സ്റ്റാര്‍ട്ടപ്പുകള്‍ ഫണ്ട് സമാഹരിക്കുമ്പോള്‍; ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വേണ്ട ഫണ്ട് സമാഹരണത്തില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങള്‍ ഇവയാണ്
സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കാന്‍ ശ്രമിക്കുന്നവര്‍ക്കും സ്റ്റാര്‍ട്ടപ്പുകളെ കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമായി 'ധനംഓണ്‍ലൈന്‍' ആരംഭിച്ച സ്റ്റാര്‍ട്ടപ്പ് ഗൈഡിന്റെ പത്താം അദ്ധ്യായമാണിത്. ഈ സീരീസിലെ മുഴുവന്‍ ലേഖനങ്ങളും കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഫണ്ടുകള്‍ കണ്ടെത്താനുള്ള വിവിധ മാര്‍ഗങ്ങളെ കുറിച്ചാണ് കഴിഞ്ഞ ലക്കങ്ങളില്‍ പറഞ്ഞത്. ഫണ്ടിംഗ് നേടുമ്പോള്‍ ശ്രദ്ധിക്കാനും ഏറെക്കാര്യങ്ങളുണ്ട്. പ്രധാനപ്പെട്ട കാര്യങ്ങള്‍ നോക്കാം.
1. ഫണ്ട് സമാഹരിക്കുന്നതിന്റെ ലക്ഷ്യം എന്താണെന്ന് നിശ്ചയിക്കുക
എത്ര പണം ആവശ്യമാണ്, അത് എന്തിനുവേണ്ടി ചെലവാക്കണം എന്ന് കൃത്യമായി മനസിലാക്കണം.
2. ഒരു ഫണ്ട് റെയ്‌സിംഗ് ടീം വേണം
ഫണ്ട് സമാഹരണത്തിന്റെ കാര്യങ്ങള്‍ നടപ്പിലാക്കാന്‍ ഒരു ടീമിനെ ചുമതലപ്പെടുത്തുക. ഇതില്‍ സ്ഥാപകര്‍, ഏറ്റവും ഉയര്‍ന്ന നിരയിലെ ഉദ്യോഗസ്ഥര്‍, ഉപദേശകര്‍ എന്നിവരെ ഉള്‍പ്പെടുത്താം.
3. യോജിച്ച നിക്ഷേപകരെ കണ്ടെത്തുക
കമ്പനിയുടെ വികസനം ഏത് തലത്തിലാണോ, ബിസിനസ് ഏത് മേഖലയിലാണോ അതിന് ചേരുന്ന നിക്ഷേപകരെ കണ്ടെത്തണം, ഇതിന് നല്ല റിസര്‍ച്ച് ആവശ്യമാണ്.
4. ഒരു പിച്ച് ഡെക്ക് തയ്യാറാക്കുക
വിപണി, എതിരാളികളായ കമ്പനികള്‍, ഉത്പന്നം, റവന്യു മോഡല്‍, ടീം എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു മികച്ച പ്രസന്റേഷന്‍ വേണം.
5. ശ്രദ്ധയോടെയുള്ള തയ്യാറെടുപ്പുകള്‍
പലതവണ പ്രാക്ടീസ് ചെയ്ത് പ്രസന്റേഷന്‍ ഏറ്റവും മികച്ചതാക്കണം. കമ്പനിയെ വ്യത്യസ്തമാക്കുന്ന മൂല്യങ്ങളും നിക്ഷേപം നല്‍കുന്ന സാധ്യതകളും വ്യക്തമാക്കുന്നതാകണം ഈ പിച്ച്.
6. നിക്ഷേപകരുമായി മുഖാമുഖം
നിക്ഷേപം നടത്താന്‍ സാധ്യതയുള്ളവരെ, റോഡ്‌ഷോകളും മീറ്റിംഗുകളും വഴി നേരിട്ട് കാണുക, അവരുടെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കുക.
7. ചര്‍ച്ചകളിലൂടെ ധാരണയിലെത്തി ഡീല്‍ ഉറപ്പിക്കുക
ഒരു നിക്ഷേപകന് ഫണ്ടിംഗില്‍ താല്പര്യമുണ്ടെന്ന് ഉറപ്പായാല്‍ ഉപാധികളും നിബന്ധനകളും ചര്‍ച്ച ചെയ്ത് തീരുമാനിക്കുക, ഡീല്‍ ഉറപ്പിക്കാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്യുക.
8. നിക്ഷേപകരുമായുള്ള ബന്ധം കാത്തുസൂക്ഷിക്കണം
ഫണ്ടിംഗ് കാര്യങ്ങള്‍ തീരുമാനിച്ചുകഴിഞ്ഞാലും നിക്ഷേപകരുമായുള്ള ആശയവിനിമയം തുടരണം. അവര്‍ക്കാവശ്യമുള്ള എല്ലാ വിവരങ്ങളും നല്‍കണം. പുതിയ കാര്യങ്ങള്‍ അവരെ അറിയിക്കുകയും വേണം.
ഏറ്റവും മികച്ച വാല്യു പ്രൊപ്പോസിഷന്‍ (കമ്പനിയുടെ ഉത്പന്നം അല്ലെങ്കില്‍ സേവനം ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന ഗുണങ്ങള്‍, മൂല്യങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ലഘുവിവരണം) തയ്യാറാക്കാന്‍ സ്റ്റാര്‍ട്ടപ്പുകള്‍ ശ്രദ്ധിക്കണം. ഫണ്ട് സമാഹരണത്തിന്റെ നടപടിക്രമങ്ങള്‍ നടക്കുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതും പ്രധാനമാണ്. ആവശ്യമെങ്കില്‍ നിയമ-കാര്യനിര്‍വഹണ സഹായങ്ങളും സ്വീകരിക്കുക. വളരെ ശ്രദ്ധേയമായ ഒരു ബിസിനസ് പ്ലാന്‍, കമ്പനിയുടെ ഫണ്ടിംഗ് ആവശ്യങ്ങളെക്കുറിച്ചുള്ള കൃത്യമായ അറിവ്, അപാരമായ വളര്‍ച്ചാ സാധ്യത എന്നിവയും ഫണ്ട് സമാഹരണം വിജയകരമായി പൂര്‍ത്തിയാക്കുന്നതില്‍ വളരെ പ്രധാനമാണ്.