ഒരു സംരംഭം സ്റ്റാര്‍ട്ടപ്പായി രജിസ്റ്റര്‍ ചെയ്താല്‍ എന്താണ് നേട്ടം?
സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കാന്‍ ശ്രമിക്കുന്നവര്‍ക്കും സ്റ്റാര്‍ട്ടപ്പുകളെ കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമായി 'ധനംഓണ്‍ലൈന്‍' ആരംഭിച്ച പുതിയ പംക്തിയായ സ്റ്റാര്‍ട്ടപ്പ് ഗൈഡിന്റെ രണ്ടാം അദ്ധ്യായം
സ്വന്തമായി ഒരു ബിസിനസ് ആരംഭിക്കുന്നതിന്റെ വെല്ലുവിളികള്‍ പലതാണ്. പക്ഷേ, നിങ്ങളുടെ സംരംഭം ഒരു സ്റ്റാര്‍ട്ടപ്പായി രജിസ്റ്റര്‍ ചെയ്താല്‍ ലഭ്യമാകുന്ന പിന്തുണയും സഹായവും ചെറുതല്ല. ഭാരത സര്‍ക്കാര്‍ രൂപംകൊടുത്ത സ്റ്റാര്‍ട്ടപ്പ് ഇന്ത്യാ ഇനിഷ്യേറ്റീവ്, പുതിയ സംരംഭങ്ങള്‍ തുടങ്ങാനും വളരാനും ആവശ്യമായ ഒട്ടേറെ സൗകര്യങ്ങള്‍ നല്‍കുന്നുണ്ട്. സ്റ്റാര്‍ട്ടപ്പ് ഇന്ത്യാ പ്രോഗ്രാമിന്റെ ഭാഗമായി രജിസ്റ്റര്‍ ചെയ്യുന്നതിന്റെ പ്രധാന നേട്ടങ്ങളില്‍ ചിലത് ഇവയാണ്:
1. നികുതി ഇളവ്: സ്റ്റാര്‍ട്ടപ്പിന്റെ ആദ്യത്തെ പത്ത് വര്‍ഷത്തിനിടയില്‍ തുടര്‍ച്ചയായി മൂന്ന് സാമ്പത്തിക വര്‍ഷം ആദായ നികുതിയില്‍ ഇളവ് ലഭിക്കും.
2. സാമ്പത്തിക സഹായം: വിവിധ പദ്ധതികളും പ്രോഗ്രാമുകളും വഴി സാമ്പത്തിക പിന്തുണ ലഭ്യമാക്കാനുള്ള ഒട്ടേറെ അവസരങ്ങള്‍ കിട്ടും.
3. ഇന്‍ക്യുബേറ്റര്‍ സൗകര്യം: ഈ രജിസ്‌ട്രേഷനിലൂടെ, സംരംഭത്തിന് ഏറെ പ്രധാനപ്പെട്ട സഹായങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളും ഒരുക്കുന്ന ഇന്‍ക്യുബേറ്റര്‍ സംവിധാനത്തിന്റെ ഭാഗമാകാന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കഴിയും.
4. ലളിതമായ നടപടിക്രമങ്ങള്‍: സംരംഭങ്ങള്‍ക്ക് ബാധകമായ പല നിയമങ്ങളുടെയും നടപടിക്രമങ്ങള്‍ രജിസ്റ്റര്‍ ചെയ്ത സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വേണ്ടി ലളിതവല്‍ക്കരിച്ചിട്ടുണ്ട് - ആറ് തൊഴില്‍ നിയമങ്ങള്‍ക്കും മൂന്ന് പരിസ്ഥിതി നിയമങ്ങള്‍ക്കും വേണ്ട സെല്‍ഫ്- സര്‍ട്ടിഫിക്കേഷന്‍ ഉള്‍പ്പെടെ.
5. ഏഞ്ചല്‍ ടാക്‌സില്‍ ഇളവ്: ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 56 പ്രകാരം ഏഞ്ചല്‍ ടാക്‌സ് ഇളവ് ചെയ്യാന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അപേക്ഷിക്കാവുന്നതാണ്.
6. സജീവമായ പങ്കാളിത്തം: സ്റ്റാര്‍ട്ടപ്പ് ഇന്ത്യയുടെ ഭാഗമാകുന്നതിലൂടെ ബിസിനസ് മേഖലയിലെ വിദഗ്ദരും മാര്‍ഗദര്‍ശികളും ഉള്‍പ്പെടെയുള്ളവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിയും. അതോടൊപ്പം, മികച്ച കൂട്ടായ്മകളിലും പദ്ധതികളിലും പങ്കുചേരാനുള്ള അവരങ്ങളും ലഭിക്കും.
7. സര്‍ക്കാര്‍ ടെന്‍ഡറുകളില്‍ പങ്കെടുക്കാനുള്ള യോഗ്യത: രജിസ്റ്റര്‍ ചെയ്ത സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഗവണ്മെന്റ് ടെന്‍ഡറുകളില്‍ പങ്കെടുക്കാന്‍ കഴിയും. ഇതില്‍ സാധാരണയായി ആവശ്യപ്പെടാറുള്ള മുന്‍പരിചയം/ ടേണോവര്‍ എന്നീ നിബന്ധനകള്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ബാധകവുമല്ല.
8. നിയമ സഹായം, കുറഞ്ഞ ചിലവ്: വശ്യമായ നിയമ സഹായം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് താങ്ങാന്‍ കഴിയുന്ന നിരക്കില്‍ ലഭ്യമാണ്. തുടക്കക്കാരായ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഏറെ സഹായകരമാണ് ഈ പദ്ധതി.
9. പബ്ലിക് പ്രൊക്യുര്‍മെന്റ് നടപടിക്രമങ്ങളില്‍ ഇളവ്: സര്‍ക്കാരിനു വേണ്ടിയുള്ള പൊതു സംഭരണ പദ്ധതികളില്‍ പങ്കെടുക്കാന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കൂടുതല്‍ എളുപ്പമാണ്, ഇതിനുവേണ്ട നടപടിക്രമങ്ങളില്‍ ഇളവുമുണ്ട്.
10. വിവരങ്ങള്‍ കൈമാറാനും കാര്യങ്ങള്‍ നടപ്പിലാക്കാനുമുള്ള സൗകര്യം: സ്റ്റാര്‍ട്ടപ്പ് ഇന്ത്യയുടെ പോര്‍ട്ടലും മൊബൈല്‍ ആപ്പും വിവരങ്ങളുടെ കൈമാറ്റവും നടപടിക്രമങ്ങളും എളുപ്പമാക്കുന്നു.