ഓഹരി നല്‍കി മൂലധനം നേടാം; കമ്പനികള്‍ക്ക് ഐ.പി.ഒ നല്‍കുന്ന അവസരം

സൂക്ഷ്മമായി വിശകലനം ചെയ്ത് മാത്രമേ ലിസ്റ്റഡ് ആകാനുള്ള തീരുമാനം കമ്പനികള്‍ കൈക്കൊള്ളാവൂ

Update: 2024-05-08 12:19 GMT

സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കാന്‍ ശ്രമിക്കുന്നവര്‍ക്കും സ്റ്റാര്‍ട്ടപ്പുകളെ കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമായി 'ധനം ഓണ്‍ലൈന്‍' ആരംഭിച്ച സ്റ്റാര്‍ട്ടപ്പ് ഗൈഡിന്റെ പതിനെട്ടാം അദ്ധ്യായമാണിത്. ഈ സീരീസിലെ മുഴുവന്‍ ലേഖനങ്ങളും കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

എന്താണ് ഇനിഷ്യല്‍ പബ്ലിക് ഓഫറിംഗ് (പ്രാരംഭ ഓഹരി വില്‍പ്പന) അഥവാ ഐ.പി.ഒ? ഒരു സ്വകാര്യ കമ്പനി ആദ്യമായി അതിന്റെ ഓഹരികള്‍ പൊതുജനങ്ങള്‍ക്ക് നല്‍കി പബ്ലിക് കമ്പനിയാകുന്ന നടപടിക്രമമാണ് ഐ.പി.ഒ.

നിക്ഷേപകരില്‍ നിന്ന് മൂലധനം സമാഹരിക്കാന്‍ ഇതിലൂടെ കമ്പനിക്ക് കഴിയും. ബിസിനസിന്റെ സ്ഥാപകര്‍ക്കും ആദ്യഘട്ട നിക്ഷേപകര്‍ക്കും ലിക്വിഡിറ്റി ഉറപ്പുവരുത്താനും ഐ.പി.ഒയ്ക്ക് സാധിക്കും.
രണ്ട് ഘട്ടങ്ങള്‍
ഐ.പി.ഒയുടെ നടത്തിപ്പിന് രണ്ട് ഭാഗങ്ങളുണ്ട്. ഒന്ന്, ഐ.പി.ഒ പ്രഖ്യാപിക്കുന്നതിന് മുമ്പുള്ള മാര്‍ക്കറ്റിംഗ് ഘട്ടം, രണ്ട്, ഇനിഷ്യല്‍ പബ്ലിക് ഓഫറിംഗ് നടപടികളുടെ ഘട്ടം. ഐ.പി.ഒ നടത്തുന്നതിന് എകസ്‌ചേഞ്ചുകളും സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷനും (എസ്.ഇ.സി) ആവശ്യപ്പെടുന്ന നിബന്ധനകള്‍ കമ്പനികള്‍ പാലിക്കേണ്ടതാണ്.
പ്രാഥമിക വിപണിയിലൂടെ (പ്രൈമറി മാര്‍ക്കറ്റ്) ഓഹരികള്‍ വിതരണം ചെയ്ത് മൂലധനം നേടാനുള്ള അവസരമാണ് ഐ.പി.ഒയിലൂടെ കമ്പനികള്‍ക്ക് ലഭിക്കുന്നത്.
ഐ.പി.ഒകള്‍ പ്രധാനമായും രണ്ട് തരത്തിലുണ്ട്- ഫിക്‌സ്ഡ് പ്രൈസ് ഓഫറിംഗ്, ബുക്ക് ബില്‍ഡിംഗ് ഓഫറിംഗ്. ഓഹരികളുടെ ആദ്യ വില്‍പ്പനയുടെ വിവരങ്ങള്‍ കമ്പനിയുടെ പ്രോസ്‌പെക്ടസില്‍ നിന്ന് മനസിലാക്കി, മുഴുവന്‍ തുകയും നല്‍കി ഓഹരികള്‍ വാങ്ങിയാണ് ഐ.പി.ഒയില്‍ നിക്ഷേപം നടത്തുന്നത്.
ഐ.പി.ഒയിലൂടെ പബ്ലിക് കമ്പനിയാകുന്നത് വഴി ഒരു സംരംഭത്തിന് ലഭിക്കുന്ന പ്രയോജനങ്ങള്‍ പലതാണ്:
1. മൂലധന സമാഹരണം :
പൊതുജനങ്ങള്‍ക്ക് ഓഹരികള്‍ വില്‍ക്കുന്നതിലൂടെ മൂലധനം സമാഹരിക്കാന്‍ കമ്പനികള്‍ക്ക് കഴിയുന്നു. ഈ തുക കമ്പനിയുടെ വളര്‍ച്ചയ്ക്ക് വേണ്ടിയും കടം കുറയ്ക്കാനും മറ്റ് ബിസിനസ് പ്രവര്‍ത്തനങ്ങള്‍ നടത്താനും വേണ്ടി ഉപയോഗപ്പെടുത്താം.
2. ഉയര്‍ന്ന അവബോധം :
ഐ.പി.ഒ പ്രഖ്യാപനം മികച്ച പബ്ലിസിറ്റി നല്‍കി കമ്പനിയെയും അതിന്റെ ഉത്പന്നങ്ങളെയും സേവനങ്ങളെയും കുറിച്ച് അവബോധമുണ്ടാക്കാന്‍ സഹായിക്കും. ഇത് മാര്‍ക്കറ്റ് ഷെയറും കസ്റ്റമര്‍ ബേസും വര്‍ധിപ്പിക്കും.
3. ജീവനക്കാരെ ആകര്‍ഷിക്കാനും നിലനിര്‍ത്താനും സഹായിക്കും:
സ്റ്റോക്ക് ഗ്രാന്റ്, സ്റ്റോക്ക് ഓപ്ഷന്‍, ഡിസ്‌കൗണ്ട്ഡ് സ്റ്റോക്ക് പര്‍ചേസ് പ്ലാന്‍ എന്നിവ നല്‍കി മികച്ച ജീവനക്കാരെ ആകര്‍ഷിക്കാനും കമ്പനിയില്‍ നിലനിര്‍ത്താനും കഴിയും. പ്രത്യേകിച്ച് റിസ്‌കെടുക്കാന്‍ താല്പര്യമില്ലാത്തവരെയും വലിയ പബ്ലിക് കമ്പനികളില്‍ മാത്രം ജോലി ചെയ്യാന്‍ ഇഷ്ടപ്പെടുന്നവരെയും.
4. വിശ്വാസ്യതയും പബ്ലിസിറ്റിയും :
ഐ.പി.ഒ ഒരു കമ്പനിയുടെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കുകയും അതിന് വേണ്ട പബ്ലിസിറ്റി നല്‍കുകയും ചെയ്യും. പലപ്പോഴും പെട്ടെന്നുള്ള വളര്‍ച്ച നേടാനും ബിസിനസ് വിപുലമാക്കാനും വേണ്ട ഫണ്ടുകള്‍ നേടാനുള്ള ഒരേയൊരു വഴി ഐ.പി.ഒ ആണ്.
5. മാര്‍ക്കറ്റ് വാല്യുവേഷന്‍:
ഐ.പി.ഒ ഒരു കമ്പനിയുടെ മാര്‍ക്കറ്റ് വാല്യുവേഷന്‍ ഉയര്‍ത്തും. അതിന്റെ സമ്പൂര്‍ണ്ണമായ സാമ്പത്തിക നില മികച്ചതാക്കാന്‍ ഐപിഓ ഗുണംചെയ്യും.
6. കോര്‍പ്പറേറ്റ് ഡെറ്റ് കുറയ്ക്കും:
ഐ.പി.ഒയിലൂടെ സമാഹരിക്കുന്ന മൂലധനം ഉപയോഗിച്ച് കടം കുറയ്ക്കാം, മികച്ച ബാലന്‍സ് ഷീറ്റ് നേടാം.
ഐ.പി.ഒയുടെ ഗുണങ്ങള്‍ പലതാണെങ്കിലും അതിന് പോരായ്മകളുമുണ്ടെന്ന കാര്യം ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. വളരെയേറെ സമയമെടുക്കുന്ന നടപടിക്രമങ്ങള്‍, കര്‍ശനമായ നിയമങ്ങളും നിയന്ത്രണങ്ങളും എന്നിവ കൂടാതെ കമ്പനിയുടെ മേലുള്ള പൂര്‍ണ്ണമായ ഉടമസ്ഥാവകാശവും നിയന്ത്രണവും സ്ഥാപകര്‍ക്ക് നഷ്ടമാകും. അതുകൊണ്ട് ഇതിന്റെ നേട്ടങ്ങളും കോട്ടങ്ങളും സൂക്ഷ്മതയോടെ വിശകലനം ചെയ്തശേഷം മാത്രമാണ് പബ്ലിക് ആകാനുള്ള തീരുമാനം എടുക്കേണ്ടത്.
Tags:    

Similar News