അഞ്ച് ലക്ഷത്തിനു താഴെ വിലയില്‍ ഇ വി, വിപണിയില്‍ വിപ്ലവം സൃഷ്ടിക്കാനൊരുങ്ങി എം.ജി
ഇതോടെ ഇലക്ട്രിക് വാഹനങ്ങളുടെ പ്രാരംഭ വിലയും പ്രവര്‍ത്തന ചെലവും ഗണ്യമായി കുറയുമെന്നാണ് പ്രതീക്ഷ
വൈദ്യുതവാഹന വിപണിയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാനൊരുങ്ങി എം.ജി മോട്ടോര്‍സ്. ബാറ്ററി പണം കൊടുത്ത് വാങ്ങാതെ ഓടുന്ന കിലോമീറ്ററിന് മാത്രം നിശ്ചിത തുക വാടക നല്‍കുന്ന ബാറ്ററി ആസ് എ സര്‍വീസ് (ബാസ്) സംവിധാനം കൂടുതല്‍ മോഡലുകളിലേക്ക് വ്യാപിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. അടുത്തിടെ വിന്‍സര്‍ എന്ന മോഡലിനൊപ്പം അവതരിപ്പിച്ച ബാസ് സംവിധാനം കോമറ്റ്, ഇസഡ്.എസ് ഇവി എസ്.യു.വി തുടങ്ങിയ മോഡലുകള്‍ക്കും ലഭ്യമാക്കാനാണ് തീരുമാനം. ഇതോടെ കോമറ്റിന് 4.99 ലക്ഷം രൂപ അടിസ്ഥാന വിലയായും ഓടുന്ന കിലോമീറ്ററിന് 2.5 രൂപയും നല്‍കിയാല്‍ മതി. ഇസഡ്.എസ് മോഡലിന് 13.99 ലക്ഷമാണ് വില. ബാറ്ററി വാടകയായി കിലോമീറ്ററിന് 4.5 രൂപയും നല്‍കണം. ബാറ്ററി ചാര്‍ജിംഗിനുള്ള തുക പ്രത്യേകം നല്‍കണം.
എത്ര വില കുറയും
എത്രകാലം വരെ ബാറ്ററികള്‍ ഉപയോഗിക്കാനാവുമെന്നത് ഇ.വി ഉപയോക്താക്കളുടെ ഏറ്റവും വലിയ ആശങ്കകളിലൊന്നാണ്. ഇത് മറികടക്കാനാണ് ബാറ്ററി പണം കൊടുത്ത് വാങ്ങാതെ വാടകയ്ക്ക് ഉപയോഗിക്കുന്ന സംവിധാനം എം.ജി അവതരിപ്പിച്ചത്. ബാറ്ററിക്ക് വേണ്ടി വലിയ തുക ചെലവിടേണ്ടി വരുന്നത് ഒഴിവാക്കാനും ഇതുവഴി സാധിക്കും. ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങാനുള്ള പ്രാരംഭ ചെലവും ഇതുവഴി ഗണ്യമായി കുറയുമെന്നാണ് എം.ജി പറയുന്നത്. ബാറ്ററി വാടകയ്ക്ക് വാങ്ങാതെ പൂര്‍ണമായ വില കൊടുത്ത് വാഹനം വാങ്ങാനുള്ള നിലവിലുള്ള സൗകര്യം തുടരും. 6.99 ലക്ഷം മുതല്‍ 9.53 ലക്ഷം വരെയാണ് കോമറ്റിന്റെ നിലവിലെ വില. ഇസഡ്.എസ് ഇവിക്ക് 18.98 ലക്ഷം മുതല്‍ 25.44 ലക്ഷം രൂപ വരെയും വില നല്‍കണം. ബാസ് സൗകര്യം ഉപയോഗിച്ചാല്‍ കോമറ്റിന് രണ്ട് ലക്ഷം രൂപ വരെയും ഇസഡ്.എസ് ഇവിക്ക് 4.99 ലക്ഷം രൂപ വരെയും കുറയും. ഏതൊക്കെ വേരിയന്റുകള്‍ക്കാണ് ഈ സൗകര്യം ലഭ്യമാവുകയെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല.
എന്താണ് ബാറ്ററി ആസ് എ സര്‍വീസ്
- ഉപയോക്താക്കള്‍ക്ക് ബാറ്ററി പണം കൊടുത്ത് വാങ്ങാതെ സബ്‌സ്‌ക്രിപ്ഷന്‍ രീതിയില്‍ ഉപയോഗിക്കാം.
- ബാറ്ററി വില കൊടുത്ത് വാങ്ങാത്തതിനാല്‍ ഇലക്ട്രിക് വാഹനങ്ങളുടെ പ്രാരംഭ വിലയും പ്രവര്‍ത്തന ചെലവും ഗണ്യമായി കുറയും.
- ഉപയോഗത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ തരത്തിലുള്ള സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുകള്‍ എം.ജി അവതരിപ്പിക്കാന്‍ സാധ്യതയുണ്ട്.
- ബാറ്ററിയുടെ വിലയും ചാര്‍ജിംഗ് സമയവും സംബന്ധിച്ച ഉപയോക്താക്കളുടെ ആശങ്കകള്‍ പരിഹരിക്കാനും കൂടുതല്‍ ഇവികള്‍ നിരത്തിലെത്തിക്കാനും ഇതുവഴി സാധിക്കുമെന്നാണ് കരുതുന്നത്.