പ്രൈവറ്റ് ഇക്വിറ്റി ഫണ്ടിംഗ്; ബിസിനസുകളെ വാങ്ങി വിജയിപ്പിച്ച് വില്‍ക്കുന്ന തന്ത്രം

ബിസിനസ് വിപുലമാക്കാനും ഇതര ബിസിനസുകള്‍ ഏറ്റെടുക്കാനും വളര്‍ച്ചയ്ക്കാവശ്യമായ മറ്റ് പദ്ധതികള്‍ ആവിഷ്‌കരിക്കാനും പി.ഇ ഫണ്ട്‌ ഉപയോഗപ്പെടുത്താം

Update:2024-04-28 11:00 IST

സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കാന്‍ ശ്രമിക്കുന്നവര്‍ക്കും സ്റ്റാര്‍ട്ടപ്പുകളെ കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമായി 'ധനം ഓണ്‍ലൈന്‍' ആരംഭിച്ച സ്റ്റാര്‍ട്ടപ്പ് ഗൈഡിന്റെ പതിനാറാം  അദ്ധ്യായമാണിത്. ഈ സീരീസിലെ മുഴുവന്‍ ലേഖനങ്ങളും കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

പബ്ലിക് ട്രേഡിംഗ് ഇല്ലാത്ത കമ്പനികളില്‍ നടത്തുന്ന നിക്ഷേപങ്ങളാണ് പ്രൈവറ്റ് ഇക്വിറ്റി ഫണ്ടിംഗ് (PE Funding) എന്ന പേരില്‍ അറിയപ്പെടുന്നത്. പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനങ്ങളാണ് പലപ്പോഴും ഇത്തരം നിക്ഷേപങ്ങള്‍ നടത്തുന്നത്. സ്റ്റാര്‍ട്ടപ്പ് കമ്പനികളെ വാങ്ങി, കുറേക്കാലം അവ മാനേജ് ചെയ്ത ശേഷം വില്‍ക്കുന്ന ഇന്‍വെസ്റ്റ്‌മെന്റ് പാര്‍ട്ട്‌നര്‍ഷിപ്പുകളാണ് പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനങ്ങള്‍.

ഇത്തരം സ്ഥാപനങ്ങള്‍, അംഗീകൃത നിക്ഷേപകരുടെയും ഇടപാടുകാരുടെയും നിക്ഷേപങ്ങള്‍ സ്വരൂപിച്ചാണ് ഇക്വിറ്റി ഫണ്ടുകളായി നല്‍കുന്നത്. നിക്ഷേപ സ്ഥാപനങ്ങളില്‍ നിന്നും ഉയര്‍ന്ന വരുമാനമുള്ള വ്യക്തികളില്‍ നിന്നും മാത്രമേ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനങ്ങള്‍ നിക്ഷേപങ്ങള്‍ സ്വീകരിക്കാറുള്ളു.

 ഏറ്റവും പുതിയ ധനംഓണ്‍ലൈന്‍ വാര്‍ത്തകളും അപ്‌ഡേറ്റുകളും ലഭിക്കാൻ അംഗമാകൂ: വാട്‌സ്ആപ്പ്ടെലഗ്രാം​

കമ്പനികളെ പൂര്‍ണമായി വാങ്ങാനോ കൂട്ടുചേര്‍ന്നുള്ള ഏറ്റെടുക്കലുകളില്‍ നിക്ഷേപിക്കാനോ വേണ്ടിയാണ് ഇത്തരം നിക്ഷേപങ്ങള്‍ ഉപയോഗിക്കുന്നത്. വില്‍ക്കുമ്പോള്‍ ലഭിക്കുന്ന ലാഭം ലക്ഷ്യമിട്ട് കമ്പനികളെ വാങ്ങിയ ശേഷം വേണ്ട മാറ്റങ്ങള്‍ വരുത്താന്‍ ഈ ഫണ്ടുകള്‍ പലപ്പോഴും പ്രയോജനപ്പെടുത്താറുണ്ട്.

നിക്ഷേപവും എക്‌സിറ്റും

പ്രൈവറ്റ് ഇക്വിറ്റി ഫണ്ടുകള്‍ക്ക് ഒരു നിശ്ചിത നിക്ഷേപ പരിധിയുണ്ട്. ഇത് സാധാരണ നാല് മുതല്‍ ഏഴ് വര്‍ഷം വരെയാണ്. ഈ കാലാവധി അവസാനിക്കുമ്പോള്‍ മികച്ച ലാഭം നേടി ഇടപാടില്‍ നിന്ന് പുറത്തുകടക്കാമെന്നാണ് പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനങ്ങള്‍ കണക്കാക്കുന്നത്. ഇവരുടെ എക്‌സിറ്റ് സ്ട്രാറ്റജി പലതാണ്. ഐ.പി.ഒ നടത്താം, അല്ലെങ്കില്‍ മറ്റൊരു നിക്ഷേപ സ്ഥാപനത്തിനോ വ്യക്തികള്‍ക്കോ കമ്പനികള്‍ക്കോ ബിസിനസ് വില്‍ക്കാം.

മാനേജ്‌മെന്റ്, പ്രൈവറ്റ് ഇക്വിറ്റി ഫണ്ടുകള്‍, സബോര്‍ഡിനേറ്റഡ് ഡെറ്റ് ഹോള്‍ഡേഴ്‌സ്, ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കുകള്‍ എന്നിവര്‍ക്കെല്ലാം ഇത്തരം ഫണ്ടിംഗിന്റെ നേട്ടങ്ങളില്‍ പങ്കുണ്ട്.

ആനുകൂല്യങ്ങള്‍

സാധാരണക്കാര്‍ക്ക് ലഭിക്കാത്ത ഇടപാടുകളുടെ ഭാഗമാകാനുള്ള അവസരം ഉള്‍പ്പെടെ പ്രൈവറ്റ് ഇക്വിറ്റി നിക്ഷേപകര്‍ക്ക് ഒട്ടേറെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ട്. പല പ്രൈവറ്റ് കമ്പനികളുടെയും വാല്യുവേഷന്‍ പൊതുവെ കുറവായതിനാല്‍ പ്രൈവറ്റ് ഇക്വിറ്റി നിക്ഷേപങ്ങള്‍ക്ക് ദീര്‍ഘകാലയളവില്‍ ഉയര്‍ന്ന റിട്ടേണുകള്‍ ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. ഇത്തരം കമ്പനികള്‍ക്ക് വേണ്ടി സുപ്രധാന തീരുമാനങ്ങളെടുക്കാനും മറ്റും നിക്ഷേപകര്‍ക്ക് കഴിയുന്നതുകൊണ്ട് അവരുടെ നിക്ഷേപങ്ങളില്‍ കൂടുതല്‍ സജീവമായി ഇടപെടാനുള്ള അവസരവും പ്രൈവറ്റ് ഇക്വിറ്റി ഇന്‍വെസ്റ്റിംഗിലൂടെ ലഭിക്കും. പബ്ലിക് കമ്പനികള്‍ പാലിക്കേണ്ട പല നിയമങ്ങളും നിയന്ത്രണങ്ങളും പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനങ്ങള്‍ക്ക് ബാധകമല്ല, അതുകൊണ്ട് കൂടുതല്‍ വേഗത്തില്‍ തീരുമാനങ്ങളെടുക്കാന്‍ അവര്‍ക്ക് കഴിയും.

'വില്‍ക്കാനായി വാങ്ങുക'

ഇത്തരം ഫണ്ടിംഗിലൂടെ ലഭിക്കുന്ന മൂലധനം ബിസിനസ് വിപുലമാക്കാനും ഇതര ബിസിനസുകള്‍ ഏറ്റെടുക്കാനും വളര്‍ച്ചയ്ക്കാവശ്യമായ മറ്റ് പദ്ധതികള്‍ ആവിഷ്‌കരിക്കാനും ഉപയോഗപ്പെടുത്താം. പൊതുവിപണിയിലെ റിസ്‌കുകള്‍ക്കൊപ്പം ബിസിനസും ഫിനാന്‍സുമായി ബന്ധപ്പെട്ട റിസ്‌കുകളും ഒഴിവാക്കി, പോര്‍ട്ട്‌ഫോളിയോ കൂടുതല്‍ വ്യത്യസ്തമാക്കാന്‍ ഈ നിക്ഷേപങ്ങള്‍ സഹായിക്കും. നിക്ഷേപകരുടെ കൂട്ടായ പങ്കാളിത്തമുള്ളതിനാല്‍ പലവിധത്തിലുള്ള ഫീസ് ലാഭിക്കാം, ഡ്യൂ ഡിലിജന്‍സ് പല മടങ്ങാകും.

പ്രൈവറ്റ് ഇക്വിറ്റിയുടെ വിജയത്തിന്റെ പ്രധാന കാരണം ''വില്‍ക്കുന്നതിന് വേണ്ടി വാങ്ങുക'' എന്ന തന്ത്രമാണ്. ഇത് കൂടുതല്‍ ഉയര്‍ന്ന നേട്ടം ഉറപ്പുവരുത്തും.

Tags:    

Similar News