ഭവന വായ്പാ വളര്‍ച്ചയില്‍ എന്‍ബിഎഫ്‌സികളെ മറികടന്ന് ബാങ്കുകള്‍

കുറഞ്ഞ പലിശ നിരക്കിനെ തുടര്‍ന്ന് ഭവന വായ്പാ രംഗത്ത് ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളെ മറികടന്ന് ബാങ്കുകളുടെ മുന്നേറ്റം.

Update: 2020-11-24 09:35 GMT

ഭവനവായ്പാ വളര്‍ച്ചയില്‍ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ മുന്നേറ്റത്തിന് തടയിട്ട് ബാങ്കുകള്‍. സെപ്തംബറില്‍ അവസാനിച്ച ത്രൈമാസത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ബാങ്കുകള്‍ ഭവന വായ്പയില്‍ കുതിപ്പ് നടത്തിയപ്പോള്‍ പിഎന്‍ബി ഹൗസിംഗ് ഫിനാന്‍സ്, എല്‍ ആന്‍ഡ് ടി ഫിനാന്‍സ് എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് തുടങ്ങിയ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ നല്‍കിയ വായ്പ കുറഞ്ഞു. അതേസമയം, ഹൗസിംഗ് ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പറേഷന്‍ വളര്‍ച്ച തുടരുകയാണ്.

ആദ്യമായി ഭവന വായ്പ എടുക്കുന്നവരേക്കാള്‍ കൂടുതല്‍, നിലവില്‍ എന്‍ബിഎഫ്‌സികളില്‍ വായ്പയുള്ളവര്‍ ബാങ്കുകളിലേക്ക് തങ്ങളുടെ വായ്പ മാറ്റിയതാണ് ബാങ്കുകളുടെ വായ്പാ വളര്‍ച്ചയ്ക്ക് കാരണമായതെന്ന് വിലയിരുത്തപ്പെടുന്നു. വളരെ കുറഞ്ഞ പലിശ നിരക്കാണ് ഇത്തരത്തില്‍ ബാലന്‍സ് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ഇടപാടുകാരെ പ്രേരിപ്പിച്ചത്. ഇത്തരത്തിലുള്ള നടപടികളിലൂടെ ബാങ്കുകള്‍ക്ക് തങ്ങളുടെ ലാഭം കോവിഡ് പൂര്‍വ സ്ഥിതിയിലേക്ക് എത്തിക്കാന്‍ കഴിഞ്ഞു.
മികച്ച ക്രെഡിറ്റ് സ്‌കോറുള്ളവര്‍ക്ക് ഈട് സ്വീകരിച്ചു കൊണ്ടുള്ള വായ്പകള്‍ക്ക് 6.7 മുതല്‍ 7.2 ശതമാനം നിരക്കില്‍ നല്‍കാന്‍ ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും തയാറായി. അതിനു പുറമേ വിവിധ ഇളവുകളും ഇടപാടുകാര്‍ക്ക് ബാങ്കുകള്‍ വാഗ്ദാനം ചെയ്തിരുന്നു.
ഐസിഐസി ബാങ്ക് നവംബറില്‍ ഇത്തരത്തില്‍ രണ്ടു ലക്ഷം കോടി രൂപയിലേറെയാണ് വായ്പയായി നല്‍കിയത്. എസ്ബിഐയും കഴിഞ്ഞ വര്‍ഷത്തെ ഇതേകാലയളവിനെ അപേക്ഷിച്ച് 29 ശതമാനം കൂടുതല്‍ വളര്‍ച്ച നേടി. സ്വകാര്യ ബാങ്കായ കോട്ടക് മഹീന്ദ്ര ബാങ്ക് മറ്റു ധനകാര്യ സ്ഥാപനങ്ങളിലെ വായ്പ ബാലന്‍സ് ട്രാന്‍സ്ഫര്‍ ചെയ്യുമ്പോള്‍ 6.75 ശതമാനം പലിശയാണ് ഈടാക്കിയത്. അതേസമയം ബജാജ് ഫിനാന്‍സില്‍ 6.9 ശതമാനമായിരുന്നു പലിശ നിരക്ക്.
എല്‍ആന്‍ഡ്ടി ഫിനാന്‍സ് നല്‍കിയ ഭവനവായ്പ, സെപ്തംബര്‍ അവസാനിച്ച രണ്ടാം പാദത്തില്‍ 70 ശതമാനം കുറഞ്ഞുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.


Similar News