സെലിബ്രിറ്റികള്‍ ബിസിനസിലേക്ക് ഇറങ്ങുമ്പോള്‍...

'സെലിബ്രിറ്റി അല്ലെങ്കില്‍ പ്രസിദ്ധര്‍ ആകുക എന്നത് ലക്ഷത്തില്‍ ഒന്നോ രണ്ടോ ആളുകള്‍ക്ക് മാത്രം ലഭിച്ചേക്കാവുന്ന ഒരു കനിയാണ്. കരീന കപൂറിന്റെയും സെയ്ഫ് അലിഖാന്റെയും മകന്‍ തിമൂറിനെപോലെയുള്ള ചുരുക്കം ചിലര്‍ മാത്രമേ സെലിബ്രിറ്റി ആയി തന്നെ പിറന്ന് വീഴുന്നുള്ളൂ. ബാക്കിയുള്ള മിക്കവാറും പേര്‍ സ്വപ്രയത്‌നംകൊണ്ടുതന്നെയാണ് പ്രശസ്തി കൈവരിക്കുന്നത്. സെലിബ്രിറ്റി എന്ന വാക്കിന് പ്രസിദ്ധിയാര്‍ജ്ജിച്ചവര്‍/യശസ്സുള്ളവര്‍ എന്നൊക്കെയുള്ള സര്‍വ്വജനീനമായൊരു അര്‍ത്ഥമാണ് നിഘണ്ടുവില്‍ ഉള്ളതെങ്കിലും, പ്രമുഖമായും സിനിമാ-കായികമേഖലയിലുള്ളവരെയാണ് ഈ വാക്ക് കേള്‍ക്കുമ്പോള്‍ നമുക്ക് ഓര്‍മ്മ വരുന്നത്. അല്ലേ? ഈ രണ്ട് മേഖലകളിലെയും പ്രശസ്തരെ ആരാധിക്കുന്ന മനോഭാവം നിലനില്‍ക്കുന്ന നമ്മുടെ സമൂഹങ്ങളില്‍, സെലിബ്രിറ്റികള്‍ വളരെ സ്വാധീന ശേഷികൂടി ഉള്ളവരാണ്. അതുകൊണ്ടുതന്നെയാണ്, പ്രശസ്തരെ ഉപയോഗിച്ചുള്ള പരസ്യങ്ങള്‍ വളരെക്കാലമായി ഇവിടങ്ങളില്‍ വിജയകരമായി ബ്രാന്‍ഡുകള്‍ പരീക്ഷിച്ചുവരുന്നത്.

സ്വന്തം ബ്രാന്‍ഡുകള്‍ക്ക് പലതുണ്ട് ഗുണം

ഇങ്ങനെയുള്ള സെലിബ്രിറ്റി പരസ്യപ്രചാരണങ്ങളെക്കുറിച്ച് (celebrity endoresements) നമ്മള്‍ ഈ കോളത്തില്‍ നേരത്തെ ചര്‍ച്ച ചെയ്തിട്ടുള്ളതാണല്ലോ. അടുത്തകാലത്തായി നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാകും, നമുക്കറിയാവുന്ന പല സെലിബ്രിറ്റികളും സ്വന്തമായി ബ്രാന്‍ഡുകള്‍ പുറത്തിറക്കുന്നു!

പൊതുജനശ്രദ്ധ കൂടുതലുള്ള മേഖലകളായതുകൊണ്ടുതന്നെ, ഇങ്ങനെ സ്വന്തം ബ്രാന്‍ഡുകള്‍ ഇറക്കുന്നവരും കൂടുതല്‍ സിനിമ-കായിക മേഖലകളില്‍ നിന്നുള്ളവര്‍ തന്നെയാണ്. ഡേവിഡ് ബെക്കമിന്റെ പെര്‍ഫ്യൂം ബ്രാന്‍ഡ് മുതല്‍ ആലിയഭട്ടിന്റെ 'ആലിയ' ഫാഷന്‍ ബ്രാന്‍ഡ് വരെ, ശില്‍പ്പഷെട്ടിയുടെ 'എസ്.എസ്.കെ' എന്ന ഡിസൈനര്‍ സാരിബ്രാന്‍ഡ് മുതല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ 'പെസ്റ്റാനാ CR 7' എന്ന ഹോട്ടല്‍ ബ്രാന്‍ഡ് വരെ, സെലിബ്രിറ്റികള്‍ സ്വന്തം ബ്രാന്‍ഡുകളിലൂടെ വ്യാപാരമേഖലയിലേക്ക് കടക്കുന്നത് എന്തിനായിരിക്കും എന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? 'സമ്പത്ത് കാലത്ത് തൈ പത്ത് വെച്ചാല്‍ ആപത്ത് കാലത്ത് കാ പത്ത് തിന്നാം' എന്നൊക്കെ ഇതിന്റെ കാരണങ്ങളായി നമുക്ക് നിരത്താമെങ്കിലും, അതിനെല്ലാമുപരി പല കാരണങ്ങള്‍ ഇതിന് പിന്നിലുണ്ട്. ഒന്ന്, ഇപ്പോള്‍ ഉള്ള താരമൂല്യം ഉപയോഗപ്പെടുത്തി ഒരു ബ്രാന്‍ഡ് വളര്‍ത്തിയെടുക്കാം എന്നതു തന്നെയാണ്. ഇത് നന്നായി ഉപയോഗപ്പെടുത്തുന്ന ഒരാളാണ് റഷ്യന്‍ ടെന്നീസ് താരം മരിയ ഷറപ്പോവ. റാങ്കിംഗില്‍ ഉയരത്തില്‍ നിന്നപ്പോള്‍ തന്നെ ഷറപ്പോവ തുടങ്ങിയ മിഠായി ബ്രാന്‍ഡാണ് 'ഷുഗര്‍പ്പോവ'! ഇന്ന് ഒരുപക്ഷേ, ഷറപ്പോവ പഴയ പ്രതാപത്തിന്റെ നിഴലിലാണെങ്കിലും ഷുഗര്‍പ്പോവ ബ്രാന്‍ഡ് പല രാജ്യങ്ങളിലും വേരുറപ്പിച്ചുകഴിഞ്ഞു. രണ്ട്, സ്വന്തം ബ്രാന്‍ഡിന്റെ പരസ്യപ്രചാരണ തന്ത്രങ്ങള്‍ക്ക് വേറൊരു സെലിബ്രിറ്റിയെയും പൈസ കൊടുത്ത് വരുത്തേണ്ട ആവശ്യവും ഇല്ലല്ലോ! ശില്‍പ്പാ ഷെട്ടി ഹോംഷോപ്പ് 18-ന്റെ ഒപ്പം ചേര്‍ന്ന് തുടങ്ങിയ എസ്.എസ്.കെ (SSK) സാരി ബ്രാന്‍ഡിന് പരസ്യങ്ങള്‍ക്ക് വേറെയാരെയും തേടി പോകേണ്ടി വരില്ലല്ലോ. സെലിബ്രിറ്റികളെ ഉപയോഗിച്ചുള്ള പരസ്യങ്ങള്‍ക്ക് കോടികളാണ് ചെലവഴിക്കുന്നതെന്ന് നിങ്ങള്‍ക്കറിയാമല്ലോ. ഇവിടെ, ഇങ്ങനെ ലാഭിക്കുന്ന പണം മറ്റ് കാര്യങ്ങള്‍ക്കായി വിനിയോഗിക്കാമെന്ന് ഇവര്‍ കണക്ക് കൂട്ടുന്നു. ഒരു സെലിബ്രിറ്റിയുടെ ആരാധകവൃന്ദം തന്നെ അദ്ദേഹത്തിന്റെ സ്വന്തം ബ്രാന്‍ഡിന് പിന്തുണ നല്‍കാനുള്ള സാധ്യതകളുമുണ്ട്. അങ്ങനെെയങ്കില്‍, അതൊരു ഉപഭോക്തൃവൃന്ദമായിതന്നെ കണക്കാക്കാമല്ലോ. ഡേവിഡ് ബെക്കാമിന്റെ ഫാഷന്‍ ബ്രാന്‍ഡുകള്‍ ഇപ്പോഴും സാമാന്യം നല്ല രീതിയില്‍ ചെലവാകുന്നതിന്റെ കാരണവും മറ്റൊന്നല്ല.

എല്ലായ്‌പ്പോഴും, സെലിബ്രിറ്റി തന്നെ ഒരു ബ്രാന്‍ഡിനായി മുഴുവന്‍ മുതല്‍ മുടക്കും നടത്തണമെന്നില്ല ഈ മേഖലയില്‍. മുന്‍പേതന്നെ ഉള്ള ബ്രാന്‍ഡുകള്‍ സെലിബ്രിറ്റികളുമായി ചേര്‍ന്ന് ശ്രേണികള്‍ പുറത്തിറക്കുന്ന പതിവുമുണ്ട്. ഉദാഹരണത്തിന്, അരവിന്ദ് ഫാഷന്‍ ബ്രാന്‍ഡ്‌സ് നമ്മുടെ ടെണ്ടുല്‍

ക്കറുമായി ചേര്‍ന്ന് പുറത്തിറക്കിയ ബ്രാന്‍ഡാണ് 'ട്രൂ ബ്ലൂ' (True Blue). ചിലരാകട്ടെ, സുഹൃത്തുക്കളുമായി ചേര്‍ന്ന് ബിസിനസിലേക്ക് ഇറങ്ങുന്നു. ഹോളിവുഡ് താരം ജോര്‍ജ് ക്ലൂണി സുഹൃത്തുക്കളുമായി ചേര്‍ന്ന് തുടങ്ങിയതാണ് കാസമീ

ഗോസ് ടെക്വീല (Casamigos tequila) എന്ന് മെക്‌സിക്കന്‍ മദ്യ ബ്രാന്‍ഡ്. ഉടമസ്ഥര്‍ ഇതിന്റെ എല്ലാ ബാച്ചിലെയും മദ്യം രുചിച്ചുനോക്കി ഗുണനിലവാരം ഉറപ്പ് വരുത്തുന്നുണ്ടെന്ന രസകരമായ അവകാശവാദമാണ് ഈ ബ്രാന്‍ഡിന്റേത്.

ബ്രാന്‍ഡ് ഇമേജും നഷ്ടപ്പെടാം

ഒരു സെലിബ്രിറ്റിയുമായി ചേര്‍ന്ന് നില്‍ക്കുന്നതുകൊണ്ട് തന്നെ, ഇങ്ങനെയുള്ള ബ്രാന്‍ഡുകള്‍ക്ക് പലപ്പോഴും പ്രതികൂല സന്ദര്‍ഭങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. വ്യക്തിജീവിതത്തിലോ, ഔദ്യോഗിക ജീവിതത്തിലോ ഒരു സെലിബ്രിറ്റി എന്തെങ്കിലും പ്രശ്‌നത്തില്‍ അകപ്പെട്ടാല്‍, അവരുടെ ബ്രാന്‍ഡിന്റെ വിശ്വാസ്യതയിലേക്കും സംശയത്തിന്റെ നിഴല്‍ പടര്‍ന്നേക്കാം. ഗോള്‍ഫ് താരം ടൈഗര്‍ വുഡ്‌സിന്റെ വ്യക്തിജീവിതത്തിന്റെ പേരിലും സൈക്ലിംഗ് ചാമ്പ്യന്‍ ലാന്‍സ് ആംസ്‌ട്രോംഗ് മരുന്നടി കേസിലും നിഴലിലാക്കപ്പെട്ടപ്പോള്‍ അവരുടെ ബ്രാന്‍ഡുകളുടെ വില്‍പ്പന താഴേക്ക് പോയെന്ന് പറയപ്പെടുന്നു.

ഇനി ഒരു സെലിബ്രിറ്റി മറ്റൊരു മേഖലയില്‍ ലോകത്തെ ഏറ്റവും ശക്തനായ ഒരാളായി മാറിയിട്ടും അദ്ദേഹത്തിന്റെ ബ്രാന്‍ഡുകളില്‍ വലിയ പ്രഭാവമൊന്നും ഉണ്ടാകാത്ത കാഴ്ചയും നാം കണ്ടിട്ടുണ്ട്. മറ്റാരുമല്ല, അത് ബിസിനസ് മേഖലയില്‍ നിന്ന് സാക്ഷാല്‍ അമേരിക്കന്‍ പ്രസിഡന്റായ ഡൊണാള്‍ഡ് ട്രംപിന്റേത്

തന്നെ!

Prof. Joshy Joseph & Aravind Raghunathan
Prof. Joshy Joseph & Aravind Raghunathan  

കോഴിക്കോട് ഐഐഎമ്മിലെ മാർക്കറ്റിംഗ് വിഭാഗം അസോസിയേറ്റ് പ്രൊഫസർ ആണ്. ബിസിനസ് കൺസൾട്ടിങ് രംഗത്തും ശ്രദ്ധേയനാണ്. e-mail: joshyjoseph@iimk.ac.in / കോഴിക്കോട് ഐഐഎമ്മിലെ മാർക്കറ്റിംഗ് വിഭാഗം ഗവേഷക വിദ്യാർത്ഥിയാണ്. പ്രമുഖ ബിസിനസ് ക്വിസ് മാസ്റ്റർ കൂടിയാണ്. e-mail: arvinddr08fpm@iimk.ac.in

Related Articles

Next Story
Share it