സ്റ്റാർട്ടപ്പുകൾക്ക് നൽകുന്ന വായ്പ മുതലും പലിശയുമല്ലാതെ കമ്പനിയുടെ ഓഹരികളായി തിരികെ ലഭിക്കാനുള്ള അവസരമാണ് ഇതിലൂടെ നിക്ഷേപകർക്ക് കിട്ടുന്നത്. വായ്പാ പദ്ധതികളുടെ ഘടന തന്നെയാണ് കൺവെർട്ടബിൾ നോട്ട്സിനുള്ളതെങ്കിലും നൽകുന്ന തുക ഓഹരികളാക്കി മാറ്റാനുള്ള നിബന്ധനകൾ ഇതിലുണ്ട്. അങ്ങനെ ഡെറ്റ് ഫിനാൻസിംഗിൻ്റെയും ഇക്വിറ്റി ഫിനാൻസിംഗിൻ്റെയും ഒരു മിശ്രണമാണ് കൺവെർട്ടബിൾ നോട്ട്സ് എന്നുപറയാം.
സ്ഥാപകർക്കും നിക്ഷേപകർക്കും ഒരുപോലെ പ്രയോജനം ചെയ്യുന്ന ഈ പദ്ധതി പലപ്പോഴും ഒരു സ്റ്റാർട്ടപ്പിൻ്റെ ആദ്യകാല ഫണ്ട് സമാഹരണത്തിനാണ് ഉപയോഗപ്പെടുത്തുന്നത്. പലിശ നിരക്ക്, കാലാവധി, ഓഹരികളാക്കി മാറ്റാനുള്ള നിബന്ധനകളും അതിനുള്ള വിലക്കിഴിവും, വാല്യുവേഷൻ ക്യാപ് എന്നിവ കൺവെർട്ടബിൾ നോട്ട്സ് രീതിയുടെ ഭാഗമായ ഉപാധികളാണ്.
പരമ്പരാഗതമായ വായ്പാ പദ്ധതികളേക്കാൾ ഏറെ വ്യത്യസ്തമാണ് കൺവെർട്ടബിൾ നോട്ട്സ്. ഇതിന്റെ സവിശേഷതകൾ നോക്കാം.
1. വായ്പ ഓഹരിയാക്കി മാറ്റാം
ഒരു കമ്പനിക്ക് നൽകുന്ന വായ്പ പിന്നീട് ഓഹരികളാക്കി സ്വന്തമാക്കാം എന്നതാണ് കൺവെർട്ടബിൾ നോട്ട്സിനെ സാധാരണ വായ്പാ പദ്ധതികളിൽ നിന്ന് വേറിട്ട് നിർത്തുന്ന ഒരു കാര്യം. പലപ്പോഴും സ്റ്റാർട്ടപ്പ് ഒരു വലിയ ഫണ്ട് സമാഹരണം നടത്തുമ്പോഴോ മികച്ച മൂല്യനിർണ്ണയം നേടുമ്പോഴോ ആണ് വായ്പ ഓഹരികളാക്കി മാറ്റുന്നത്.
2. കുറഞ്ഞ പലിശ നിരക്ക്
പരമ്പരാഗത വായ്പാ പദ്ധതികളെ അപേക്ഷിച്ച് കൺവെർട്ടബിൾ നോട്ട്സിന് പലിശ കുറവാണ്. അതുകൊണ്ടുതന്നെ സ്റ്റാർട്ടപ്പിൻ്റെ തുടക്കകാലത്തെ ഫണ്ട് സമാഹരണത്തിന് യോജിച്ച മാർഗമാണിത്.
3. ഈട് ആവശ്യമില്ല
വായ്പകൾക്ക് പലപ്പോഴും ഈട് ആവശ്യമാണെങ്കിലും കൺവെർട്ടബിൾ നോട്ട്സിന് ഇത് വേണ്ടിവരാറില്ല.
4. ലളിതം, അതിവേഗം
കൺവെർട്ടബിൾ നോട്ട്സിൻ്റെ രേഖകൾ വളരെ ലളിതമാണ്, ഇതിന് വേണ്ടിവരുന്ന നിയമനടപടിക്രമങ്ങളുടെ ഫീസും കുറവാണ്. മറ്റ് വായ്പാമാർഗങ്ങളെക്കാൾ വേഗത്തിൽ ഇവ നടപ്പിലാക്കാനും കഴിയും.
5. ഫ്ലെക്സിബിളായ നിബന്ധനകൾ
ഓഹരികളാക്കി മാറ്റുമ്പോൾ ലഭ്യമായ വിലക്കിഴിവ്, വാല്യുവേഷൻ ക്യാപ്, കാലാവധി എന്നീ നിബന്ധനകൾക്ക് നിശ്ചിതമായ ചട്ടക്കൂടില്ല. കമ്പനിയുടെയും നിക്ഷേപകരുടെയും താല്പര്യങ്ങൾക്ക് ചേരുന്ന രീതിയിൽ ഇവ തീരുമാനിക്കാനുള്ള അവസരം കൺവെർട്ടബിൾ നോട്ട്സ് നൽകുന്നുണ്ട്.
സാധാരണ വായ്പാ പദ്ധതികളെ അപേക്ഷിച്ച് നിക്ഷേപ-സൗഹൃദമായ, താരതമ്യേന എളുപ്പമായ ഒരു ഫണ്ട് സമാഹരണമാർഗമാണ് കൺവെർട്ടബിൾ നോട്ട്സ് എന്ന് പറയാം. പ്രത്യേകിച്ചും തുടക്കക്കാരായ സ്റ്റാർട്ടപ്പുകൾക്ക്.