എന്താണ് ഫണ്ട് റെയ്‌സിംഗ് സ്റ്റാര്‍ട്ടപ്പ്? എവിടെ നിന്ന് കിട്ടും ഫണ്ട്?

ഫണ്ട് കണ്ടെത്താന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മുന്നിലുള്ള ആറ് മാര്‍ഗങ്ങളിതാ

Update:2024-03-21 11:22 IST

സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കാന്‍ ശ്രമിക്കുന്നവര്‍ക്കും സ്റ്റാര്‍ട്ടപ്പുകളെ കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമായി ധനം ഓണ്‍ലൈന്‍ പ്രസിദ്ധീകരിക്കുന്ന സ്റ്റാര്‍ട്ടപ്പ് ഗൈഡിന്റെ ഭാഗമാണിത്. ഈ സീരീസിലെ മുഴുവന്‍ ലേഖനങ്ങളും കാണാന്‍ ഇവിടെ  ക്ലിക്ക് ചെയ്യുക.


സംരംഭത്തിന്റെ പ്രവര്‍ത്തനങ്ങളും വളര്‍ച്ചയും വികസനവും സാധ്യമാക്കുന്നതിന് വേണ്ടി മൂലധനം സമാഹരിക്കുന്ന ഘട്ടത്തിലുള്ള ഒരു സ്റ്റാര്‍ട്ടപ്പിനെയാണ് ഫണ്ട് റെയ്‌സിംഗ് സ്റ്റാര്‍ട്ടപ്പ് എന്ന് വിളിക്കുന്നത്. സ്റ്റാര്‍ട്ടപ്പിന്റെ വളര്‍ച്ചയിലേക്കുള്ള വഴിയിലെ ഒരു പ്രധാന ഘട്ടമാണിത്. പ്രത്യേകിച്ചും ഇതുവരെ ലാഭം നേടിയിട്ടില്ലാത്ത അല്ലെങ്കില്‍ വളരെ വേഗത്തിലുള്ള വളര്‍ച്ച ലക്ഷ്യമിടുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക്.

ഒരു സ്റ്റാര്‍ട്ടപ്പ് വിവിധ ഘട്ടങ്ങളിലായി പലതരത്തിലുള്ള ഫണ്ട് സമാഹരണം ഉപയോഗപ്പെടുത്താറുണ്ട്. ഏതൊക്കെയാണെന്ന് നോക്കാം.

1. സുഹൃത്തുക്കളും കുടുംബാംഗങ്ങളും

പലപ്പോഴും ഒരു സ്റ്റാര്‍ട്ടപ്പിന്റെ ആദ്യത്തെ ഫണ്ട് സുഹൃത്തുക്കളും കുടുംബാംഗങ്ങളും പരിചയക്കാരും ഉള്‍പ്പെടുന്ന, വ്യക്തിഗത ബന്ധങ്ങളില്‍ നിന്നായിരിക്കും സംരംഭകര്‍ കണ്ടെത്തുക. താരതമ്യേന ചെറിയ ഫണ്ടുകളാണ് ഇവ. ഒരു സ്റ്റാര്‍ട്ടപ്പിന്റെ തുടക്കകാലത്താണ് ഇവ ഉപയോഗപ്പെടുത്തുന്നത്.

2. സീഡ് ഫണ്ടിംഗ്

ആദ്യത്തെ ഔദ്യോഗിക ഇക്വിറ്റി ഫണ്ടിംഗ് ഘട്ടത്തെയാണ് സീഡ് ഫണ്ടിംഗ് എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. സംരംഭത്തിന്റെ ആശയം സാക്ഷ്യപ്പെടുത്താനും ഉല്‍പ്പന്നം അല്ലെങ്കില്‍ സേവനം കൂടുതല്‍ വികസിപ്പിക്കാനും വിപണിയെക്കുറിച്ച് പഠിക്കാനും വേണ്ടി ആദ്യ ഘട്ടത്തില്‍ സമാഹരിക്കുന്ന മൂലധനമാണിത്. ഏഞ്ചല്‍ ഇന്‍വെസ്റ്റേഴ്‌സ്, ഇന്‍ക്യുബേറ്റേഴ്‌സ്, ആദ്യഘട്ട നിക്ഷേപങ്ങളില്‍ താല്‍പര്യമുള്ള വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ സ്ഥാപനങ്ങള്‍ എന്നിവയെല്ലാം സീഡ് ഫണ്ടിംഗിന്റെ ഭാഗമാകാം.

3. ഏഞ്ചല്‍ ഫണ്ട്

ഉയര്‍ന്ന ആസ്തിയുള്ള വ്യക്തികളാണ് ഏഞ്ചല്‍ ഇന്‍വെസ്റ്റേഴ്‌സ്. ചെറുകിട സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അല്ലെങ്കില്‍ സംരംഭകര്‍ക്ക് ഇവര്‍ സാമ്പത്തിക സഹായം നല്‍കുന്നു, ഇതിന് പകരമായി സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശമുള്ള ഓഹരികള്‍ ഇവര്‍ക്ക് ലഭിക്കുന്നു. ഒരു സ്റ്റാര്‍ട്ടപ്പിന്റെ ആദ്യത്തെ നിക്ഷേപകര്‍ ഏഞ്ചല്‍ ഇന്‍വെസ്റ്റേഴ്‌സാണ്. സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും ഫണ്ടിംഗ് ഘട്ടം കഴിഞ്ഞ്, വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ കമ്പനികള്‍ എത്തുന്നതിനു മുന്‍പാണ് ഇവരുടെ ഫണ്ട് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലഭിക്കുന്നത്.

4. വി.സി ഫണ്ട്/ വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ ഫണ്ട്

ദീര്‍ഘകാല വളര്‍ച്ചാ സാധ്യതയുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കും ചെറുകിട സംരംഭങ്ങള്‍ക്കും നല്‍കുന്ന സാമ്പത്തിക സഹായമാണ് വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ (വി.സി). സ്റ്റാര്‍ട്ടപ്പുകളിലും ലാഭസാധ്യതയുള്ള കമ്പനികളിലും സമാഹരിച്ച് നിക്ഷേപിക്കുന്ന ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന പ്രൊഫഷണല്‍ സ്ഥാപനങ്ങളെയാണ് വെഞ്ച്വര്‍ ക്യാപ്പിറ്റലിസ്റ്റ് എന്ന് വിളിക്കുന്നത്. വളരെ വലുതാണ് വി.സി ഫണ്ടിംഗ്. വേഗത്തില്‍ സംരംഭം വളര്‍ത്താനാണ് ഇത് ഉപയോഗപ്പെടുത്തുന്നത്.

5. പ്രൈവറ്റ് ഇക്വിറ്റി

പബ്ലിക് ട്രേഡിംഗ് നടത്താത്ത കമ്പനികളിലെ നിഷേപങ്ങളാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. പ്രൈവറ്റ് ഇക്വിറ്റി സാധാരണയായി ഉപയോഗപ്പെടുത്തുന്നത് സ്റ്റാര്‍ട്ടപ്പുകളേക്കാള്‍ ഉയര്‍ന്ന വളര്‍ച്ച നേടിയ സംരംഭങ്ങളാണ്. ഏറെ വലുതാണ് ഈ നിക്ഷേപങ്ങള്‍. ബിസിനസില്‍ സംവിധാനത്തില്‍ മാറ്റങ്ങള്‍ വരുത്താനും പുതിയ വിപണികളില്‍ കടന്നുചെല്ലാനും മറ്റ് ബിസിനസുകള്‍ ഏറ്റെടുക്കാനും മറ്റുമാണ് ഇത്തരം നിക്ഷേപം പ്രയോജനപ്പെടുത്തുന്നത്.

6. ഐ.പി.ഒ (ഇനിഷ്യല്‍ പബ്ലിക് ഓഫറിംഗ്)

ഒരു കമ്പനി പൊതുജനങ്ങള്‍ക്കായി പുതിയ ഓഹരികള്‍ ഇഷ്യു ചെയ്യുന്നതിനെയാണ് പ്രാരംഭ ഓഹരി വില്‍പ്പന (ഐ.പി.ഒ) എന്ന് പറയുന്നത്. സാധാരണ നിക്ഷേപകരില്‍ നിന്ന് മൂലധനം സമാഹരിക്കാന്‍ ഇത് സഹായിക്കും. പബ്ലിക് ഇഷ്യു നടത്തുന്നത് ഒരു സ്റ്റാര്‍ട്ടപ്പിനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒരു ചുവടുവയ്പാണ്. ബിസിനസിന്റെ വലിപ്പവും മാര്‍ക്കറ്റ് ഷെയറും വളരെയേറെ വര്‍ദ്ധിച്ചു എന്നതിന്റെ സൂചനയാണിത്.

ഓരോ തരം ഫണ്ട് സമാഹരണത്തിനും അതിന്റേതായ ഗുണങ്ങളും വെല്ലുവിളികളും ആവശ്യങ്ങളുമുണ്ട്. ഏത് ഫണ്ട് വേണമെന്ന് തീരുമാനിക്കേണ്ടത് സ്റ്റാര്‍ട്ടപ്പിന്റെ വലിപ്പവും ബിസിനസ് നടത്തുന്ന മേഖലയും അടിസ്ഥാനമാക്കിയാണ്. സ്റ്റാര്‍ട്ടപ്പ് വളര്‍ച്ചയുടെ ഏത് ഘട്ടത്തിലാണ്, എന്തൊക്കെയാണ് ഭാവിയില്‍ ലക്ഷ്യമിടുന്നത് എന്നതും ഫണ്ട് സമാഹരണത്തില്‍ പ്രധാനമാണ്.


Tags:    

Similar News