'കുടുംബ ബിസിനസ് ആണെങ്കിലും സ്വന്തം ആശയങ്ങള്‍ നടപ്പാക്കാന്‍ പൂര്‍ണ്ണ സ്വാതന്ത്യം'
കെവിന്‍ റെക്‌സ് പടിക്കല്‍ (26)
മാനേജിംഗ് ഡയറക്റ്റര്‍, മിലന്‍ ഡിസൈന്‍
പെട്ടെന്നൊരു ദിവസം ബിസിനസിലേക്ക് എത്തുകയായിരുന്നില്ല. ബിസിനസ് എന്താണെന്ന് അറിഞ്ഞാണ് വളര്‍ന്നത്. പഠിക്കുമ്പോള്‍ മുതല്‍ ഷോപ്പിലെ കാര്യങ്ങള്‍ നോക്കുന്നുണ്ടായിരുന്നു.
ബിസിനസിനെ വേറിട്ടുനിര്‍ത്തുന്നത്
വ്യത്യസ്തവും തനതുമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഡിസൈനര്‍ ഷോറൂമാണ് മിലന്‍. കുടുംബ ബിസിനസ് ആണെങ്കിലും സ്വന്തം ആശയങ്ങള്‍ നടപ്പാക്കാന്‍ എനിക്ക് ഇവിടെ പൂര്‍ണ്ണ സ്വാതന്ത്യം ലഭിക്കുന്നുവെന്നത് സന്തോഷകരമാണ്. സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗിന്റെയും ഓണ്‍ലൈന്‍ വില്‍പ്പനയുടെയും പൂര്‍ണ്ണ ചുമതലയുണ്ട്. ഈ മേഖലയില്‍ നിന്നുള്ള മികച്ച പ്രതികരണങ്ങള്‍ വലിയ സംതൃപ്തി നല്‍കുന്നു. റീറ്റെയ്ല്‍ ബിസിനസില്‍ ഉപഭോക്തൃസേവനം എത്രത്തോളം പ്രധാനമാണെന്ന് ചുരുങ്ങിയ നാളുകള്‍കൊണ്ടു തന്നെ മനസിലാക്കാനായി.
മാറിനില്‍ക്കാനാകില്ല
ഫാഷന്‍ മേഖലയിലുള്ള റീറ്റെയ്ല്‍ ബിസിനസ് ഞാന്‍ ഏറെ ആസ്വദിക്കുന്നു. ഇവിടത്തെ ബഹളങ്ങളില്‍ നിന്ന് മാറിനില്‍ക്കാനാകാത്ത അവസ്ഥയാണെന്ന് തന്നെ പറയാം. ഉപഭോക്താക്കളുടെ നല്ല വാക്കുകള്‍ വലിയ പ്രചോദനമാകുന്നു. ജീവനക്കാര്‍ക്ക് ഉത്തരവാദിത്തങ്ങള്‍ വിഭജിച്ചുനല്‍കുന്നതിലൂടെ അവരെ ശാക്തീകരിക്കാനും അവരുടെ ജോലിയിലുള്ള അര്‍പ്പണമനോഭാവം
കൂട്ടാനുമാകും. എറണാകുളത്ത് ഒരു ഷോറൂം കൂടി തുടങ്ങുകയാണ് ഇപ്പോഴത്തെ ലക്ഷ്യം.