കച്ചവടം കൂട്ടണോ? ഈ അഞ്ചു സൂചനകള്‍ കണ്ടാല്‍ ചാടി വീഴണം

ഒരു ഉപഭോക്താവ് നിങ്ങളുടെ ഉല്‍പ്പന്നം വാങ്ങാന്‍ തീരുമാനിക്കും മുമ്പ് നല്‍കുന്ന സൂചനകള്‍ തിരിച്ചറിഞ്ഞ് പെരുമാറിയാല്‍ കച്ചവടം കൂടും, സംരംഭം വളരും

Update:2022-05-21 20:00 IST

ഒരു ഉപഭോക്താവ് ഉല്‍പ്പന്നം വാങ്ങുന്നതിനു മുന്‍പ് അല്ലെങ്കില്‍ ഒരു ഡീല്‍ ഒപ്പു വെക്കുന്നതിനു മുന്‍പ് ചില സൂചനകള്‍ (Buying Signals) നല്‍കാറുണ്ട്. ഉല്‍പ്പന്നം വാങ്ങുന്നതിനെകുറിച്ചുള്ള ചിന്തകള്‍ ഉപഭോക്താവിന്റെ മനസിലൂടെ കടന്നു പോകുമ്പോള്‍ അവരറിയാതെ പുറത്തു വരുന്ന ചില ചോദ്യങ്ങളും ശരീര ഭാഷയിലുണ്ടാകുന്ന വ്യത്യാസങ്ങളുമാണിത്

1.ശരീരഭാഷ (Body Language)
ഉപഭോക്താവിന്റെ ശരീര ഭാഷയും മുഖഭാവവും എപ്പോളും ശ്രദ്ധിക്കുക.നിങ്ങളുടെ വിവരണം കേട്ടുകൊണ്ട് അനുകൂലമായി തല ചലിപ്പിക്കുക, ഉല്‍പ്പന്നം വളരെ സൂക്ഷ്മമായി ശ്രദ്ധിക്കുക, അതില്‍ സ്പര്‍ശിക്കുക, കയ്യില്‍ എടുക്കാവുന്ന ഉല്‍പ്പന്നം ആണെങ്കില്‍ കയ്യില്‍ എടുത്തു നോക്കുക, ഉല്‍പ്പന്നത്തെക്കുറിച്ചുള്ള ലഘുലേഖകള്‍(Brochure) പല തവണ തിരിച്ചും മറിച്ചും നോക്കുക തുടങ്ങിയവ കാണുമ്പോള്‍ മനസിലാക്കുക ഉപഭോക്താവിന് നിങ്ങളുടെ ഉല്‍പ്പന്നം അല്ലെങ്കില്‍ സേവനം വളരെയധികം ഇഷ്ടപ്പെട്ടു. ഈ അവസരത്തില്‍ സമയം പാഴാക്കാതെ എത്രയും പെട്ടന്ന് ആ ഡീല്‍ പൂര്‍ത്തിയാക്കുക.
2.വിലയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ (Price related Questions)
ഉല്‍പ്പന്നത്തിന്റെ അല്ലെങ്കില്‍ സേവനത്തിന്റെ വിലയെക്കുറിച്ചു ഒരു ഉപഭോക്താവ് നിങ്ങളോടു ചോദിച്ചാല്‍ മനസിലാക്കുക ആ ഉല്‍പ്പന്നം ഉപഭോക്താവിന് ഇഷ്ടപ്പെട്ടു അത് അവര്‍ക്കു വഹിക്കാനുള്ള ശേഷിയുണ്ടാകുമോ? അവര്‍ മുടക്കുന്ന പണത്തിനുള്ള മൂല്യം ആ ഉല്‍പ്പന്നത്തിനുണ്ടാകുമോ? തുടങ്ങിയ കാര്യങ്ങള്‍ ആണ് ഈ ചോദ്യങ്ങളിലൂടെ അവര്‍ മനസിലാക്കാന്‍ ശ്രമിക്കുന്നത്. ഇത് ഏറ്റവും വലിയ ഒരു സൂചനയാണ്(Buying Signal).
3.നഷ്ടം /ആശങ്ക ലഘൂകരിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ (Risk Minimization Questions)
ഗ്യാരണ്ടി / വാറന്റി യെപ്പറ്റിയുള്ള ചോദ്യങ്ങള്‍ ഉപഭോക്താവിന്റെ ഭാഗത്തു നിന്നും ഉണ്ടായാല്‍ മനസിലാക്കുക ഉല്‍പ്പന്നം ഉപഭോക്താവിന് ഇഷ്ടപ്പെട്ടു പക്ഷെ ഉല്‍പ്പന്നത്തിന് നിങ്ങള്‍ പറയുന്ന ഗുണമേന്മ ഉണ്ടാകുമോ? തന്റെ പണം നഷ്ടപ്പെടുമോ? തുടങ്ങിയ ആശങ്കകളാണ് ഉപഭോക്താവിന്റെ മനസ്സില്‍.

ഉല്‍പ്പന്നത്തിന്റെ ഗ്യാരണ്ടിയുടെ വിശദാംശങ്ങള്‍ നല്‍കി ഉപഭോക്താവിന്റെ മനസിലെ ഭയം ഒഴിവാക്കി വിശ്വാസ്യത ഉറപ്പുവരുത്തി ആ ഉല്‍പ്പന്നം വില്‍ക്കാന്‍ സാധിക്കും.
4.ഉല്‍പ്പന്നം എത്തിച്ചുകൊടുക്കുന്ന സമയം /സേവനം ആരംഭിക്കുന്ന സമയം(Delivery time/Starting Date)
ഈ സേവനം എപ്പോള്‍ ആരംഭിക്കാന്‍ സാധിക്കും? ഈ ഉല്‍പ്പന്നം ഇപ്പോള്‍ വാങ്ങിയാല്‍ ഏതു സമയത്തു നിങ്ങള്‍ക്ക് എത്തിച്ചു നല്‍കാന്‍ കഴിയും തുടങ്ങിയ ചോദ്യങ്ങള്‍ ഉണ്ടായാല്‍ മനസിലാക്കുക ഉപഭോക്താവ് ഡീലിന് വളരെ അടുത്തെത്തി കഴിഞ്ഞു .ഈ ചോദ്യങ്ങളോട് വളരെ അനുകൂലമായി പ്രതികരിച്ചു കൊണ്ട് ആ വില്‍പ്പന നിങ്ങള്‍ക്ക് നേടി എടുക്കാന്‍ സാധിക്കും
5.ഒരു പ്രത്യേക ഉല്‍പ്പന്നത്തെ/സ്ഥാപനത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍(Specific Product Questions)
ഒരു ഉല്‍പ്പന്നത്തെക്കുറിച്ചുള്ള സവിശേഷ ചോദ്യങ്ങള്‍ (സൈസ്, നിറം, വലിപ്പം, ലഭ്യത) ഇവയുടെ എണ്ണം നിങ്ങളുടെ ശേഖരത്തില്‍ (stock) എത്ര എണ്ണം ഉണ്ട് തുടങ്ങിയ ചോദ്യങ്ങള്‍. സ്ഥാപനത്തെക്കുറിച്ചും അതിന്റെ വിശ്വസ്യതയെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍, നിങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ വന്നാല്‍ മനസിലാക്കുക ഇത് വളരെ ശക്തമായ സൂചനകള്‍(Buying Signals) ആണ്.
6. ഉല്‍പ്പന്നം സ്വന്തമാക്കിയ തരത്തിലുള്ള വര്‍ണന (Possessive Statements)
ഒരു ഉല്‍പ്പന്നം / സേവനം ഉപഭോക്താവിന്റെ ജീവിതത്തില്‍ ബിസിനസ്സില്‍ വരുത്തുന്ന ക്രിയാത്മകമായ മാറ്റത്തെക്കുറിച്ചു നിങ്ങള്‍ സംസാരിക്കുമ്പോള്‍ അവര്‍ നിങ്ങളോടു / അവരോടൊപ്പമുള്ളവരോട് ഈ ഉല്‍പ്പന്നത്തിന്റെ വാങ്ങിയ ശേഷമുള്ള ഉപയോഗത്തെക്കുറിച്ചു സംസാരിക്കുകയാണെങ്കില്‍ മനസിലാക്കുക അവരുടെ മനസ്സില്‍ ഈ ഉല്‍പ്പന്നം വലിയ ചലനങ്ങള്‍ സൃഷ്ടിച്ചു കഴിഞ്ഞു.ഏതു ഏറ്റവും വലിയ ഒരു സൂചനയാണ് (Buying Signal)

ഇവ കൂടാതെ ചില ഉപഭോക്താക്കള്‍ നിങ്ങള്‍ വിശദമാക്കിയ ഭാഗങ്ങള്‍ വീണ്ടും വീണ്ടും വിശദീകരിക്കാന്‍ ആവശ്യപ്പെടും. മറ്റു ചിലപ്പോള്‍ വളരെപ്പെട്ടെന്ന് അവര്‍ ഉല്‍പ്പന്നത്തെക്കുറിച്ചു വാചാലമാകും. ചിലപ്പോള്‍ ശരീരഭാഷ വളരെ പോസിറ്റീവ് ആകുകയും നിങ്ങളോടു വളരെ അടുപ്പം കാണിക്കുകയും ചെയ്യുന്നത് ശക്തമായ ചില സൂചനകള്‍ ആണ് (Buying Signals)

ഉല്‍പ്പന്നം ഇഷ്ടപെട്ട ശേഷം അന്തിമ തീരുമാനത്തിലേക്ക് ഉപഭോക്താവിന്റെ മനസ് സഞ്ചരിക്കുമ്പോള്‍ ഉണ്ടാകുന്ന സ്വാഭാവികമായ പ്രകടനങ്ങളാണിതെല്ലാം. വളരെ സൂക്ഷ്മമായി ഇവ മനസിലാക്കിയാല്‍ നിങ്ങളുടെ സംരംഭത്തിന് വലിയ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കും

(ലേഖകന്‍ ബിസിനസ് കോച്ചും സെയില്‍സ് ട്രെയിനറുമാണ്. ഫോണ്‍: 9947888548

renju.businesscoach@gmail.com )

Tags:    

Similar News