ല പ്രവണതയല്ല. ഒരുപക്ഷെ നമുക്ക് ഇഷ്ടമുള്ള ഒരു ബ്രാന്‍ഡിന്റെ പേര് ആദ്യമായാണ് നമ്മള്‍ കേള്‍ക്കുന്നത് എന്ന് കരുതുക. ആ പേര് ഒരുപക്ഷെ നമുക്ക് ഇഷ്ടപെടണമെന്നില്ല. ഒരു പേര് നമുക്ക് ഇഷ്ടമാകുന്നത് തുടരെ തുടരെ ആ പേര് കേള്‍ക്കുമ്പോഴാണ്.
3. എല്ലാരുടെയും ഇഷ്ടം: പല സംരംഭകരും അന്വേഷിക്കുന്നത് എല്ലാ വിഭാഗം ആളുകള്‍ക്കും ഇഷ്ടപെടുന്ന ഒരു പേരാണ്. ഒന്ന് ചിന്തിക്കു... അത്തരത്തില്‍ ഒരു പേര് ലഭിക്കാന്‍ സാധ്യതയുണ്ടോ? ആളുകളെ പല പല വിഭാഗത്തില്‍ തരംതിരിക്കുന്നതിന്റെ അടിസ്ഥാനം ആളുകളുടെ വ്യത്യസ്തമായ താല്പര്യങ്ങളും ചിന്താരീതിയുമാണ്. അതിനാല്‍ എല്ലാര്‍ക്കും ഒരുപോലെ ഇഷ്ടപെടുന്ന പേര് അന്വേഷിക്കുന്നത് ഒരു അബദ്ധമാണ്.
4. അഭിപ്രായം തേടുക: പൊതുവെ പലരുടെയും ഒരു സ്വാഭാവമാണ് ഒരു തീരുമാനം എടുക്കുന്നതിന് മുമ്പ് എല്ലാരോടും അഭിപ്രായം ചോദിക്കുക എന്നത്. അഭിപ്രായം ആരായുന്നതില്‍ തെറ്റില്ല. എന്നാല്‍ ആ വിഷയവുമായി ഒരു ബന്ധവുമില്ലാത്ത ആളുകളോട് അയിപ്രായം ആരാഞ്ഞാല്‍ അത് പ്രശ്‌നത്തിലേക്കേ നയിക്കുകയുള്ളു. ഒരു അസുഖം വന്നാല്‍ വക്കീലിന്റെ അഭിപ്രായം തേടിയിട്ട് കാര്യമില്ലല്ലോ. അതുപോലെതന്നെയാണ് ബിസിനസ്സിന്റെ പേരിന്റെ കാര്യത്തിലും. ഉപഭോക്താക്കള്‍ ഒരിക്കലും പേരിന്റെ ഭംഗി കണ്ടല്ല ഉത്പന്നം വാങ്ങുന്നത്. അതിനാല്‍ ഉപഭോക്താക്കളോട് അഭിപ്രായം ചോദിക്കുന്നതും ശരിയായ പ്രവണതയല്ല. സംരംഭകനും കോണ്‍സള്‍ട്ടന്റും ചേര്‍ന്ന് എടുക്കേണ്ട തീരുമാനമാണ് പേരിന്റെത്.
5. ഉച്ചാരണം : പല സംരംഭകരും ആഗ്രഹിക്കുന്നത് ലോകത്തിലെ എല്ലാവര്‍ക്കും ഒരുപോലെ ഉച്ചരിക്കാന്‍ കഴിയുന്ന പേര് വേണമെന്നാണ്. എന്നാല്‍ അത് ബ്രാന്‍ഡ് നാമത്തെ സംബന്ധിച്ചിടത്തോളം ആവശ്യകരമായ ഒന്നല്ല. Huawei , Nike , Hyundai തുടങ്ങിയ പേരുകള്‍ പലരും പല രീതിയിലാണ് ഉച്ചരിക്കുന്നത്. ഓരോ നാട്ടിലെയും ആളുകളുടെ ഉച്ചാരണ രീതി വ്യത്യസ്തമാണ്. അതിനാല്‍ എല്ലാരും ഒരേ രീതിയില്‍ ഉച്ചരിക്കാന്‍ കഴിയുന്ന പേര് വേണമെന്ന് നിര്‍ബന്ധം പിടിക്കുന്നതില്‍ അര്‍ത്ഥമില്ല.
ബ്രാന്‍ഡിന്റെ നാമം നിയമപരമായും തന്ത്രപരമായും എടുക്കേണ്ട തീരുമാനമാണ്. അതിനാല്‍ മുകളില്‍ സൂചിപ്പിച്ച കാര്യങ്ങള്‍ വച്ച് പേര് അന്വേഷിക്കുന്നത് സമയനഷ്ടം മാത്രമേ ഉണ്ടാകുകയുള്ളൂ.

Siju Rajan Business Branding Strategist BRANDisam LLP www.sijurajan.com +91 8281868299

Tags:    

Similar News