വൈദ്യുത വാഹനം: കേരളത്തിലെ വില്‍പനവിഹിതം ഇരട്ടിയിലേറെയായി

കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേരളത്തിലെ ഇ.വി വില്‍പന വളര്‍ച്ച 350 ശതമാനത്തിലധികം

Update: 2023-04-17 08:15 GMT

രാജ്യത്തെ മൊത്തം വൈദ്യുത വാഹന (ഇ.വി) വില്‍പനയില്‍ വിഹിതം ഇരട്ടിയാക്കി കേരളം. 2021-22ലെ 2.04 ശതമാനത്തില്‍ നിന്ന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2022-23) 4.53 ശതമാനത്തിലേക്കാണ് കേരളത്തിലെ വില്‍പന വിഹിതം മെച്ചപ്പെട്ടത്. കഴിഞ്ഞവര്‍ഷം കേരളത്തില്‍ വിറ്റഴിഞ്ഞ പുത്തന്‍ വൈദ്യുത വാഹനങ്ങള്‍ 52,198 എണ്ണമാണ്. ദേശീയതലത്തില്‍ 11.52 ലക്ഷം. 2021-22ല്‍ കേരളത്തിലെ വില്‍പന 14,839 എണ്ണവും ദേശീയതലത്തില്‍ 7.26 ലക്ഷവുമായിരുന്നുവെന്ന് പരിവാഹന്‍ പോര്‍ട്ടലിലെ രജിസ്‌ട്രേഷന്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. വൈദ്യുത ടൂവീലര്‍, ത്രീവീലര്‍, കാറുകള്‍ തുടങ്ങിയ വിഭാഗത്തിലെ ഉള്‍പ്പെടെയുള്ള കണക്കാണിത്.

2021-22നെ അപേക്ഷിച്ച് കേരളത്തിലെ വൈദ്യുത വാഹന വില്‍പന കഴിഞ്ഞവര്‍ഷം കുറിച്ച വളര്‍ച്ച 351 ശതമാനമാണ്. സംസ്ഥാനത്ത് ഡീസല്‍ വാഹനങ്ങളെ കടത്തിവെട്ടാനുള്ള മുന്നേറ്റമാണ് നിലവില്‍ വൈദ്യുത വാഹനങ്ങള്‍ കാഴ്ചവയ്ക്കുന്നത്. കഴിഞ്ഞവര്‍ഷം ആകെ ഡീസല്‍ വാഹന വില്‍പന 56,791 എണ്ണമായിരുന്നു.
കഴിഞ്ഞ പാദത്തില്‍ (ജനുവരി-മാര്‍ച്ച്) സംസ്ഥാനത്തെ വൈദ്യുത വാഹന വില്‍പന ഡീസല്‍ വാഹനങ്ങളെ പിന്നിലാക്കി കഴിഞ്ഞു. പുതിയ 19,879 വൈദ്യുത വാഹനങ്ങള്‍ ജനുവരി-മാര്‍ച്ചില്‍ കേരള നിരത്തില്‍ ഇറങ്ങി. ഇതേപാദത്തില്‍ വിറ്റഴിഞ്ഞ പുത്തന്‍ ഡീസല്‍ വാഹനങ്ങള്‍ 14,774 എണ്ണം മാത്രമാണ്.
മൊത്തം വാഹന വില്‍പനയില്‍ വിഹിതം താഴേക്ക് 

കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേരളത്തിലെ മൊത്തം വാഹന വില്‍പന 7.30 ലക്ഷത്തില്‍ നിന്നുയര്‍ന്ന് 7.90 ലക്ഷത്തിലെത്തി. എന്നാല്‍, ദേശീയതലത്തിലെ മൊത്തം വില്‍പനയില്‍ കേരളത്തിന്റെ വിഹിതം കുറഞ്ഞു. 2021-22ലെ 3.98 ശതമാനത്തില്‍ നിന്ന് 2022-23ല്‍ 3.56 ശതമാനമായാണ് കുറഞ്ഞത്. 2021-22ല്‍ രാജ്യത്താകെ 1.83 കോടി പുതിയ വാഹനങ്ങള്‍ വിറ്റഴിഞ്ഞിരുന്നു; 2022-23ലെ വില്‍പന 2.21 കോടി.

Tags:    

Similar News