സ്റ്റാര്‍ട്ടപ്പുകളുടെ മൂല്യനിര്‍ണയം എങ്ങനെ നടത്താം? അറിയാം ഏഴ് വ്യത്യസ്ത മാര്‍ഗങ്ങള്‍

പുതിയ നിക്ഷേപകരെ കൊണ്ടുവരാന്‍ ഉദ്ദേശിക്കുമ്പോഴോ ഒരു കമ്പനി വില്‍ക്കുകയോ വാങ്ങുകയോ ചെയ്യുമ്പോഴോ എന്നിങ്ങനെ പല സന്ദര്‍ഭങ്ങളിലും വാല്വേഷന്‍ നടത്തേണ്ടതായി വരും

Update:2024-04-14 14:41 IST

സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കാന്‍ ശ്രമിക്കുന്നവര്‍ക്കും സ്റ്റാര്‍ട്ടപ്പുകളെ കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമായി 'ധനം ഓണ്‍ലൈന്‍' ആരംഭിച്ച സ്റ്റാര്‍ട്ടപ്പ് ഗൈഡിന്റെ പന്ത്രണ്ടാം അദ്ധ്യായമാണിത്. ഈ സീരീസിലെ മുഴുവന്‍ ലേഖനങ്ങളും കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


ഒരു കമ്പനിയുടെ ഇപ്പോഴുള്ള മൂല്യം കണക്കാക്കുന്ന പ്രക്രിയയാണ് വാല്യുവേഷന്‍. പല മാര്‍ഗങ്ങളിലൂടെ മൂല്യനിര്‍ണയം നടത്താം. ഇതിനായി വിലയിരുത്തുന്ന പ്രധാന ഘടകങ്ങളും പലതാണ് - മാനേജ്‌മെന്റ്, ക്യാപ്പിറ്റല്‍ സ്ട്രക്ചര്‍ (മൂലധനത്തില്‍ എത്ര ശതമാനം വായ്പയുണ്ട്, ഇക്വിറ്റി എത്രയുണ്ട് എന്ന കണക്കുകള്‍), ഭാവിയിലെ ആദായം, സ്വത്തുക്കള്‍ക്ക് ഇന്നത്തെ വിപണിയിലുള്ള വില... എന്നിങ്ങനെ പലത്.

കമ്പനിയുടെയോ സ്വത്തിന്റെയോ വാല്യുവേഷന്‍ ആവശ്യമായി വരുന്ന സാഹചര്യങ്ങളും വ്യത്യസ്തമാണ്. പുതിയ നിക്ഷേപകരെ കൊണ്ടുവരാന്‍ ഉദ്ദേശിക്കുമ്പോഴോ ഒരു കമ്പനി വില്‍ക്കുകയോ വാങ്ങുകയോ ചെയ്യുമ്പോഴോ അല്ലെങ്കില്‍ സ്വത്ത് അനന്തരാവകാശികള്‍ക്ക് കൈമാറുമ്പോഴോ ആണ് പലപ്പോഴും മൂല്യനിര്‍ണ്ണയം നടത്തുന്നത്.
ഒരു ബിസിനസിനെ സംബന്ധിച്ചിടത്തോളം അതിന്റെ സാമ്പത്തിക സ്ഥിതിയാണ് മൂല്യനിര്‍ണയത്തിലൂടെ കണക്കാക്കുന്നത്. അതിന്റെ വില (സെയില്‍ വാല്യു), പങ്കാളിയുടെ ഉടമസ്ഥാവകാശം നിര്‍ണയിക്കല്‍, നികുതിയടക്കല്‍, വിവാഹമോചന നടപടിക്രമങ്ങള്‍ എന്നിങ്ങനെ പലതരം ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് ഈ വാല്യുവേഷന്‍ നടത്തുന്നത്.
എന്തിന്റെയെങ്കിലും ഗുണനിലവാരം, അതിന്റെ ഇനം എന്നതിനെക്കുറിച്ചുള്ള അവബോധം അല്ലെങ്കില്‍ അംഗീകാരം- ഇതും വാല്യുവേഷന്‍ എന്ന വാക്ക് കൊണ്ട് അര്‍ത്ഥമാക്കുന്നുണ്ട്.
ബിസിനസ് വാല്യുവേഷന്‍ പല മാര്‍ഗങ്ങളിലൂടെ നടത്താം.
1. Market Value Valuation Method
വിപണിയിലെ മൂല്യം അടിസ്ഥാനമാക്കിയുള്ള മൂല്യനിര്‍ണയം
2. Asset-Based Valuation Method
സ്വത്തുക്കള്‍ അടിസ്ഥാനമാക്കിയുള്ള മൂല്യനിര്‍ണയം
3. ROI-Based Valuation Method
ഭാവിയിലെ ആദായം കണക്കാക്കിയുള്ള മൂല്യനിര്‍ണയം
4. Discounted Cash Flow Valuation Method
ഭാവിയിലെ ക്യാഷ് ഫ്‌ളോ കണക്കാക്കിയുള്ള മൂല്യനിര്‍ണയം
5. EBITDA Multiple Valuation Method
പ്രവര്‍ത്തനാദായം അടിസ്ഥാനമാക്കിയുള്ള മൂല്യനിര്‍ണയം
6. Revenue Multiple Valuation Method
വരുമാനം അടിസ്ഥാനമാക്കിയുള്ള വാല്യുവേഷന്‍
7. Precedent Transactions Valuation Method
തൊട്ടുമുന്‍പുള്ള ഇടപാടുകള്‍ കണക്കിലെടുത്തുകൊണ്ടുള്ള വാല്യുവേഷന്‍
ഈയടുത്ത് വില്‍പ്പന നടന്ന സമാനമായ ബിസിനസുകളുമായി താരതമ്യം നടത്തുന്ന വാല്യുവേഷനാണ് മാര്‍ക്കറ്റ് വാല്യു മൂല്യനിര്‍ണ്ണയ രീതി. അസറ്റ് ബേസ്ഡ് വാല്യുവേഷനെന്നാല്‍ ബാധ്യതകള്‍ ഒഴിച്ചുള്ള സ്വത്തുവകകളുടെ മൂല്യം കണക്കാക്കുക എന്നതാണ്. ROI അടിസ്ഥാനമാക്കിയുള്ള വാല്യുവേഷനില്‍ കമ്പനി ഭാവിയില്‍ നേടാന്‍ സാധ്യതയുള്ള ആദായം വിലയിരുത്തും.
ഭാവിയിലെ ക്യാഷ് ഫ്‌ളോയുടെ ഇന്നത്തെ വില കണക്കാക്കി നടത്തുന്ന മൂല്യനിര്‍ണയമാണ് ഡിസ്‌കൗണ്ടഡ് ക്യാഷ് ഫ്‌ളോ വാല്യുവേഷന്‍. എബിറ്റ്ഡ മള്‍ട്ടിപ്പിള്‍ വാല്യുവേഷന്‍ രീതിയില്‍ കമ്പനിയുടെ പ്രവര്‍ത്തനാദായമാണ്- പലിശ, നികുതി, മൂല്യശോഷണം, തിരിച്ചടയ്‌ക്കേണ്ട കടങ്ങള്‍ എന്നിവ കുറച്ചശേഷമുള്ള ആദായം- കണക്കിലെടുക്കുന്നത്. അതേസമയം റവന്യു മള്‍ട്ടിപ്പിള്‍ വാല്യുവേഷന്‍ രീതിയില്‍ ബിസിനസിന്റെ ആദായമാണ് പരിഗണിക്കുന്നത്. സമാനമായ ബിസിനസ് നടത്തുന്ന കമ്പനികളുടെ വില്‍പ്പന മുന്‍പ് നടന്നപ്പോള്‍ ലഭിച്ച വിലയുമായി താരതമ്യം ചെയ്യുന്ന പ്രെസീഡന്റ് ട്രാന്‍സാക്ഷന്‍സ് വാല്യുവേഷന്‍ രീതിയും നിലവിലുണ്ട്.
Tags:    

Similar News