സ്റ്റാര്‍ട്ടപ്പുകള്‍ അറിയണം, എന്താണ് ഡ്യൂ ഡിജിലന്‍സ്?
ശരിയായ തീരുമാനങ്ങളെടുക്കാനും റിസ്‌ക് ഒഴിവാക്കാനും ഇതാവശ്യമാണ്
സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കാന്‍ ശ്രമിക്കുന്നവര്‍ക്കും സ്റ്റാര്‍ട്ടപ്പുകളെ കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമായി 'ധനംഓണ്‍ലൈന്‍' ആരംഭിച്ച സ്റ്റാര്‍ട്ടപ്പ് ഗൈഡിന്റെ പതിനൊന്നാം അദ്ധ്യായമാണിത്. ഈ സീരീസിലെ മുഴുവന്‍ ലേഖനങ്ങളും കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.
ബിസിനസായാലും വ്യക്തികളായാലും ഒരു കരാരിലേര്‍പ്പെടുന്നതിന് മുന്‍പ് അവര്‍ ശ്രദ്ധാപൂര്‍വ്വം ചെയ്യേണ്ട ചില നടപടിക്രമങ്ങളുണ്ട്. ജാഗ്രതയോടെയുള്ള വിലയിരുത്തല്‍ അല്ലെങ്കില്‍ Due Diligence അവരില്‍ നിന്ന് സാധാരണഗതിയില്‍ എല്ലാവരും പ്രതീക്ഷിക്കുന്നതുമാണ്. ഇത് നിയമപരമായ ഒരു ഉടമ്പടിയാകാം, അല്ലെങ്കില്‍ സ്വമേധയാ നടത്തുന്ന ഒരു അന്വേഷണമാകാം. ബിസിനസ് ഇടപാട് നടത്തുന്നതിനുമുമ്പ് ഒരു കമ്പനിയെയോ സ്ഥാപനത്തെയോ കുറിച്ച് നടത്തുന്ന പഠനങ്ങളും പരിശോധനകളും ഇതിലുള്‍പ്പെടും.
ഒരു ബിസിനസ് ഉടമ്പടിയുമായി, അല്ലെങ്കില്‍ നിക്ഷേപത്തിനുള്ള അവസരവുമായി, ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സാമ്പത്തിക വിവരങ്ങളും കൃത്യമാണോയെന്ന് ഉറപ്പുവരുത്താന്‍ വേണ്ടി നടത്തുന്ന അന്വേഷണം, ഓഡിറ്റ്, മൂല്യനിര്‍ണ്ണയം- ഇതെല്ലാം ഡ്യൂ ഡിലിജന്‍സിന്റെ ഭാഗമാണ്. ചുരുക്കിപ്പറഞ്ഞാല്‍, ഒരു ഇടപാടിന് മുന്‍പ് നടത്തുന്ന 'ഹോംവര്‍ക്ക്.' കൃത്യമായ, ശരിയായ തീരുമാനങ്ങളെടുക്കാനും റിസ്‌ക് ഒഴിവാക്കാനും ഡ്യൂ ഡിലിജന്‍സ് അത്യാവശ്യമാണ്.
ഡ്യൂ ഡിജിലന്‍സ് പലതരമുണ്ട്:
1. ഫിനാന്‍ഷ്യല്‍ ഡ്യൂ ഡിജിലന്‍സ് / സാമ്പത്തിക തലത്തിലുള്ള പരിശോധന
ബിസിനസ് നടത്താന്‍ ഉദ്ദേശിക്കുന്ന കമ്പനിയുടെ സാമ്പത്തികസ്ഥിതിയാണ് ഇതിലൂടെ വിലയിരുത്തുന്നത്. ഫിനാന്‍ഷ്യല്‍ , ടാക്സ് റിട്ടേണുകള്‍, ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ എന്നിവ പരിശോധിക്കണം, സാമ്പത്തിക നിലയെക്കുറിച്ചുള്ള മറ്റ് ഡാറ്റയും വിലയിരുത്തണം. സ്റ്റേറ്റ്‌മെന്റുകള്‍
2. ലീഗല്‍ ഡ്യൂ ഡിലിജന്‍സ് / നിയമപരമായ വിലയിരുത്തല്‍
ഒരു കമ്പനിയുടെ നിയമപരമായ കാര്യങ്ങളുടെ പരിശോധന, കോണ്‍ട്രാക്ടുകള്‍, എഗ്രിമെന്റുകള്‍, നിയമ വ്യവഹാര ഡാറ്റ എന്നിവയെല്ലാം വിലയിരുത്തണം.
3. ടാക്സ് ഡ്യൂ ഡിലിജന്‍സ് / നികുതികളുടെ പരിശോധന
കമ്പനിയുടെ ടാക്സ് റെക്കോഡുകള്‍, അടയ്ക്കേണ്ട നികുതികള്‍ എന്നിവയെല്ലാം കൃത്യമായി പരിശോധിക്കണം.
4. ഓപ്പറേഷണല്‍ ഡ്യൂ ഡിലിജന്‍സ് / ബിസിനസ് പ്രവര്‍ത്തനങ്ങളുടെ മൂല്യനിര്‍ണ്ണയം
ഒരു കമ്പനിയുടെ ബിസിനസ് പ്രവര്‍ത്തനങ്ങള്‍, സംവിധാനങ്ങള്‍, കാര്യക്ഷമത എന്നിവ ശ്രദ്ധിക്കുക.
5. ഹ്യൂമന്‍ റിസോഴ്സസ് ഡ്യൂ ഡിലിജന്‍സ് / ജീവനക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ വിലയിരുത്തല്‍
കമ്പനിയിലെ തൊഴില്‍ സംവിധാനം എങ്ങനെയാണെന്ന് ശ്രദ്ധിക്കണം, ജീവനക്കാരെ സംബന്ധിക്കുന്ന എല്ലാ രേഖകളും പരിശോധിക്കണം. കമ്പനിയുടെ തൊഴില്‍ സംസ്‌കാരം മനസിലാക്കാനും വ്യക്തികളുമായി ബന്ധപ്പെട്ട പ്രശ്നസാധ്യതകള്‍ തിരിച്ചറിയാനും ഇത് സഹായിക്കും.
6. ഇന്റലെക്ച്വല്‍ പ്രോപ്പര്‍ട്ടി ഡ്യൂ ഡിലിജന്‍സ് / ബൗദ്ധിക സ്വത്തവകാശത്തിന്റെ പരിശോധന
ബിസിനസ് നടത്താന്‍ ഉദ്ദേശിക്കുന്ന കമ്പനിയുടെ ബൗദ്ധിക സ്വത്തവകാശം- പേറ്റന്റുകള്‍, ട്രേഡ് മാര്‍ക്കുകള്‍, കോപ്പിറൈറ്റ് എന്നിവ കൃത്യമായി പരിശോധിക്കണം.
7. എന്‍വയണ്‍മെന്റല്‍ ഡ്യൂ ഡിലിജന്‍സ്/പരിസ്ഥിതി കാര്യങ്ങളുടെ വിലയിരുത്തല്‍
പരിസ്ഥിതിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും നിയന്ത്രണങ്ങളുണ്ടോ, ഇത്തരം നിയമങ്ങള്‍ പാലിക്കാത്തതുകൊണ്ട് ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ക്ക് സാധ്യതയുണ്ടോ എന്ന് പരിശോധിക്കുക.
ഇങ്ങനെ എല്ലാ തലങ്ങളിലും അതീവ ശ്രദ്ധ പുലര്‍ത്തുന്നത് മികച്ച തീരുമാനങ്ങളെടുക്കാന്‍ സഹായിക്കും. അതോടൊപ്പം, ബിസിനസ് ഇടപാടുകളിലും നിക്ഷേപങ്ങളിലും ഉണ്ടാകാന്‍ സാധ്യതയുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാനും കഴിയും.