പ്രേരണ- അധ്യായം 18

ചില സൂചനകള്‍ അടങ്ങുന്ന ഒരു കത്തിനെ പിന്തുടര്‍ന്ന് ലണ്ടനില്‍ നിന്നും മുംബൈയില്‍ എത്തുന്ന ജീവന്‍ ജോര്‍ജ്. മുംബൈയിലെ തിരക്കേറിയ ട്രെയിന്‍ യാത്രയില്‍ കത്ത് നഷ്ടമാകുന്നെങ്കിലും ഓര്‍മിച്ചെടുക്കുന്ന മേല്‍വിലാസത്തില്‍ കൃത്യമായി ലേഡീസ് ഹോസ്റ്റലില്‍ എത്തിച്ചേര്‍ന്ന ജീവന് നിമ്മിയെ കാണാനാവുന്നില്ല. തിരികെ ഹോട്ടലില്‍ എത്തുന്ന ജീവന് ഒരു പെന്‍ഡ്രൈവ് റിസെപ്ഷനിസ്റ്റില്‍ നിന്ന് ലഭിക്കുന്നെങ്കിലും അത് നല്‍കിയ ആളെ കാണാനാവാതെ പിറ്റേന്ന് ലണ്ടനിലേക്ക് മടങ്ങേണ്ടി വരുന്നു.

തിരികെ ഫ്ളാറ്റിലെത്തി പെന്‍ഡ്രൈവിലെ ഫയല്‍ തുറക്കുന്ന ജീവന്‍ തന്നെക്കുറിച്ചെന്നോണം രചിക്കപ്പെട്ട ഒരു പുസ്തകത്തിന്റെ ആദ്യ താളുകള്‍ കാണുന്നു. മുംബൈയിലെ തന്റെ പേഴ്സണല്‍ അസിസ്റ്റന്റായി എത്തി പുസ്തക രചന എന്ന അധിക ദൗത്യം കൂടി ഏറ്റെടുത്തു, ഒടുവില്‍ അത് പൂര്‍ത്തിയാക്കുന്നതിനു മുന്‍പ് അപ്രത്യക്ഷയായ പ്രേരണ എന്ന പെണ്‍കുട്ടിയിലൂടെ എഴുതപ്പെട്ട പുസ്തകം! ജോലിക്കായി മുംബൈയിലെത്തി, ഓഹരി ബ്രോക്കിംഗ് ബിസിനസിന്റെ സാധ്യതകള്‍ തിരിച്ചറിഞ്ഞു, ആ മേഖലയില്‍ അനുഭവസമ്പത്തുള്ള സുധീറുമൊത്ത് ഫ്രാഞ്ചൈസി ബിസിനസിലൂടെ ആരംഭിച്ചു കമ്പനിയായി രൂപഭേദം വന്ന ജെ.എസ് മിഡാസ് സ്റ്റോക്ക് ബ്രോക്കിംഗ് എന്ന തന്റെ ബിസിനസിനെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ വായിച്ചു ജീവന്‍ അത്ഭുതപ്പെടുന്നു.
മൂലധനമില്ലാതെ ഇനി ഒരടി പോലും മുന്നോട്ടു പോകാനാവില്ല എന്ന ഘട്ടത്തില്‍ ഒരു രക്ഷകനെപോലെ അവതരിച്ച വിജയ് അധികാരി എന്ന ഇന്‍വെസ്റ്ററുടെ കൈകളിലേക്ക് കമ്പനി എത്തും മുന്‍പ് കോട്ടയത്തു രജിസ്റ്റര്‍ ചെയ്ത സ്റ്റോണ്‍ കോര്‍ട്ട് ട്രസ്റ്റ് കമ്പനിയില്‍ മൂലധനമിറക്കാന്‍ സന്നദ്ധമാകുന്നു. അധികാരിയുടെ എതിര്‍പ്പിനെ അവഗണിച്ച് ആരംഭിക്കുന്ന ഫ്രാഞ്ചൈസി ബിസിനസ് മോഡല്‍ കുറഞ്ഞ നാളുകള്‍ക്കുള്ളില്‍ ഒരു പരാജയമാണെന്ന് തിരിച്ചറിയുന്ന ഘട്ടത്തില്‍ ഈ ഫ്രാഞ്ചൈസികള്‍ കമ്പനിയുടെ ബ്രാഞ്ചുകളായി മാറ്റുവാനും ഫ്രാഞ്ചൈസി ഉടമകള്‍ക്ക് സെക്യൂരിറ്റിയായി നല്‍കിയ തുകക്ക് ആനുപാതികമായി ഓഹരികള്‍ നല്‍കാനും തീരുമാനമാകുന്നു.
പബ്ലിക് ലിമിറ്റഡ് കമ്പനിയായി മാറിയ ജെ.എസ് മിഡാസിനെ ഏറ്റെടുക്കാന്‍ ദുബായ് ആസ്ഥാനമായ ജെബീബ് ബാങ്ക് രംഗത്തു വരുന്നു. ശക്തരായ ജീവനെയും സ്റ്റോണ്‍ കോര്‍ട്ട് ട്രസ്റ്റിനെ പ്രതിനിധീകരിക്കുന്ന റോജിയെയും എതിര്‍ക്കാന്‍ അധികാരി ദുര്‍ബലമായി ശ്രമിക്കുന്നുണ്ടെങ്കിലും, മികച്ച വില നല്‍കി കമ്പനിയുടെ എഴുപത്തി നാല് ശതമാനം ഓഹരികള്‍ ബാങ്ക് സ്വന്തമാക്കുന്നു.
കുറഞ്ഞ മൂലധനവും ഇച്ഛാശക്തിയുമായി രംഗത്ത് വന്ന വിജയിച്ച ജീവന്‍ ജോര്‍ജ് എന്ന സംരംഭകനെക്കുറിച്ചുള്ള പുസ്തകത്തിന്റെ അവസാന താളുകളില്‍ എഴുത്തിന്റെ ശൈലിയില്‍ വന്ന വ്യതിയാനം ജീവനെ അത്ഭുതപ്പെടുത്തുന്നു. തുടര്‍ന്ന് പ്രേരണ ആരാണെന്നറിയാനുള്ള അന്വേഷണത്തിലായി ജീവന്‍...
(തുടര്‍ന്ന് വായിക്കുക)
അധ്യായം -21
ഫേസ്ബുക്ക്
വെംബ്ലി സ്റ്റേഷനിലിറങ്ങിയപ്പോള്‍ ഒരിക്കല്‍ കൂടി മൊബൈലിലേക്ക് നോക്കി. അല്‍പ്പം തടി കൂടിയതൊഴിച്ചാല്‍ പ്രേരണയ്ക്കു വലിയ മാറ്റമില്ല. ബെല്ലടിച്ചു നിമിഷങ്ങള്‍ക്കുള്ളില്‍ ആന്‍സി വാതില്‍ തുറന്നു. മൊബൈല്‍ സ്‌ക്രീന്‍ കാട്ടിക്കൊണ്ടാണ് ചോദിച്ചത്
''ഇതെവിടുന്നു കിട്ടി?''
''അത് പറയാം.. അതിന് മുന്‍പ് എനിക്കൊന്നു ചോദിക്കാനുണ്ട്,''- ആന്‍സിയുടെ മുഖത്തേക്ക് അത്ഭുതത്തോടെ നോക്കി.
''നിങ്ങടെ കമ്പനീലൊരാളെ ജോലിക്കെടുക്കുമ്പോ ആളെക്കുറിച്ച് ഒന്നും നോക്കാറില്ലേ... പേരും അഡ്രസും പോലും !...''
''അതെന്നാ അങ്ങനെ....''- മുഴുമിപ്പിക്കാതെ ആന്‍സിയെ നോക്കി.
''അതല്ല, ഇവിടെ ഒരു ജോലിക്കെടുക്കുമ്പോ ഡി ബി എസ് ചെക്ക് എന്നൊരു പരിപാടിയുണ്ട് ...ആളെക്കുറിച്ചുള്ള വിവരം മാത്രമല്ല, ആള്‍ വല്ല ക്രിമിനല്‍ കേസിലും പെട്ടിട്ടുണ്ടോ എന്നു പോലും പരിശോധിക്കപ്പെടും.''
''ഞങ്ങള്‍ ജോലിക്കെടുക്കുമ്പോ പ്രധാനമായും നോക്കുന്നത് ജോലി ചെയ്യാനുള്ള ആളുടെ കഴിവാ... ഐഡന്റിറ്റി കാര്‍ഡും, സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പിയുമൊക്ക വാങ്ങും... റഫറന്‍സിനു നല്‍കുന്ന അഡ്രസിലേക്ക് കത്ത് അയക്കുന്നതോടെ തീര്‍ന്നു...''
''എന്നിട്ട് റഫറിയുടെ മറുപടി വന്നോ''- ചിരിച്ചു കൊണ്ടാണ് ആന്‍സി ചോദിച്ചത്.
''ഇല്ല, റഫറന്‍സ് ലെറ്ററിനുള്ള മറുപടി പോലും വന്നില്ലെന്നറിഞ്ഞത് അവള്‍ പോയ ശേഷം മാത്രമാ... നീ കാര്യം പറ.... പ്രേരണെടെ ഫോട്ടൊ നിനക്കെവിടുന്നു കിട്ടി?''
''അവള്‍ പ്രേരണയല്ല ജീവന്‍.... ജെനി....ബിനു സക്കറിയയുടെ ഭാര്യ.... പക്ഷേ, ഇപ്പോ ഇതല്ലാതൊന്നുമെനിക്കറീല്ല''
ആ മറുപടി കേട്ട് സോഫയില്‍ ഇരുന്നു പോയി. എത്ര തന്ത്രപരമായി അവള്‍ കബളിപ്പിച്ച് കടന്നുകളഞ്ഞു!
''എന്തേലും കഴിച്ചാരുന്നോ?''
''ഇല്ല, വിശപ്പില്ല...''
''ജീവന്‍ വെറുതെ ആലോചിച്ചു കൂട്ടണ്ട.... രണ്ടു ദിവസം സമയം താ... വിവരങ്ങള്‍ ഞാന്‍ തന്നെ തരാം..''
മേശപ്പുറത്തു പാത്രങ്ങള്‍ നിരത്തുന്ന ആന്‍സി.
അത്ഭുതത്തോടെയാണത് കേട്ടത്. രണ്ടു ദിവസം കൊണ്ട് അവള്‍ വിവരങ്ങള്‍ തരുമത്രേ.... എന്ത് വിവരങ്ങള്‍!... അവള്‍ എന്തിനാണ് കമ്പനിയില്‍ വന്നതെന്നോ....
'കൂടുതലൊന്നും അറിയാനില്ല... എല്ലാം ജെബീബ് ബാങ്ക് മുന്‍കൂട്ടി പ്ലാന്‍ ചെയ്തിരിക്കണം. വലിയ മുതല്‍ മുടക്കില്ലാതെ ഒരു ഇന്ത്യന്‍ സ്റ്റോക്ക് ബ്രോക്കിംഗ് കമ്പനിയെ അവരങ്ങേറ്റെടുത്തു... ബിനു സക്കറിയ ആയിരിക്കാം ചുമതലക്കാരന്‍.... അയാള്‍ ഭംഗിയായി ആ ജോലി ചെയ്തു. പക്ഷേ, ആ ഇടപാടില്‍ അവര്‍ക്കെന്നെ വിഡ്ഢിയാക്കാന്‍ കഴിഞ്ഞിട്ടില്ല....''
കബളിപ്പിക്കപ്പെട്ടു എന്ന് ബോധ്യം വന്നിട്ടും പരാജിതനെന്നു സമ്മതിക്കാനാവുന്നില്ല. അല്ലെങ്കിലും ആ ഇടപാട് സാമ്പത്തിക നേട്ടം മാത്രമല്ലേ ഉണ്ടാക്കിയിട്ടുള്ളൂ, പിന്നെന്തിന് വേവലാതിപ്പെടുന്നു.
''ജീവന് നഷ്ടമൊന്നുമുണ്ടായില്ലല്ലോ... പിന്നെന്തിനാ വെറുതെ.... വന്നു കഴിക്കാന്‍ നോക്ക്'' ഗ്ലാസില്‍ വെള്ളം പകര്‍ന്നു കൊണ്ടാണ് ആന്‍സി പറഞ്ഞത്. കൈ കഴുകുമ്പോള്‍ ചോദിച്ചു. ''നിനക്കെവിടുന്നാ അവടെ ഫോട്ടോ കിട്ടിയേ'' ''ലാപ്‌ടോപ്പിലെ ഫയല്‍ വായിക്കാന്‍ ജീവനല്ലേ പറഞ്ഞേ... വായന കഴിഞ്ഞപ്പോ ഫേസ്ബുക്കില്‍ ഒന്ന് തപ്പി.
നമ്മുടെ നാട്ടില്‍ പ്രേരണ എന്ന പേര് ചുരുക്കം... എന്നാല്‍ ബോംബെയിലിഷ്ടം പോലെ... പക്ഷെ ആ പേരുള്ള ബോംബെ മലയാളികളെ കണ്ടെത്താന്‍ പറ്റിയില്ല...''
പാത്രത്തിലേക്ക് ചോറ് വിളമ്പിക്കൊണ്ട് ആന്‍സി പറഞ്ഞു. ബിനു സക്കറിയയെ ഒന്ന് തപ്പാമെന്നപ്പഴാ വിചാരിച്ചേ..... ജെബീബ് ബാങ്കില്‍ ജോലി ചെയ്യുന്ന ബിനു സക്കറിയയെ ഫേസ്ബുക്കിലൂടെ പെട്ടെന്ന് കിട്ടി.
'മാരീഡ് ടു ജെനി' എന്ന് കണ്ടപ്പോഴേ എനിക്കങ്ങു തോന്നി... ഇതവളാരിക്കുമെന്ന്... ജെനിയുടെ ഫോട്ടോ ആ പേജില്‍ ഇല്ല എന്ന് കണ്ടതോടെ സംശയം വര്‍ധിപ്പിച്ചു... പിന്നെ ജനീടെ പ്രൊഫൈല്‍ തപ്പിയാ ഈ ഫോട്ടോ കിട്ടിയേ....
അത്ഭുതത്തോടെ ആന്‍സിയെ കേട്ടിരുന്നു. ''സംശയം തോന്നിയ മൂന്ന് പ്രേരണമാരുടെയും ജെനിയുടെയും ഫോട്ടോ സ്‌ക്രീന്‍ ഷോട്ടെടുത്തെങ്കിലും ആദ്യം ജീവനയച്ചത് ജെനിയുടെ ഫോട്ടോ തന്നാ. ഊഹം കൃത്യം!.''
വിശപ്പില്ലായിരുന്നെങ്കിലും എന്തൊക്കെയോ കഴിച്ചെന്നു വരുത്തി എഴുന്നേറ്റു. തല വേദനിക്കുന്നു, ഒരു ക്രോസിന്‍ കഴിച്ചു മയങ്ങാന്‍ കിടന്നു. ചെറുതായൊന്നു മയങ്ങിയിരിക്കണം. നെറ്റിയില്‍ കൈപ്പടം അമര്‍ന്നപ്പോഴാണ് കണ്ണുകള്‍ തുറന്നത്.
''ഞാനിറങ്ങുവാ.... ഓരോന്നാലോചിച്ചു ചുമ്മാ ഉറക്കം കളയല്ലേ... അവളെക്കുറിച്ചുള്ള ബാക്കി വിവരങ്ങള്‍ ഞാന്‍ സംഘടിപ്പിച്ചു തരാം.''
ആറു മണിക്കാണ് ആന്‍സിക്ക് നൈറ്റ് ഡ്യൂട്ടി. കതകടച്ചു വീണ്ടും കട്ടിലിലേക്ക്. മരുന്ന് കഴിച്ചതിന്റെയാവണം തലവേദന വിട്ടിരുന്നു. ഹീറ്റര്‍ ഓണാക്കി ക്വില്‍റ്റിനടിയിലേക്കു കയറി. മൊബൈല്‍ കോളാണ് ഉണര്‍ത്തിയത്.
ഡ്യൂട്ടി സമയത്തു ആന്‍സി വിളിക്കണമെങ്കില്‍ അത്രയ്ക്ക് അത്യാവശ്യമുണ്ടാവണം. ''ജനിയുടെ ഒരു മെയില്‍ ഫോര്‍വേഡ് ചെയ്തിട്ടുണ്ട്. ഡ്യൂട്ടി സമയമായതിനായത് കൊണ്ട് ഞാന്‍ വായിച്ചില്ല.''ആന്‍സി സംഭാഷണം അവസാനിപ്പിച്ചു. ജോലി സമയത്തു ഫോണ്‍ ചെയ്യുക എന്നത് പോലും അങ്ങേയറ്റം ശ്രമകരം. സമയം നോക്കി, പതിനൊന്നര കഴിഞ്ഞിരിക്കുന്നു. ആന്‍സിക്ക് ജെനിയുടെ മെയില്‍! പക്ഷെ എങ്ങനെ.
തുടരും...



Manoj Thomas
Manoj Thomas  

Related Articles

Next Story

Videos

Share it